അപൂര്‍വ്വം ദൃശ്യതേ സര്‍വം സ്വപ്നേ സ്മരണം യഥാ
പ്രാഗ്ദൃഷ്ടം ദൃഷ്ടമിത്യേവ തത്രൈവാഭ്യാസത: സ്മൃത: (6.2/184/40)
കുന്ദദന്തന്‍ പറഞ്ഞു: ഒരുവനില്‍ സ്മരണയുണ്ടാവുന്നത് പൂര്‍വ്വാനുഭവങ്ങള്‍
അവന്റെ ബോധത്തില്‍ നിന്നും ഓര്‍ത്തെടുക്കാന്‍ കഴിയുമ്പോഴാണ്. സൃഷ്ടിയുടെ
സമാരംഭത്തില്‍ ആരുടെ സ്മരണകളാണ് ഈ വിശ്വമായി വികസ്വരമായിത്തീര്‍ന്നത്?
മുനി പറഞ്ഞു: “ഒരുവന്‍ തന്റെ
മരണത്തെ സ്വപ്നം കാണുന്നതുപോലെ എല്ലാം കാണുന്നതിനും അനുഭവിക്കുന്നതിനും പൂര്‍വ്വാനുഭവം
വേണമെന്നില്ല. ‘ഞാനിത് മുന്‍പ് കണ്ടിട്ടുണ്ടല്ലോ’ എന്ന തോന്നല്‍ ആവര്‍ത്തിക്കുമ്പോള്‍
അത് സ്മരണയായിത്തീരുന്നു.”
ഒരുവന്റെ ബോധാകാശത്ത് സങ്കല്‍പ്പസൃഷ്ടികള്‍
ഉലപ്പന്നമാവുമ്പോള്‍ അത് സത്യമോ മിഥ്യയോ എന്നെങ്ങിനെ പറയാനാകും? സ്വപ്നം മുതലായ
അനുഭവങ്ങള്‍ പോലും ബോധത്തിന്റെ കൃപയാല്‍ അനുഭവമാകുന്നവയാണ്. അപ്പോള്‍പ്പിന്നെ ഈ
ശുദ്ധബോധത്തിന് സ്മരണയില്‍ നിന്നെടുത്ത് വിക്ഷേപിച്ചതുപോലെ ഈ വിശ്വത്തെ
പ്രത്യക്ഷമാക്കാന്‍ എങ്ങിനെയാണ് സാധിക്കുക?
ദീര്‍ഘനിദ്രയുടെ
അന്ത്യത്തില്‍ സ്വപ്നം കാണുന്നതുപോലെ അനന്തബോധത്തില്‍ മൂന്നുലോകങ്ങള്‍
പ്രത്യക്ഷപ്പെടുന്നു. ലോകമെന്നു പറയുന്ന വസ്തു ശുദ്ധശൂന്യം മാത്രമാണ്.എന്താണ്,
എന്തിലാണ്, എന്തില്‍നിന്നുമാണ് നിലനില്‍ക്കപ്പെടുന്ന വസ്തുക്കളെന്തോ അവയെല്ലാം
എല്ലായ്പ്പോഴും നിലകൊള്ളുന്നത്?
ഇനി
എഴുന്നേല്‍ക്കൂ. ഉചിതകര്‍മ്മങ്ങള്‍ നടക്കട്ടെ. ഞാന്‍ എന്റെ ധ്യാനസപര്യ തുടരാന്‍
പോവുന്നു. ധ്യാനത്തിന്റെ അഭാവത്തില്‍ ദുഖവുമായുള്ള സമ്പര്‍ക്കത്തിനു സാധ്യതയുണ്ട്.
കുന്ദദന്തന്‍
പറഞ്ഞു: ഇത്രയും പറഞ്ഞു മുനി കണ്ണുകളടച്ചു ധ്യാനനിമഗ്നനായി. അദ്ദേഹത്തിന്‍റെ
പ്രാണവായുവും മനസ്സും ക്രമേണ മന്ദഗതിയിലായി നിശ്ചലമായിത്തീര്‍ന്നു. വരച്ചുവെച്ച
ചിത്രപടമെന്നപോലെ അദ്ദേഹമവിടെ നിലകൊണ്ടു. ഞങ്ങള്‍ അദ്ദേഹത്തോട് സംസാരിക്കാന്‍
ശ്രമിച്ചെങ്കിലും അദ്ദേഹം ഞങ്ങളെ കേട്ടില്ല. അദ്ദേഹത്തെ പിരിയാന്‍ ഞങ്ങള്‍ക്ക്
വിഷമമുണ്ടായിരുന്നു.
അവിടം
വിട്ടു ഞങ്ങള്‍ സാവധാനം വീട്ടിലെത്തി. അപ്പോള്‍ മറ്റ് ഏഴു സഹോദരന്മാരുടേയും
ദേഹവിയോഗം കഴിഞ്ഞിരുന്നു. എന്റെ സുഹൃത്തായ എട്ടാമന്‍ മാത്രമേ
ജീവിച്ചിരിപ്പുള്ളൂ.
കുറച്ചു
കഴിഞ്ഞ് അദ്ദേഹവും മരിച്ചു. ഞാന്‍ ദുഖിതനായി വീണ്ടും കദംബവൃക്ഷച്ചുവട്ടിലെ മുനിയെ
സമീപിച്ചു. അദ്ദേഹം സമാധിയിലായിരുന്നു. മൂന്നുമാസക്കാലം അവിടെ കാത്തുനിന്നപ്പോഴാണ്
അദ്ദേഹം കണ്ണ് തുറന്നത്.
എന്റെ
പ്രാര്‍ത്ഥനയ്ക്ക് ഉത്തരമായി അദ്ദേഹം പറഞ്ഞു: ഞാന്‍ ധ്യാനത്തിലും സമാധിയിലും പൂര്‍ണ്ണമായും
സമര്‍പ്പിതനാണ്. ഒരു നിമിഷംപോലും അതില്‍ നിന്നും വിട്ടുനില്‍ക്കാന്‍
എനിക്കാവില്ല. സത്യം സുവിദിതമാകണമെങ്കില്‍ അത് വീണ്ടും വീണ്ടും കേള്‍ക്കണം, ആയത്
ആവര്‍ത്തിച്ച് ധ്യാനിച്ചുറപ്പിക്കുകയും വേണം.
എന്താണ്
നീ ചെയ്യേണ്ടതെന്ന് ഞാന്‍ പറയാം. നീ അയോദ്ധ്യയിലേയ്ക്ക് പോവുക. അവിടെ ദശരഥന്‍
എന്നുപേരായ ഒരു രാജാവുണ്ട്. അദ്ദേഹത്തിന്‍റെ പുത്രനാണ് രാമന്‍. രാജഗുരുവായ വസിഷ്ഠന്‍
അവിടെ രാജസഭയില്‍ ആത്മജ്ഞാന സംബന്ധിയായ ഒരു പ്രഭാഷണം ചെയ്യുന്നുണ്ട്. അത് പോയി കേള്‍ക്കുക.
നിനക്ക് പരമപ്രശാന്തി കൈവരും.
ഇത്രയും പറഞ്ഞു മഹര്‍ഷി വീണ്ടും സമാധിയിലേയ്ക്ക് മടങ്ങി. അങ്ങിനെയാണ് ഞാന്‍ ഇവിടെ
വരാനിടയയത്.
രാമന്‍
ചോദിച്ചു: ആ കുന്ദദന്തന്‍ ഇതാ ഇവിടെ എന്റെയടുക്കല്‍ ഇരിക്കുന്നു.! മോക്ഷപ്രദായിയായ
ഈ പ്രഭാഷണം ശ്രദ്ധാപൂര്‍വ്വം കേള്‍ക്കുകയാല്‍ അദ്ദേഹത്തിലെ സംശയങ്ങള്‍ ഇല്ലാതായിരിക്കുന്നു !.
No comments:
Post a Comment
Note: Only a member of this blog may post a comment.