യഥാവയവിനോ നാന്ത: സദൈവാവയ വാണവ:
നാസ്തം യാന്തി ന ചോദ്യന്തി ജഗന്ത്യാത്മപദേ തഥാ (6.2/187/33)
വസിഷ്ഠന്‍ തുടര്‍ന്നു: അനന്തവിഹായസ്സില്‍ ശബ്ദത്തിന്റെ
മൂലഘടകം വിത്തില്‍ മുളയെന്നതുപോലെ ഒളിഞ്ഞിരിക്കുന്നു. എന്നാല്‍ ഇതില്‍ നിന്നും മൂഢന്മാര്‍
സൃഷ്ടിയെക്കുറിച്ചുള്ള കഥകള്‍ മെനഞ്ഞെടുത്തു മറ്റു മൂഢന്മാരെ നേരമ്പോക്കിനായി പറ്റിക്കുകയാണ്.
യാതൊന്നും ഉണ്ടാവുന്നില്ല. യാതൊന്നും ഇല്ലാതെയാവുന്നുമില്ല. എന്താണോ നിജമായുള്ളത്
അത് പരമപ്രശാന്തിയോടെ പാറയുടെ മദ്ധ്യഭാഗമെന്നപോലെ സുദൃഢമായി നിലകൊള്ളുന്നു.
“അവയവങ്ങള്‍ ഉള്ള ഒരു ജീവിയുടെ
കോശങ്ങളും അതിലെ അണുക്കളും അനുനിമിഷം പുനര്‍നിര്‍മ്മിക്കപ്പെട്ടുകൊണ്ടിരിക്കുന്നു.
അതുപോലെ ഈ വിശ്വത്തിലെ നിലനില്‍പ്പിനും പുനര്‍നിര്‍മ്മിതിയ്ക്കും അന്തമില്ല.”
അനന്തമായ അവബോധം സ്വന്തം സത്തയുടെ ഒരു ഭാഗത്തെപ്പറ്റി അവബോധിച്ചതിന്റെ ഫലമായി അവബോധം ഉണ്ടായി. ഇതേത്തുടര്‍ന്ന് ബന്ധം എന്ന ധാരണ, ലോകം, ഇവയ്ക്കനുസൃതമായ
വിഷയങ്ങള്‍ എന്നിവയും ഉണ്ടായി. അവബോധത്തിന് നിരീക്ഷിക്കാനും നിരീക്ഷിച്ചതിനെ
പരീക്ഷിക്കാനുമുള്ള കഴിവുള്ളതിനാല്‍ അത് ബോധമായി പരിഗണിക്കപ്പെട്ടു. ഈ ബോധഘനത്തില്‍
നിന്നും ജീവനും മറ്റുള്ളവകളും ഉല്‍പ്പന്നമായി. ഈ അവസരത്തിലും അതില്‍ വ്യക്തിത്വം
ആവീര്‍ഭവിച്ചിരുന്നില്ല. കാരണം അപ്പോള്‍ അവിദ്യയുണ്ടായിരുന്നില്ലല്ലോ. അവിദ്യയുടെ ആവീര്‍ഭാവത്തോടെ അത് സംസാരത്തിലേയ്ക്ക് ഉന്മുഖമാവുന്നു.
അതില്‍ ഇനിയും ജനിച്ചിട്ടില്ലാത്ത മൂലഘടകങ്ങള്‍ നിറഞ്ഞിരിക്കുന്നു.
ഈയവസരത്തില്‍
അഹംഭാവം അല്ലെങ്കില്‍ വ്യക്തിത്വഭാവം കാലഗണനയോടുകൂടി സംജാതമാവുന്നു. ഈ ലോകത്തിന്റെ
നിലനില്പ്പിനെപ്പറ്റിപ്പറയുമ്പോള്‍ സുപ്രധാനമായ ഒരു വഴിത്തിരിവാണിത്. ബോധം
തന്നെയാണ് വ്യക്തിത്വഭാവം ആര്‍ജ്ജിച്ചത്. അതില്‍ ആകാശം എന്ന മൂലഘടകത്തെപ്പറ്റിയുള്ള
ഭാവന ഉയര്‍ന്നു. കൂട്ടത്തില്‍ വാക്കും (നാമം) വാക്കിലെ ആശയവും (വസ്തു) എന്ന
ഭാവനയും സംജാതമായി. ഇതില്‍ നിന്നാണ് മറ്റു ഘടകങ്ങളും പതിനാലു ലോകങ്ങളും ഉദിച്ചുയര്‍ന്നത്.
ഇതുകഴിഞ്ഞ് ബോധത്തില്‍ സ്പന്ദനം എന്ന സങ്കല്‍പ്പം ഉദിക്കുന്നു. ഈ
സ്പന്ദനം വായുവും അതിന്റെ പ്രവര്‍ത്തനങ്ങളുമാണ്. സ്പര്‍ശം, ജീവജാലങ്ങളുടെ പ്രാണന്‍
എന്നിവയാണാ പ്രവര്‍ത്തനങ്ങള്‍. അതുപോലെ ബോധത്തില്‍ ജ്വലിക്കുന്ന പ്രകാശമാണ് എല്ലാ
ജീവജലങ്ങള്‍ക്കും ആകൃതിയും നിയതമായ രൂപവും നല്‍കുന്നത്. കാണുക എന്ന അനുഭവം
പ്രകാശമാണ്.
സ്പര്‍ശനാനുഭവം, സ്പര്‍ശനേന്ദ്രിയവും, കേള്‍വിയനുഭവം ശ്രോത്രിന്ദ്രിയവുമാകുന്നു.
അതുപോലെയാണ് സ്വാദിനും മണത്തിനുമുള്ള മൂലഘടകങ്ങള്‍ ഉണ്ടാവുന്നത്.
സ്വതന്ത്രമായ
വസ്തുക്കളെന്നനിലയ്ക്ക് അയഥാര്‍ത്ഥമാണെങ്കിലും അവയെല്ലാം ചേര്‍ന്ന് ഒരു
സ്വപ്നത്തിലെന്നവണ്ണം യാഥാര്‍ത്ഥ്യഭാവം കൈക്കൊള്ളുകയാണ്. ഇവയെല്ലാം പിന്നീട് പലവിധത്തിലുള്ള
സംഘാതവിശേഷങ്ങളായി സ്ഥൂലഭാവങ്ങളും രൂപങ്ങളും കൈകൊള്ളുന്നു. അവയെല്ലാം
അനന്തബോധത്തില്‍ ഉരുത്തിരിയുന്ന ആശയങ്ങളുടെ മൂര്‍ത്തീകരണം മാത്രമാകുന്നു. ഒന്നും
സത്യമല്ല.
രൂപങ്ങളെ
കാണുന്നത് കണ്ണുകള്‍, ശബ്ദങ്ങളെ കേള്‍ക്കുന്നത് ചെവി, സ്പര്‍ശനത്തെ അറിയുന്നത് ചര്‍മ്മം,
സ്വാദറിയുന്നത് രസന, മണമറിയുന്നത് ഘ്രാണേന്ദ്രിയം. ഇവയെല്ലാം ബാഹ്യാവയവങ്ങള്‍ ആണെന്ന്
തോന്നിയാലും അവയ്ക്ക് പിറകിലെ അന്തെരേന്ദ്രിയങ്ങളാണവയെ പ്രവര്‍ത്തനക്ഷമമാക്കുന്നത്.
ജീവൻ കാലദേശപരിമിതികളില്‍പ്പെട്ടു
വലയുന്നതിനാൽ വിശ്വനിയതിയില്‍, പ്രകൃതിനിയമത്തിന്റെ പരിധിയില്‍ ഇരുന്നുകൊണ്ട് അതിന് എല്ലാമെല്ലാം അനുഭവിക്കാന്‍ കഴിയാതെ വരുന്നു.
No comments:
Post a Comment
Note: Only a member of this blog may post a comment.