Dec 7, 2014

668 യോഗവാസിഷ്ഠം നിത്യപാരായണം ദിവസം 668

ഏക ഏവ ഭാവത്യബ്ധി : സ്രവന്തീനാം സതൈരപി
ഏക ഏവ ഭവേത്കാല ഋതുസംവത്സരോത്കരൈ: (6.2/179/14)

വസിഷ്ഠന്‍ തുടര്‍ന്നു: ലോകങ്ങള്‍ മൂന്നും അനന്തബോധമല്ലാതെ മറ്റൊന്നുമല്ല. സത്വം അല്ലെങ്കില്‍ ഉപാധിരഹിതമായ മനസ്സാണ് അവ. ജീവികളും ഭൂതഘടകങ്ങളും ഒന്നും വാസ്തവത്തില്‍ ഉണ്മയല്ല. അവ വെറും വാക്കുകള്‍ മാത്രം. കാര്യങ്ങള്‍ അങ്ങിനെയിരിക്കുമ്പോള്‍ ഖരമായ സ്ഥൂലദേഹം എന്നൊക്കെ പറയുന്നതില്‍ എന്താണ് കാര്യം? എന്തൊക്കെ നമുക്കറിയാനാകുന്നുവോ, അവയൊന്നും ഘനമുള്ളവയല്ല. സൂക്ഷ്മലോലമായ ബോധമാണതെല്ലാം
 ബോധത്തിലുള്ളത് ബോധം മാത്രം. പ്രശാന്തിയില്‍ ശാന്തി. ആകാശത്തില്‍ ആകാശം. ജ്ഞാനത്തില്‍ ജ്ഞാനം മാത്രം.

എവിടെയാണ് ദേഹം? എവിടെയാണ് അവയവങ്ങള്‍? എവിടെയാണ് ആന്തരാവയവങ്ങളും അസ്ഥികൂടവും? ദേഹം ശുദ്ധമായ ബോധം മാത്രമാണെന്ന് മനസ്സിലാക്കിയാലും.

അതാകാശംപോലെയാണ്. കാഴ്ചയില്‍ സ്തൂലമെങ്കിലും അത് സൂക്ഷ്മമാണ്‌. കൈകാലുകള്‍ ബോധമാണ്. അതുപോലെയാണ് തലയും ഇന്ദ്രിയങ്ങളുമെല്ലാം.

ഇതെല്ലാം സൂക്ഷ്മമാണ്. സ്തൂലമായി, ഖരമായി യാതൊന്നുമില്ല. ബ്രഹ്മത്തില്‍  അല്ലെങ്കില്‍ അനന്തവിഹായസ്സില്‍ ഈ ലോകം ഒരു സ്വപ്നമെന്നവണ്ണം ഉരുത്തിരിഞ്ഞു വരുന്നതായി തോന്നുന്നു. അനന്തബോധത്തിന്റെ സഹജഭാവമായതിനാല്‍ അത് സൃഷ്ടിയില്‍ നിലകൊള്ളുന്നു എന്ന് തോന്നുന്നു.

അതിനാല്‍ അത് ഒരേസമയം ഹേതുകവും അഹേതുകവും ആണ്. കാരണമില്ലാതെ കാര്യമില്ല എന്നത് സ്പഷ്ടമാണ്. ഒരാള്‍ തന്റെബോധസീമയില്‍ എന്തെന്തു സങ്കല്പ്പിക്കുന്നുവോ അതയാള്‍ക്ക് ദൃഷ്ടമാവുന്നു. സ്വപ്നത്തില്‍ എല്ലാക്കാര്യങ്ങളും എല്ലാത്തരത്തിലും സുവ്യക്തമായി കാണപ്പെടുന്നതുപോലെ ജാഗ്രദിലും ലോകം എല്ലാവിധത്തിലും കാണപ്പെടുകയാണ്.
ഇന്ദുവിന്റെ പുത്രന്മാര്‍ അവരുടെ ധ്യാനസപര്യയുടെ പ്രാബല്യംകൊണ്ട് ഈ വിശ്വമായിത്തീര്‍ന്നതുപോലെ ഒന്ന് പലതാകാനും പലത് ഒന്നാകാനും സാധിക്കും. ഉദാഹരണത്തിന് വിഷ്ണുഭക്തര്‍ വിഷ്ണുവുമായി ഒന്നായിരിക്കുകയാണല്ലോ? 

“നദികള്‍ പലത്, സമുദ്രം ഒന്ന്. ഋതുക്കളും വര്‍ഷങ്ങളും പലപേരുകളില്‍ വിളിക്കപ്പെടുന്നുവെങ്കിലും കാലം ഒന്ന്.”

ഈ ദേഹവും ശുദ്ധബോധമാകുന്നു. അതൊരു സ്വപ്നവസ്തുപോലെ നിലകൊള്ളുന്നു. സ്വപ്നവസ്തുപോലെ അമൂര്‍ത്തമാണെങ്കിലും അതിന്റെ രൂപഭാവങ്ങള്‍ സത്യമെന്നതുപോലെ തെളിഞ്ഞു കാണുന്നുമുണ്ട്. നിദ്രയെ സ്വപ്നാനുഭവം, ദീര്‍ഘസുഷുപ്തിയനുഭവം, എന്നൊക്കെ തരം തിരിച്ചു പറയാമെങ്കിലും സ്വപ്നം എന്നത് ഒന്നാണ്. അതുപോലെ വസ്തുക്കളെപ്പറ്റിയുള്ള അവബോധം പലതുണ്ടാകാമെങ്കിലും ഇല്ലെങ്കിലും ബോധം ഒന്നാണ്.

അതിനാല്‍ ലോകമായി അനുഭവിക്കുന്നത് ശുദ്ധബോധമല്ലാതെ മറ്റൊന്നല്ല. ദൃക്ക്, ദൃഷ്ടി, ദൃഷ്ടാവ് എന്നീ ത്രിപുടികളായി അനുഭവപ്പെടുന്നത് അവിച്ഛിന്നമായ ഏകബോധമാണ്.

ബോധത്തില്‍ ബോധേതരമായി എന്തെങ്കിലും കാണപ്പെടുന്നുവെങ്കില്‍ അത് വെറും ഭ്രമദൃശ്യമാണ്. സത്യം അറിയുമ്പോള്‍ ഭ്രമക്കാഴ്ചയില്ലാതാകുന്നു. ദുസ്വപ്നത്തിനെപ്പറ്റിയുള്ള ഭയം സത്യമറിയുന്നതോടെ ഇല്ലാതാകുന്നു. അനന്തബോധത്തിന്റെ അപരിമിത പ്രഭാവമാണ് അനന്തകോടി രൂപഭാവങ്ങളുള്ള സൃഷ്ടിയായി കാണപ്പെടുന്നത്. 

No comments:

Post a Comment

Note: Only a member of this blog may post a comment.