Feb 28, 2013

291 യോഗവാസിഷ്ഠം നിത്യപാരായണം ദിവസം 291


ചിദാത്മോ നിര്‍മലോ നിത്യ: സ്വാവഭാസോ നിരാമയ:
ദേഹസ്ത്വനിത്യോ മലവാംസ്തേന സംബദ്ധ്യതേ കഥം  (5/71/24)

വസിഷ്ഠന്‍ തുടര്‍ന്നു: നാലാമത്തെ തലമായ തുരീയാവസ്ഥയില്‍ വിരാജിക്കുന്ന ജ്ഞാനിയെപ്പറ്റി, അയാളനുഭവിക്കുന്ന പരിപൂര്‍ണ്ണ സ്വാതന്ത്ര്യത്തെപ്പറ്റി ഏകദേശമായി നമുക്ക് അനുമാനിച്ചു പറയാന്‍ സാധിക്കും. എന്നാല്‍ തുരീയത്തിനുമതീതമായി ദേഹബോധംതന്നെ അതീന്ദ്രിയമായിരിക്കുന്ന പരമാവസ്ഥയെപ്പറ്റി ഒന്നും പറയുവാനാവില്ല. അതാണ്‌ തുരീയാതീത അവസ്ഥ. രാമാ ആ തലത്തിലെത്താന്‍ ശ്രമിക്കൂ. 

എന്നാല്‍ ആദ്യം ‘ജാഗ്രദില്‍ ദീര്‍ഘസുഷുപ്തി’ എന്ന അവസ്ഥയെ പ്രാപിക്കണം. ശരീരത്തെപ്പറ്റി യാതൊരാശങ്കകളും വേണ്ട. കാരണം അതൊരു ഭ്രമം മാത്രമാണല്ലോ. രാമാ നിനക്ക് ജ്ഞാനമുണ്ട്. നിന്റെയുള്ളില്‍ നിനക്ക് പ്രശാന്തി സഹജമായുണ്ടുതാനും. ആത്മജ്ഞാനിയുടെ പാത ഒരിക്കലും അപചയത്തിലേയ്ക്കാവുകയില്ല. ശുദ്ധാവബോധം മാത്രമാണുണ്മ. അതുകൊണ്ട് ‘ഞാന്‍ ഇന്നയാളാണ്’, ‘ഇതെന്റേതാണ്’ തുടങ്ങിയ ധാരണകളെ നിന്റെയുള്ളില്‍ ഉയരാന്‍ അനുവദിക്കരുത്. ആത്മാവ് എന്നതുപോലും പറയാന്‍ സൌകര്യപ്രദമായ വെറുമൊരു വാക്കെന്നു മാത്രം കരുതുക. സത്യം അതിനുമപ്പുറമാണ്.

സത്യത്തില്‍ ദ്വന്ദത എന്നത് ഇല്ലാത്ത ഒന്നാണ്. വാസ്തവത്തില്‍ വൈവിധ്യമാര്‍ന്ന ശരീരങ്ങള്‍ ‘ഇല്ലാ’ത്തതാണ്. സൂര്യനില്‍ നിഴലുണ്ടാവുന്നതെങ്ങിനെ? ഇല്ലാത്തവയ്ക്ക്‌ എങ്ങിനെ ബന്ധങ്ങള്‍ ഉണ്ടാവാനാണ്? ഇരുട്ടും വെളിച്ചവും തമ്മില്‍ എങ്ങിനെ ബന്ധമുണ്ടാവാനാണ്? ദേഹത്തിനും ദേഹരൂപമെടുത്ത ദേഹിക്കും തമ്മില്‍ യാതൊരു ബന്ധവുമില്ല. സത്യമറിയുമ്പോള്‍പ്പിന്നെ അസത്യത്തിനു നിലനില്‍പ്പുണ്ടോ?

ആത്മാവ് ബോധമാണ്. നിത്യശുദ്ധശാശ്വതമായ അതിന് മാറ്റങ്ങളില്ല. എന്നാല്‍ ശരീരമോ മാറിക്കൊണ്ടിരിക്കുന്നതും അശുദ്ധവും കേവലം താല്‍ക്കാലികവുമാണ്. അവ തമ്മില്‍ എങ്ങിനെയാണ് ബന്ധമുണ്ടാവുക? ശരീരത്തിന് ജീവന്‍ വയ്ക്കുന്നത് പ്രാണവായുവിനാലും മറ്റു ഘടകപദാര്‍ത്ഥങ്ങളാലുമാണ്. ഈ ദേഹത്തിനു ആത്മാവുമായി യാതൊരുവിധ ബന്ധവും സാദ്ധ്യമല്ല. ശരീരം, ആത്മാവ് എന്നീ രണ്ടുകാര്യങ്ങളെയും രണ്ടു സ്വതന്ത്ര സത്തകളായി കണക്കാക്കിയാല്‍ അവ തമ്മില്‍ യാതൊരു ബന്ധവും ഇല്ല എന്ന് കണ്ടു. അതേസമയം ദ്വന്ദത എന്നത് ഇല്ലാത്ത ഒരു കാര്യമാണെന്നുവരികില്‍ പിന്നെ ബന്ധം എന്ന ഈ ചിന്തയ്ക്കുപോലും സാധുതയില്ല. ഈ സത്യം നിന്നില്‍ രൂഢമൂലമാകട്ടെ. വാസ്തവത്തില്‍ എവിടെയും യാതൊരു തരത്തിലുമുള്ള ബന്ധനങ്ങളും ഇല്ല. അതുകൊണ്ട് തന്നെ ആര്‍ക്കും ഒരിടത്തും മുക്തിയുമില്ല. ഇതെല്ലാം ഏകമായ, അദ്വയമായ അനന്താവബോധം മാത്രമാണ്. ‘ഞാന്‍ സന്തുഷ്ടന്‍’, ‘ഞാന്‍ അജ്ഞാനി’, തുടങ്ങിയ ധാരണകള്‍ക്ക് നീ ചെവികൊടുക്കുകയാണെങ്കില്‍ അവ നിനക്ക് അന്തമില്ലാത്ത ദു:ഖമാണ് നല്‍കുക. 

ശരീരം ഉരുത്തിരിഞ്ഞത് പ്രാണവായു കാരണമാണ്. അതിലാണു ശരീരം നിലകൊള്ളുന്നത്. ശരീരത്തിന് സംസാരശേഷി നല്‍കുന്നതും ഈ വായുവാണ്. എന്നാല്‍ അതിലെ ചൈതന്യം, പ്രജ്ഞ, അവിച്ഛിന്നബോധമാണ്. ആകാശവും മറ്റുമായി വ്യാപരിച്ചിരിക്കുന്നത് അനന്താവബോധമാണ്. അകാശാദികള്‍ പ്രതിഫലിക്കുന്നതും ഈ ബോധത്തിലാണ്. ഈ പ്രതിഫലനം തന്നെയാണ് മനസ്സായത്. മനസ്സ് ദേഹമെന്ന ഈ കൂടുപേക്ഷിച്ചു പറന്നുപോകുമ്പോള്‍ ആത്മാവ് അനുഭവവേദ്യമാകുന്നു.  അത് ബോധമല്ലാതെ മറ്റൊന്നുമല്ല.

 പൂമണം എവിടെയുണ്ടോ അവിടെ പൂവുണ്ട്. മനസ്സെവിടെയുണ്ടോ അവിടെ ബോധമുണ്ട്.
എന്നാല്‍ ഒന്നറിയുക: മനസ്സാണ് ലോകമെന്ന ഈ പ്രകടനത്തിന് ഹേതുവാകുന്നത്. ബോധം സര്‍വ്വവ്യാപിയും അനന്തവും അന്തിമവിശകലനത്തില്‍ എല്ലാറ്റിന്റെയും കാരണവുമാണെങ്കിലും പ്രകടിതപ്രപഞ്ചത്തിന്റെ കാരണം മനസ്സാണ്. ബോധമല്ല. അതുകൊണ്ട് പ്രത്യക്ഷലോകത്തിന്റെ കാരണം സത്യാന്വേഷണത്തിന്റെ അഭാവമത്രേ. അതായത് അജ്ഞാനമാണതിന്റെ ഹേതു. പക്ഷേ, വിളക്കിന്റെ വെളിച്ചം ഇരുട്ടിനെ ഇല്ലാതാക്കുന്നതുപോലെ ആത്മജ്ഞാനം അജ്ഞാനാന്ധകാരത്തെ ക്ഷണത്തില്‍ ഇല്ലാതാക്കുന്നു. അതിനാല്‍ എന്താണ് ജീവന്‍, എന്താണ് മനസ്സ്, തുടങ്ങിയ ചോദ്യങ്ങള്‍ക്കുള്ള ഉത്തരം തേടുകയാണ് സാധകന്‍ ചെയ്യേണ്ടത്.    

Feb 27, 2013

290 യോഗവാസിഷ്ഠം നിത്യപാരായണം ദിവസം 290


ഏഷൈവ രാമാ സൌഷുപ്തി സ്ഥിതിരഭ്യാസയോഗത:
പ്രൌഢാ സതീ തുര്യമിതി കഥിതാ തത്വകോവിദൈ:     (5/70/26)

വസിഷ്ഠന്‍ തുടര്‍ന്നു: രാമാ, എല്ലായ്പ്പോഴും ഉചിതമായ കാര്യങ്ങള്‍ ചെയ്തുകൊണ്ടിരിക്കണം . എന്നാല്‍ ചിന്തകളിലോ വസ്തുക്കളിലോ മനസ്സിനു സംഗമുണ്ടാകാതെയായിരിക്കണം കര്‍മ്മങ്ങളിലേര്‍പ്പെടേണ്ടത്. അവ മുകളിലുള്ള  സ്വര്‍ഗ്ഗത്തെയോ താഴെയുള്ള നരകങ്ങളെയോ മറ്റു ദിശകളെയോ ലക്ഷ്യമാക്കി ആകരുത്. അവ ബാഹ്യബന്ധങ്ങളെയോ അന്തരേന്ദ്രിയങ്ങളുടെ സ്വാഭാവിക ചലനത്തെയോ പ്രാണശക്തിയേയോ ആശ്രയിച്ചാകരുത്. മനസ്സ് ശിരസ്സിലോ, അണ്ണാക്കിലോ പുരികങ്ങള്‍ക്കിടയിലോ മൂക്കിന്‍തുമ്പിലോ വായിലോ കണ്ണിലോ ഒന്നും കേന്ദ്രീകൃതമാകരുത്.       

അത് അന്ധകാരത്തിലോ വെളിച്ചത്തിലോ ഹൃദയഗുഹയിലോ അഭിരമിക്കരുത്. അത് ജാഗ്രദവസ്ഥയിലോ, സ്വപ്നത്തിലോ സുഷുപ്തിയിലോ പിടിച്ചുനിര്‍ത്തരുത്. വിടര്‍ന്നു വികസിച്ച ശുദ്ധമായ ആകാശത്തും അതിനെ തളച്ചിടരുത്. നിറഭേദങ്ങളിലോ, അവയുടെ വിന്യാസങ്ങളിലോ ചലനത്തിലോ, സുസ്ഥിരതയിലോ, ആദിയിലോ മദ്ധ്യത്തിലോ അന്ത്യത്തിലോ മറ്റെവിടെയെങ്കിലുമോ മനസ്സ് ഉറയ്ക്കരുത്. മുന്നിലോ പിന്നിലോ അടുത്തോ അകലത്തോ വസ്തുക്കളിലോ ആത്മാവിലോ പോലും മനസ്സുടക്കി നില്‍ക്കരുത്.

ഇന്ദ്രിയാനുഭവങ്ങള്‍ , ഭ്രമാത്മകമായ സന്തോഷനിമിഷങ്ങള്‍ , ധാരണകള്‍ , പ്രതീതികള്‍ , എന്നിവയ്ക്കൊന്നും മനസ്സിനുമേല്‍ സ്വാധീനം ഉണ്ടാവാന്‍ ഇടകൊടുക്കരുത്. മനസ്സ് ശുദ്ധാവബോധത്തില്‍ , ശുദ്ധമായ വെറും ബോധമായി മാത്രം നിലകൊള്ളട്ടെ. അതിന്, ലോകത്തിന്റെ വ്യര്‍ത്ഥതയെപ്പറ്റി അറിഞ്ഞുവെക്കാനായി മാത്രം ബാഹ്യമായ ചെറിയൊരു ചിന്താശകലം വേണമെങ്കിലാവാം. അങ്ങിനെ എല്ലാ സംഗവും ഇല്ലാതെയാകുമ്പോള്‍ ജീവന്‍, ‘അജീവന്‍’ ആകും. അതിനുശേഷം എന്തു സംഭവിച്ചാലും അത് വെറും സംഭവം മാത്രം. കര്‍ത്താവില്ലാത്ത കര്‍മ്മം.  കര്‍മ്മനിരതമാണെങ്കിലും അല്ലെങ്കിലും അവയ്ക്ക് ബന്ധിക്കാന്‍ ആരാണുള്ളത്? അങ്ങിനെ നിര്‍മമമായ ജീവന് കര്‍മ്മഫലങ്ങളനുഭവിക്കേണ്ടി വരുന്നില്ല.  

ഒടുവില്‍ അല്‍പം ബാക്കിനില്‍ക്കുന്ന ശേഷവസ്തുബോധത്തെയും വേണ്ടെന്നു വെച്ച് ജീവന്‍ പരമപ്രശാന്തതയില്‍ വിലീനമാവട്ടെ. അങ്ങിനെ മുക്തനായ ഒരാള്‍ മറ്റുള്ളവരുടെ ദൃഷ്ടിയില്‍ കര്‍മ്മനിരതനായിരുന്നാലുമില്ലെങ്കിലും അയാള്‍ പിന്നെ ദു:ഖത്തിനും ഭയത്തിനും വശംവദനാവുകയില്ല. എല്ലാവരും അദ്ദേഹത്തെ സ്നേഹിക്കുന്നു, ആദരിക്കുന്നു. മറ്റുള്ളവരുടെ കണ്ണില്‍ അയാള്‍ ചഞ്ചലനായി കാണപ്പെട്ടാലും ഉള്ളാലെ അയാള്‍ ജ്ഞാനത്തില്‍ സമാരൂഢനാണ്. സുഖദു:ഖങ്ങള്‍ അയാളുടെ ബോധത്തിന് നിറഭേദം ഉണ്ടാക്കുകയില്ല. ലോകത്തിന്‍റെ വര്‍ണ്ണത്തിളക്കം അയാളുടെ കണ്ണഞ്ചിപ്പിക്കുന്നില്ല. 

ആത്മവിദ്യയുടെ നിറവില്‍ സദാ ധ്യാനനിരതനെപ്പോലെ, അതുകൊണ്ടുതന്നെ ലോകത്തിലെ ഒന്നിനോടും മമതയില്ലാതെ ജ്ഞാനി ജീവിക്കുന്നു. പരസ്പര വിരുദ്ധങ്ങളായ ദ്വന്ദശക്തികളുടെ സ്വാധീനത്തില്‍ അല്ലാത്തതുകൊണ്ട് ജാഗ്രദിലും അയാള്‍ ദീര്‍ഘസുഷുപ്തിയിലത്രേ. ഈയവസ്ഥയില്‍ മനസ്സില്‍ ചിന്തകളില്ല. ഉള്ളത് പ്രശാന്തതയുടെ നേരനുഭവം മാത്രം. ‘ജാഗ്രദിലെ ദീര്‍ഘസുഷുപ്തി’ എന്നാണീ അവസ്ഥയ്ക്ക് പറയുന്നത്. അതില്‍ അഭിരമിക്കുന്നവരുടെ ജീവിതം സ്വേച്ഛയാലല്ല മുന്നോട്ടു പോവുന്നത്. എല്ലാ മനോവികലതകളും അയാളില്‍ അസ്തമിച്ചിരിക്കുന്നു. ആയുസ്സ് ദീര്‍ഘമോ ഹൃസ്വമോ എന്നയാള്‍ക്ക് ആശങ്കയില്ല.  

"രാമാ, ഇങ്ങിനെയുള്ള ‘ജാഗ്രദില്‍ ദീര്‍ഘസുഷുപ്തി’ എന്ന അവസ്ഥ പക്വമാവുമ്പോള്‍ അത് ‘തുരീയം’ അല്ലെങ്കില്‍ നാലാമത്തെ അവസ്ഥ എന്നറിയപ്പെടുന്നു. ആ സ്ഥിതിയില്‍ ഉറച്ചുനിന്നുകൊണ്ട് ഋഷികള്‍ വിശ്വപ്രപഞ്ചത്തെ ബോധത്തിന്റെ വിശ്വലീലയ്ക്കുള്ള  കളിത്തട്ടായും  ജീവിതത്തെ പ്രപഞ്ചനൃത്തമായും അറിയുന്നു." ഭയദു:ഖാദികളില്‍ നിന്നും പൂര്‍ണ്ണമായും മുക്തരായി തുരീയാവസ്ഥയെ പ്രാപിച്ചവര്‍ വീണ്ടും തെറ്റുകളിലേയ്ക്ക് വീഴാന്‍ ഇടവരുന്നില്ല. അയാള്‍ ആനന്ദത്തില്‍ എന്നെന്നേയ്ക്കുമായി ആമഗ്നനാണ്. ഈയവസ്ഥ്യ്ക്കുമപ്പുറം പരമമായ ആനന്ദത്തിന്റെ വിവരണാതീതമായ മറ്റൊരു തലത്തിലേയ്ക്കാണ് അയാളുടെ ഗമനം. ആ അഭൌമതലത്തെ നമ്മുടെ അറിവിന്റെ പരിധിക്കുള്ളില്‍ നിന്നുകൊണ്ട് വിവരിക്കാനോ അറിയാനോ ആവില്ല. 

Feb 26, 2013

289 യോഗവാസിഷ്ഠം നിത്യപാരായണം ദിവസം 289


അന്ത: സംസംഗമംഗാനാമംഗാരം വിദ്ധി രാഘവ
അനന്ത: സംഗമംഗാനാം വിദ്ധി രാമാ രസായനം (5/68/50)

വസിഷ്ഠന്‍ തുടര്‍ന്നു: ശംഖചക്രഗദാധാരിയായ ഭഗവാനാണ് മുമ്പ് പറഞ്ഞ വന്ദ്യമായ ഉപാധികള്‍ മൂലം മൂന്നു ലോകങ്ങളെയും പരിപാലിക്കുന്നത്.  അതേ പവിത്ര ഉപാധികളാലാണ് സൂര്യന്‍ ജ്വലിക്കുന്നതും വിപുലമായ ഈ പ്രപഞ്ചസൃഷ്ടികളെ ബ്രഹ്മാവ്‌ സംവിധാനം ചെയ്തൊരുക്കുന്നതും. പരമശിവനും ഈ ഉപാധികളുള്ളതുകൊണ്ടാണ് തന്റെ ദൈവീകത പ്രകടമാക്കുന്നത്. സ്വയം പരിമിതപ്പെടുത്തുന്ന (അതത് വകുപ്പുകളില്‍ മാത്രം) വന്ദ്യോപാധികളാണ് എല്ലാ ദേവതകളേയും പ്രവര്‍ത്തനസജ്ജമാക്കുന്നത്. എന്നാല്‍ 'വന്ധ്യോപാധികള്‍ '  (വന്ധ്യമായ, അതായത് വ്യര്‍ത്ഥമായ ഉപാധികള്‍ ) മനസ്സിനെ സുഖാനുഭവങ്ങള്‍ക്കായി പ്രേരിപ്പിക്കുന്നു. അവ അത്തരം അനുഭവങ്ങള്‍ ആനന്ദപ്രദമാണെന്ന പ്രതീതി ജനിപ്പിച്ചു ജീവനെ മോഹിപ്പിക്കുകയും ചെയ്യുന്നു. 

അണ്ഡകടാഹത്തിലെ ഗ്രഹാദികള്‍ പോലും ഉപാധികളുടെ ഭാഗമായാണുണ്ടായി പ്രവര്‍ത്തിക്കുന്നത്. അവയാണ് സ്വര്‍ഗ്ഗവാസികളായ ദേവന്മാരും, ഭൂവാസികളായ മനുഷ്യരും, പാതാളവാസികളായ അസുരന്മാരും ആയി സമുദ്രത്തിലെ അലകള്‍ പോലെ പൊങ്ങിയും താണും ഉണ്ടായി മറയുന്നത്. കടലിലെ വലിയ ജീവികള്‍ക്ക് ചെറുജീവികളാണാഹാരം. എണ്ണമറ്റ ജീവജാലങ്ങള്‍ പരസ്പരം തിന്നു വിശപ്പടക്കി ജീവിക്കുന്നതും അങ്ങോട്ടും ഇങ്ങോട്ടും തട്ടിക്കളിക്കുന്നതും ഈ ഉപാധികള്‍ മൂലമാണ്. ഇടയ്ക്ക് തിളങ്ങിയും ഇടയ്ക്ക് മങ്ങിയും; ഇടയ്ക്ക് ജ്വലിച്ചും ഇടയ്ക്ക് ഇരുട്ടിലാണ്ടും ചന്ദ്രന്‍ ഭൂമിയെ ചുറ്റുന്നു. (ചന്ദ്രനിലെ കളങ്കം ഓര്‍മ്മിക്കുക) ഈ ജോലി മുടങ്ങാതെ നടക്കുന്നതും ഉപാധികളാലാണ്. 

രാമാ, വിസ്മയമാര്‍ന്ന ഈ കാഴ്ച കണ്ടാലും, മനസ്സിലെ ധാരണാ സങ്കല്‍പ്പങ്ങള്‍ക്കനുസൃതമായി ഈ കാഴ്ചകളിവിടെ ഉണ്ടാക്കിയതാരാണാവോ? മനസാ ഉണ്ടായ സങ്കല്‍പ്പങ്ങള്‍ക്കനുസരിച്ച്, ഉപാധികള്‍ക്കനുസരിച്ച്, ശൂന്യാകാശത്ത് പ്രപഞ്ചമുണ്ടാക്കിയാത്രെ! അതെങ്ങിനെ യഥാര്‍ത്ഥത്തില്‍ ഉള്ളതാവും? അത് മിഥ്യ മാത്രമാവാനേ തരമുള്ളൂ. ലോകവുമായി, ദേഹവുമായി സംഗത്തില്‍ നില്‍ക്കുന്ന എല്ലാ ജീവജാലങ്ങളുടെയും സുഖാന്വേഷണത്വര അവരെ കാര്‍ന്നു തിന്നുകൊണ്ടിരിക്കുന്നു. അവയുടെ എണ്ണമാണെങ്കില്‍ കടല്‍ത്തീരത്തെ മണല്‍ത്തരികളേപോലെ എണ്ണിയാല്‍ ഒടുങ്ങാത്തതാണ്.

ഈ ജീവികളിലെ മനോപാധികളുടെ പ്രതികരണമാണ് ബ്രഹ്മാവിന്റെ സൃഷ്ടിയായി നാം കാണുന്ന ഈ പ്രപഞ്ചം. ഈ ജീവജാലങ്ങള്‍ ഇവിടെ, ഇപ്പോള്‍ത്തന്നെ നരകത്തീയെരിക്കാനുതകുന്ന ഉണങ്ങിയ വിറകുകള്‍ തന്നെയാണ്. ലോകത്തുള്ള സകല ദു:ഖങ്ങളും ഈ ജീവികള്‍ക്കായി മാത്രമുള്ളതാണ്. നദികള്‍ സ്വാഭാവികമായും സമുദ്രത്തിലേയ്ക്ക് കുതിച്ചു പായുന്നതുപോലെ ദുരിതങ്ങള്‍ മനോപാധികള്‍ക്ക് വശംവദരായ ജീവികളെ തേടിച്ചെല്ലുന്നു. വെറും മിഥ്യയായ ഈ  സൃഷ്ടികള്‍ മുഴുവനും അജ്ഞാനത്താല്‍ ആവരണം ചെയ്യപ്പെട്ടിരിക്കുന്നു.

എന്നാല്‍ സുഖാന്വേഷണത്വരയെ വേരോടെ അറുക്കാന്‍ കഴിഞ്ഞാല്‍ മാനസീകോപാധികളാകുന്ന  'പരിമിതികള്‍ ' പവിത്രമായിത്തീര്‍ന്ന് ആത്മവികാസത്തിന് വഴിതെളിക്കും. “സോപാധികമായ മനസില്‍ ഉയരുന്ന പരിമിതമായതിനോടുള്ള ആസക്തി, വേദനാജനകമാണ് രാമാ. എന്നാല്‍ അനന്തതയിലേയ്ക്കുള്ള വികാസം അല്ലെങ്കില്‍ അനന്തതയോടുള്ള ഭക്തി ഈ വേദനയെ മാറ്റുന്ന ദിവ്യൌഷധമാണ്.” യാതൊന്നിനോടും ആസക്തിയില്ലാത്ത മനസ്സ് അനന്തതയുടെ പ്രശാന്തതയില്‍ അഭിരമിക്കുമ്പോള്‍ ആനന്ദം സിദ്ധമാകുന്നു.

ആത്മജ്ഞാനത്തില്‍ ദൃഢീകരിച്ചവന്‍ ഇപ്പോള്‍ , ഇവിടെവച്ച് തന്നെ മുക്തനാണ്. ജീവന്മുക്തന്‍ . 

(സംഗം, സംസംഗം, ഉപാധി, ബന്ധം, ആസക്തി, തതാത്മ്യഭാവം, എന്നിവയെല്ലാം അനന്തതയെ പരിമിതപ്പെടുത്തുന്നവയാണ്. ആത്മജ്ഞാനം പരിമിതികള്‍ക്കതീതമാണ്. ) 

Feb 25, 2013

288 യോഗവാസിഷ്ഠം നിത്യപാരായണം ദിവസം 288


സംസക്തിര്‍ദ്വിവിധാ പ്രോക്താ വന്ദ്യാ വന്ധ്യാ ച രാഘവ
വന്ധ്യാ സര്‍വത്ര മൂഢാനാം വന്ദ്യാ തത്വവിദം നിജാ  (5/68/21)

രാമന്‍ ചോദിച്ചു: ഭഗവന്‍, എന്താണീ ഉപാധികള്‍ ? അവയെങ്ങിനെയാണ് ബന്ധനങ്ങള്‍ക്ക് കാരണമാവുന്നത്? എന്താണ് മോക്ഷം? അതെങ്ങിനെയാണ് പ്രാപിക്കുക?

വസിഷ്ഠന്‍ തുടര്‍ന്നു: ശരീരവും ആത്മാവും തമ്മില്‍ വിവേചിച്ചറിയാനുള്ള അറിവില്ലാത്തവര്‍പോലും   ശരീരത്തിന്റെ ഉണ്മയെപ്പറ്റിമാത്രം ദൃഢമായി വിശ്വസിക്കുന്ന അവസ്ഥയാണ് സോപാധികാവസ്ഥ. ഈ ചിന്തയിലുറച്ചവന് അനന്തമായ ആത്മാവിനെ പരിമിതപ്പെട്ട ഒന്നായി മാത്രമേ കാണാനൊക്കൂ. അതിനാല്‍ അയാള്‍ സുഖാന്വേഷിയായി സ്വയം ബന്ധിക്കപ്പെടുന്നു.  

എന്നാല്‍ ആരൊരുവന്‍ ‘ഇതെല്ലാം ആത്മാവ് മാത്രം, അതിനാല്‍ എനിക്ക് ആഗ്രഹിക്കാനോ ത്യജിക്കാനോ എന്താണുള്ളത്?’ എന്ന് മനസ്സിലുറപ്പിച്ചിരിക്കുന്നുവോ അവന്‍ ഉപാധിരഹിതമായ മുക്തിയെ പ്രാപിക്കുന്നു. ‘ഞാന്‍'  ഇല്ല, 'ഞാന'ല്ലാതെ മറ്റാരുമില്ല’ എന്നു തെളിഞ്ഞ അറിവുള്ളവന്‍ സുഖം കാംക്ഷിക്കുന്നില്ല. ‘സുഖമുണ്ടാവുകയോ ഇല്ലാതാവുകയോ ചെയ്യട്ടെ’ എന്നാണയാളുടെ ഭാവം. അയാള്‍ കര്‍മ്മരഹിതനല്ല. എന്നാല്‍ കര്‍മ്മഫലങ്ങളില്‍ അയാള്‍ ആകാംഷാഭരിതനുമല്ല. അയാള്‍ക്ക്  അമിതാഹ്ലാദമോ ദു:ഖമോ ഇല്ല. മനസാ തന്റെ കര്‍മ്മഫലങ്ങളെ ഉപേക്ഷിക്കുന്നുവെങ്കിലും അയാള്‍ കര്‍മ്മങ്ങളില്‍നിന്ന് വിട്ട് നില്‍ക്കുന്നില്ല.  ഉപാധികളില്‍ നിന്ന് വിട്ടുനില്‍ക്കുന്നത് മൂലം ബന്ധനങ്ങള്‍ അഴിഞ്ഞൊഴിയുന്നു.  ഉപാധികളാണെല്ലാ എല്ലാ ദു:ഖങ്ങള്‍ക്കും ഹേതു.   

ഇനിപ്പറയുന്ന ഉദാഹരണങ്ങള്‍ കൊണ്ട് ഉപാധികളെപ്പറ്റി കൂടുതല്‍ വ്യക്തമാക്കാം:
      ഒരു കഴുത്ത തന്റെ യജമാനന്റെ കയറാല്‍ നയിക്കപ്പെട്ട് ഭയത്തോടെ അമിതഭാരം ചുമക്കുന്നു.
ഭൂമിയില്‍ വേരുറപ്പിച്ച മരം ചൂടും, തണുപ്പും, മഴയും കാറ്റുമെല്ലാം സഹിക്കുന്നു.
ഒരു പുഴു അതിന്റെ പരിണാമത്തിനു കാലമാവുന്നതും കാത്തു ഭൂമിയിലെ കുഴിയില്‍ കിടക്കുന്നു.
വിശന്നു വലഞ്ഞ ഒരു കിളി ഹിംസ്രജന്തുക്കളെപ്പേടിച്ചു മരക്കൊമ്പിലിരിക്കുന്നു.
ഇണക്കമാര്‍ന്ന ഒരു മാന്‍പേട ശാന്തമായി പുല്ലുമേഞ്ഞുനടന്ന് ഒടുവില്‍ വേടന്റെ അമ്പിനിരയാവുന്നു.
അനേകമാളുകള്‍ പുഴുക്കളായും കീടങ്ങളായും വീണ്ടും വീണ്ടും ജനിച്ചു മരിക്കുന്നു.
സമുദ്രത്തിലെ അലകള്‍പോലെ എണ്ണമറ്റ ജീവജാലങ്ങള്‍ ഉണ്ടായി നശിക്കുന്നു.
സ്വന്തമായി നീങ്ങാന്‍പോലും ആവാതെ അവശനായ മനുഷ്യന്‍ വീണ്ടും വീണ്ടും മരിക്കുന്നു.
വള്ളിച്ചെടികളും സസ്യവര്‍ഗ്ഗങ്ങളും ഭൂമിയില്‍ നിന്നും പോഷകം വലിച്ചെടുത്ത് അവിടെത്തന്നെ തഴച്ചുവളരുന്നു.
ഈ സംസാരമെന്ന മായക്കാഴ്ച എണ്ണമറ്റ ദുരിതങ്ങളെയും ദു:ഖങ്ങളെയും തേടിപ്പിടിച്ചു കൂട്ടിക്കൊണ്ടുവരുന്ന നദിയെപ്പോലെയാണ്.     

ഇതൊക്കെയാണ് ഉപാധികളെപ്പറ്റി എനിക്ക് പറയാനുള്ളത്.

"ഉപാധികള്‍ , (ആസക്തി, ഒട്ടല്‍ , അല്ലെങ്കില്‍ സ്വയംപരിമിതി എന്നിവ) രണ്ടുവിധമാണ്. വന്ദിക്കപ്പെടേണ്ടവയും വന്ധ്യമായവയും.  (അതായത് വ്യര്‍ത്ഥമായവ). മൂഢന്മാരില്‍ പൊതുവെ വന്ധ്യമായ ഉപാധികള്‍   കാണപ്പെടുന്നു. വന്ദ്യമായ ഉപാധികള്‍  സത്യദര്‍ശികളിലും. "    

അജ്ഞാനികളുടെ, അതായത് ആത്മജ്ഞാനം ഇല്ലാത്തവരുടെ മനസ്സില്‍ ശരീരാഭിമാനവും മറ്റും മൂലം ഉണ്ടാവുന്ന ഉപാധികള്‍ ജനനമരണങ്ങള്‍ക്ക് കാരണമാവുന്നു. അവ ജഢമാണ്, വ്യര്‍ത്ഥമാണ്. എന്നാല്‍ സംപൂജ്യരായവരില്‍ കാണപ്പെടുന്ന ഉപാധികള്‍ ആത്മജ്ഞാനത്തില്‍ നിന്നുണ്ടാവുന്നതാണ്. ശരിയായ അറിവിന്റെ നിറവില്‍ അവ ഒരുവന്റെ ജനനമരണചക്രത്തെ അവസാനിപ്പിക്കുന്നു.

(വന്ദ്യമായ ഉപാധികളും പ്രകൃത്യാ ഉള്ള പരിമിതികളെ അംഗീകരിക്കുന്നു. ഉദാഹരണത്തിന്, ബാഹ്യേന്ദ്രിയങ്ങളായ കണ്ണും കാതും മറ്റും - അവയുടെ പരിമിതികളോടെയാണവര്‍ കാണുന്നത്. മൂഢന്റെ ചിന്തയില്‍ ഭൌതികശരീരവും ആത്മാവും ഒന്നാണ്. സംസ്കൃതത്തില്‍ സംസക്തി എന്ന് പറയുന്നത് ഒന്നിന് മറ്റൊന്നിനോട് ചേരാനുള്ള ത്വരയാണ്. ആസക്തി എന്നുപറയുമ്പോള്‍ ദ്വന്ദതയായി. അത് ഭിന്നതയെ സൂചിപ്പിക്കുന്നു. അതായത് ആസക്തി അപരിമിതമായതിനെ ഉപാധികളാല്‍ പരിമിതപ്പെടുത്തുന്നു എന്നര്‍ത്ഥം.       

Feb 24, 2013

287 യോഗവാസിഷ്ഠം നിത്യപാരായണം ദിവസം 287


അന്ത:സക്തം മനോബദ്ധം മുക്തം സക്തിവിവര്‍ജിതം
അന്ത:സംസക്തിരേവൈകം കാരണം ബന്ധമോക്ഷയോ:  (5/67/34)
 
വസിഷ്ഠന്‍ തുടര്‍ന്നു: അങ്ങിനെ പരസ്പരം സംസാരിച്ചും ലോകകാര്യങ്ങളെപ്പറ്റി വിചാരംചെയ്തും അവര്‍ താമസംവിനാ പരമപദം പൂകി. അതുകൊണ്ട് രാമാ, ആത്മജ്ഞാനമല്ലാതെ ഈ ലൌകീക ബന്ധനത്തിന്റെ കേട്ടറുക്കാനും സംസാരമെന്ന ഈ സാഗരം തരണം ചെയ്യാനും  ഉതകുന്ന മറ്റൊരു മാര്‍ഗ്ഗവും ഇല്ലെന്നറിയുക. പ്രബുദ്ധന്റെ ദൃഷ്ടിയില്‍ അലകടല്‍ ഒരുചെറുവെള്ളക്കുഴി മാത്രമാണ്. ദൂരെയുള്ളൊരാള്‍ക്കൂട്ടത്തെ നോക്കിക്കാണുന്നതുപോലെയാണയാള്‍ സ്വന്തം ദേഹത്തെ നോക്കുന്നത്. അതിനാല്‍ ദേഹത്തിനേല്‍ക്കുന്ന ദു:ഖാനുഭവങ്ങള്‍ അയാളെ ബാധിക്കുന്നില്ല. 

ശരീരം നിലനില്‍ക്കുന്നതുകൊണ്ട് ആത്മാവിന്റെ സര്‍വ്വവ്യാപിത്വത്തിനു കോട്ടമൊന്നുമില്ല. അലകള്‍ ഉള്ളത് കൊണ്ട് സമുദ്രത്തിന്റെ മഹത്വത്തിനെന്തെങ്കിലും കോട്ടമുണ്ടോ? വെള്ളത്തില്‍ ആന്തോളനം ചെയ്യുന്ന അരയന്നത്തിനും, വെള്ളത്തില്‍ കിടക്കുന്ന പാറക്കല്ലിനും അതില്‍ പൊന്തിക്കിടക്കുന്ന തടിക്കഷണത്തിനും വെള്ളവുമായി എന്ത് ബന്ധമാണുള്ളത്?    

അതുപോലെ പരമാത്മാവിന് ഈ പ്രത്യക്ഷപ്രപഞ്ചവുമായി യാതൊരു ബന്ധവുമില്ല. വെള്ളത്തിലേയ്ക്ക് കടപുഴകി വീഴുന്ന മരം വലിയ അലകളുണ്ടാക്കുന്നതുപോലെയാണ് ദേഹത്തിനുണ്ടാകുന്ന സുഖദു:ഖങ്ങള്‍ ആത്മാവിന് വേദ്യമാവുന്നത്. ജലത്തിന്റെ സാമീപ്യം കാരണം തടിക്കഷണം അതില്‍ പ്രതിബിംബിക്കുന്നതുപോലെ ദേഹം ആത്മാവില്‍ പ്രതിഫലിക്കുന്നു. ജലത്തില്‍ നിപതിക്കുന്ന കല്ലുകള്‍ വെള്ളത്തെയോ സ്വയമോ നോവിക്കുന്നില്ല. അതുപോലെ ദേഹം മറ്റു പദാര്‍ത്ഥസഞ്ചയങ്ങളുമായി (ഭാര്യാപുത്രാദികള്‍ , വിഷയ വസ്തുക്കള്‍ ) സമ്പര്‍ക്കത്തിലേര്‍പ്പെടുന്നത് കൊണ്ട് ആര്‍ക്കും (ഒന്നിനും) ഒരു ദുരിതവും അനുഭവിക്കേണ്ടിവരുന്നില്ല.  

ഒരു കണ്ണാടിയിലെ പ്രതിഫലനത്തെ സത്തെന്നും അസത്തെന്നും പറയാന്‍ വയ്യ. അത് വിവരണാതീതമാണ്. അതുപോലെ ആത്മാവില്‍ പ്രതിഫലിക്കുന്ന ദേഹം വിവരണങ്ങള്‍ക്കു വഴങ്ങാത്ത, സത്യമെന്നും അസത്യമെന്നും പറയാനരുതാത്തതുമായ  ഒരു പ്രതിഭാസമത്രേ. അജ്ഞാനി തന്റെ മുന്നില്‍ കാണുന്ന എല്ലാത്തിനേയും സത്യമെന്ന് കരുതുന്നു, ജ്ഞാനി അങ്ങിനെയല്ല. ജലത്തില്‍ പ്രതിഫലിച്ച മരക്കഷണവും വെള്ളവും തമ്മില്‍ യാതൊരു ബന്ധവുമില്ലാത്തതുപോലെ  ദേഹവും ആത്മാവും തമ്മില്‍ ശരിക്കും ബന്ധുതയൊന്നുമില്ല. വാസ്തവത്തില്‍ അങ്ങിനെയൊരു ബന്ധം നിലനില്‍ക്കണമെങ്കില്‍ ദ്വന്ദത ഉണ്ടാകണമല്ലോ. ഒരേയൊരു അനന്താവബോധം മാത്രമുള്ളപ്പോള്‍ വിഷയ-വിഷയീ ഭിന്നതകള്‍ക്കും  ബന്ധങ്ങള്‍ക്കുമെന്താണ് സാംഗത്യം? 

ഇവിടെ ദ്വന്ദത ആരോപിക്കപ്പെടുകയാണ്. ഒരിക്കലും ദു:ഖങ്ങള്‍ തൊട്ട്തീണ്ടാനിടയില്ലാത്ത ശരീരം സ്വയം വൃഥാ പരിതപിക്കുകയാണ്. പിശാചിനെ കണ്ടെന്നു കരുതുന്നവന്‍ പിശാചിനെ കാണുന്നു. ചിന്തയുടെ ശക്തികൊണ്ട് ഭാവനാസൃഷ്ടി മാത്രമായ ബന്ധുത്വം യാഥാര്‍ത്ഥ്യമാണെന്നപോലെ ആയിത്തീരുന്നു. ആത്മാവിനു സുഖദു:ഖങ്ങള്‍ ഇല്ല. എന്നാല്‍ അത് സ്വയം ശരീരമാണെന്നു കരുതി അനുഭവങ്ങളെ സ്വാംശീകരിക്കുന്നു.

ഈ ഭാവനാ ബന്ധുത്വം ഉപേക്ഷിക്കുന്നതാണ് മുക്തി. വിഷയങ്ങളില്‍ ആസക്തരല്ലാതെയും അവയുമായി താതാത്മ്യം പ്രാപിക്കാതെയും ഇരിക്കുന്നവര്‍ക്ക് ദു:ഖത്തില്‍ നിന്നും എന്നെന്നേയ്ക്കുമായി രക്ഷയായി. ഈ മനോപാധികളാണ് വാര്‍ദ്ധക്യം, മരണം, വിഭ്രാന്തി, എന്നിവയ്ക്കെല്ലാം കാരണം. അതവസാനിക്കുമ്പോള്‍ മോഹസമുദ്രത്തിനപ്പുറം താണ്ടാം. ഉപാധികളോടു കൂടിയ മനസ്സ് മഹാമുനിമാരെപ്പോലും മോഹവലയത്തിലാക്കുന്നു. എന്നാല്‍ ഉപാധികളൊഴിഞ്ഞ മനസ്സുള്ള ഗൃഹസ്ഥന്‍ മോഹത്തിനടിമയാകുന്നില്ല.

“മനസ്സ് ഉപാധികള്‍ക്ക് (ആസക്തി, താതാത്മ്യഭാവം, ഉള്‍പ്രതിപത്തികള്‍ ) വശംവദമാവുമ്പോള്‍ അത് ബന്ധനം. മുക്തി എന്നത് ഈ ബന്ധനത്തില്‍ നിന്നുമുള്ള മോചനമാണ്. ആന്തരീകമായ പ്രതിപത്തികള്‍ തന്നെയാണ് അവിച്ഛിന്നമായതിനു ഭിന്നത സങ്കല്‍പ്പിച്ചുണ്ടാക്കുന്നത്. അതാണ്‌ ബന്ധനങ്ങളെ ഉണ്ടാക്കുന്നതും മോക്ഷത്തിനു ഹേതുവാകുന്നതും. " ഉപാധികളൊഴിഞ്ഞ മനസ്സോടെ ചെയ്യുന്ന കര്‍മ്മങ്ങള്‍ ‘അകര്‍മ്മങ്ങള’ത്രേ. എന്നാല്‍ ഉപാധികളുള്ള മനസ്സ് കര്‍മ്മരഹിതമായിരിക്കുമ്പോഴും അത് കര്‍മ്മനിരതം തന്നെയാണ്. കര്‍മ്മവും അകര്‍മ്മവും മനസിലാണ്. ശരീരം ഒന്നും ചെയ്യുന്നില്ല. അതിനാല്‍ ദൃഢചിത്തത്തോടെ ആന്തരീകമായി ഉണ്ടാവുന്ന ഈ മിഥ്യാഭിന്നത പൂര്‍ണ്ണമായും ഒഴിവാക്കേണ്ടതാണ്.

Feb 23, 2013

286 യോഗവാസിഷ്ഠം നിത്യപാരായണം ദിവസം 286


ആശാ യാവദശേഷേണ ന ലൂനാശ്ചിത്തസംഭവ:
വീരുദ്ധോ ദാത്രകേണേവ താവന്ന: കുശലം കുത: (5/66/11)

വസിഷ്ഠന്‍ തുടര്‍ന്നു: രാമാ, സ്വന്തം മനസ്സുകൊണ്ട് തന്നെ അവനവന്റെ മനസ്സിനെ അടക്കാന്‍ കഴിഞ്ഞില്ലെങ്കില്‍ ആത്മജ്ഞാനം സിദ്ധിക്കുകയില്ല. ചിത്രപടത്തിലെ സൂര്യന് അസ്തമയമില്ലാത്തതുപോലെ ‘ഞാന്‍, എന്റെ’ തുടങ്ങിയ ധാരണകളും ദു:ഖങ്ങളും ഒഴിയാതെ ആത്മജ്ഞാനം ഉണ്ടാവുകയില്ല. ഇതിനെക്കുറിച്ച് ഞാന്‍ ഒരു കഥ പറയാം. മൂന്നു ലോകങ്ങളും ചേര്‍ന്നത്ര വലുപ്പത്തില്‍ വലിയൊരു പര്‍വ്വതമുണ്ടായിരുന്നു. അതിന്റെ മുകളില്‍ ദേവന്മാരും മദ്ധ്യഭാഗത്ത് മനുഷ്യരും താഴെ പാതാളവാസികളും വാണിരുന്നു. സഹ്യന്‍ എന്നാണതിന് പേര്. അതില്‍ എല്ലാം ഉണ്ടായിരുന്നു. അത്രിമുനിയുടെ ആശ്രമം അവിടെയായിരുന്നു. അവിടെ രണ്ടു മാമുനിമാര്‍ - ബൃഹസ്പതിയും ശുക്രനും അവരുടെ പുത്രന്മാരായ വിലാസനും ഭാസനുമൊപ്പം ജീവിച്ചുവന്നു.  പരസ്പരം വളരെ അടുപ്പത്തിലായിരുന്നു അവര്‍. . ഇണപിരിയാത്ത കൂട്ടുകാര്‍ .  രണ്ടു ബാലന്മാര്‍ക്കും താരുണ്യമായി. 

യഥാകാലം  ബൃഹസ്പതിയും ശുക്രനും ദിവംഗതരായി. ദു:ഖാര്‍ത്തരായ ഈ ചെറുപ്പക്കാര്‍ പിതാക്കന്മാരുടെ അന്ത്യകര്‍മ്മങ്ങള്‍ യഥാവിഥി നടത്തി. പിതാക്കളുടെ നിര്യാണത്തിന്റെ ശോകത്തില്‍ അവര്‍ തങ്ങളുടെ സമ്പത്തിലും മറ്റും ശ്രദ്ധയറ്റവരായി. ഒടുവില്‍ അവര്‍ വെവ്വേറെ ദിശകളിലുള്ള കാടുകളില്‍പ്പോയി തപസ്സു ചെയ്തു ജീവിക്കാന്‍ തീരുമാനിച്ചു. വളരെക്കാലം കഴിഞ്ഞ് അവര്‍ വീണ്ടും കണ്ടുമുട്ടി.
 
വിലാസന്‍ ഭാസനോടു പറഞ്ഞു: സുഹൃത്തേ, നിന്നെ കണ്ടതെത്ര സന്തോഷപ്രദം! നമ്മള്‍ പിരിഞ്ഞിട്ട് ഇത്രകാലം നീ എന്തൊക്കെയാണ് ചെയ്തത്? നിന്റെ തപശ്ചര്യകള്‍ ഫലപ്രദമായിരുന്നോ? ലോകമെന്ന ജ്വരത്തില്‍ നിന്നും നിന്റെ മനസ്സിന് ശാന്തി ലഭിച്ചുവോ? നിനക്ക് ആത്മജ്ഞാനം ഉണ്ടായോ? നിനക്ക് സുഖമാണോ?

ഭാസന്‍ പറഞ്ഞു: നിന്നെ വീണ്ടും കണ്ടത് എന്റെ ഭാഗ്യം തന്നെ. നീയെന്റെ സുഹൃത്തും സഹോദരനുമാണ്. ഈ ലോകത്ത് അലഞ്ഞുതിരിയുന്ന നമുക്ക് പരമമായ ജ്ഞാനം ആര്‍ജ്ജിക്കാതെ, മനോവൈകല്യങ്ങള്‍ക്കറുതിവരാതെ,   ആനന്ദവും സന്തോഷവും എങ്ങിനെയുണ്ടാകാനാണ്? സംസാരസാഗരം തരണം ചെയ്താലല്ലാതെ എങ്ങിനെയാണ് നമുക്കാനന്ദിക്കാനാവുക?

“മനസ്സില്‍ നിന്നുദിക്കുന്ന ആശകളും പ്രത്യാശകളും പൂര്‍ണ്ണമായി നശിച്ചാലല്ലാതെ നമുക്ക് സൌഖ്യവും സന്തോഷവും എങ്ങിനെയുണ്ടാകും?” ആത്മജ്ഞാനം പ്രാപിക്കുന്നതുവരെ നാം ജനനമരണ ചക്രത്തില്‍പ്പെട്ടുഴന്ന് വീണ്ടും വീണ്ടും ശൈശവം, യൌവ്വനം, വാര്‍ദ്ധക്യം, മരണം, പിന്നെയും ജനനം ഇങ്ങിനെ തുടര്‍ച്ചയായി വൃഥാ കര്‍മ്മങ്ങളില്‍ മുഴുകിക്കഴിയണമല്ലോ.! കഷ്ടം!

ജ്ഞാനത്തിനെ നശിപ്പിക്കുന്നത് ആസക്തിയാണ്‌....   ഇന്ദ്രിയ സുഖാനുഭവം തേടി ജന്മങ്ങള്‍  ക്ഷണത്തില്‍ കഴിഞ്ഞ് പോവുന്നു. ഇന്ദ്രിയസുഖമെന്ന ഇരുട്ടുകിണറിലാണ് മനസ്സ് വീണുപോവുന്നത്. സംസാരത്തിന്റെ മറുകര താണ്ടാന്‍ ഉതകുന്ന, ആത്മജ്ഞാനത്തിനുതകുന്ന, ഉത്തമവാഹനമായ ഈ ശരീരം എന്തുകൊണ്ടാണ് ഈ വിഷയങ്ങളാകുന്ന ചെളിക്കുണ്ടില്‍ വീണുപോവുന്നത്? ചെറിയൊരു കമ്പനത്തില്‍ നിന്നുണ്ടായ അലയെ ഇമചിമ്മുന്ന നേരംകൊണ്ട് മനസ്സ്  വലിയൊരു തിരമാലയാക്കുന്നു. മനുഷ്യന്‍ തന്റെ ശോകങ്ങളെ നിത്യശുദ്ധമുക്തമായ ആത്മാവില്‍ ആരോപിക്കുന്നു. എന്നിട്ടതില്‍ ആമഗ്നനായി സ്വയം ദുരിതമനുഭവിക്കുന്നു.   

Feb 22, 2013

285 യോഗവാസിഷ്ഠം നിത്യപാരായണം ദിവസം 285


താനി മിത്രാണി ശാസ്ത്രാണി താനി താനി ദിനാനി ച
വിരാഗോല്ലാസവാന്യേഭ്യ ആത്മചിത്തോദയ: സ്ഫുടം (5/64/19)

വസിഷ്ഠന്‍ തുടര്‍ന്നു: പ്രത്യക്ഷലോകത്തിന്റെ മിഥ്യാവസ്ഥയെപ്പറ്റി ചര്‍ച്ച ചെയ്തും പരസ്പരം ഉപചാരങ്ങള്‍ അര്‍പ്പിച്ചും സുരാഗുവും പരിഘനും അവരവരുടെ കര്‍മ്മ മണ്ഡലങ്ങളിലേയ്ക്ക് തിരിച്ചു പോയി. 

രാമാ, ഇപ്പറഞ്ഞ ജ്ഞാനത്തില്‍ മനസ്സുറപ്പിക്കുക. ആശുദ്ധധാരണയായ അഹത്തെ ഉള്ളില്‍നിന്നും ഓടിച്ചകറ്റുക. നമ്മുടെ ഹൃദയം, നിര്‍മ്മലവും എല്ലാ ആനന്ദത്തിന്റെയും ഇരിപ്പിടവുമായ, ഏവര്‍ക്കും പ്രാപ്യമായ, അനന്താവബോധവിഹായസ്സില്‍ ധ്യാനനിരതനാവുമ്പോള്‍ സ്വയം പരമാത്മാവില്‍ അഭിരമിക്കുകയാണ് ചെയ്യുന്നത്. അങ്ങിനെ അനന്താവബോധത്തില്‍ ഭക്ത്യാദരസംയുക്തമായ മനസ്സ് ആത്മജ്ഞാനനിരതവും അന്തര്‍മുഖത്വമുള്ളതും ആകയാല്‍ അതിനു ദു:ഖങ്ങളൊന്നും അനുഭവമാകുന്നില്ല. അപ്പോള്‍ നിനക്ക് നിത്യജീവിതത്തിലെ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പടേണ്ടിവന്നാലും ഇഷ്ടാനിഷ്ടദ്വന്ദങ്ങള്‍ക്ക് ഇടം നല്‍കേണ്ടതായി വന്നാലും നിന്റെ അന്തരംഗം ഒരിക്കലും മലിനപ്പെടുകയില്ല.        

ഇരുട്ടിനെ അകറ്റാന്‍ തീനാളമെത്ര ചെറുതാണെങ്കിലും അത് പരത്തുന്ന വെളിച്ചത്തിന് മാത്രമേ കഴിയൂ. അതുപോലെ ഈ ലോകം അജ്ഞാനത്തിന്റെ സൃഷ്ടിയാണെന്ന അറിവിന്‌ മാത്രമേ എല്ലാ പീഢകളില്‍ നിന്നും നമ്മെ കരകയറ്റാനാവൂ. ഈ അറിവുണര്‍ന്നു കഴിഞ്ഞാല്‍പ്പിന്നെ ലോകമെന്ന മിഥ്യാധാരണയ്ക്ക് അന്ത്യമായി. മത്സ്യത്തിന്റെ കണ്ണുകള്‍ക്ക് കടലിലെ ഉപ്പുവെള്ളം കൊണ്ട് പ്രശ്നങ്ങള്‍ ഒന്നുമുണ്ടാകാത്തതുപോലെ അനാസക്തനായി ലോകവ്യവഹാരങ്ങളില്‍ ഏര്‍പ്പെടുന്നതുകൊണ്ട് നിനക്ക് യാതൊരുവിധ കളങ്കവും സംഭവിക്കുകയില്ല. 

ഇനിയൊരിക്കലും നിന്നെ മതിഭ്രമം ബാധിക്കുകയില്ല.ആത്മജ്ഞാനത്തിന്റെ പ്രഭയുള്ളില്‍ ഭാസുരമാവുന്ന ദിനങ്ങള്‍ മാത്രമേ നാം ശരിക്കും ജീവിക്കുന്നുള്ളു എന്നറിഞ്ഞാലും. ഈ ദിനങ്ങളില്‍ അവന്റെ കര്‍മ്മങ്ങളെല്ലാം സാര്‍ത്ഥവും  ആനന്ദദായകവുമായിരിക്കും. “വേദശാസ്ത്രങ്ങളും ഇതുപോലെ സത്സംഗനിരതമായ ദിനങ്ങളുമാണ് നമ്മുടെ ഉത്തമ സുഹൃത്തുക്കള്‍.  അവ നമ്മില്‍ അനാസക്തി വളര്‍ത്തി നമുക്ക് ആത്മജ്ഞാനപ്രാപ്തി നല്‍കുന്നു.”

അല്ലയോ രാമാ, ഈ ദുരിതംപിടിച്ച പ്രത്യക്ഷലോകത്ത് നിന്നും നിന്റെ ജീവനെ രക്ഷിച്ചാലും. ഒരിക്കലീ ലോകത്തിന്റെ യഥാര്‍ത്ഥസത്യം തിരിച്ചറിഞ്ഞാല്‍പ്പിന്നെ നാമൊരിക്കലും ഈ ചെളിക്കുണ്ടില്‍ വീഴുകയില്ല. രാമാ, മഹാത്മാക്കളുമായുള്ള സത്സംഗം നിനക്ക് ആത്മജ്ഞാനമാര്‍ജ്ജിക്കുവാനുള്ള എല്ലാ തയ്യാറെടുപ്പും നല്‍കും. അതിനാല്‍ സത്സംഗം ഇല്ലാത്തിടത്ത് സത്യാന്വേഷി താമസിക്കരുത്. മഹര്‍ഷിമാരുടെ സാന്നിദ്ധ്യത്തില്‍ സാധകന്റെ മനസ്സ് ക്ഷണത്തില്‍ പ്രശാന്തമാവുന്നു. ഒരുവന്‍ എപ്പോഴും അഭിവൃദ്ധിയാണല്ലോ കാംക്ഷിക്കുന്നത്. അതിനാല്‍ ഈ അജ്ഞാനത്തില്‍ത്തന്നെ കഴിഞ്ഞ് നീയൊരിക്കലും സ്വയം വളര്‍ച്ച മുരടിപ്പിക്കരുത്. 
 
വിവേകശാലികള്‍ എപ്പോഴും ലോകത്തിന്റെ സ്വഭാവത്തെപ്പറ്റിയും ആത്മാവിനെപ്പറ്റിയും ആലോചിക്കണം. സുഹൃത്തുക്കളോ, ബന്ധുക്കളോ, ശാസ്ത്രങ്ങളോ, ഇങ്ങിനെയുള്ള മനനത്തിനു സഹായകരമല്ല. അനാസക്തമായ, ആത്മാന്വേഷണനിരതമായ ശുദ്ധമായ മനസ്സാണ് സംസാരസാഗരം തരണം ചെയ്യുവാനാവശ്യം.

ശരീരത്തെ വെറും ജഢമായി കാണാന്‍ തുടങ്ങുന്നതോടെ ഒരുവനില്‍ ആത്മജ്ഞാനം അങ്കുരിക്കുന്നു. അഹമെന്ന ഇരുട്ട് നശിക്കുമ്പോള്‍ ആത്മജ്ഞാനപ്രകാശമാണ് പ്രഭാസിക്കുന്നത്. പ്രബുദ്ധത എന്നത്  വാക്കുകള്‍കൊണ്ട് വിവരിക്കാന്‍ കഴിയാത്ത ഒരു പ്രതിഭാസമത്രേ. പഞ്ചസാരയുടെ മധുരം വിവരണാതീതമാണെന്നതുപോലെ ആത്മജ്ഞാനം നേരറിവിന്റെ അനുഭവം മാത്രമാണ്. മനസ്സും അഹംകാരവും ഒടുങ്ങുമ്പോള്‍ ആത്മജ്ഞാനം പ്രകാശിക്കുന്നു. യോഗാഭ്യാസം കൊണ്ടിത് പ്രാപിക്കാം. ദീര്‍ഘസുഷുപ്തി പോലെയാണീ അവസ്ഥയെന്ന് ചിലര്‍ പറയുമെങ്കിലും വിവരണാതീതമാണത്. താരതമ്യങ്ങള്‍ക്ക് വഴങ്ങാത്ത ഒരഭൌമതലമാണത്.

Feb 21, 2013

284 യോഗവാസിഷ്ഠം നിത്യപാരായണം ദിവസം 284


തത്വാവബോധോ ഭഗവന്‍സര്‍വാശാതൃണപാവക:
പ്രോക്ത: സമാധി ശബ്ദേന നതു തൂഷ്ണീമവസ്ഥിതി:  (5/62/8)

പരിഘന്‍ പറഞ്ഞു: അല്ലയോ രാജാവേ, അടിയുറച്ച സമതാദര്‍ശനത്തോടെ ചെയ്യുന്ന കര്‍മ്മങ്ങള്‍ മാത്രമേ ആനന്ദമുളവാക്കുകയുള്ളൂ. അങ്ങ് ചിന്തകളും ധാരണകളും ശല്യപ്പെടുത്താത്ത മനസ്സോടെ സമാധിസ്ഥിതിയില്‍ ദൃഢചിത്തനാണോ?

സുരാഗു പറഞ്ഞു: മഹാത്മന്‍, എന്തുകൊണ്ടാണ് ചിന്തകളും ധാരണകളും ഇല്ലാത്ത മാനസീകാവസ്ഥയെ മാത്രം സമാധിയെന്നു പറയുന്നത്? ഒരാള്‍ സത്യസാക്ഷാത്കാരം നേടിയ ആളാണെങ്കില്‍ അയാള്‍ നിരന്തരം കര്‍മ്മങ്ങളില്‍ ഏര്‍പ്പെട്ടാലും അല്ലെങ്കില്‍ എപ്പോഴും ധ്യാനനിരതനായിരുന്നാലും അയാളിലെ സമാധി അവസ്ഥയ്ക്ക് മാറ്റമുണ്ടാവുമൊ?

ഇല്ല. പ്രബുദ്ധതയില്‍ എത്തിയവന്‍, ലോകകാര്യങ്ങളില്‍ ആമഗ്നനായിരിക്കുമ്പോഴും എപ്പോഴും സമാധിസ്ഥനത്രേ. എന്നാല്‍ മനസ്സ് ശാന്തമല്ലാത്തവന്‍ പത്മാസനത്തില്‍ ഇരുന്നാലും  സമാധിയവസ്ഥ അനുഭവിക്കുന്നില്ല. “സത്യത്തെപ്പറ്റിയുള്ള നേരറിവ്, അതായത് ബ്രഹ്മം, എല്ലാ ആശകളേയും പ്രത്യാശകളെയും ഉണങ്ങിയ പുല്‍ത്തുമ്പുകളെപ്പോലെ എരിച്ചുകളയുന്ന അഗ്നിയാണ്. അതാണ്‌ സമാധി. വെറുതെ നിശ്ശബ്ദമായി ഇരിക്കുന്നതല്ല.”

ശാശ്വതമായ സംതൃപ്തിയുടെ തലമാണ് സമാധി. കാര്യങ്ങളെപ്പറ്റിയുള്ള തെളിഞ്ഞ അറിവ്, അഹംകാരത്തിന്റെ അഭാവം, ദ്വന്ദഭാവങ്ങളുടെ സ്വാധീനമില്ലായ്മ, ആശങ്കകളില്ലാത്ത മനസ്സ്, യാതൊരു വസ്തുക്കളേയും ഗ്രഹിക്കാനോ ത്യജിക്കാനോ ഉള്ള ആഗ്രഹമില്ലായ്മ എന്നിവയാണ് സമാധി ലക്ഷണങ്ങള്‍ .  ആത്മജ്ഞാനോദയം ഉണ്ടാകുമ്പോള്‍ത്തന്നെ സാധകനില്‍ സമാധിസ്ഥിതി രൂഢമൂലമാവുന്നു. അവനതൊരിക്കലും നഷ്ടപ്പെടുകയില്ല; ഒരു നിമിഷം പോലും അത് തടസ്സപ്പെടുകയുമില്ല. കാലം മുന്നോട്ടുള്ള ഗമനം മറന്നാലും ആത്മജ്ഞാനി ആത്മാവിനെ മറക്കുകയില്ല. പദാര്‍ത്ഥങ്ങള്‍ അതായിത്തന്നെ നിലകൊള്ളുന്നത് പോലെ ആത്മജ്ഞാനിയായ മഹര്‍ഷി ആത്മജ്ഞാനിയായിത്തന്നെ നിലനില്‍ക്കും.

അതിനാല്‍ ഞാന്‍ എപ്പോഴും ഉണര്‍ന്നിരിക്കുന്നു. നിത്യശുദ്ധനാണ് ഞാന്‍. . സ്വയം ശാന്തനും സമാധിസ്ഥനുമാണ് ഞാന്‍.. അതങ്ങിനെയല്ലേ വരൂ? ആത്മാവല്ലാതെ എന്തെങ്കിലും ഉണ്ടോ? എല്ലായ്പ്പോഴും എല്ലാവിധത്തിലും അവകളുടെ സത്തായി ആത്മാവ് മാത്രം ഉള്ളപ്പോള്‍ സമാധിസ്ഥിതിയല്ലാത്ത ഒരവസ്ഥ വാസ്തവത്തില്‍ ഉണ്ടോ? സമാധിയെ എങ്ങിനെയാണ് നിര്‍വചിക്കുക? 

പരിഘന്‍ പറഞ്ഞു: ശരിയാണ് രാജാവേ. അങ്ങ് പൂര്‍ണ്ണപ്രബുദ്ധന്‍ തന്നെയാണ്. അങ്ങ് ആനന്ദത്തിന്റെ സ്വയംപ്രഭയാല്‍ പ്രശോഭിതനാണ്. പ്രശാന്തനും നിര്‍മ്മലനും മധുരപ്രകൃതിയുമാണ്. അങ്ങില്‍ അഹംകാരലേശമില്ല. അങ്ങില്‍ ഒന്നിനോടും ആശയോ വെറുപ്പോ എന്തിനെയെങ്കിലും ത്യജിക്കാനുള്ള വ്യഗ്രതയോ ഇല്ല എന്ന് ഞാന്‍ അറിയുന്നു.

സുരാഗു തുടര്‍ന്നു: മഹര്‍ഷേ, ആഗ്രഹിക്കാനോ ത്യജിക്കാനോ വാസ്തവത്തില്‍ യാതൊന്നുമില്ല. ബാഹ്യമായ ആ വസ്തുക്കളെല്ലാം അങ്ങിനെ നോക്കിയാല്‍ വെറും ധാരണകളും സങ്കല്‍പ്പങ്ങളും മാത്രമാണെന്ന് കാണാം. ബാഹ്യമായ യാതൊന്നും സ്വന്തമാക്കാന്‍ യോഗ്യതയുള്ളതല്ല എന്ന് തിരിച്ചറിയുമ്പോള്‍ യാതൊന്നും ഉപേക്ഷിക്കാനും അനുയോജ്യമല്ലാ എന്ന് തിരിച്ചറിയും. നന്മ-തിന്മകള്‍ , വലുപ്പച്ചെറുപ്പങ്ങള്‍ , തള്ളേണ്ടത്- കൊള്ളേണ്ടത്, എന്ന തരത്തിലുള്ള തരംതിരിവുകള്‍ , എല്ലാം അഭികാമ്യതയുമായി ബന്ധപ്പെട്ടിരിക്കുന്നു. എന്നാല്‍ ഈ അഭികാമ്യത എന്ന ധാരണയ്ക്ക് അര്‍ത്ഥമൊന്നുമില്ലാത്തപ്പോള്‍പ്പിന്നെ മറ്റുള്ളവയെപ്പറ്റി എന്തുപറയാന്‍? ലോകത്ത് കാണപ്പെടുന്ന യാതൊന്നിനും സത്തയില്ല. പര്‍വ്വതങ്ങള്‍ക്കും, സമുദ്രങ്ങള്‍ക്കും, കാടുകള്‍ക്കും, സ്ത്രീപുരുഷന്മാര്‍ക്കും, മറ്റ് വസ്തുക്കള്‍ക്കും ഒന്നും വാസ്തവത്തില്‍ അസ്തിത്വം ഇല്ല. അതിനാല്‍ അവയില്‍ നമുക്ക് ആശയെന്തിനാണ്? ആശയില്ലാത്തപ്പോഴാണ് മനസ്സില്‍ പരമപ്രശാന്തി കളിയാടുന്നത് .

Feb 20, 2013

283 യോഗവാസിഷ്ഠം നിത്യപാരായണം ദിവസം 283


ന നിര്‍ഘൃണോ ദയാവാന്നോ ന ദ്വന്ദീ നാഥ മത്സരീ
ന സുധീര്‍നാസുധീര്‍നാര്‍ധീ നാനര്‍ധീ സ ബഭൂവ  ഹ (5/60/6)

വസിഷ്ഠന്‍ തുടര്‍ന്നു: അങ്ങിനെയുള്ള അന്വേഷണസപര്യയില്‍ സുരാഗു പരമമായ ബോധതലത്തെ പ്രാപിച്ചു. അതിനുശേഷം അദ്ദേഹത്തിനു യാതൊരുവിധ ദു:ഖങ്ങളും ഉണ്ടായില്ല. എന്നാല്‍ തന്റെ ജോലികള്‍ മനസ്സില്‍ നിറഞ്ഞ സമതാദര്‍ശനത്തോടെ ഭംഗിയായി നിര്‍വ്വഹിക്കുകയും ചെയ്തു. “അദ്ദേഹം ദയവാനായിരുന്നു; എന്നാല്‍ വെറുക്കപ്പെടേണ്ടതിനെ പ്രോത്സാഹിപ്പിച്ചില്ല. എതിര്‍ചേരികളിലുള്ള ദ്വന്ദതകളെ അവഗണിക്കാതെ എന്നാല്‍ അവയുടെ സ്വാധീനത്തിലാവാതെ, ബുദ്ധിഹീനതയോ ബുദ്ധിവൈഭവപ്രകടനമോ കൂടാതെ, പ്രേരണാശക്തികളാല്‍ ബാധിക്കപ്പെടാതെ, എന്നാല്‍ പ്രചോദനത്തെ നിരാകരിക്കാതെ അദ്ദേഹം അന്തര്‍പ്രശാന്തയില്‍ അഭിരമിച്ചുകൊണ്ട് സമ്യക് ദര്‍ശനത്തോടെ തന്റെ കര്‍മ്മങ്ങളെ ഭംഗിയായി നിര്‍വഹിച്ചു.     

‘ഇതെല്ലാം അനന്താവബോധത്തിന്റെ വൈവിദ്ധ്യമാര്‍ന്ന പ്രത്യക്ഷരൂപങ്ങള്‍ മാത്രമാണെന്ന്’ അദ്ദേഹം അറിഞ്ഞു. പൂര്‍ണ്ണമായ അറിവുറച്ചതിനാല്‍ സന്തോഷദു:ഖങ്ങളില്‍ അദ്ദേഹം ഒരുപോലെ പ്രശാന്തനായിരുന്നു. അദ്ദേഹം കുറേക്കാലം ലോകം ഭരിച്ചിട്ട് സ്വാഭീഷ്ട പ്രകാരം ദേഹത്യാഗം ചെയ്ത് അനന്തതയില്‍ വിലയം പ്രാപിച്ചു. രാമാ, അദ്ദേഹത്തെപ്പോലെ  പ്രബുദ്ധതയുടെ നിറവില്‍ ലോകത്തെ ഭരിച്ചു ജീവിക്കൂ.

രാമന്‍ ചോദിച്ചു: ഭഗവന്‍, മനസ്സ്‌ ചഞ്ചലമാണല്ലോ. അപ്പോള്‍ ഒരുവന് എങ്ങിനെയാണ് പൂര്‍ണ്ണമായ അക്ഷോഭ്യതയും സമതാഭാവവും കൈവരിക?

വസിഷ്ഠന്‍ തുടര്‍ന്നു: ഇതേ വിഷയത്തെപറ്റി ഈ സുരാഗു രാജാവും പരിഘമുനിയും തമ്മിലൊരു ചര്‍ച്ച നടക്കുകയുണ്ടായി. കേട്ടാലും: സുരാഗുവിന്റെ സുഹൃത്തായി പേര്‍ഷ്യയില്‍ പരിഘന്‍ എന്ന് പേരുള്ള ഒരു രാജാവുണ്ടായിരുന്നു. ഒരിക്കലദ്ദേഹത്തിന്റെ രാജ്യത്ത് ഭയങ്കരമായ ക്ഷാമം ഉണ്ടായി. എന്തെല്ലാം ചെയ്തിട്ടും തന്റെ പ്രജകളുടെ കഷ്ടപ്പാടില്‍ കുറവൊന്നുമില്ലെന്ന് കണ്ടു മനംനൊന്ത രാജാവ് എല്ലാത്തില്‍നിന്നുമോടിയോളിക്കാന്‍, ആരും കാണാതെ  കാട്ടില്‍പ്പോയി തപസ്സാരംഭിച്ചു.
അവിടെ വെറും ഇലകള്‍ മാത്രം ആഹരിച്ച് തപസ്സു ചെയ്കയാല്‍ അദ്ദേഹത്തിനു ‘പര്‍ണാദന്‍ ’ എന്ന് പേര് കിട്ടി. ആയിരം കൊല്ലമങ്ങിനെ തപസ്സുചെയ്ത് അദ്ദേഹം ആത്മജ്ഞാനം ആര്‍ജ്ജിച്ചു. അതുകഴിഞ്ഞ് അദ്ദേഹം മൂന്നു ലോകങ്ങളും സ്വതന്ത്രമായി സഞ്ചരിച്ചു വരുമ്പോള്‍ ഒരു ദിവസം തന്റെ സുഹൃത്തായ സുരാഗുവിനെ കണ്ടുമുട്ടി. പ്രബുദ്ധരായ അവരിരുവരും പരസ്പരം വന്ദിച്ചു.

പരിഘന്‍ സുരാഗുവിനോടു ചോദിച്ചു: അങ്ങ് മാണ്ഡവ്യമുനിയുടെ സഹായത്താല്‍ ആത്മജ്ഞാനം പ്രാപിച്ചതുപോലെ ഞാനും തപസ്സനുഷ്‌ഠിച്ച് ഭഗവല്‍കൃപയാല്‍ ആത്മജ്ഞാനം കൈവരിച്ചു. എന്നാല്‍ ഞാന്‍ ഒന്ന് ചോദിക്കട്ടെ, അങ്ങയുടെ മനസ്സിപ്പോള്‍ പരിപൂര്‍ണ്ണമായും പ്രശാന്തമാണോ? അങ്ങയുടെ പ്രജകള്‍ക്ക് സൌഖ്യമാണോ? അവര്‍ ഐശ്വര്യസമ്പത്തുകള്‍ അനുഭവിക്കുന്നുണ്ടോ? അങ്ങ് നിര്‍മമതയില്‍ പൂര്‍ണ്ണമായും അഭിരമിക്കുന്നുണ്ടോ? 

സുരാഗു പറഞ്ഞു: ദിവ്യേച്ഛ എന്തെന്നാര്‍ക്ക് പറയാനാവും? അങ്ങും ഞാനും ഏറെക്കാലം അകന്നുകഴിഞ്ഞു. എന്നാലിപ്പോള്‍ കണ്ടുമുട്ടിയിരിക്കുന്നു. ദൈവത്തിന് അസാദ്ധ്യമായെന്തുണ്ട്? അങ്ങയുടെ സന്ദര്‍ശനം കൊണ്ട് ഞങ്ങള്‍ അതീവധന്യരായിരിക്കുന്നു. അങ്ങയുടെ സാന്നിദ്ധ്യം തന്നെ പാപഹരമത്രേ. മാത്രമല്ല, എല്ലാ ഐശ്വര്യങ്ങളും അങ്ങയുടെ രൂപത്തില്‍ ഞങ്ങള്‍ക്ക് മുന്നില്‍ വന്നുനില്‍ക്കുന്നതായി തോന്നുന്നു. നന്മയുടെ വിളനിലമായ സത് പുരുഷന്മാരുമായുള്ള സത്സംഗം തീര്‍ച്ചയായും മുക്തിപദത്തിനു സമമത്രേ.  

Feb 19, 2013

282 യോഗവാസിഷ്ഠം നിത്യപാരായണം ദിവസം 282


ശേഷസ്തു ചേതനോ ജീവ: സ ചേച്ചേത്യേന ചേതതി
അന്യേന ബോദ്ധ്യമാനോസൌ നാത്മതത്വവപുര്‍ഭവേത് (5/59/16)

മാണ്ഡവ്യമുനി കൊട്ടാരത്തില്‍ നിന്നും പോയിക്കഴിഞ്ഞപ്പോള്‍ സുരാഗു ഇങ്ങിനെ മനനം ചെയ്തു: ’ഞാന്‍’ എന്ന് പറയുന്നതെന്താണ്? ഞാന്‍ മേരുപര്‍വ്വതമല്ല. അത് എന്റേതല്ല. ഞാനീ പര്‍വ്വതഗോത്രവര്‍ഗ്ഗമല്ല, അതെന്റെതുമല്ല. ഇതൊരു രാജ്യം! ആ ധാരണയും ഞാനിതാ ഉപേക്ഷിക്കുന്നു. ഇനി ഈ നഗരം. അതും ഞാനല്ല. അതെന്റെതുമല്ല. അതും ഞാനിതാ ഉപേക്ഷിക്കുന്നു. അതുപോലെ ഞാന്‍ കുടുംബത്തിന്റെ എല്ലാ ബന്ധുതകളും ഭാര്യാപുത്രമിത്രാദികളെയും ഉപേക്ഷിച്ച് ഇനി എന്റെ ശരീരത്തെപ്പറ്റി അന്വേഷിക്കട്ടെ. വെറും ജഡമായ, മാംസാസ്ഥികളോ രക്തമോ ആന്തരാവയവങ്ങളോ, അല്ല ഞാന്‍.  അവ ജഡവും ഞാന്‍ ചൈതന്യവുമാണ്.      

ഞാന്‍ ആസ്വാദന അനുഭവങ്ങളല്ല. അവ എന്റെതുമല്ല. ഈ ബുദ്ധിയും ഇന്ദ്രിയങ്ങളും ഞാനല്ല, അവ എന്റേതല്ല. എന്തെന്നാല്‍ അവ വെറും ജഡം. ഞാന്‍ ചൈതന്യം. ഞാന്‍ ജനനമരണങ്ങള്‍ക്ക് മൂലകാരണമായ മനസ്സല്ല. ഞാന്‍ വിവേകബോധമോ, അഹംകാരമോ അല്ല. കാരണം ഈ ധാരണകള്‍ ഉണ്ടാവുന്നത് തന്നെ ജഡമായ മനസ്സിലല്ലേ? അപ്പോള്‍പ്പിന്നെ എന്താണവശേഷിക്കുന്നത്? 

“ബാക്കി അവശേഷിക്കുന്നത് ചൈതന്യമായ ജീവനാണ്. എന്നാല്‍ അത് വിഷയ-വിഷയീ ബന്ധത്തില്‍ ആമഗ്നമാണ് എന്നതാണനുഭവം. അറിവിനും ധാരണകള്‍ക്കും നിദാനമായ വസ്തു ആത്മാവല്ല.” അതിനാല്‍ അറിയപ്പെടാവുന്നതിനെ, ആ വസ്തുവിനെ  ഞാന്‍ ഇതാ ഉപേക്ഷിക്കുന്നു. ഇനിയും ബാക്കി നിലനില്‍ക്കുന്നത് ശുദ്ധമായ ബോധം മാത്രം. അതില്‍ സംശയത്തിന്റെ കളങ്കലേശമില്ല. ഞാന്‍ അനന്തമായ ആത്മാവാണ്. ആത്മാവില്‍ പരിമിതികളില്ല.

സൃഷ്ടാവായ ബ്രഹ്മാവ്, ദേവരാജാവായ ഇന്ദ്രന്‍, മൃത്യുദേവനായ യമന്‍, വായുഭഗവാന്‍, തുടങ്ങിയ എണ്ണമറ്റ ദേവതകള്‍പോലും ഈ അനന്താവബോധത്തില്‍ കോര്‍ത്തുവച്ച മണികളത്രേ. സര്‍വ്വശക്തമായ ബോധം, അതായത് ചിത്ശക്തി, വസ്തുബോധത്തിന്റെ പരിമിതികളില്ലാത്തതാണ്. എല്ലാത്തിന്റെയും സത്തയാണെങ്കിലും അത് ഭാവാഭാവങ്ങള്‍ക്കതീതമാണ്. എല്ലാ ജീവജാലങ്ങളെയും അത് വ്യാപരിച്ചിരിക്കുന്നു. എല്ലാത്തിന്റെയും സൌന്ദര്യം അതാണ്‌.. പ്രഭയുമതാണ്. എല്ലാ രൂപങ്ങളുടെയും അവയുടെ പരിണാമങ്ങളുടേയും സത്ത അതാണ്‌.. എന്നാല്‍ അത് ഇവയ്ക്കെല്ലാം അതീതമത്രേ. 
    
എല്ലായ്പ്പോഴും അനന്താവബോധമെന്നത് എല്ലാത്തിന്റെയും എല്ലാമെല്ലാമാണ്. അതാണ്‌ അസ്തിത്വത്തിന്റെ പതിന്നാല് ലോകതലങ്ങളായി നിലകൊള്ളുന്നത്. ഈ പ്രപഞ്ചത്തിന്റെ നിലനില്‍പ്പെന്ന ധാരണയും ആ ബോധമാണ്. സുഖദു:ഖാദി ധാരണകള്‍ വെറും മിഥ്യ. കാരണം ഈ അനന്താവബോധം സര്‍വ്വവ്യാപിയും സര്‍വ്വശക്തവുമത്രേ.
 
ഞാന്‍ പ്രബുദ്ധനായിരിക്കുമ്പോള്‍ അത് ആത്മാവ്. അതിന്‍റെ ഭ്രമകല്‍പ്പനയില്‍ ഞാന്‍ രാജാവ്‌!. അതിന്‍റെ കൃപയാലാണ് ശരീര മനസ്സുകള്‍ പ്രവര്‍ത്തിക്കുന്നത്. പ്രപഞ്ചത്തിലെ എല്ലാം തുള്ളുന്നത് അതിന്‍റെ താളത്തിനാണ്. പ്രജകള്‍ക്കു നല്‍കുന്ന അനുഗ്രഹശിക്ഷകളെപ്പറ്റി വ്യസനിച്ച ഞാനെത്ര മഠയന്‍!!. ഞാനുണര്‍ന്നു കഴിഞ്ഞു. കാണേണ്ടതെല്ലാം കണ്ടും കഴിഞ്ഞു. പ്രാപിക്കാനുള്ളതെല്ലാം എനിക്ക് സ്വായത്തവുമായി.  
  
സുഖം, ദു:ഖം, ശിക്ഷ, രക്ഷ, ആഹ്ലാദം, അനുഗ്രഹം, വേദന, എന്നിവയെല്ലാം എന്താണ്? എല്ലാം ബ്രഹ്മം മാത്രമല്ലേ? ദു:ഖത്തിനും ഭ്രമചിന്തകള്‍ക്കും എന്താണൊരു ന്യായീകരണം? അനന്താവബോധമല്ലാതെ യാതൊന്നും സത്യത്തില്‍ ഇല്ലല്ലോ? അല്ലയോ അഭൌമസൌന്ദര്യധാമമായ ദൈവമേ, നിനക്ക് നമസ്കാരം! അനന്താവബോധമേ നിനക്ക് നമോവാകം. 

Feb 18, 2013

281 യോഗവാസിഷ്ഠം നിത്യപാരായണം ദിവസം 281


യാവത്സര്‍വ്വം ന സംത്യക്തം താവദാത്മാ ന ലഭ്യതേ
സര്‍വ്വാവസ്ഥാ പരിത്യാഗേ ശേഷ ആത്മോതി കഥ്യതേ (5/58/44)  

വസിഷ്ഠന്‍ തുടര്‍ന്നു: ഇതോടനുബന്ധിച്ച് രസകരമായ ഒരു കഥ പറയാം ശ്രദ്ധിച്ചു കേട്ടാലും. ഹിമാലയപര്‍വ്വതനിരകളില്‍ കൈലാസം എന്നൊരു ശിഖരമുണ്ട്. അതിന്‍റെ അടിവാരത്ത് മഞ്ഞനിറത്തില്‍ മുടികളോടുകൂടി ഹേമജാതര്‍ എന്നൊരു ഗോത്രവര്‍ഗ്ഗം താമസിക്കുന്നുണ്ടായിരുന്നു. സുരാഗു ആയിരുന്നു അവരുടെ രാജാവ്. ശക്തിമാനും ബുദ്ധിമതിയും ജ്ഞാനിയുമായിരുന്നു സുരാഗു. ആത്മജ്ഞാനം ആര്‍ജ്ജിച്ചിരുന്ന അദേഹം കവിയും സാഹിത്യ കുശലനുമായിരുന്നു.

ക്ഷീണമെന്തെന്ന് അദ്ദേഹത്തിനറിഞ്ഞുകൂടായിരുന്നു. ഭരണത്തില്‍ നിപുണനായിരുന്ന അദ്ദേഹം ശിക്ഷിക്കേണ്ടവര്‍ക്കും രക്ഷിക്കേണ്ടവര്‍ക്കും ഉചിതമായ നീതിന്യായം നടപ്പിലാക്കിയിരുന്നു. എന്നാല്‍ ഈ തിരക്ക് പിടിച്ച കര്‍മ്മപരിപാടിക്കിടയില്‍ അദ്ദേഹത്തിന്‍റെ ആത്മീയദര്‍ശനത്തില്‍ മങ്ങലുണ്ടായി. പക്ഷേ അദ്ദേഹം സ്വയം അക്കാര്യം തിരിച്ചറിഞ്ഞു, ആ ച്യുതിയെക്കുറിച്ചാലോചിച്ചു: ഞാന്‍ മൂലം ആളുകള്‍ പലവിധ ദു:ഖങ്ങളും അനുഭവിക്കേണ്ടിവരുന്നു. എന്നാല്‍പ്പിന്നെ അവരെയെല്ലാം സമ്പന്നരാക്കിയാലോ?. എനിക്കും ധനികനായാല്‍ സന്തോഷമുണ്ടാകുമല്ലോ, അതുപോലെ  അവരും ആഹ്ലാദിക്കട്ടെ. അവരുടെ സന്തോഷമാണെന്റെ സന്തോഷം. എന്നാലും പ്രജകളെ രക്ഷിച്ചും ശിക്ഷിച്ചും എനിക്ക് സന്തോഷസന്താപങ്ങള്‍ മാറിമാറി അനുഭവിക്കാനാണല്ലോ ഇതുവരെ കഴിഞ്ഞിരുന്നത്.  

ഇങ്ങിനെയെല്ലാം ആലോചിച്ച് രാജാവ് വിഷണ്ണനായിരിക്കെ ഒരുദിവസം മാണ്ഡവ്യമുനി രാജാവിനെ കാണാന്‍ വന്നു. രാജാവ് മഹര്‍ഷിയെ ഉപചാരപൂര്‍വ്വം ആദരിച്ചാനയിച്ചു. എന്നിട്ടു ചോദിച്ചു: ഞാന്‍ എന്റെ പ്രജകളില്‍ നടപ്പിലാക്കുന്ന അനുഗൃഹങ്ങളെപ്പറ്റിയും ശിക്ഷകളെപ്പറ്റിയും ഓര്‍ത്ത്‌ ആശങ്കാകുലനാണ്. അവ എന്തായാണ് എങ്ങിനെയാണ് എന്നിലേയ്ക്ക് കര്‍മ്മഫലങ്ങളായി തിരിച്ചു വരികയെന്നാണെന്റെ ആശങ്ക. ദയവായി എന്നെ മുന്‍വിധികളിലും പക്ഷപാതങ്ങളിലും വീഴ്ത്താന്‍ ഇടവരാതെ സമതാദര്‍ശനത്തിലേയ്ക്ക് നയിച്ചാലും.       

മാണ്ഡവ്യന്‍ പറഞ്ഞു: ആത്മഞാനത്തില്‍ അടിയുറച്ചവന്‍റെ വിവേകത്തെ മുന്‍നിര്‍ത്തി ഒരുവന്‍ പ്രയത്നിക്കുന്നതായാല്‍ അവന്‍റെ എല്ലാ മനോവൈകല്യങ്ങളും ഇല്ലാതെയാകും. ആത്മാവിന്റെ സഹജസ്വഭാവത്തെപ്പറ്റി അന്വേഷിക്കുന്നതിലൂടെ മാനോദു:ഖങ്ങള്‍ക്ക് അറുതി വരുത്താം. സ്വയം മനസ്സിനോട് ചോദിക്കൂ – എന്തൊക്കെ വ്യത്യസ്ഥമായ മനോഭാവങ്ങളും വ്യാപാരങ്ങളുമാണെന്നിലുണ്ടാവുന്നത്? ഇങ്ങിനെയുള്ള ചിന്തകള്‍ മനസ്സിനെ വലുതാക്കും. ക്രമേണ നിന്‍റെ സ്വരൂപത്തെപ്പറ്റി ശരിയായ അറിവുറയ്ക്കുമ്പോള്‍ ആഹ്ലാദദു:ഖങ്ങള്‍ക്ക് നിന്നെ അലട്ടുവാന്‍ കഴിയുകയില്ല. മനസ്സ് ഭൂത-ഭാവികളെയും തല്‍ഫലമായ വൈകല്യങ്ങളെയും ഉപേക്ഷിക്കുന്നതോടെ പരമശാന്തിയായി. ആ പ്രാശാന്തതയില്‍ സമ്പത്തിലും പ്രതാപത്തിലും അഭിമാനിക്കുന്നവരെപ്പറ്റി നിനക്ക് കഷ്ടം തോന്നും.   

നിനക്ക് ആത്മജ്ഞാനം സിദ്ധിക്കുന്നതോടെ, നിന്‍റെ ബോധം അനന്തമായി വികാസം പ്രാപിക്കും. പിന്നെ മനസ്സ്‌ ലോകമെന്ന ചെളിക്കുഴിയില്‍ വീഴുകയില്ല. ആന നടക്കുമ്പോള്‍ അത് ചെളിയില്‍ ചവിട്ടാറില്ലല്ലോ. ചെറിയ മനസ്സുകളാണ് ചെറിയ സുഖങ്ങളും പ്രതാപങ്ങളും തേടി നടക്കുന്നത്. ഉന്നതമായ ഒരു സമതാ ദര്‍ശനമുണ്ടാവുമ്പോള്‍ മനസ്സ്‌ എല്ലാം ഉപേക്ഷിക്കുന്നു. അതുകൊണ്ട് സ്വരൂപത്തെ സാക്ഷാത്ക്കരിക്കുംവരെ എല്ലാത്തിനെയും സംന്യസിക്കുക തന്നെ വേണം. “എല്ലാത്തിനെയും ഉപേക്ഷിച്ചാലല്ലാതെ ആത്മജ്ഞാനമുണ്ടാവുകയില്ല. എല്ലാ ധാരണാസങ്കല്‍പ്പങ്ങളും ഇല്ലാതാവുമ്പോള്‍ ശേഷമുള്ളതെന്തോ അതാണ്‌ ആത്മാവ്.” ഒരുവന്‍ ആഗ്രഹിക്കുന്നത് നേടണമെങ്കില്‍ അതിനു തടസ്സം നില്‍ക്കുന്ന പ്രശ്നങ്ങളെയെല്ലാം നീക്കം ചെയ്യണമല്ലോ. ലോകജീവിതത്തിലും ആത്മീയതയിലും ഇതുതന്നെ സത്യം. ആത്മജ്ഞാനത്തിന്റെ കാര്യത്തില്‍ ഇത് കൂടുതല്‍ പ്രസക്തമാണ് താനും. 

Feb 17, 2013

280 യോഗവാസിഷ്ഠം നിത്യപാരായണം ദിവസം 280


പരമാത്മമണേശ്ചിത്വാധ്യദന്ത: കചനം സ്വയം
ചേതനാത്മപദേ ചാന്തരഹമിത്യാദി വേത്യസൌ    (5/57/15)

വസിഷ്ഠന്‍ തുടര്‍ന്നു: അല്ലയോ രാമാ, അനന്താവബോധം മുളകിന്റെ എരിവറിയുന്നു; അത് എല്ലാ വൈവിദ്ധ്യങ്ങളോടും കൂടിയ, കാലദേശനിബദ്ധമായ  അഹംബോധത്തിനു കാരണമാകുന്നു. അനന്താവബോധം ഉപ്പിന്റെ സ്വാദറിയുന്നു; അത് എല്ലാ വൈവിദ്ധ്യങ്ങളോടും കൂടിയ, കാലദേശാനുസാരിയെന്ന് തോന്നിപ്പിക്കുന്ന ‘അഹ’മാവുന്നു. അനന്താവബോധം കരിമ്പിന്‍തുണ്ടിലെ മാധുര്യമറിയുന്നു; അതിനതിന്റെ തനത് ഗുണങ്ങളെപ്പറ്റി അവബോധമുണ്ടാവുന്നു. 

അതുപോലെ അനന്താവബോധം അന്തര്യാമിയും സര്‍വ്വവ്യാപിയുമാകയാല്‍ അതിന് പാറക്കല്ലിന്റെ ഗുണം, മലയുടെ പ്രത്യേകത, മരത്തിന്റെ, ജലത്തിന്റെ, ആകാശത്തിന്റെ എല്ലാം പ്രത്യേകതകള്‍ ഭിന്നമായി തിരിച്ചറിയുന്നതോടെ ആത്മബോധം, അല്ലെങ്കില്‍ വ്യക്തിത്വം ഉരുവാകുന്നു. ബോധംതന്നെ അന്തര്യാമിയായ ആണവമൂലകങ്ങള്‍ സ്വാഭാവികമായി സങ്കലനത്തിലേര്‍പ്പെട്ട് സ്വയം ഉണ്ടാക്കുന്ന തടവറയുടെ  മതിലുകളെന്നപോലെ ഞാന്‍, നീ തുടങ്ങിയ തരംതിരിവുകള്‍ ഉണ്ടാക്കുന്നു. അവ ബോധത്തിനു ബാഹ്യമായ വസ്തുക്കളാണെന്ന ധാരണയും അവയില്‍ സംജാതമാവുന്നു. എന്നാല്‍ ഇതെല്ലാം ബോധത്തിന്റെ പ്രതിഫലനങ്ങള്‍ മാത്രമാണ്. വൈവിദ്ധ്യതയെപ്പറ്റി അവബോധമുണ്ടാവുമ്പോഴാണ് വ്യക്തിത്വമെന്ന ധാരണയുണ്ടാകുന്നത്. ബോധം സ്വയമറിയുന്നു. വസ്തു-അവബോധമെന്നത് ബോധം തന്നെയാണ്. അതുതന്നെയാണ് അഹംബോധം മുതലായ ധാരണകളെ ഉണ്ടാക്കുന്നതും.         

“അനന്താവബോധമെന്ന ഈ സ്ഫടികം സ്വന്തം പ്രകാശത്തെയാണ് പ്രതിഫലിപ്പിക്കുന്നത്. അത് എല്ലാ അണുസംഘാതങ്ങളിലും വസ്തുക്കളിലും കുടികൊള്ളുന്നു. ആ വസ്തുക്കള്‍ വ്യതിരിക്തമായ ആത്മബോധം ഉണ്ടെന്നമട്ടില്‍ ‘ഞാന്‍’ തുടങ്ങിയ ചിന്തകളെ ഉണ്ടാക്കുന്നു.” 

വാസ്തവത്തില്‍ അനന്താവബോധവും ഈ വസ്തുസംഘാതങ്ങളും തമ്മില്‍ വ്യത്യാസമേതുമില്ലാത്തതിനാല്‍ അവ തമ്മില്‍ വിഷയ-വിഷയീ ബന്ധത്തിനോ, ‘ഇത്-അത്‌’ തുടങ്ങിയ ഭേദചിന്തകള്‍ക്കോ യാതൊരു സാംഗത്യവുമില്ല. ഒന്ന് മറ്റൊന്നിനെ നേടുകയോ, വെല്ലുകയോ, മാറ്റിമറിക്കുകയോ ചെയ്യുന്നുമില്ല.  രാമാ, ഞാനീ പറഞ്ഞതെല്ലാം നിനക്ക് മനസ്സിലാക്കാനായി ഉണ്ടാക്കിയ വാക്കുകളുടെ വെറും കളിമാത്രം. സത്യത്തില്‍ ‘ഞാന്‍’, ‘ലോകം’ (അണുസംഘാതങ്ങള്‍ )  എന്നിവ ഉള്ളതല്ല. മനസ്സോ, അറിവിനുള്ള വിഷയങ്ങളോ ലോകമെന്ന ഭ്രമക്കാഴ്ചയോ ഒന്നും ‘ഉള്ളതല്ല’.

നിയതമായ രൂപമൊന്നുമില്ലാത്ത ജലം ഒരുചുഴിയായി തല്‍ക്കാലത്തേയ്ക്ക് സ്വയമൊരു വ്യക്തിത്വം ആര്‍ജ്ജിക്കുന്നതുപോലെ ബോധം സ്വയമേവ ‘ഞാന്‍’ തുടങ്ങിയ പ്രകടനങ്ങള്‍ നടത്തുന്നു. എന്നാല്‍ ബോധം തന്നെ സ്വയം പരമശിവനെന്നു ചിന്തിച്ചാലും ചെറിയൊരു പരിമിതജീവനെന്നു കരുതിയാലും, അത് ബോധം മാത്രമാണ്. ‘ഞാന്‍’, ‘നീ’, ‘പദാര്‍ത്ഥങ്ങള്‍ ’,  തുടങ്ങിയ ഭിന്നരൂപങ്ങള്‍ അജ്ഞാനിയുടെ സംതൃപ്തിക്കായിമാത്രം ഉണ്ടായതാണ്. അജ്ഞാനി അനന്താവബോധത്തില്‍ സങ്കല്‍പ്പിക്കുന്നതെന്തോ അതാണവന് ദൃശ്യമാവുന്നത്. ജ്ഞാനത്തിന്റെ വെളിച്ചത്തില്‍ ജീവിതം എന്നത് ബോധമാണ്. എന്നാലതിനെ ജീവിതമായി കണ്ടാല്‍ അതിന് അങ്ങിനെയൊരു പരിമിത മൂല്യമേയുള്ളു. വാസ്തവത്തില്‍ ജീവിതവും ബോധവും വിഭിന്നമല്ല. അതുപോലെ വ്യക്തിജീവനും, സമഷ്ടിജീവനും, (ശിവന്‍ )  തമ്മിലും യാതൊരു ഭിന്നതയുമില്ല. എല്ലാം ഒരവിച്ഛിന്നഅനന്താവബോധമാണെന്നറിയുക.    

Feb 16, 2013

279 യോഗവാസിഷ്ഠം നിത്യപാരായണം ദിവസം 279


ധ്യൌ ക്ഷമാ വായുരാകാശം പര്‍വതാ: സരിതോ ദിശ:
അന്ത:കരണതത്വസ്യ ഭാഗാ ബഹിരിവ സ്ഥിതാ:    (5/56/35)

വസിഷ്ഠന്‍ തുടര്‍ന്നു:ആത്മാവിനെ ആരൊരുവന്‍ അതീന്ദ്രിയമായ ഒരു തത്വമായോ സര്‍വ്വഭൂതങ്ങളുടെയും ആത്മസ്വരൂപമായോ കാണുന്നുവോ അയാള്‍ സമതാഭാവം ആര്‍ജ്ജിച്ചവനാണ്. ആരൊരുവനില്‍ ഇഷ്ടാനിഷ്ടങ്ങളുടെ ദ്വന്ദത അവസാനിച്ചുവോ അവന് എല്ലാവരും ഒരുപോലെയാണ്. അയാള്‍ ജാഗ്രദവസ്ഥയിലും സ്വപ്നത്തിലെന്നപോലെ ബാഹ്യദൃശ്യങ്ങളെ വീക്ഷിക്കുന്നു. അയാള്‍ തിരക്കേറിയ ഗ്രാമത്തില്‍ ജീവിക്കുമ്പോഴും കാനനവാസിയായ മുനിയാണ്. അവനവന്‍റെയുള്ളില്‍ ആത്മാവിനെ ദര്‍ശിക്കുന്നവനു ഗ്രാമനഗരങ്ങള്‍ എല്ലാം കാടുപോലെ തപസ്സിനനുയോജ്യമാണ്. ഉള്ളില്‍ പ്രശാന്തിയാര്‍ജ്ജിച്ചവന് ലോകത്ത്‌ എല്ലായിടത്തും സമാധാനം കണ്ടെത്തുവാന്‍ കഴിയും. എന്നാല്‍ മനസ്സില്‍ കാലുഷ്യവും അശാന്തിയും കുടികൊള്ളുമ്പോള്‍ ലോകവും അങ്ങിനെതന്നെയാവുന്നു. ഒരുവന്‍ തന്റെ അകമേ അനുഭവിക്കുന്നത് എന്താണോ അതുതന്നെയാണ് ബാഹ്യലോകത്ത് അവന് അനുഭവവേദ്യമാവുന്നത്.
      
“വാസ്തവത്തില്‍ ആകാശം, ഭൂമി, വായു, തുടങ്ങിയ എല്ലാം അന്തരേന്ദ്രിയങ്ങളുടെ ഭാഗമാണ്. അവ പുറമേ കാണപ്പെടുന്നു എന്ന് മാത്രം.” ഇവയെല്ലാം വിത്തിലിരിക്കുന്ന മരം പോലെയാണ് നിലകൊള്ളുന്നത്. അത് ബാഹ്യമായി പ്രകടമാകുന്നത് പൂക്കളിലെ സുഗന്ധം പോലെയുമാണ്. സത്യത്തില്‍ ആന്തരം, ബാഹ്യം, എന്നിങ്ങിനെ യാതൊന്നുമില്ല. ഉള്ളത് ബോധം മാത്രം. ബോധത്തിലെന്തു സങ്കല്‍പ്പിക്കുന്നുവോ അതങ്ങിനെ പ്രകടിതമായിത്തീരുന്നു.

ആത്മാവാണ് അകത്തും പുറത്തും എല്ലാടവും. ആരിലാണോ ആത്മപ്രഹര്‍ഷം പ്രഭചൊരിഞ്ഞു നിലനില്‍ക്കുന്നത്‌, ആരാണോ സുഖദു:ഖാദികളാല്‍ ചാഞ്ചാട്ടപ്പെടാത്തത്, ആരാണോ കര്‍മ്മങ്ങളെ ശരീരത്തിന്റെ മാത്രം പ്രവര്‍ത്തനങ്ങളായി ചെയ്യുന്നത്, അയാള്‍ സമതയില്‍ അഭിരമിക്കുന്നവനാണ്. അയാള്‍ ആകാശംപോലെ നിര്‍മ്മലന്‍. ആശയറ്റവന്‍. ഉചിതവും ക്ഷിപ്രവുമായി കാര്യങ്ങള്‍ ചെയ്യുന്നവന്‍. സുഖദു:ഖാദി വിഷയങ്ങളില്‍ തടിയോ കളിമണ്ണോ പോലെ നിര്‍മ്മമന്‍..

അയാളെപ്പോഴും പ്രശാന്തനാണ്. അയാള്‍ എല്ലാരെയും എല്ലാറ്റിനെയും കാണുന്നത് ആത്മാവായാണ്. മറ്റുള്ളവരുടെ വസ്തുക്കള്‍ അയാള്‍ക്ക് തൃണസമാനം. ഭയമില്ലായ്മ അയാള്‍ക്ക്‌ നൈസര്‍ഗ്ഗികം. അയാളാണ് സത്യദര്‍ശി. എന്നാല്‍ അജ്ഞാനി ചെറുതും വലുതുമായ വസ്തുക്കളുടെ അയാഥാര്‍ത്ഥ്യം – അവ മിഥ്യയാണെന്ന്– തിരിച്ചറിയുന്നില്ല. പരമമായ നൈര്‍മ്മല്യത്തെ പ്രാപിച്ചവന്, ജീവിച്ചാലും, മരിച്ചാലും, വീട്ടിലായാലും, കാട്ടിലായാലും, സമ്പത്തിലും, ദാരിദ്ര്യത്തിലും, ആഹ്ലാദ-ദു:ഖപ്രകടനങ്ങളിലും, സംന്യാസത്തിലും, സുഗന്ധലേപനം അണിഞ്ഞാലുമില്ലെങ്കിലും, ജഡപിടിച്ച മുടിയുണ്ടായാലുമില്ലെങ്കിലും, തീയില്‍ വീണാലും, പാപകര്‍മ്മങ്ങള്‍ ചെയ്താലും, പുണ്യകര്‍മ്മങ്ങളില്‍ ഏര്‍പ്പെട്ടാലും, ഈ ലോകചക്രം തീരുംവരെ ജീവിച്ചാലും അതിനിടയില്‍ മരിച്ചാലും, ഒരിക്കലും ഒരു ച്യുതിയുമുണ്ടാവുകയില്ല.  കാരണം അയാള്‍ ഒന്നും ‘ചെയ്യുന്നില്ല’.

ഉപാധിസ്ഥമായ മനസ്സാണ് അഹംകാരവും ധാരണകളും കൊണ്ട് കറപിടിക്കുന്നത്. എന്നാല്‍ ധാരണകള്‍ ഇല്ലാതെയായാല്‍ വിജ്ഞാനം ഉദിക്കുന്നു. അപ്പോള്‍ സഹജമായും മനോമാലിന്യങ്ങള്‍ നശിക്കുന്നു. പ്രബുദ്ധനായ മുനിയ്ക്ക്‌ എന്തെങ്കിലും കര്‍മങ്ങള്‍ ചെയ്യാനോ ചെയ്യാതിരിക്കാനോ ഇല്ല. അവകൊണ്ടദ്ദേഹത്തിനു നേടാന്‍ യാതൊന്നുമില്ല. പാറക്കല്ലില്‍ നിന്നും ചെടിപൊട്ടിമുളച്ചു മരമുണ്ടായി പടര്‍ന്നു പന്തലിക്കാത്തതുപോലെ  പ്രബുദ്ധന്റെയുള്ളില്‍ ആശകള്‍ മുളപൊട്ടുന്നില്ല. അഥവാ ചില ആശകള്‍ ക്ഷണനേരത്തേയ്ക്ക് ഉയര്‍ന്നു പൊങ്ങിയാല്‍ത്തന്നെ അവ വെള്ളത്തില്‍ എഴുതിയ വരപോലെ പൊടുന്നനേ ഇല്ലാതാവുന്നു. അങ്ങിനെ പ്രബുദ്ധതയിലഭിരമിക്കുന്ന മുനിയും പ്രപഞ്ചവും തമ്മില്‍ യാതൊരന്തരവുമില്ല.   

Feb 15, 2013

278 യോഗവാസിഷ്ഠം നിത്യപാരായണം ദിവസം 278


പ്രശാന്ത ജഗദാസ്ഥോന്തര്‍വീതശോകഭയൈഷണ:
സ്വസ്ഥോ ഭവതി യേനാത്മാ സ സമാധിരിതി സ്മൃത: (5/56/20) 

വസിഷ്ഠന്‍ തുടര്‍ന്നു: ഇങ്ങിനെ ജീവിച്ച് ആത്മാവിന്റെ സഹജഭാവത്തെപ്പറ്റി അന്വേഷിച്ച് പ്രശാന്തത കൈവരിച്ചാലും. അനാസക്തി പരിശീലനം, ശാസ്ത്രപഠനം, സദ്‌ഗുരുവില്‍നിന്നും കിട്ടുന്ന മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ , നിരന്തരമായ ആത്മാന്വേഷണം എന്നിവകൊണ്ട് ഈ ബോധാവസ്ഥയെ പ്രാപിക്കാം. എന്നാല്‍ ബുദ്ധിശക്തി സൂക്ഷ്മവും മൂര്‍ച്ചയേറിയതുമാണെങ്കില്‍ ഇവയൊന്നും കൂടാതെ തന്നെ നിനക്ക് ആ അഭൌമബോധതലത്തിലെത്താം.

രാമന്‍ ചോദിച്ചു: മഹര്‍ഷേ, ചിലര്‍ ആത്മജ്ഞാനത്തില്‍ പ്രബുദ്ധരായി അഭിരമിച്ചിരിക്കെതന്നെ കര്‍മ്മനിരതരായിരിക്കുന്നതായി കാണുന്നു. എന്നാല്‍ മറ്റുചിലര്‍ ഒറ്റപ്പെട്ട ജീവിതം നയിച്ച് ധ്യാനസമാധിസ്ഥരായും കഴിയുന്നു. ഈ രണ്ടു മാര്‍ഗ്ഗങ്ങളില്‍ ഏതാണ് കൂടുതല്‍ അഭികാമ്യം?

വസിഷ്ഠന്‍ പറഞ്ഞു: ധ്യാന-സമാധിയില്‍ ഒരുവന്‍ ഇന്ദ്രിയ വസ്തുക്കളെ അനാത്മാവായി തിരിച്ചറിഞ്ഞു അകമേ ശാന്തിയും സമാധാനവും എപ്പോഴും അനുഭവിക്കുന്നു. ഇങ്ങിനെ വിഷയവസ്തുക്കള്‍ മനസ്സിനെ സംബന്ധിച്ചത് മാത്രമാണെന്ന അറിവിന്റെ നിറവില്‍ , സദാ പ്രശാന്തതയോടെ ചിലര്‍ കര്‍മ്മനിരതരാവുന്നു, മറ്റു ചിലര്‍ ഏകാന്തവാസം നയിക്കുന്നു.  രണ്ടു കൂട്ടര്‍ക്കും സമാധിയുടെ ആനന്ദം ഉണ്ടാവുന്നുണ്ട്.        

സമാധിസ്ഥനായ ഒരുവന്റെ മനസ്സില്‍ ചാഞ്ചല്യമുണ്ടായി അയാളുടെ ശ്രദ്ധ വഴിതിരിഞ്ഞുപോയാല്‍ അയാള്‍ ഭ്രാന്തനാണ്. എന്നാല്‍ ഭ്രാന്തനായി കാണപ്പെടുന്ന ചിലര്‍ എല്ലാ ധാരണാസങ്കല്‍പ്പങ്ങളില്‍ നിന്നുമൊഴിഞ്ഞ് പ്രബുദ്ധതയോടെ അവിച്ഛിന്നമായ സമാധിസ്ഥിതിയില്‍ ആയിരിക്കുകയും ചെയ്യും. കര്‍മ്മങ്ങളില്‍ ഏര്‍പ്പെടുന്നുവോ ഇല്ലയോ എന്നത് പ്രബുദ്ധതയെ സംബന്ധിച്ച് പ്രാധാന്യമുള്ള കാര്യമല്ല. അത് യാതൊരു വ്യത്യാസവും ഉണ്ടാക്കുന്നില്ല.
   
മനോപാധികളില്ലെങ്കില്‍പ്പിന്നെ യാതൊരു കര്‍മ്മവും കളങ്കമുണ്ടാക്കുന്നില്ല. എന്നാല്‍ മനസ്സിലെ കര്‍മ്മരാഹിത്യമാണ് സമാധാനം. അതാണ്‌ പൂര്‍ണ്ണ സ്വാതന്ത്ര്യം. ആനന്ദാനുഗ്രഹമാണത്. ധ്യാനാവസ്ഥയും അതല്ലാത്ത അവസ്ഥയും തമ്മില്‍ ഉള്ള വ്യത്യാസമറിയുന്നത് മനസ്സില്‍ ചിന്താസഞ്ചാരങ്ങളുണ്ടോ എന്ന് നോക്കിയാണ്. അതുകൊണ്ട് മനോപാധികളെ ഇല്ലാതാക്കൂ. ഉപാധികളില്ലാത്ത മനസ്സ് ദൃഢമാണ്. അതുതന്നെ ധ്യാനാവസ്ഥയാണ്. മുക്തിയാണ്. ശാശ്വതമായ ശാന്തിയാണ്. ഉപാധികളുള്ള മനസ്സ് ശോകത്തിന് വഴിപ്പെടുന്നു. എന്നാല്‍ ഉപാധിരഹിതമാണ് മനസ്സെങ്കില്‍ അത് കര്‍മ്മരഹിതവുമാണ്. അങ്ങിനെയുള്ളയാള്‍ പരമപദമായ പ്രബുദ്ധതയെ അനായാസം പ്രാപിക്കുന്നു. അതുകൊണ്ട് ഏതുവിധേനെയും മനോപാധികളെ ഇല്ലാതാക്കാന്‍ നാം ശ്രമിക്കണം.

“ലോകത്തെക്കുറിച്ചുള്ള എല്ലാവിധ പ്രത്യാശകളും ആസക്തികളും ആഗ്രഹങ്ങളും അവസാനിച്ച്, ശോകഭയരഹിതമായി ആത്മാവ് സ്വയം തന്നില്‍ത്തന്നെ അഭിരമിക്കുന്ന അവസ്ഥയത്രേ ധ്യാനം അഥവാ സമാധി.” ആത്മാവുമായി വിഷയങ്ങള്‍ക്കുണ്ടെന്നു തെറ്റിദ്ധരിച്ചിരുന്ന എല്ലാ ബന്ധങ്ങളെയും മനസാ സംത്യജിച്ച് നിനക്കിഷ്ടമുള്ളയിടത്തു ജീവിക്കാം. അത് വീട്ടിലോ മലമുകളിലെ ഗുഹകളിലോ ആവാം. മനസ്സ് പരമപ്രശാന്തതയിലെത്തിയവന്റെ ഗൃഹമാണവന് ഏകാന്തത നല്‍കുന്ന കാട്. അഹംകാരമൊഴിഞ്ഞു മന:ശ്ശാന്തിയടഞ്ഞവന് നഗരങ്ങളും അപ്രകാരം തന്നെ. എന്നാല്‍ ആളൊഴിഞ്ഞ കാടുപോലും ഹൃദയത്തില്‍ ആസക്തികളും ദുഷ്ടതയും  വെച്ച് പുലര്‍ത്തുന്നവനു തിരക്കേറിയ നഗരമാണ്. മനസ്സിനെ ചഞ്ചലപ്പെടുത്തുന്ന കാര്യങ്ങള്‍ ഗാഢസുഷുപ്തിയില്‍ ഇല്ലാതാവുന്നു. എന്നാല്‍ പ്രബുദ്ധത സ്വയം പ്രാപ്യമാവുകയാണ്. നിനക്ക് ഇഷ്ടമുള്ള പാത തിരഞ്ഞെടുക്കാം.     

Feb 14, 2013

277 യോഗവാസിഷ്ഠം നിത്യപാരായണം ദിവസം 277


ഉപശശാമ ശനൈര്‍ദിവസൈരസൌ
കതിപയൈ സ്വപദേ വിമലാത്മനി
തരുരസ: ശരദന്ത ഇവാമലേ
രവികരൌജസി ജന്മദശാതിഗ:   (5/55/23)

ശുദ്ധ സത്വസ്വരൂപത്തെപ്പറ്റി രാമന്‍ ചോദിച്ചതിനുത്തരമായി വസിഷ്ഠന്‍ ഇങ്ങിനെ പറഞ്ഞു: വിഷയബോധം, അതായത് വസ്തു- പദാര്‍ത്ഥ- അസ്തിത്വത്തെപ്പറ്റിയുള്ള ചിന്തകളില്ലാതെ മനസ്സൊടുങ്ങിക്കഴിയുമ്പോള്‍ ബോധം അതിന്റെ സ്വരൂപമായിത്തന്നെ യാതൊരുപാധികളുമില്ലാതെ നിലകൊള്ളുന്നു. അതാണ്‌ ശുദ്ധസ്വരൂപം. അതായത് വസ്തുധാരണകളോ ആശയങ്ങളോ ഇല്ലാത്ത ബോധത്തിന് വ്യക്തിഗതസ്വഭാവങ്ങളൊന്നുമില്ല. അതാണ്‌ ശുദ്ധസത്വം.  ബാഹ്യവസ്തുക്കളും അന്തര്‍ധാരണകളും ബോധത്തില്‍ വിലയിക്കുമ്പോള്‍ ശുദ്ധസത്വമായി. ദേഹത്തോട് കൂടിയോ അല്ലാതെയോ ഉള്ള മുക്തന്മാരുടെയെല്ലാം ദിവ്യദര്‍ശനം ഇത്തരത്തിലുള്ളതാണ്.   

ഈ ദര്‍ശനം പൂര്‍ണ്ണമായും അറിവുറച്ചവനും, ആഴമേറിയ ധ്യാനത്തില്‍ ആമഗ്നനായവനും, ആത്മജ്ഞാനിക്കും ലഭ്യമാകുമ്പോള്‍ അജ്ഞാനിക്ക് ഇതപ്രാപ്യമത്രേ. മാമുനിമാരും ത്രിമൂര്‍ത്തികളും ഈയൊരവബോധതലത്തിലാണ് വിരാജിക്കുന്നത്. ഈ ഉന്നതതലത്തിലെത്തിയ ഉദ്ദാലകനും കുറേക്കാലമങ്ങിനെ കഴിഞ്ഞു. കാലക്രമത്തില്‍ ‘ഈ മൂര്‍ത്തരൂപം ഉപേക്ഷിക്കുകതന്നെ’ എന്നൊരു ചിന്ത അദ്ദേഹത്തില്‍ അങ്കുരിച്ചു. ഉടനെതന്നെ മലമുകളിലെ ഒരു ഗുഹയില്‍പ്പോയി പത്മാസനത്തില്‍ അര്‍ദ്ധനിമീലിത നേത്രങ്ങളുമായി അദ്ദേഹമിരുന്നു. എന്നിട്ട് നവദ്വാരങ്ങളെയും അടച്ചുപിടിച്ചു. ഗുദദ്വാരം ഉപ്പൂറ്റി കൊണ്ടമര്‍ത്തിപ്പിടിച്ച് ഇന്ദ്രിയങ്ങളെ ഓരോന്നായി ഹൃദയത്തിലേയ്ക്ക് പിന്‍വലിച്ചു. പ്രാണനെ അടക്കിപ്പിടിച്ച് ദേഹത്തെ സമതുലിതാവസ്ഥയില്‍ നിലനിര്‍ത്തി. താടിയെല്ലുകള്‍ അല്‍പ്പം അകത്തിവെച്ച്, നാവിന്‍തുമ്പ് വായുടെ ഉള്ളിലെ മുകളറ്റമായ താലുവില്‍ മുട്ടിച്ചുവെച്ചു.  

അദ്ദേഹത്തിന്‍റെ ഉല്‍ക്കാഴ്ച അകത്തേയ്ക്കോ പുറത്തേയ്ക്കോ, മുകളിലേയ്ക്കോ താഴേയ്ക്കോ ലക്ഷ്യമാക്കിയിരുന്നില്ല. അതിനു വിഷയങ്ങളുമായി ബന്ധമുണ്ടായിരുന്നില്ല. എന്നാലത് നിശ്ശൂന്യമായിരുന്നുമില്ല. അദ്ദേഹം പരമമായ അനന്താവബോധത്തില്‍ ആനന്ദതുന്ദിലനായി നിലകൊണ്ടു. ആനന്ദാനുഭവത്തിനുമപ്പുറം ശുദ്ധസ്വരൂപമായ അവബോധം മാത്രമായിരുന്നു ആ തലം. ഒരു ചിത്രപടംപോലെ ഉദ്ദാലകന്‍ ആ അഭൌമതലത്തില്‍ ഏറെനേരം നിലകൊണ്ടു.

 “ക്രമേണ അദ്ദേഹം പരിപൂര്‍ണ്ണ പ്രശാന്തതയിലെത്തി. സ്വയം സ്വരൂപത്തില്‍ വിലയിച്ചു. ജനനമരണചക്രത്തിന്റെ വരുതിയില്‍ നിന്നും എന്നെന്നേയ്ക്കുമായി മുക്തനായി.” അദ്ദേഹത്തിന്‍റെ സംശയങ്ങളെല്ലാം തീര്‍ന്നു. എല്ലാ ചിന്തകളും അവസാനിച്ചു. എല്ലാ മാലിന്യങ്ങളും ഒഴിഞ്ഞു. സ്വര്‍ഗ്ഗരാജ്യത്തെ ചക്രവര്‍ത്തിയുടെ സുഖത്തെപ്പോലും ത്രുണവല്‍ഗണിക്കാവുന്ന, വിവരണാതീതമായ ആനന്ദത്തിന്റെ ഉത്തുംഗത്തില്‍ അദ്ദേഹമെത്തി. അങ്ങിനെയൊരാറുമാസം കഴിഞ്ഞു.

അങ്ങിനെയിരിക്കെ ഒരുദിവസം ഒരു ഭക്തന്റെ പ്രാര്‍ത്ഥനയുടെ ഫലമായി പാര്‍വ്വതീദേവിയുടെ നേതൃത്വത്തില്‍ കുറേ ദേവതമാര്‍ ഉദ്ദാലകന്‍ ധ്യാനത്തിലിരുന്നയിടത്ത് എത്തി. ദേവന്മാര്‍പോലും പൂജിക്കുന്ന ആ ദേവി സൂര്യതാപത്താല്‍ വരണ്ടുണങ്ങിയ ഉദ്ദാലകന്റെ ദേഹമെടുത്ത് തന്റെ  ശിരസ്സിലണിഞ്ഞു. ഇതാണ്‌ ഏതോരന്വേഷകനേയും ഉത്തേജിപ്പിച്ച് അവനില്‍ ഉന്നതമായ ആത്മജ്ഞാനത്തിന്റെ ഉണര്‍വ്വുണര്‍ത്തുന്ന ഉദ്ദാലകചരിതം.