Dec 7, 2014

666 യോഗവാസിഷ്ഠം നിത്യപാരായണം ദിവസം 666

അന്ത: സംവേദനം നാമ ചാലയത്യാന്ത്ര വേഷ്ടനം
ബഹീര്‍ഭസ്ത്രാമയസ്കാര ഇവ ലോകേനുചേഷ്ടനം (6.2/178/14)
രാമന്‍ പറഞ്ഞു: ഈ ലോകത്ത് വിഭജിക്കാവുന്നതും അല്ലാത്തതുമായ വസ്തുക്കളുണ്ടല്ലോ? വിഭജിക്കപ്പെട്ട വസ്തുക്കള്‍ ഒന്ന് മറ്റൊന്നുമായി കൂട്ടിമുട്ടുന്നു. എന്നാല്‍ അവിഭാജ്യമായവ അങ്ങിനെയുള്ള മറ്റുള്ളവയുമായി ഇടയുന്നില്ല. ഉദാഹരണത്തിന് ഒരാള്‍ ചന്ദ്രബിംബത്തെ കാണുന്നു. അയാളുടെ കണ്ണുകള്‍ ചന്ദ്രബിംബവുമായി ഇടയുന്നു എന്ന് ഭംഗ്യന്തരേണ പറയാമെങ്കിലും അവിടെ വിഭജനം ഒന്നും നടക്കുന്നില്ല.
ഒരജ്ഞാനിയുടെ തലത്തില്‍ നിന്നുകൊണ്ടാണ് ഞാനിത് ചോദിക്കുന്നത്. ആരാണ് ദേഹത്തിലെ പ്രാണവായുവിന്റെ ശ്വാസ-ഉഛ്വാസ ഗതി വിഗതികളെ നിയന്ത്രിക്കുന്നത്? ദേഹം ഖരവസ്തുവാണ്. അത് ബാഹ്യശക്തികളെ ചെറുക്കാന്‍ പര്യാപ്തവുമാണ്. എന്താണാ ശക്തി? സൂക്ഷ്മവും യാതൊരു പ്രതിരോധസ്വഭാവവും ഇല്ലാതെയാണെങ്കിലും ദേഹത്തെ ചലിപ്പിക്കാന്‍ പോന്നതെന്താണ്?

അങ്ങിനെ സൂക്ഷ്മലോലമായ വസ്തുവിന് പ്രബലവും ഘനസാന്ദ്രവുമായ വസ്തുവിനെ ഇളക്കി മറിക്കാനാവുമെങ്കില്‍ ചിന്താശക്തിയൊന്നുകൊണ്ട് മാത്രം ഒരു പര്‍വ്വതത്തെ ഇളക്കാന്‍ ഒരുവന് കഴിയാത്തതെന്തുകൊണ്ടാണ്?

വസിഷ്ഠന്‍ പറഞ്ഞു: കൊല്ലന്റെ ആലയിലെ ഉല ചുരുങ്ങുകയും വീര്‍ക്കുകയും ചെയ്യുന്നതുപോലെ ഹൃദയത്തിലെ ഞരമ്പുകള്‍ പ്രവര്‍ത്തിക്കുമ്പോള്‍ ശ്വാസോച്ഛ്വാസങ്ങളിലൂടെ പ്രാണവായു ദേഹത്തില്‍ പ്രവേശിക്കുകയും ബഹിര്‍ഗമിക്കുകയും ചെയ്യുന്നു.

രാമന്‍ പറഞ്ഞു: കൊല്ലന്റെ ആലയില്‍ അത് പ്രവര്‍ത്തിപ്പിക്കുന്നത് കൊല്ലപ്പണിക്കാരനാണല്ലോ? ദേഹത്തിലെ നാഡികളെ എന്താണ് വികസിപ്പിക്കുകയും ചുരുക്കുകയും ചെയ്യുന്നത്?

വസിഷ്ഠന്‍ പറഞ്ഞു: “ഈ ലോകത്ത് കൊല്ലപ്പണിക്കാരന്‍ തന്റെ ആലയിലെ തോല്‍സഞ്ചിയെ ചുരുക്കിയും വികസിപ്പിച്ചും പ്രവര്‍ത്തനോന്മുഖമാക്കുന്നതുപോലെ ദേഹത്തിലെ ആന്തരാവയവങ്ങളെ പ്രവര്‍ത്തിപ്പിക്കുന്നത് ഉള്ളിലുള്ള ബോധമാണ്. ലോകത്തിലെ എല്ലാമെല്ലാം സജീവമാകുന്നതും പ്രവര്‍ത്തിക്കുന്നതും ഈ ബോധമുള്ളതുകൊണ്ടാണ്.”

രാമന്‍ വീണ്ടും ചോദിച്ചു: എന്നാല്‍ ഈ ദേഹവും അതിന്റെ ഘടകവസ്തുക്കളും സ്ഥൂലവും ഖരവുമാണല്ലോ? അപ്പോള്‍പ്പിന്നെ അതിലോലമായ ബോധത്തിന് അതിനെ ചലിപ്പിക്കാന്‍ എങ്ങിനെ കഴിയും? സ്ഥൂല-സൂക്ഷ്മങ്ങള്‍ തമ്മില്‍ യാതൊരു ബന്ധവും ഇല്ലല്ലോ?

വസിഷ്ഠന്‍ പറഞ്ഞു: നിന്നിലെ സംശയവൃക്ഷത്തിന്റെ വേരറുക്കാന്‍ ഉതകുന്ന കാര്യങ്ങള്‍ ഞാന്‍ വിവരിച്ചു പറയാം. കേട്ടുകൊള്ളൂ.

ലോകത്ത് പൂര്‍ണ്ണ’ഖര’മായോ അപ്രതിരോധ്യമായോ യാതൊന്നുമില്ല. എല്ലായിടത്തുമുള്ള എല്ലാക്കാലത്തുമുള്ള എല്ലാമെല്ലാം എപ്പോഴും സൂക്ഷ്മവും പ്രതിരോധരഹിതവുമാണ്. ഇതെല്ലാം സൂക്ഷ്മമായ, ശുദ്ധമായ, ബോധം മാത്രമാകുന്നു. സ്വപ്നവസ്തുക്കള്‍ അനുഭവിക്കുന്നതുപോലെ സ്ഥൂലമായും ഖരമായും വസ്തുക്കള്‍ കാണപ്പെടുന്നു. ഭൂമി, ജലം, വായു, ആകാശം, മലകള്‍, പര്‍വ്വതങ്ങള്‍, എന്നിവയായി കാണുന്നതെല്ലാം ബോധം തന്നെയാകുന്നു.


അതുപോലെയാണ് മനസ്സും മറ്റു ആന്തരികമായ സൂക്ഷ്മവസ്തുക്കളും നിലകൊള്ളുന്നത്. ഇതിനെ വിശദമാക്കാനായി ഞാന്‍ ഇനിയൊരു കഥപറയാം. മറ്റൊരവസരത്തില്‍ ഞാനിക്കഥ പറഞ്ഞു തന്നിട്ടുണ്ട്. ഇതുകേട്ടാല്‍ ഇവിടെ കാണപ്പെടുന്നതെല്ലാം ശുദ്ധബോധം മാത്രമാണെന്ന സത്യം നിന്നില്‍ സുദൃഢമാവും. 

No comments:

Post a Comment

Note: Only a member of this blog may post a comment.