Feb 27, 2014

429 യോഗവാസിഷ്ഠം നിത്യപാരായണം ദിവസം 429

പ്രാപ്തകാലം കൃതം കാര്യം രാജതേ നാഥ നേതരത്
വസന്തേ രാജതേ പുഷ്പം ഫലം ശരദി രാജതേ (6/84/22)
വസിഷ്ഠന്‍ തുടര്‍ന്നു: ആത്മജ്ഞാനത്തിന്റെ അഭാവത്തില്‍ ശിഖിധ്വജന്‍ മോഹാന്ധകാരത്തില്‍ തന്റെ ജീവിതം തുടര്‍ന്നു. എങ്കിലും ലോകത്തിലുള്ള ഒന്നിനും തൃപ്തമാക്കാന്‍ കഴിയാത്ത ഒരു ദുഃഖം അദ്ദേഹത്തെ മഥിച്ചു. താമസം വിനാ, അദ്ദേഹവും, രാമാ, നിന്നെപ്പോലെ ഏകാന്തത ഇഷ്ടപ്പെടുവാന്‍ തുടങ്ങി. മന്ത്രിമാര്‍ പറയുന്ന അത്യാവശ്യം രാജ്യകാര്യങ്ങള്‍ മാത്രം അദ്ദേഹം ചെയ്തുവന്നു. ദാനധര്‍മ്മങ്ങള്‍ അനവധി ചെയ്തു. യാഗങ്ങളും നടത്തി. എന്നാല്‍ അദ്ദേഹത്തില്‍ ഉണ്ടായിരുന്ന ദുഖത്തിന് അറുതിയുണ്ടായില്ല.

അവസാനം ആലോചിച്ചുറച്ച തീരുമാനത്തോടെ അദ്ദേഹം രാജ്ഞിയോട് ഇങ്ങിനെ പറഞ്ഞു: ഞാന്‍ രാജകീയ ഭോഗങ്ങളും അധികാരവും ഏറെക്കാലം അനുഭവിച്ചു. എന്നാല്‍ ഒരു താപസന്റെ മനസ്സെന്നെ ആകര്‍ഷിക്കുന്നു. കാരണം സുഖദുഖങ്ങളോ ഐശ്വര്യാനൈശ്വര്യങ്ങളോ അവരെ ബാധിക്കുന്നില്ലല്ലോ. ഞാന്‍ വനത്തില്‍പ്പോയി തപസ്സിലേര്‍പ്പെടാന്‍ പോവുന്നു. കാട് പലവിധത്തിലും നിന്നെ ഓര്‍മ്മിപ്പിക്കുന്നു. നിന്റെ അംഗപ്രത്യംഗം കാട്ടിലെ പ്രകൃതിരമണീയതപോലെ തന്നെയാണ്. അതുകൊണ്ട് അവ നീയെന്നപോലെ എന്നെ സന്തുഷ്ടനാക്കും എന്നെനിക്കുറപ്പുണ്ട്. എനിക്ക് നിന്റെ അനുമതി നല്‍കിയാലും ഉത്തമയായ ഭാര്യ ഭര്‍ത്താവിന്റെ ഇഷ്ടത്തിനു വിഘാതമാവുകയില്ലല്ലോ.

ചൂഡാല പറഞ്ഞു: “ഉചിതമായ സമയത്ത് ചെയ്യപ്പെടുന്ന കര്‍മ്മങ്ങളേ സമുചിതമായി കൊണ്ടാടപ്പെടുകയുള്ളു. വസന്തകാലത്ത് പൂക്കളും ശിശിരത്തില്‍ കായ്കളും എന്നതാണ് പ്രകൃതി നിയമം.” വനവാസം വാര്‍ദ്ധക്യത്തില്‍ മതി. അങ്ങയുടെ പ്രായക്കാര്‍ക്ക് അനുയോജ്യമല്ലത്. ഒരു ഗൃഹസ്ഥജീവിതമാണ് അങ്ങേയ്ക്കുത്തമം. നമുക്ക് രണ്ടാള്‍ക്കും വാര്‍ദ്ധക്യമാവുമ്പോള്‍ വനവാസത്തിനു പോകാം. മാത്രമല്ല, അങ്ങിപ്പോള്‍ ഇവിടം വിട്ടുപോയാല്‍ നമ്മുടെ പ്രജകള്‍ക്ക് നാഥനില്ലാതെയാവുകയും ചെയ്യും.

ശിഖിധ്വജന്‍ പറഞ്ഞു: എന്റെ മുന്നില്‍ തടസ്സവാദങ്ങള്‍ ഒന്നും പറയരുതേ. ഞാന്‍ വനവാസത്തിനു പുറപ്പെട്ടു കഴിഞ്ഞിരിക്കുന്നു. നീ കേവലം ചെറിയൊരു പെണ്ണാണ്. നീയും വനത്തിലേയ്ക്ക് വരികയെന്നത് ഉചിതമല്ല. വനത്തിലെ താപസവൃത്തി നിനക്ക് ഹിതമാവുകയില്ല. അതുകൊണ്ട് നീയിവിടെ താമസിച്ചു രാജ്യഭാരം നടത്തിയാലും.

വസിഷ്ഠന്‍ തുടര്‍ന്നു: അന്നുരാത്രി രാജ്ഞി ഉറങ്ങുമ്പോള്‍ നഗരം ചുറ്റാനാണെന്ന മട്ടില്‍ രാജാവ് വനത്തിലേയ്ക്ക് പോയി. കുതിരപ്പുറത്തേറി രാത്രിമുഴുവന്‍ സഞ്ചരിച്ച് അദ്ദേഹം മന്ദരപര്‍വതത്തിലുള്ള നിബിഢവനത്തില്‍ എത്തിച്ചേര്‍ന്നു. ജനപഥങ്ങളില്‍ നിന്നകലെ പണ്ട് മാമുനിമാര്‍ താമസിച്ചിരുന്ന ഒരിടമായിരുന്നു അത്. അവിടെ താപസവൃത്തിക്കാവശ്യമായ എല്ലാം സംഘടിപ്പിച്ചു. ഒരു കുടില്‍കെട്ടി. മുളവടി, കമണ്ഡലു, ഭിക്ഷാപാത്രം, പൂപ്പാളിക, ജലകുംഭം, രുദ്രാക്ഷമാല, തമുപ്പില്‍ നിന്നും രക്ഷയ്ക്കായി കമ്പിളി, ഇരിക്കാനായി മാന്തോല്‍ എല്ലാം ഒരുക്കി. താപസജീവിതം തുടങ്ങി.

അദ്ദേഹം പതിവായി ജപത്തിലും ധ്യാനത്തിലും ഉച്ചവരെ കഴിഞ്ഞു. ഉച്ചതിരിഞ്ഞ് പൂക്കള്‍ അറുത്തും കുളി തേവാരങ്ങള്‍ ചെയ്തും കഴിച്ചു കൂട്ടി. അത് കഴിഞ്ഞു ഫലമൂലാദികള്‍ കൊണ്ട് ലഘുഭക്ഷണവും കഴിച്ചു. വീണ്ടും മന്ത്ര ജപാദികള്‍. തന്‍ വിട്ടുപോന്ന രാജ്യത്തെപ്പറ്റി ആലോചിക്കപോലും ചെയ്യാതെ അദ്ദേഹം ഏറെനാള്‍ ആ കുടിലില്‍ കഴിഞ്ഞു. 

Feb 26, 2014

428 യോഗവാസിഷ്ഠം നിത്യപാരായണം ദിവസം 428

ഉപദേശക്രമോ രാമാ വ്യവസ്ഥാമാത്രപാലനം
ജ്ഞപ്തേസ്തു കാരണം ശുദ്ധാ ശിഷ്യപ്രജ്ഞൈവ രാഘവ (6/83/13)
വസിഷ്ഠന്‍ തുടര്‍ന്നു: അങ്ങിനെ ചൂഡാല മഹാരാജ്ഞിയ്ക്ക് അണുമാത്രമാവാനും ഭീമാകാരമാവാനും മറ്റുമുള്ള സിദ്ധികള്‍ കൈവന്നു. തന്റെ ഭര്‍ത്താവിന്റെ സാമീപ്യം നഷ്ടപ്പെടുത്താതെതന്നെ രാജ്ഞി ആകാശത്തും സമുദ്രത്തിന്റെ ആഴങ്ങളിലും  ഭൂമിയിലങ്ങോളമിങ്ങോളവും ചുറ്റിനടന്നു. അവള്‍ മരം, കല്ല്, പുല്‍ക്കൊടി, ആകാശം, ജലം, എന്നുവേണ്ട എല്ലാ വസ്തുക്കള്‍ക്കുള്ളിലും യാതൊരു തടസ്സങ്ങളും കൂടാതെ കടന്നുചെന്നു. ആകാശചാരികളായ യക്ഷകിന്നരന്മാരുമായും മുക്തികൈവന്ന മഹാപുരുഷന്മാരുമായും അവള്‍ സംഭാഷണത്തില്‍ ഏര്‍പ്പെട്ടു. തന്റെ പ്രിയതമനെ തന്നെപ്പോലെ പ്രബുദ്ധതയിലേയ്ക്ക് നയിക്കാന്‍ രാജ്ഞി പരിശ്രമിച്ചുവെങ്കിലും അദ്ദേഹം അവളുടെ ഈ കിറുക്കിനെ പരിഹസിക്കുകയാണുണ്ടായത്. അയാള്‍ അവിദ്യയില്‍ തുടര്‍ന്നു. രാജാവിന് മുന്നില്‍ തന്റെ അപരാസിദ്ധികള്‍ പ്രകടിപ്പിക്കുന്നത് ബുദ്ധിപരമല്ല എന്നവള്‍ക്ക് മനസ്സിലായി.
രാമന്‍ ചോദിച്ചു: സിദ്ധയോഗിനിയായ ചൂഡാലയ്ക്ക് പോലും തന്റെ പ്രിയതമനായ രാജാവില്‍ പ്രബുദ്ധതയുണര്‍ത്താന്‍ കഴിഞ്ഞില്ല. അദ്ദേഹത്തെ ആത്മവിദ്യ അഭ്യസിപ്പിക്കാന്‍ അവള്‍ക്കായില്ല. ആപ്പോള്‍പ്പിന്നെ ഒരു സാധകന്‍  എങ്ങിനെയാണ് ആത്മവിദ്യാനിരതരാവുക?
 
വസിഷ്ഠന്‍ പറഞ്ഞു: “ഗുരു ശിഷ്യനുപദേശം നല്‍കുക എന്നത് വെറുമൊരു പഴക്കം എന്ന് മാത്രമേയുള്ളൂ. പ്രബുദ്ധതയ്ക്കുള്ള ഒരേയൊരു കാരണം ശിഷ്യന്റെ ബോധനൈര്‍മ്മല്യം മാത്രമാണ്.” ശാസ്ത്രം ശ്രവിച്ചതുകൊണ്ടോ, യാഗാദികര്‍മ്മങ്ങള്‍ കൊണ്ടോ ആത്മജ്ഞാനം ലഭിക്കില്ല. ആത്മാവിനേ ആത്മാവിനെ അറിയാനാവൂ. ഒരു സര്‍പ്പത്തിനു മാത്രമേ മറ്റൊരു സര്‍പ്പത്തിന്റെ കാലടികള്‍ കണ്ടെത്തി അനുഗമിക്കാന്‍ കഴിയൂ.

എങ്കിലും, വിന്ധ്യാപര്‍വ്വതത്തില്‍ വസിച്ചിരുന്ന ഒരു ഗ്രാമീണനെപ്പറ്റി കേട്ടാലും. അയാള്‍ ഒരിക്കല്‍ വനത്തില്‍ നടക്കുമ്പോള്‍ കയ്യിലുണ്ടായിരുന്ന ഒരു ചെമ്പുനാണയം കളഞ്ഞു പോയി. ആളൊരു പിശുക്കനായിരുന്നതുകൊണ്ട് ആ ഓട്ടക്കാലണയ്ക്കായി അയാള്‍ ആ കുറ്റിച്ചെടികള്‍ക്കിടയില്‍ പരതിക്കൊണ്ടിരുന്നു. ‘ഈ പൈസ കിട്ടിയാല്‍ ഞാനതുകൊണ്ട് ചെറിയൊരു കച്ചവടം തുടങ്ങും അങ്ങിനെ അത് രണ്ടായി, നാലായി, എട്ടായി അങ്ങിനെയങ്ങിനെ വര്‍ദ്ധിക്കും’ എന്നൊക്കെ അയാള്‍ ചിന്തിച്ചുകൊണ്ടിരുന്നു. മൂന്നുദിവസം അയാള്‍ അത് തുടര്‍ന്നു. നാട്ടുകാര്‍ അയാളുടെ ഈ പ്രവൃത്തി കാണുന്നുണ്ടായിരുന്നു. എന്നാലയാള്‍ അത് വകവെച്ചില്ല. അവസാനം അയാള്‍ നാണയത്തിന് പകരം കണ്ടെത്തിയതോ, വിലപിടിച്ച ഒരു രത്നക്കല്ല്. അതൊരു ചിന്താമണിയായിരുന്നു. സന്തോഷത്തോടെ അതും കയ്യിലെടുത്ത് അയാള്‍ വീട്ടിലെത്തി.

ഈ ലുബ്ദനു വിലയേറിയ ചിന്താമണി കിട്ടാന്‍ എന്താണ് കാരണം? നഷ്ടപ്പെട്ട ഓട്ടക്കാലണ തിരയാന്‍ അയാള്‍ കാണിച്ച ഉത്സാഹം തന്നെയാണതിന് കാരണം. അതുപോലെ ഗുരുവിന്റെ നിര്‍ദ്ദേശപ്രകാരം ശിഷ്യന്‍ ഒന്ന് തിരയുന്നു, പക്ഷേ കിട്ടുന്നത് മറ്റുവല്ലതും ആയിരിക്കും. ബ്രഹ്മം മനസ്സിനും ഇന്ദ്രിയങ്ങള്‍ക്കും അതീതമാണ്. മറ്റാരുടെയും ഉപദേശത്തിലൂടെ കിട്ടാവുന്ന ഒന്നല്ല അത്. എന്നാല്‍ ഗുരുവില്ലാതെ അതിനെപ്പറ്റി അറിയാനും കഴിയില്ല. ലുബ്ധനു നഷ്ടപ്പെട്ട നാണയം അയാളെ ചിന്താമണിയിലേയ്ക്ക് നയിച്ചതുപോലെ ഗുരുവിന്റെ നിര്‍ദ്ദേശങ്ങള്‍ ശിഷ്യനെ പ്രവര്‍ത്തനനിരതനാക്കുന്നു. അതുകൊണ്ട് ആത്മവിദ്യയ്ക്കുള്ള ഹേതു ഗുരൂപദേശമാണെന്നും അല്ലെന്നും പറയാം. മായയുടെ വികൃതി എന്തെന്ന് നോക്കൂ. നാം ഒന്ന് തേടിനടക്കുന്നു, മറ്റൊന്ന് ലഭിക്കുന്നു!

Feb 25, 2014

427 യോഗവാസിഷ്ഠം നിത്യപാരായണം ദിവസം 427

സത്യഭാവനദൃഷ്ടോയം ദേഹോ ദേഹോ ഭവത്യലം
ദൃഷ്ടസ്ഥ്വസത്യഭാവേന വ്യോമതാം യാതി ദേഹക: (6/82/27)

വസിഷ്ഠന്‍ തുടര്‍ന്നു: എങ്ങിനെയാണ് യോഗികള്‍ തങ്ങളുടെ ദേഹത്തെ അണുമാത്രവും ഭീമാകാരവുമാക്കുന്നതെന്ന് ഞാന്‍  ഇനി പറയാം. ഹൃദയകമലത്തിനു തൊട്ടുമുകളിലായി എരിഞ്ഞുകൊണ്ടിരിക്കുന്ന അഗ്നി, ക്ഷണത്തില്‍ വര്‍ദ്ധിതവീര്യമാര്‍ജ്ജിക്കുന്നു. എന്നാല്‍ അത് ബോധസ്വരൂപമായതിനാല്‍ അത് ജ്ഞാനത്തിന്റെ വെളിച്ചമായാണ് ഭാസിക്കുക. എന്നാല്‍ ക്ഷണത്തില്‍ വികസ്വരമായി അത് ദേഹത്തില്‍ മുഴുവന്‍ ആഗിരണം ചെയ്യപ്പെടുന്നു. ഈ ചൂടില്‍ ശരീരത്തിലെ ജലകണങ്ങള്‍ പോലും ആവിയായിപ്പോവുന്നു. അങ്ങിനെ ഭൌതീകദേഹവും സൂക്ഷ്മശരീരവും ഉപേക്ഷിച്ച് യഥേഷ്ടം സഞ്ചരിക്കാന്‍ അതിനു കഴിയുന്നു.

അഗ്നിയില്‍ നിന്നും പുകയെന്നപോലെ കുണ്ഡലിനിശക്തി ഉയര്‍ന്ന് ആകാശത്തില്‍ വിലയം പ്രാപിക്കുന്നു. മനോബുദ്ധ്യഹങ്കാരങ്ങള്‍ക്കതീതമായി കുണ്ഡലിനി ചെറിയൊരു ധൂളീകണമെന്നപോലെ പ്രശോഭിക്കുന്നു. ഈ സ്ഫുലിംഗത്തിന് എന്തിനകത്തെയ്ക്ക് വേണമെങ്കിലും, എങ്ങോട്ട്‌ വേണമെങ്കിലും കടന്നു ചെല്ലാം. പിന്നീട് ഈ കുണ്ഡലിനി നേരത്തെ ആഗിരണം ചെയ്തു വെച്ചിട്ടുള്ള ജലത്തെയും ഭൂമിയും പുറത്തുവിട്ട് അതിന്റെ പൂര്‍വ്വരൂപത്തെ പ്രാപിക്കുന്നു. അങ്ങിനെയാണ് ജീവന് അണുമാത്രശരീരിയായും പര്‍വ്വതാകാരമാകാനും കഴിയുന്നത്. ഞാനിതുവരെ പറഞ്ഞത് യോഗമാര്‍ഗ്ഗമാണ്. 

ഇനി ജ്ഞാനമാര്‍ഗ്ഗം പറയാം. ഒരേയൊരു ബോധമേയുള്ളു. അത് നിര്‍മ്മലമാണ്, സൂക്ഷ്മതരമാണ്, പ്രശാന്തവുമാണ്. എന്നാല്‍ ലോകമോ അതിലെ പ്രവര്‍ത്തനങ്ങളോ ബോധമല്ല. അത് സ്വയം ബോധമെന്നു തിരിച്ചറിയുന്നതാണ് ജീവന് ഹേതു. ഈ ജീവന്‍ യാഥാര്‍ത്ഥ്യമല്ലാത്തതിനെ സത്യമെന്ന് നിനയ്ക്കുന്നു. എന്നാല്‍ ജീവനില്‍ ആത്മജ്ഞാനം ഉണരുമ്പോള്‍ ഈ തെറ്റിദ്ധാരണയ്ക്ക് അവസാനമാവുന്നു. ദേഹം പ്രശാന്തവുമാകുന്നതോടെ ജീവന് ദേഹാഭിമാനവും ദേഹപ്രതീതിയും  ഇല്ലാതെയാവുന്നു. ദേഹത്തിനു ആത്മാവുമായുള്ള മോഹബന്ധം സൂര്യനുപോലും ദൂരീകരിക്കാനാകാത്ത ഇരുട്ടാണ്‌.

“ദേഹത്തെ സത്യമെന്ന് ധരിക്കുമ്പോള്‍ അത് യാഥാര്‍ത്ഥ്യമാവുന്നു. അതിനെ അയാഥാര്‍ത്ഥ്യമെന്നു നിനയ്ക്കുമ്പോള്‍ വെറും ആവിയായി അത് ആകാശത്തോടു ചേരുന്നു.” ദേഹത്തില്‍ എന്തെന്തു ധാരണകള്‍ ഉണ്ടോ അതപ്രകാരം ഭവിക്കുന്നു.

ശ്വാസോഛ്വാസനിയന്ത്രണമാണ്  മറ്റൊരു രീതി. അതിലൂടെ ജീവനെ കുണ്ഡലിനിയുടെ നിയന്ത്രണത്തില്‍ നിന്ന് വിടുവിച്ച് ദേഹത്തെ ഉപേക്ഷിക്കാം അപ്പോള്‍ വെട്ടിയിട്ട വിറകുപോലെ ദേഹം ജഡസമാനമാകുന്നു. അപ്പോള്‍ ജീവന് ഏതൊരു ദേഹത്തിലും പ്രവേശിക്കാം. ആഗ്രഹപ്രകാരമുള്ള എതനുഭവങ്ങളും ജീവന് പരിചയിക്കാം. അങ്ങിനെ ഹിതാനുഭവങ്ങള്‍ ആര്‍ജ്ജിച്ചശേഷം ജീവന് പൂര്‍വ്വദേഹത്തിലെയ്ക്ക് തിരിച്ചും പോകാം. അതുമല്ലെങ്കില്‍ പ്രത്യേകിച്ച് ഒരു ദേഹവും സ്വീകരിക്കാതെ സര്‍വ്വവ്യാപിയായ ബോധമായി നിലനില്‍ക്കാം. 

Feb 24, 2014

426 യോഗവാസിഷ്ഠം നിത്യപാരായണം ദിവസം 426

പീത്വാമൃത്യോപമം ശീതം പ്രാണ: സോമമുഖാഗമേ
അഭ്രഗമാത്പൂരയതി ശരീരം പീനതാം ഗത:   (6/81/94)

വസിഷ്ഠന്‍ തുടര്‍ന്നു: ദേഹത്തില്‍ കാര്യകാരണബന്ധത്തോടെ അഗ്നിയും ചന്ദ്രനും നിലനില്‍ക്കുന്നു. ആ ബന്ധം വിത്തും വൃക്ഷവും പോലെയുള്ളതാണ്‌. ഒന്ന് മറ്റേതിനു ജീവനേകുന്നു. അല്ലെങ്കില്‍ ഇരുട്ടും വെളിച്ചവും പോലെയാണവയുടെ ബന്ധം. ഒന്ന്‍ മറ്റേതിനെ ഇല്ലാതാക്കുന്നു. ഇതിനെയെല്ലാം യുക്തിയുക്തം ചോദ്യം ചെയ്യുന്നതായാല്‍, ആഗ്രഹങ്ങളുടെ പ്രചോദനം ഇല്ലാത്തതുകൊണ്ട് ഇപ്പറഞ്ഞ രീതിയിലുള്ള കാര്യകാരണബന്ധുത അസംബന്ധമാണെന്ന് പറയുന്നവനെ അപ്പോള്‍ത്തന്നെ ഒഴിവാക്കണം. കാരണം അത് നമ്മുടെ സ്പഷ്ടമായ നിത്യാനുഭവം തന്നെയാണല്ലോ.

“ശീതള ചന്ദ്രന്റെ അമൃത്, അഗ്നി പാനം ചെയ്യുന്നു. ദേഹാകാശത്തെ പ്രാണന്‍ കൊണ്ട് നിറയ്ക്കുന്നു.” അഗ്നി മരിച്ചു ചന്ദ്രനാവുന്നു. പകല്‍ അവസാനിച്ചു രാത്രി സമാഗതമാവുന്നു. അഗ്നിയുടേയുംചന്ദ്രന്റെയും, ഇരുട്ടിന്റെയും വെളിച്ചത്തിന്റെയും, അല്ലെങ്കില്‍ ദിനരാത്രങ്ങളുടെ സന്ധിയില്‍ സത്യം സാക്ഷാത്ക്കരിക്കപ്പെടുന്നു. അത് ജ്ഞാനികള്‍ക്ക് പോലും വെളിപ്പെടാന്‍ ബുദ്ധിമുട്ടുള്ള ഒന്നത്രേ.

ഒരു ദിവസം എന്നത് രാത്രിയും പകലും ചേര്‍ന്നതാണെന്നതുപോലെ ജീവന്‍ ബോധവും ജഡവും ചേര്‍ന്നതാണ്. അഗ്നിയും സൂര്യനും ബോധത്തെയും ചന്ദ്രന്‍ ഇരുട്ടിനെ അല്ലെങ്കില്‍ ജഡത്തെ സൂചിപ്പിക്കുന്നു. സൂര്യന്‍ ആകാശത്തുദിക്കുന്ന മാത്രയില്‍ ഇരുട്ടപ്രത്യക്ഷമാകുന്നതുപോലെ ബോധപ്രകാശത്തിന്റെ സാന്നിദ്ധ്യത്തില്‍  അജ്ഞാനമെന്ന ഇരുട്ടും, ഭാവാഭാവങ്ങളുടെ പ്രകടനവും അവസാനിക്കും. ചന്ദ്രനെ – അജ്ഞാനമെന്ന ആന്ധ്യത്തെ-  അങ്ങിനെത്തന്നെ കണ്ടാല്‍ സത്യസാക്ഷാത്ക്കാരമുണ്ടാവും.

ബോധത്തിന്റെ പ്രകാശമാണ് ദേഹത്തിന്റെ ചേതനാരാഹിത്യത്തെ നമുക്ക് വെളിവാക്കുന്നത്. ബോധം ചലനരഹിതവും ദ്വൈതവീതവും ആകയാല്‍ അതിനെ അറിയാന്‍ കഴിയില്ല. എന്നാല്‍ തന്റെ പ്രതിഫലനമായ ശരീരത്തിലൂടെ അതിനു  സ്വയം സാക്ഷാത്ക്കാരത്തിലെത്താം. ബോധം സ്വയം വിഷയമായി അവബോധിക്കുമ്പോള്‍ ലോകത്തെ നേടുന്നു. ആ വിഷയീകരണം ഇല്ലാതാവുന്നതാണ് മുക്തി.

പ്രാണന്‍ അഗ്നിയാണ്, ചൂടാണ്. അപാനന്‍ ശീതളച്ചന്ദ്രനാണ്. വെളിച്ചവും നിഴലും പോലെ രണ്ടും ദേഹത്തില്‍ ഇരിക്കുന്നു. ബോധപ്രകാശവും ചാന്ദ്രവികീരണവും ചേര്‍ന്നാണ് അനുഭവങ്ങള്‍ വേദ്യമാകുന്നത്. അവയാണ് സൃഷ്ടിയുടെ തുടക്കം മുതല്‍ ഉണ്ടായിരുന്ന സൂര്യചന്ദ്രന്മാര്‍. ഈ സൂര്യചന്ദ്രന്മാര്‍ ദേഹത്തിലും ഉണ്ട്.

രാമാ, സുര്യന്‍ ചന്ദ്രനെ തന്നിലേയ്ക്ക് ആവഹിച്ചതായ ആ ഒരു തലത്തില്‍ നീ നിലകൊണ്ടാലും. ചന്ദ്രന്‍ ഹൃദയനിവാസിയായ സൂര്യനില്‍ വിലീനമായ അവസ്ഥയെ സ്വാംശീകരിച്ചാലും. ചന്ദ്രന്‍ എന്ന സംജ്ഞ സൂര്യന്റെ പ്രതിഫലനം മാത്രമാണെന്ന അറിവിന്റെ നിറവ് നിന്നിലെപ്പോഴും നിലനില്‍ക്കട്ടെ. ബാഹ്യമായ എല്ലാ പ്രതിഭാസങ്ങളും വൃഥാവാണ് എന്നും നീയറിയുക.


കുറിപ്പ്: ‘യോഗ’ത്തില്‍ അണ്ണാക്കില്‍ നിന്നും അമൃത് ഒഴുകി ജഢരാഗ്നി അതിനെ അടിവയറില്‍ ദഹിപ്പിക്കുന്നതായി പറയുന്നു. ശീതള ചന്ദ്രനാണ് അഗ്നിക്ക് ഹേതു. ഈ അമൃത് നശിക്കാതിരിക്കാന്‍ ‘വിപരീതകരാണി’ മാര്‍ഗ്ഗമാണ്  യോഗി കൈക്കൊള്ളുന്നത്.

Feb 23, 2014

425 യോഗവാസിഷ്ഠം നിത്യപാരായണം ദിവസം 425

യദച്ഛം ശീതളത്വം ച തദസ്യാത്മേന്ദുരുച്യതേ
ഇതീന്ദോരുഥിത: സോഗ്നിരഗ്നീഷോമൌ ഹി ദേഹക: (6/81/75)

രാമന്‍ ചോദിച്ചു: എങ്ങിനെയാണ് മനുഷ്യജീവികള്‍ക്ക് ഗഗനചാരികളെ കാണാന്‍ കഴിയുന്നത്?
വസിഷ്ഠന്‍ പറഞ്ഞു: തീര്‍ച്ചയായും നശ്വരമായ കണ്ണ് കൊണ്ട് അവരെ  കാണാന്‍ കഴിയില്ല. എന്നാല്‍ ഒരു സ്വപ്നത്തിലെന്നപോലെ ശുദ്ധപ്രജ്ഞയാകുന്ന കണ്ണുകളാണ് അവരെ കാണുന്നത്. ഈ ഗഗനചാരികള്‍ക്ക് ഒരുവന്റെ ആഗ്രഹങ്ങള്‍ നിറവേറ്റിക്കൊടുക്കാന്‍ സാധിക്കും. വാസ്തവത്തില്‍ അവരെ കാണുന്നത് സ്വപ്നാനുഭവങ്ങള്‍ പോലെയല്ല. കാരണം സ്വപ്നദൃശ്യങ്ങള്‍ പെട്ടെന്ന് മാറിപ്പോവുമല്ലോ. എന്നാല്‍ ഈ കാഴ്ചകള്‍ എന്നെന്നേയ്ക്കും നിലനില്‍ക്കും.
പ്രാണനെ ദേഹത്തില്‍ നിന്നും ദ്വാദശാന്തം അകലത്തില്‍ പിടിച്ചു നിര്‍ത്താന്‍ കഴിഞ്ഞാല്‍ യോഗിക്ക് മറ്റു ദേഹങ്ങളില്‍ പ്രവേശിക്കാന്‍ സാധിക്കും. പ്രാണശക്തി സ്വതവേ ചഞ്ചലമാണ്, എന്നാല്‍ അഭ്യാസംകൊണ്ട് അതിനെ ഒരിടത്ത് അചഞ്ചലമായി നിര്‍ത്താന്‍ സാധിക്കും. അങ്ങിനെയുള്ള പ്രാണന് ഇത്തരം സിദ്ധികള്‍ സഹജമാണ്.
 
അജ്ഞാനത്താല്‍ മൂടപ്പെട്ട ആവരണത്തിനെ മറികടക്കാന്‍ ഊര്‍ജ്ജപ്രവാഹത്തിന് ബുദ്ധിമുട്ടില്ല. ഇതെല്ലാം ബ്രഹ്മം തന്നെയാണ്. മറ്റെല്ലാം വാക്കുകളുടെ വെറും കസര്‍ത്താണ് എന്ന് മറക്കാതിരിക്കുക.

രാമന്‍ ചോദിച്ചു: നാഡി പോലുള്ള സൂക്ഷ്മമായ ഇടങ്ങളില്‍ കയറണമെങ്കില്‍ , അവിടം പ്രാണവായുവിനാല്‍ പൂരിതമാക്കണമെങ്കില്‍ ഈ ജീവശക്തി ഒരേസമയം അണുമാത്രവും ഘനസാന്ദ്രവും ആകണമല്ലോ? ഇതിന്റെ നിര്‍മ്മിതിയെങ്ങിനെയാണ്‌? 

വസിഷ്ഠന്‍ പറഞ്ഞു: മരവും അറക്കവാളും തമ്മിലുള്ള ബന്ധം കൊണ്ട് മരം പിളരുന്നു. എന്നാല്‍ രണ്ടു മരങ്ങള്‍ തമ്മിലുരസിയാല്‍ തീയാണുണ്ടാവുക. ഇതെല്ലാം പ്രകൃതിയുടെ ഭാഗമാണ്. ഈ ദേഹം രണ്ടു വസ്തുക്കള്‍ ഗര്‍ഭപാത്രത്തില്‍ വെച്ച് സംയോജിക്കുന്നതുകൊണ്ടാണ് സംജാതമായത്. അത് രണ്ടും ചേര്‍ന്ന് പൊള്ളയായ ഒരു വടിയാവുന്നു. അതിനുള്ളിലാണ് കുണ്ഡലിനിയുടെ ഇരിപ്പിടം. ഭൂമിക്കും സ്വര്‍ഗ്ഗത്തിനും മദ്ധ്യേ നിലകൊള്ളുന്ന കുണ്ഡലിനി പ്രാണശക്തിയുടെ ഇരിപ്പിടമത്രേ. ഹൃദയത്തിലിരുന്നുകൊണ്ട് അതെല്ലാം അനുഭവിക്കുന്നു. അതീന്ദ്രിയകേന്ദ്രങ്ങള്‍ക്ക് കമ്പനവും ചലനവും നല്‍കുന്നത് കുണ്ഡലിനിയാണ്.  

എല്ലാറ്റിനെയും ഭക്ഷിക്കുന്നതും ദഹിപ്പിക്കുന്നതും അതാണ്‌. പ്രാണന്റെ ചലനംകൊണ്ട് ആത്മശക്തിയെ കമ്പനമുള്ളതാക്കാന്‍ അതിനു സാധിക്കുന്നു. മൂലവസ്തുക്കള്‍ എരിഞ്ഞുതീരുംവരെ ദേഹത്തിലെ അഗ്നിയെ കെടാതെ സൂക്ഷിക്കുന്നത് അതാണ്‌. സ്വപ്രകൃതി ശീതളിമയാണെങ്കിലും ദേഹത്തിനു ചൂട് നല്‍കാന്‍ കുണ്ഡലിനിയുടെ സാന്നിദ്ധ്യം അനിവാര്യം. യോഗികള്‍ ഹൃദയത്തിലാണ് അതിനെ ധ്യാനിക്കുന്നത്. എങ്കിലും അത് ദേഹം മുഴുവന്‍ വ്യാപിച്ചിരിക്കുന്നു..

അത് ജ്ഞാനരൂപമാണ്. ദൂരെയുള്ള വസ്തുക്കള്‍ പോലും സമീപസ്ഥമായി അതിന്റെ വെളിച്ചത്തില്‍ കാണാനാകും. “സ്വതവേ ശീതളിമയാര്‍ന്നതെന്തും ചന്ദ്രനാണ്. ആ ചന്ദ്രനില്‍ നിന്നാണ് അഗ്നി ആവിര്‍ഭവിക്കുന്നത്. ചന്ദ്രനും അഗ്നിയും ചേര്‍ന്ന് ദേഹമുണ്ടാവുന്നു.” 

വാസ്തവത്തില്‍ ഈ ലോകം മുഴുവനും ഈ രണ്ടു ഘടകങ്ങള്‍ കൊണ്ടുണ്ടായവയാണ്. ചാന്ദ്രശീതളമയും ഊഷ്മളമായ അഗ്നിയും! അല്ലെങ്കില്‍ ഈ ലോകം ഉണ്ടായത് അജ്ഞാനവും അറിവും ചേര്‍ന്നാണ് എന്ന് പറയാം. അതുമല്ലെങ്കില്‍ സത്തും അസത്തും ചേര്‍ന്ന്.
ബോധം, പ്രകാശം, അഗ്നി, അല്ലെങ്കില്‍ അറിവാണ് സൂര്യന്‍. തമസ്സ്, ജഢം, അല്ലെങ്കില്‍ അജ്ഞാനമാണ് ചന്ദ്രന്‍.


കുറിപ്പ്: ‘അത്’, എന്നിവിടെ പരാമര്‍ശിച്ചിരിക്കുന്നതിന് ജഢരാഗ്നി, പ്രാണശക്തി, കുണ്ഡലിനി എന്നെല്ലാം പറയാം എങ്കിലും വസിഷ്ഠന്‍ അത്തരം നിര്‍വചനങ്ങളില്‍ നിന്ന് വിട്ടുനില്‍ക്കുകയാണിവിടെ. 

Feb 21, 2014

424 യോഗവാസിഷ്ഠം നിത്യപാരായണം ദിവസം 424

ആത്മജ്ഞാനം വിനാ സാരോ നാധിര്‍ നശ്യതി രാഘവ
ഭൂയോ രജ്ജ്വബോധേന രജ്ജുസര്‍പ്പോ ഹി നശ്യതി (6/81/25)

വസിഷ്ഠന്‍ തുടര്‍ന്നു: പഞ്ചഭൂതങ്ങളില്‍ നിന്നുമാണ് ഈ ആതുരാവസ്ഥകള്‍ സംജാതമാവുന്നത്. അവയെങ്ങിനെയാണവസാനിപ്പിക്കാന്‍ സാധിക്കുക എന്നിനി പറയാം. ദേഹാസ്വാസ്ഥ്യങ്ങള്‍ രണ്ടു വിധമാണ്. ഒന്ന്‍ തീവ്രം, മറ്റേത് തുലോം നിസ്സാരം. ആദ്യത്തേത് ജന്മനാ ഉള്ളതും രണ്ടാമത്തേത് ദൈനംദിനങ്ങളായ കാരണങ്ങള്‍ കൊണ്ടുമാണുണ്ടാവുന്നത്.

അവയെ നിത്യജീവിതത്തിലെ പരിചിതമായ പരിഹാരമാര്‍ഗ്ഗങ്ങള്‍ കൊണ്ട് നേരിടാനാവും. “എന്നാല്‍ ജന്മനാ ഉള്ള ആതുരാവസ്ഥയ്ക്ക് ആത്മജ്ഞാനമല്ലാതെ മറ്റു മാര്‍ഗ്ഗങ്ങളില്ല. കയറില്‍ കണ്ട പാമ്പ്‌ നശിക്കണമെങ്കില്‍ കയറിനെ കയറായിത്തന്നെ വീണ്ടും കാണുകതന്നെ വേണം.”

ആത്മജ്ഞാനം ദേഹ-മനസംബന്ധികളായ എല്ലാ രോഗങ്ങളെയും അവസാനിപ്പിക്കുന്നു. എന്നാല്‍ മാനസീകാവസ്ഥകള്‍ കൊണ്ടല്ലാതെയുണ്ടാവുന്ന രോഗങ്ങള്‍ ധ്യാനം, പ്രാര്‍ത്ഥന, സദ്കര്‍മ്മങ്ങള്‍ , സ്നാനാദികള്‍ എന്നിവകൊണ്ട് ചിലപ്പോള്‍ ചികിത്സിച്ചുഭേദമാക്കാന്‍ സാധിക്കും. ഇതെല്ലാം വൈദ്യശാസ്ത്രത്തില്‍ ഭംഗിയായി പ്രദിപാദിച്ചിട്ടുണ്ടല്ലോ.

രാമന്‍ ചോദിച്ചു: മാനസീകപ്രശ്നങ്ങളില്‍ നിന്നും എങ്ങിനെയാണ് ദേഹാസ്വാസ്ഥ്യങ്ങള്‍ ഉണ്ടാവുന്നത്? എങ്ങിനെയാണവയെ വൈദ്യശാസ്ത്രത്തിനതീതമായ മാര്‍ഗ്ഗങ്ങളിലൂടെ പരിഹരിക്കുക?

വസിഷ്ഠന്‍ തുടര്‍ന്നു: മനസ് കലുഷമായിരിക്കുമ്പോള്‍ ഒരുവന്‍ തന്റെ മുന്നിലുള്ള പാതയെ സ്പഷ്ടമായി കാണുന്നില്ല. മുന്‍പിലുള്ളതു കാണാതെ അവന്‍ തെറ്റായ മറ്റു മാര്‍ഗ്ഗങ്ങളെ അവലംബിക്കുന്നു. പ്രാണവായുക്കള്‍ (അപാന-സമാന-ഉദാനന്മാര്‍ ) ഈ കാലുഷ്യത്തില്‍ പ്രക്ഷുബ്ധമായി നാഡികളിലൂടെ അങ്ങുമിങ്ങും നിയന്ത്രണമില്ലാതെ പായാന്‍ തുടങ്ങും. അപ്പോള്‍ ചില നാഡികള്‍ ചൈതന്യരഹിതമായും മറ്റുചിലതടഞ്ഞ് രക്തചംക്രമണം തടസ്സപ്പെട്ടും പോവുന്നു.
പിന്നെ ഭക്ഷണം ദഹിക്കാനും പരിപോഷണത്തിനുമുള്ള ബുദ്ധിമുട്ട്, ഭക്ഷണത്തിനോടുള്ള അത്യാര്‍ത്തി, തുടങ്ങി ദഹനസംബന്ധികളായ മറ്റസുഖങ്ങള്‍ ഉണ്ടാവുന്നു. കഴിക്കുന്ന ഭക്ഷണം വിഷം പോലെയായി ശരീരത്തിന്റെ സ്വാഭാവികമായ ആഹാരവിരേചനപ്രവര്‍ത്തനങ്ങള്‍ തടസ്സപ്പെടുന്നു. അത് പലവിധ രോഗങ്ങള്‍ക്ക് കാരണമാവുന്നു. അങ്ങിനെയാണ് മനസ്സിന്റെ പ്രശ്നങ്ങള്‍ ദേഹത്തിനെ ബാധിക്കുന്നത്.

കടുക്കകൊണ്ട് വയറിളക്കാന്‍ കഴിയുമെന്നതുപോലെ ‘യ,റ,ല,വ,’ തുടങ്ങിയ മന്ത്രങ്ങള്‍ക്ക് മനസ്സിലെ ക്രമക്കേടുകള്‍ ഇല്ലാതാക്കാന്‍ സാധിക്കും. മഹാത്മാക്കള്‍ക്ക് സേവനം ചെയ്യുക മുതലായ ശുദ്ധസദ്‌കര്‍മ്മങ്ങള്‍ കൊണ്ടും മാനസീകമായ പ്രശ്നങ്ങള്‍ക്ക് പരിഹാരം കാണാം. കാരണം ഇത്തരം പ്രവര്‍ത്തനങ്ങള്‍ മനസ്സിനെ നിര്‍മ്മലമാക്കാന്‍ ഉതകുന്നവയും ആനന്ദദായകവുമാണല്ലോ. അപ്പോള്‍ നാഡികള്‍ വഴി വീണ്ടും ജീവശക്തി പ്രവഹിക്കാന്‍ തുടങ്ങും; ദഹനക്രിയപൂര്‍വ്വരീതിയിലാവും; രോഗാവസ്ഥ അവസാനിക്കും.

പ്രാണായാമവേളയില്‍ ശ്വാസമെടുക്കുമ്പോള്‍ അത് നട്ടെല്ലിന്റെ മൂലഭാഗത്തുള്ള കുണ്ഡലിനിയെ പൂരിതമാക്കുന്നു. അപ്പോളത് സമതുലിതാവസ്ഥയെ പ്രാപിച്ച്‌ ദേഹത്തെ ദൃഢവത്താക്കുന്നു. ശ്വാസം ഉള്ളില്‍ പിടിച്ചുവക്കുമ്പോള്‍ നാഡികള്‍ ചൂടുപിടിച്ച് ചുരുണ്ടുകൂടിയിരിക്കുന്ന കുണ്ഡലിനിയെ ഉണര്‍ത്തി വടിപോലെ നേരെയാക്കുന്നു. അപ്പോള്‍ നാഡികളിലൂടെയുള്ള ഊര്‍ജ്ജപ്രവാഹം ചടുലമായി, നാഡികള്‍ ശുദ്ധമായി, ലഘുവാകുന്നു. അങ്ങിനെ യോഗിക്ക് ആകാശഗമനം സാദ്ധ്യമാവുന്നു.

രേചകം എന്ന ഉഛ്വാസവേളയില്‍ കുണ്ഡലിനി ബ്രഹ്മനാഡിയിലൂടെ ഉണര്‍ന്നുയര്‍ന്ന്‍ ‘ദ്വാദശാന്തം’ അകലത്തില്‍ (പന്ത്രണ്ടംഗുലം) ശിരസ്സിനുമുകളില്‍ എത്തുന്നു. അവിടെ ഒരു മണിക്കൂര്‍ നേരം കുണ്ഡലിനിയെ നിലനിര്‍ത്താന്‍ സാധിച്ചാല്‍ യോഗിയ്ക്ക് ആകാശചാരികളെ (മാലാഖമാരെ) കാണാന്‍ കഴിയും.  

Feb 20, 2014

423 യോഗവാസിഷ്ഠം നിത്യപാരായണം ദിവസം 423

ദേഹദു:ഖം വിധുര്‍വ്യാധിമാദ്ധ്യാഖ്യം വാസനാമയം
മൌര്‍ഖ്യമൂലേ ഹി തേ വിദ്യാത്തത്ത്വജ്ഞാനേ പരിക്ഷയ: (6/81/14)

വസിഷ്ഠന്‍ തുടര്‍ന്നു: പഞ്ചഭൂതാത്മകമായ ദേഹത്തില്‍ കുണ്ഡലിനി പ്രാണശക്തിയായി പ്രവര്‍ത്തിക്കുന്നു. ഇതേ കുണ്ഡലിനിയാണ് ഉപാധികളായും, പരിമിതികളായും മനസ്സായും ജീവനായും ചിന്തകളുടെ സഞ്ചാരമായും ബുദ്ധിയായും, അഹംകാരമായും അറിയപ്പെടുന്നത്. കാരണം ദേഹത്തിലെ പരമമായ പ്രാണശക്തിയാണല്ലോ അത്.

അപാനനായി അത് താഴേയ്ക്ക് ഒഴുകിക്കൊണ്ടേയിരിക്കുന്നു. സമാനനായി അത് അടിവയറിനു ചുറ്റും നില്‍ക്കുന്നു. ഉദാനനായി ജീവശക്തി മുകളിലേയ്ക്ക് ഉയര്‍ന്നുപോവുന്നു.

ഈ പ്രാണശക്തിയാണ് ശരീരഘടനയെ നിലനിര്‍ത്തുന്ന സമതുലിതാവസ്ഥയ്ക്ക് കാരണം. താഴോട്ടുള്ള വായുവിന്റെ ചലനം അധികമാവുകയോ അതിന്റെ നിയന്ത്രണം പോവുകയോ ചെയ്‌താല്‍ മരണമാണ് ഫലം. എന്നാല്‍ ഈ പ്രാണവായുക്കള്‍ താഴോട്ടോ മുകളിലേയ്ക്കോ നിയന്ത്രണം വിട്ടുപോവാതെ  സംതുലിതമായിയിരിക്കുമ്പോള്‍ ശരീരത്തില്‍ രോഗങ്ങള്‍ ഉണ്ടാവുകയില്ല.

ചില അപ്രധാനനാഡികള്‍ക്കുണ്ടാവുന്ന തകരാറുകള്‍ ചെറിയ അസുഖങ്ങളെയും പ്രധാന നാഡികളില്‍ ഉണ്ടാവുന്ന പ്രശ്നങ്ങള്‍ മാരക രോഗങ്ങളെയുമുണ്ടാക്കുന്നു.

രാമന്‍ ചോദിച്ചു: എന്താണ് വ്യാധികള്‍ ? എന്താണ് ആധികള്‍ ? അല്ലെങ്കില്‍ മാനസീകരോഗങ്ങള്‍ ? ദേഹത്തിന്‌ അപചയം വരുത്തുന്നത് എന്താണ്? ദയവായി പറഞ്ഞു തന്നാലും.

വസിഷ്ഠന്‍ പറഞ്ഞു: ആധിയും വ്യാധിയും ദു:ഖങ്ങളെ തരുന്നു. അവയെ വര്‍ജ്ജിക്കാന്‍ കഴിഞ്ഞാല്‍ അത് സുഖം. അവ തീരെ ഇല്ലാതായാല്‍ മുക്തി. ചിലപ്പോള്‍ അവ പരസ്പരം ചേര്‍ന്ന് അല്ലെങ്കില്‍ ഒന്നിനുപിറകെ മറ്റൊന്നായി  പ്രകടമാവും; പരസ്പരം കാരണങ്ങളുമാവും.

“ദേഹത്തിന്റെ രോഗാവസ്ഥയാണ് വ്യാധി. മാനസീക വൈകല്യങ്ങളാല്‍ ഉണ്ടാവുന്ന ഞരമ്പു രോഗമാണ് ആധി. ഇത് രണ്ടും അജ്ഞാനജന്യവും ദുഷ്കൃതവുമാണ്‌. ആത്മജ്ഞാനത്തോടെ അല്ലെങ്കില്‍ സത്യം അറിയുന്നതോടെ ഇവ ഇല്ലാതാവുന്നു.” 

അജ്ഞാനം ആത്മനിയന്ത്രണം ഇല്ലാതാക്കുന്നു. അപ്പോള്‍ നാം ഇഷ്ടാനിഷ്ടങ്ങള്‍ക്ക് വിധേയരാവുന്നു. അപ്പോള്‍ ‘എനിക്കിത് നേടണം, എനിക്കിത് നേടാനുണ്ട്’ തുടങ്ങിയ ചിന്തകള്‍ നാം വെച്ച് പുലര്‍ത്തുന്നു. ഇതെല്ലാം നമ്മിലെ ഭ്രമത്തെ പരിപോഷിപ്പിച്ച് മാനസീകരോഗങ്ങള്‍ ഉണ്ടാക്കുന്നു. ദേഹാസ്വാസ്ഥ്യങ്ങള്‍ ഉണ്ടാവുന്നതും അജ്ഞതമൂലമാണ്. അവയ്ക്ക് അനുബന്ധമായി മനസ്സിന്റെ നിയന്ത്രണം വിട്ടുപോവുന്നു. അനിയന്ത്രിതമായ ആഹാരവും അനുചിതമായ ജീവിതരീതികളും അങ്ങിനെ ഒരുവനില്‍ ശീലമാവുന്നു.

അസമയത്തുള്ള പ്രവര്‍ത്തനങ്ങള്‍ , ആരോഗ്യപരമല്ലാത്ത ജീവിത രീതികള്‍ , ദുഷ്ടസഹവാസം, ദുഷ് ചിന്തകള്‍ , എന്നിവയാണ് വ്യാധിയുണ്ടാവാനുള്ള മറ്റു ചിലകാരണങ്ങള്‍ .  നാഡികള്‍ ക്ഷീണിതമാവുന്നതുകൊണ്ടും അത് സ്തംഭിക്കുന്നതുകൊണ്ടും അതിലെ രക്തചംക്രമണം തടസ്സപ്പെടുന്നതുകൊണ്ടും പ്രാണശക്തിയുടെ സ്വഛന്ദമായ ഒഴുക്ക് തടയപ്പെടാം. മോശമായ ചുറ്റുപാടുകളും അസുഖങ്ങള്‍ ഉണ്ടാക്കാം. എന്നാല്‍ ഇതെല്ലാം ഭൂതകാലകര്‍മ്മങ്ങളുടെ അടിസ്ഥാനത്തിലാണ് നിര്‍ണ്ണയിക്കപ്പെടുക.

ഭൂതകാലമെന്നാല്‍ ഇപ്പോള്‍ക്കഴിഞ്ഞുപോയ സമയമോ വളരെ മുന്‍പുള്ള കാലമോ ആകാം.  

Feb 19, 2014

422 യോഗവാസിഷ്ഠം നിത്യപാരായണം ദിവസം 422

തത്പഞ്ചധാ ഗതം ദ്വിത്വം ലക്ഷ്യസേ ത്വം സ്വസംവിദം
അന്തര്‍ഭൂതവികാരാദി ദീപാദ്ദീപശതാം യഥാ  (6/80/56)

രാമന്‍ ചോദിച്ചു: അനന്താവബോധം ഇപ്പോഴും അവിച്ഛിന്നമാണല്ലോ? അപ്പോള്‍പ്പിന്നെ ഈ കുണ്ഡലിനി ഉണര്‍ന്നുയര്‍ന്ന്‍ അതിന്റെ അവബോധം പ്രകടമാക്കുന്നതെങ്ങിനെ?

വസിഷ്ഠന്‍ പറഞ്ഞു: തീര്‍ച്ചയായും എല്ലായിടത്തും എല്ലാക്കാലത്തും നിലനില്‍ക്കുന്നത് അനന്താവബോധം മാത്രമാണ്. എന്നാല്‍ അവിടവിടെ പല ഘടകങ്ങളായി ബോധം പ്രകടമാവുന്നു എന്ന് മാത്രം. സൂര്യരശ്മികള്‍ എല്ലാത്തിനെയും പ്രകാശിപ്പിക്കുന്നു. എന്നാല്‍ ആ രശ്മികള്‍ ഒരു കണ്ണാടിയില്‍ പതിക്കുമ്പോഴുള്ള പ്രതികരണം ഒന്ന് വേറെയാണല്ലോ? അതുപോലെ, അനന്തമായ അവബോധം ചിലതില്‍ നഷ്ടപ്രായമായും മറ്റുചിലതില്‍ പ്രകടമായും കാണപ്പെടുന്നു. ഇനിയും ചിലവയില്‍ ബോധം അതിന്റെ എല്ലാ മഹിമയോടും കൂടി പ്രത്യക്ഷമാവുന്നു.

ആകാശം, അല്ലെങ്കില്‍ നീശ്ശൂന്യത എല്ലായിടത്തും അത് മാത്രമാണ്. അതുപോലെ ബോധം എപ്പോഴും ബോധമാണ്. കാഴ്ചയില്‍ എങ്ങിനെയായാലും അതിനു മാറ്റമൊന്നുമില്ല. ബോധം തന്നെയാണ് പഞ്ചഭൂതങ്ങള്‍ .

“നിന്നിലുള്ള അതേ ബോധം തന്നെയാണ് പ്രപഞ്ചത്തിന്റെ അടിസ്ഥാന മൂലഘടകങ്ങളായ പഞ്ചഭൂതങ്ങളിലുമുള്ളത്. സ്വയമുള്ളില്‍ നാം നമ്മെത്തന്നെ കാണുന്നതുപോലെയും, ഒരേയൊരു ദീപത്തില്‍ നിന്നും നൂറു ദീപങ്ങള്‍ തെളിയിക്കുന്നതുപോലെയുമാണിത്.”

ചിന്തയിലെ ചെറിയൊരു ചലനംമൂലം ബോധമെന്ന സത്ത അഞ്ചു മൂലഘടകങ്ങളായി മാറി, അതില്‍നിന്നും ദേഹവും സംജാതമായി. അതുപോലെ, ഒരേ ബോധം തന്നെയാണ് പുഴുക്കളും പക്ഷിമൃഗാദികളും ലോഹധാതുക്കളും ഭൂമിയും ജലവും മറ്റെല്ലാമായി കാണപ്പെടുന്നത്.

ഈ പ്രപഞ്ചം എന്നത് ബോധമെന്ന ഊര്‍ജ്ജത്തിന്റെ ചലനമാണ്. അതാണ്‌ പഞ്ചഭൂതങ്ങളായി കാണപ്പെടുന്നത്. ചിലയിടങ്ങളില്‍ ഈ ഊര്‍ജ്ജം തികച്ചും ചൈതന്യവത്താണ്. മറ്റുചിലയിടങ്ങളില്‍ ആ ചൈതന്യം അത്ര പ്രകടമല്ലാതാനും. തണുത്ത കാറ്റില്‍ ജലം മഞ്ഞുകട്ടയാവുന്നു. പ്രകൃതി ഇങ്ങിനെയാണ്‌ നിലവില്‍ വന്നത്. എല്ലാമെല്ലാം പ്രകൃതിയിലാണല്ലോ നിലകൊള്ളുന്നത്. ഇതെല്ലാം വെറും വാക്കുകളുടെ ഒരു കളി മാത്രമാണെന്ന് തിരിച്ചറിയുക. ചൂട്, തണുപ്പ്, മഞ്ഞുകട്ട, അഗ്നി, ഇവയെല്ലാം പ്രകൃതിയല്ലാതെ മറ്റെന്താണ്? അവയിലെ വ്യതിരിക്തത അവയില്‍ നാം ആരോപിക്കുന്ന ഉപാധികളെയും  ചിന്തകളെയും ആശ്രയിച്ചിരിക്കുന്നു.
ജ്ഞാനി ഈ ഉപാധികളുടെ സ്വഭാവത്തെപ്പറ്റി – അവ മറഞ്ഞിരുന്നാലും തെളിഞ്ഞിരുന്നാലും, നല്ലതാണെങ്കിലും അല്ലെങ്കിലും - മനനം ചെയ്യുന്നു. അത്തരം മനനം പ്രയോജനപ്രദമാണ്. എന്നാല്‍ ഇവയെക്കുറിച്ചുള്ള തര്‍ക്കങ്ങള്‍ ആകാശത്തോടു മല്ലയുദ്ധം ചെയ്യുന്നതുപോലെ വിഫലമാണ്.  
 
മറഞ്ഞിരിക്കുന്ന ഉപാധികള്‍ ചൈതന്യമില്ലാത്ത വസ്തുക്കളെ ഉണ്ടാക്കുന്നു. ചൈതന്യവത്തായ ഉപാധികള്‍ ദേവന്മാര്‍ക്കും, മനുഷ്യര്‍ക്കും മറ്റും നിദാനമാവുന്നു. ചിലതില്‍ ഈ ഉപാധികള്‍ ഘനസാന്ദ്രവും മറ്റു ചിലതില്‍ അത് മുക്തിസാധകവും, സൂക്ഷ്മവുമായിരിക്കും. ഉപാധികള്‍ ഒന്നുമാത്രമാണ് നാനാത്വഭാവത്തിനു കാരണം.

സൃഷ്ടിയുടെ, അതായത് വിശ്വമെന്ന വടവൃക്ഷത്തിന്റെ വിത്താണ് പ്രഥമചിന്ത. വൈവിധ്യമാര്‍ന്ന അതിന്റെ ശാഖകളില്‍ പൂത്തുതളിര്‍ത്തുണ്ടായ ഫലങ്ങളാണ്  ഭൂതഭാവിവര്‍ത്തമാനങ്ങള്‍ . ഈ വൃക്ഷം പഞ്ചഭൂതാത്മകമത്രെ. പഞ്ചഭൂതങ്ങളോ, അവ സ്വയം ആവീര്‍ഭവിച്ചു, സ്വയമേവ തിരോഭവിക്കുന്നവയാണ്. അവ സ്വയം പലതായി വളര്‍ന്നു വികസിച്ച്, ഒടുവില്‍ ഒന്നുചേര്‍ന്ന്‍ പ്രശാന്തിയടയുന്നു. 

Feb 18, 2014

421 യോഗവാസിഷ്ഠം നിത്യപാരായണം ദിവസം 421

സാ ചോക്താ കുണ്ഡലീനാമ്നാ കുണ്ഡലാകാരവാഹിനീ
പ്രാണിനാം പരമാ ശക്തിഃ സര്‍വ്വ ശക്തിജവ പ്രദാ (6/80/42)

വസിഷ്ഠന്‍ തുടര്‍ന്നു: എല്ലാ സിദ്ധികളും സ്ഥലകാലങ്ങളേയും പരിശ്രമത്തെയും മാര്‍ഗ്ഗത്തേയും ആശ്രയിച്ചിരിക്കുന്നു. ഇതില്‍ പരിശ്രമം തന്നെയാണ് ഏറ്റവും പ്രധാനം. എന്തെങ്കിലും നേടുവാനുള്ള ഉദ്യമങ്ങള്‍ നമ്മുടെ പരിശ്രമത്തിന്റെ ആര്‍ജ്ജവമനുസരിച്ചാണ് നടപ്പിലാവുക. സിദ്ധിസാധ്യങ്ങള്‍ക്കായി വിചിത്രങ്ങളായ കര്‍മ്മങ്ങള്‍ ചെയ്യുന്നവരുണ്ട്. എന്നാല്‍ അപക്വമതികളായ അത്തരക്കാര്‍ അപകടകാരികളത്രേ. മന്ത്രഗുളിക, മാന്ത്രികവടി, മരതകക്കല്ലുകള്‍ , മരുന്നുകള്‍ , ആത്മപീഢനങ്ങള്‍ , ആഭിചാരക്രിയകള്‍ ഇവയെല്ലാം ഇത്തരം ശ്രമങ്ങളാണ്. 

ശ്രീശൈലം, മേരു, മുതലായ പുണ്യസ്ഥലങ്ങളിലെ താമസംകൊണ്ട് സിദ്ധികള്‍ നേടാമെന്ന തോന്നലും അസംബന്ധമത്രെ. 

അതുകൊണ്ട് ശിഖിധ്വജന്റെ കഥയുമായി ബന്ധപ്പെട്ട, സിദ്ധികള്‍ സ്വായത്തമാക്കാന്‍ പോന്ന  ഒരു പ്രാണായാമമാര്‍ഗ്ഗം ഞാന്‍ പറഞ്ഞു തരാം. ശ്രദ്ധിച്ചാലും. താന്‍ നേടാന്‍ ആഗ്രഹിക്കുന്ന സിദ്ധിയ്ക്ക് യോജിക്കാത്ത എല്ലാ ശീലങ്ങളും വാസനകളും സാധകന്‍ ഉപേക്ഷിക്കണം. ശരീരത്തിലെ നവദ്വാരങ്ങളും അടയ്ക്കാനും പലവിധ യോഗാസനങ്ങളില്‍ ഇരിക്കാനും അയാള്‍ക്ക് കഴിയണം. ആഹാരം പരിശുദ്ധമായിരിക്കണം. ശാസ്ത്രതത്വങ്ങളുടെ ആന്തരാര്‍ത്ഥത്തെപ്പറ്റി അയാള്‍ ചിന്തിക്കുകയും വേണം. ശരിയായ പ്രവൃത്തികള്‍ , പുണ്യവ്യക്തികളുമായുള്ള സഹവാസം എന്നിവ അനിവാര്യം. എല്ലാം സംത്യജിച്ചു സുഖാസനത്തില്‍ അയാള്‍ ഉപവിഷ്ടനാവണം. അങ്ങിനെയിരുന്നു ക്രോധലോഭാദികള്‍ ഇല്ലാതെ പ്രാണായാമം പരിശീലിക്കുമ്പോള്‍ പ്രാണന്‍ അയാളുടെ വരുതിയില്‍ നില്‍ക്കുന്നു.

ഭൂമിയുടെ ഭരണാധികാരം മുതല്‍ നിര്‍വാണപദംപോലും പ്രാണവായുവിന്റെ സഞ്ചാരഗതിയലാണ് സാധിതമാകുന്നത്. ദേഹത്തിനുള്ളില്‍ അന്ത്രവേഷ്ടിക എന്നൊരു നാഡിയുണ്ട്. നൂറുകണക്കിന് മറ്റു നാഡികളുടെ ഉറവിടവും അവയെ സഞ്ചയിപ്പിക്കുന്ന കേന്ദ്രവുമാണത്. എല്ലാ ജീവികളിലും – മനുഷ്യര്‍ , മൃഗങ്ങള്‍ , ദേവന്മാര്‍ , പുഴുക്കള്‍ , മത്സ്യങ്ങള്‍ എന്നുവേണ്ട എല്ലാറ്റിലും അത് നിലകൊള്ളുന്നു. അത് ഉത്ഭവസ്ഥാനത്ത് ചുരുണ്ടുകൂടിയാണിരിക്കുന്നത്. ദേഹത്തിന്റെ എല്ലാ ഭാഗങ്ങളുമായി – അരഭാഗം മുതല്‍ ശിരോഗ്രം വരെ- അതിനു നേരിട്ട് ബന്ധമുണ്ട്. ഈ നാഡിക്കുള്ളിലായി പരമമായ ഒരു ശക്തിവിശേഷം കുടികൊള്ളുന്നു.

‘കുണ്ഡലിനി എന്നാണിതിനു പേര്. അതിന്റെ വര്‍ത്തുളമായ രൂപമാണീ നാമത്തിനു കാരണം. എല്ലാ ജീവികളിലെയും പരമശക്തിയ്ക്ക് നിദാനമായിരിക്കുന്നത് ഇതാണ്. എല്ലാ ശക്തികളെയും ചടുലമാക്കുന്നത് കുണ്ഡലിനിയാണ്. ഹൃദയസ്ഥിതമായ പ്രാണന്‍ കുണ്ഡലിനിയില്‍ എത്തുമ്പോള്‍ അവിടെ പ്രകൃതിഘടകങ്ങളെക്കുറിച്ചുള്ള വിവരം ലഭിക്കുകയും തുടര്‍ന്ന് കുണ്ഡലിനി ചടുലമായി ചുരുള്‍നിവര്‍ന്ന്‍ അവബോധം അങ്കുരിക്കുകയും ചെയ്യുന്നു. മറ്റു ചൈതന്യവാഹികളായ നാഡികള്‍ കുണ്ഡലിനിയുമായി കൂട്ടിഘടിപ്പിച്ചതുപോലെയാണ് അവയുടെ പ്രവര്‍ത്തനം. ബോധത്തിന്റെയും അറിവിന്റെയും ജ്ഞാനത്തിന്റെയും ബീജമാണ് കുണ്ഡലിനി.

Feb 17, 2014

420 യോഗവാസിഷ്ഠം നിത്യപാരായണം ദിവസം 420

ജ്ഞസ്യോപേക്ഷാത്മകം നാമ മുഢസ്യാദേയതാം ഗതം
ഹേയം സ്ഫരവിരാഗസ്യ ശൃണു സിദ്ധിക്രമ: കഥം (6/80/24)
രാജ്ഞിയുടെ വാക്കുകളുടെ ആന്തരാര്‍ത്ഥം മനസ്സിലാവാതെ ശിഖിധ്വജന്‍ പൊട്ടിച്ചിരിച്ചുകൊണ്ട് പറഞ്ഞു: നീ ബാലിശമായി ഒരു വിവരവുമില്ലാതെ എന്തോ പുലമ്പുന്നു. എന്തെങ്കിലും ഒന്നിനും വേണ്ടിയല്ലാതെ എല്ലാം ഉപേക്ഷിച്ചാല്‍ , യഥാര്‍ത്ഥത്തില്‍ ഉള്ള വസ്തുവിനെ വേണ്ടെന്നു വെച്ച് നിശ്ശൂന്യതയെ പ്രാപിച്ചാല്‍ , എങ്ങിനെയാണ് ഒരാളില്‍ ഐശ്വര്യവും ശോഭയും തിളങ്ങി വിളങ്ങുക? 
ക്രോധം വരുമ്പോള്‍ ചിലപ്പോള്‍ നാം പറഞ്ഞേക്കാം ‘എനിക്കീ പട്ടുമെത്തയൊന്നും വേണ്ട, സുഖാനുഭവങ്ങളെ ത്യജിക്കുന്നതിലാണ് എനിക്ക് സന്തോഷം’, എന്നൊക്കെ. എന്നാല്‍ അത് പ്രബുദ്ധതയുടെ ലക്ഷണമൊന്നുമല്ല. ഒരാള്‍ എല്ലാ സുഖങ്ങളും വേണ്ടെന്നുവെച്ച് വെറും ശൂന്യതയിലാണ് ആഹ്ലാദമെന്നു പറയുന്നത് അസംബന്ധമാണ്.
ആഹാരശയ്യാവസ്ത്രാദികള്‍ എല്ലാം ഉപേക്ഷിച്ച് ഒരുവന്‍ ‘താനിപ്പോള്‍ സന്തുഷ്ടനാണ്’ എന്ന് പറയുന്നതും അത്രതന്നെ വിവരക്കേടാണ്. ‘ഞാന്‍ ശരീരമല്ല, ഞാന്‍ മറ്റൊന്നും അല്ല, നിശ്ശൂന്യതയാണെല്ലാമെല്ലാം’ എന്നൊക്കെയുള്ള വര്‍ത്തമാനം വെറും ജല്പനങ്ങള്‍ മാത്രമല്ലേ? ‘ഞാന്‍ കാണുന്നത് ഞാന്‍ കാണുന്നില്ല, ഞാന്‍ കാണുന്നത് മറ്റെന്തോ ആണ്’, തുടങ്ങിയ ഉദീരണങ്ങളും അങ്ങിനെതന്നെ. എല്ലാം വിട്ടുകളയൂ. നിനക്ക് കിട്ടിയിട്ടുള്ള സമൃദ്ധിയും ഐശ്വര്യവും  വേണ്ടപോലെ ആസ്വദിക്കുക. ഞാന്‍ നിനക്ക് കൂട്ടായി ഉണ്ടാവും. ജീവിതം ആസ്വദിക്കൂ.

വസിഷ്ഠന്‍ തുടര്‍ന്നു: ഇത്രയും പറഞ്ഞ് രാജാവ് അന്തപ്പുരം വിട്ടു പോയി. ‘കഷ്ടം രാജാവിന് ഞാന്‍ പറഞ്ഞതിന്റെ പൊരുള്‍ മനസ്സിലായില്ലല്ലോ’, ചൂഡാല വിചാരിച്ചു. അവള്‍ തന്റെ പ്രവര്‍ത്തനങ്ങള്‍ പതിവുപോലെ തുടര്‍ന്നു. അവര്‍ ഏറെക്കാലം അങ്ങിനെ സുഖമായിക്കഴിഞ്ഞു.

ചൂഡാലയ്ക്ക് സാധാരണയായി ആഗ്രഹങ്ങളൊന്നും തന്നെ ഉണ്ടായിരുന്നില്ല. എങ്കിലും അന്നൊരു ദിവസം ആകാശഗമനം ചെയ്‌താല്‍കൊള്ളാം എന്നവള്‍ക്ക് തോന്നി. ഈ സിദ്ധി സ്വായത്തമാക്കാന്‍ വേണ്ടി ചൂഡാല ഏകാന്തമായ ഒരിടത്തെത്തി, ആകാശത്തേയ്ക്ക് ഉയര്‍ന്നു പൊങ്ങാന്‍ ഉതകുന്ന വായുസഞ്ചാരം തനിക്കു ചുറ്റും കണ്ടെത്തി.

രാമാ, മൂന്നുതരത്തിലാണ് സ്വായത്തമാക്കാൻ കഴിയുന്ന നേട്ടങ്ങള്‍ ഈ ലോകത്തുള്ളത്. അഭികാമ്യം, മ്ലേഛം, അവഗണനാര്‍ഹം, എന്നിങ്ങിനെ ഇവയെ വേര്‍തിരിക്കാം. അഭികാമ്യമായവയെ എത്ര കഠിനാദ്ധ്വാനം ചെയ്തും നാം കരസ്ഥമാക്കുന്നു. മ്ലേഛമായവയെ ഉപേക്ഷിക്കുന്നു. ഇതിനിടയിലുള്ളവയാണ് അവഗണിക്കാവുന്നവ.

സാധാരണയായി അഭികാമ്യനേട്ടങ്ങള്‍ നമ്മില്‍ സന്തോഷമുണ്ടാക്കുന്നു. അതിനു വിപരീതമായവയാണ് അനഭികാമ്യം. പ്രബുദ്ധരായവരില്‍ ഇത്തരം തരംതിരിവുകള്‍ ഇല്ല. കാരണം അവര്‍ക്കിതെല്ലാം വെറും ലീലയാണ്. അവര്‍ക്ക് കാണുന്നതും അല്ലാത്തതുമായ എല്ലാത്തിനോടും തികഞ്ഞ നിര്‍മമമതയാണുള്ളത്. 

“സിദ്ധികളാര്‍ജ്ജിക്കുവാനുള്ള മാര്‍ഗ്ഗങ്ങള്‍ ഇനി ഞാന്‍ പറഞ്ഞു തരാം. അവയോട് ആത്മജ്ഞാനമുള്ള യോഗികള്‍ക്ക് താല്‍പ്പര്യമേതുമില്ല. ഭ്രമങ്ങള്‍ക്കടിമയായ ഒരുവന് സിദ്ധികള്‍ അഭികാമ്യമാണ്, എന്നാല്‍ ആത്മജ്ഞാനകുതുകികളായ സാധകര്‍ സിദ്ധികളെ വര്‍ജ്ജിക്കുകയാണ് ചെയ്യുക.” 

Feb 16, 2014

419 യോഗവാസിഷ്ഠം നിത്യപാരായണം ദിവസം 419

ഇദം ചാഹമിദം നാഹം സത്യാ ചാഹം ന ചാപ്യഹം
സര്‍വാസ്മി ന കിഞ്ചിച്ച തേനാഹം ശ്രിമതീ സ്ഥിതാ (6/79/28)
വസിഷ്ഠന്‍ തുടര്‍ന്നു: ദിവസങ്ങള്‍ കടക്കുന്തോറും രാജ്ഞി കൂടുതല്‍ അന്തര്‍മുഖിയായിത്തീര്‍ന്ന്‍ ആത്മാനന്ദത്തില്‍ അഭിരമിച്ചു. യാതൊരാസക്തിയും ചൂഡാലയെ ഭ്രമിപ്പിച്ചില്ല. രാജ്ഞി യാതൊന്നിനെയും നിരാകരിക്കാതെയും യാതൊന്നും ആഗ്രഹിക്കാതെയും തികച്ചും സ്വാഭാവികമായി ചുറുചുറുക്കോടെ എന്നാല്‍ അയത്നലളിതമായി പ്രവര്‍ത്തിച്ചു വന്നു. അവളില്‍ സംശയങ്ങള്‍ എല്ലാം അസ്തമിച്ചിരുന്നു. ഭാവാഭാവങ്ങളുടെ സാഗരത്തിനുമപ്പുറം സമാനതകളില്ലാത്ത പ്രശാന്തതയില്‍ അവള്‍ വിശ്രാന്തിയോടെ നിലകൊണ്ടു.
ഇങ്ങിനെ കഴിഞ്ഞ കുറച്ചുകാലംകൊണ്ട് ഇക്കാണായ ലോകമെന്ന  കെട്ടുകാഴ്ചകള്‍ വന്നതുപോലെതന്നെ തിരിച്ചുപോവുമെന്ന് ചൂഡാല മനസ്സിലാക്കി. ആത്മജ്ഞാനത്തിന്റെ പ്രഭയില്‍ അവള്‍ ഭാസുരപ്രഭയാര്‍ന്നു ശോഭിച്ചു.

രാജ്ഞിയില്‍ പ്രകടമായ പ്രബുദ്ധതയും പ്രശാന്തിയും കണ്ട് ശിഖിധ്വജന്‍ പറഞ്ഞു: നിനക്ക് യുവത്വം തിരികെ കിട്ടിയതുപോലെയുണ്ടല്ലോ?  പ്രിയേ, നിന്നില്‍ അത്യസാധാരണമായ ഒരു ശോഭ ഞാന്‍ കാണുന്നുണ്ട്. നിനക്ക് യാതൊന്നിലും ആസക്തിയില്ല, നിന്നെ ഒന്നിനും സ്വാധീനിക്കാനും കഴിയില്ല. നിന്നില്‍ ആനന്ദം നിറഞ്ഞിരിക്കുന്നത് എനിക്ക് അറിയാനാകുന്നുണ്ട്. പറയൂ, ദേവന്മാര്‍ക്ക് മാത്രം കിട്ടുന്ന അമൃത് നിനക്ക് സ്വായത്തമായോ? കിട്ടാന്‍ പ്രയാസമേറിയ എന്തോ നിനക്ക് ലഭ്യമായിട്ടുണ്ട്. നിശ്ചയം!

ചൂഡാല പറഞ്ഞു: ഏതെങ്കിലുമൊക്കെ രൂപഭാവങ്ങളാല്‍ മൂര്‍ത്തീകരിക്കപ്പെട്ട നിശ്ശൂന്യതയെ ഞാന്‍ ഉപേക്ഷിച്ചു. പുറത്തുള്ള കാഴ്ച്ചയിലല്ല, മറിച്ച്, സത്യത്തിന്റെ വേരിലാണ് ഞാന്‍ പിടിമുറുക്കിയിരിക്കുന്നത്. ‘ഇതി’നെയെല്ലാം ഞാന്‍ ഉപേക്ഷിച്ചു. എന്നിട്ട് ‘ഇതിനും അതിനും’ എല്ലാം അതീതമായ 'ഒന്നി'ല്‍ ഞാന്‍ വിശ്രാന്തിയടയുന്നു. അത് സത്താസത്തുക്കള്‍ക്ക് അതീതമത്രേ. അത് എന്തെങ്കിലും ആണെന്നും അല്ലെന്നും പറയാം. ‘അതിനെ’ ഞാന്‍ അതായിമാത്രം അറിയുന്നു. സുഖാനുഭവങ്ങളെ ഞാന്‍ ഉപേക്ഷിക്കുംപോഴും അവയെ ആസ്വദിക്കുന്ന അനുഭവം എനിക്ക് നഷ്ടമാവുന്നില്ല. ആഹ്ലാദത്തിനോ ക്രോധത്തിനോ ഞാന്‍ വശംവദനല്ല. എന്റെ ഹൃദയത്തില്‍ സുദൃഢമായിരിക്കുന്ന സ്വരൂപത്തില്‍ ഞാന്‍ സന്തുഷ്ടിയാര്‍ന്നു നിലകൊള്ളുന്നു. കാരണം ആ പ്രഭയെന്നില്‍ പ്രശോഭിച്ചു നില്‍ക്കുകയാണല്ലോ? രാജകീയഭോഗങ്ങള്‍ എന്റെ ശ്രദ്ധയെ വ്യതിചലിപ്പിക്കുന്നില്ല. നന്ദനോദ്യാനത്തില്‍ ഇരിക്കുമ്പോഴും എന്നിലെ ആത്മരതിയ്ക്ക് മാറ്റമേതുമില്ല. സുഖാനുഭവങ്ങളില്‍ ആസക്തിയോ അവയുടെ ഭോഗത്തില്‍ എനിക്ക് ലജ്ജയോ ഇല്ല.

ഈ വിശ്വം ഭരിക്കുന്നത് ഞാനാണ്. ഞാന്‍ പരിമിതപ്പെട്ട ജീവനല്ല. ആത്മാവില്‍ അഭിരമിക്കുന്ന സത്യമാണ് ഞാന്‍. അതാണെന്റെയീ പ്രശോഭമായ ഭാവത്തിന് കാരണം.

‘ഇത് ഞാന്‍, ഞാന്‍ ഇതല്ല, 
സത്യമാണ് ഞാന്‍; 
ഞാന്‍, ഇല്ല.
ഞാന്‍ എല്ലാമാണ്, അല്ല.
അതിനാല്‍ ഞാന്‍ പ്രശോഭിതയാണ്.

ഞാന്‍ സമ്പത്തോ സുഖമോ ദാരിദ്ര്യമോ മറ്റൊരുതരത്തിലുള്ള അസ്തിത്വഭാവമോ  ആഗ്രഹിക്കുന്നില്ല. സ്വാഭാവികമായി വന്നുചേരുന്നതെന്തോ  അതാണെനിക്ക് പഥ്യം.

ശാസ്ത്രജ്ഞാനത്തിന്റെ പിന്‍ബലത്തില്‍ ആകര്‍ഷണ വികര്‍ഷണങ്ങളുടെ അവസ്ഥകളുമായി ഒരു ലീലയിലെന്നപോലെ ഞാന്‍ പൊരുത്തപ്പെട്ടു കഴിയുന്നു. അതിനാലാണ് എന്നിലീ മുഖപ്രസാദം കാണാനാവുന്നത്. ഞാന്‍ ഈ കണ്ണുകൊണ്ട് എന്ത് കണ്ടാലും മറ്റ് ഇന്ദ്രിയങ്ങള്‍ എന്തൊക്കെ അനുഭവിച്ചാലും മനസ്സെന്തൊക്കെ ഗ്രഹിച്ചാലും എന്നില്‍ ഞാന്‍ ഒരേയൊരു സത്യത്തെ മാത്രമേ കാണുന്നുള്ളൂ. ആ കാഴ്ച എന്നില്‍ സദാ സുവിദിതമാണ്!.

Feb 15, 2014

418 യോഗവാസിഷ്ഠം നിത്യപാരായണം ദിവസം 418

ന തസ്യ ജന്മമരണേ ന തസ്യ സദസദ്‌ഗതീ
ന നാശ: സംഭവത്യസ്യ ചിന്‍മാത്രനഭസ: ക്വചിദ് (6/78/43)
വസിഷ്ഠന്‍ തുടര്‍ന്നു: സ്വയം ഇങ്ങിനെയൊരുണര്‍വ്വുണ്ടായ രാജ്ഞി പ്രഖ്യാപിച്ചു: 'ഒടുവില്‍ നേടേണ്ടതെന്താണോ അത് ഞാന്‍ നേടിയിരിക്കുന്നു. ഇനി നഷ്ടപ്പെടാന്‍ ഒന്നുമില്ല'.

മനസ്സും ഇന്ദ്രിയങ്ങളുമെല്ലാം ബോധത്തിന്റെ പ്രതിഫലനം മാത്രമാണ്. ആയഥാര്‍ത്ഥമാണെങ്കിലും അവ ബോധത്തില്‍ നിന്നും സ്വതന്ത്രമായിരിക്കുന്നു. പരമമായ അവബോധം മാത്രമേ വാസ്തവത്തില്‍ നിലനില്‍ക്കുന്നുള്ളു. അഹംകാരലേശമില്ലാതെ പരിപൂര്‍ണ്ണസമതയില്‍ മാലിന്യമേതും ബാധിക്കാതെ പരമസത്യമായി നില്‍ക്കുന്നത് അത് മാത്രമാണ്.

ഈ സത്യമൊരിക്കല്‍ സാക്ഷാത്ക്കരിക്കാന്‍ കഴിഞ്ഞാല്‍ അത് നിതാന്തഭാസുരമായി ഉപാധികള്‍ ഒന്നുമില്ലാതെ തന്നെ പ്രോജ്വലിക്കും. ഈ ബോധമാണ് ബ്രഹ്മം, പരമാത്മാവ്‌ എന്നീ പല പേരുകളില്‍ അറിയപ്പെടുന്നത്. അതില്‍ വിഷയ-വിഷയീ ഭേദമോ അവ തമ്മിലുള്ള ബന്ധമോ അതിനെക്കുറിച്ചുള്ള അറിവോ ഇല്ല. ബോധം സ്വയം സ്വരൂപത്തെപ്പറ്റി ബോധവാനാവുന്നു. അത്രതന്നെ. അതങ്ങിനെ ആവുകയേ തരമുള്ളൂ. കാരണം ‘ബോധവിഷയം’ എന്നൊന്ന് സത്യമാവുക അസാദ്ധ്യം.

ഈ ബോധം തന്നെയാണ് മനസ്സായും ബുദ്ധിയായും ഇന്ദ്രിയങ്ങളായും പ്രകടമാവുന്നത്. ഈ പ്രത്യക്ഷലോകവും ബോധത്തിന്റെ തന്നെ മറ്റൊരു പ്രകടിതഭാവമല്ലാതെ മറ്റൊന്നും ആവുകവയ്യ. ബോധത്തിന് മാറ്റങ്ങള്‍ ഇല്ല. മാറ്റങ്ങള്‍ ഉണ്ടെന്നു തോന്നുന്നത് തുലോം ഭ്രമാത്മകവും ആപേക്ഷികവുമത്രേ. സങ്കല്‍പ്പസമുദ്രത്തിലെ അലകളും വെറും സങ്കല്‍പ്പം മാത്രം.

മനോവസ്തു എന്നത് സമുദ്രമാണെങ്കില്‍ അതിലെ ചിന്തകളാകുന്ന അലകളും മനസ്സ് തന്നെ. ബോധത്തില്‍ ഉയരുന്ന ലോകമെന്ന കാഴ്ചയും ബോധവിഭിന്നമല്ല.

“അഹംകാരരഹിതമായ, സര്‍വ്വവ്യാപിയായ ശുദ്ധബോധമാണ് ഞാന്‍. ഈ ബോധത്തിന് ജനനമരണങ്ങളില്ല. ഇതിനൊരിക്കലും നാശമുണ്ടാകുന്നില്ല, കാരണം ഇത് ആകാശമെന്നതുപോലെ നിലകൊള്ളുന്നു. ഇതിനെ മുറിക്കാനോ എരിച്ചുകളയാനോ  സാധിക്കില്ല. വികലത തൊട്ടു തീണ്ടാത്ത ശുദ്ധാവബോധത്തിന്റെ ഭാസുരതയാണ് ഞാന്‍.

എല്ലാ വിഭ്രാന്തികളുമൊഴിഞ്ഞു പ്രശാന്തയാണ് ഞാന്‍. ദേവതകളും രാക്ഷസന്മാരും മറ്റനേകം ജീവജാലങ്ങളും എല്ലാം ബോധം മാത്രമാണ്. അവയൊന്നും വ്യതിരിക്തമായ സത്തകളായി ഉണ്ടായിട്ടേയില്ല. അവയുടെ കാഴ്ച വെറും ഭ്രമാത്മകമാണ്‌. കളിമണ്ണുകൊണ്ട് നിര്‍മ്മിച്ച പട്ടാളക്കാര്‍ എങ്ങിനെയാണ് യാഥാര്‍ത്ഥ്യമാവുക?

കാഴ്ചയും കാഴ്ചക്കാരനും വാസ്തവത്തില്‍ ഒന്നാണ്. ഒരേ ബോധം മാത്രമാണ്. ‘ഇതെല്ലാം ഒന്നാണ്’, ‘ഇതെല്ലാം വിഭിന്നങ്ങളാണ്’ തുടങ്ങിയ ഭ്രമാത്മകഭാവങ്ങള്‍ എങ്ങിനെയാണ് ഉൽഭവിക്കാനിടയായത്? ആരിലാണവ ഉയര്‍ന്നത്? ആരുടേതാണാ ഭാവങ്ങള്‍ ?

ഞാന്‍ ഈ നിര്‍വാണപദത്തില്‍ അഭിരമിക്കുന്നു. മനശ്ചഞ്ചലതയേതുമില്ലാതെ സചേതനവും അചേതനവും ആയ എല്ലാം ശുദ്ധാവബോധം മാത്രമാണെന്നുള്ള അറിവിന്റെ നിറവാണെന്നിലിപ്പോള്‍ ഉള്ളത്. ‘അത്’, ‘ഇത്’ എന്നീ തരം തിരിവുകള്‍ക്ക്‌ ഇനി പ്രസക്തിയില്ല. ഭാവാഭാവങ്ങള്‍ക്കും സ്ഥാനമില്ല. എല്ലാം പ്രശാന്തം.’ ഇങ്ങിനെ പരമമായ പ്രശാന്തഭാവത്തില്‍ ചൂഡാല പൂര്‍ണ്ണമായ വിശ്രാന്തിയോടെ ജീവിച്ചുപോന്നു.

Feb 14, 2014

417 യോഗവാസിഷ്ഠം നിത്യപാരായണം ദിവസം 417

അസത്യജഡചേത്യാംശചയനാച്ചിദ്വപുര്‍ജഡം
മഹാജലഗതോ ഹ്യഗ്നിര്‍വ രൂപം സ്വമുഞ്ജതി (6/78/26)
വസിഷ്ഠന്‍ തുടര്‍ന്നു: അങ്ങിനെ ശിഖിധ്വജനും ചൂഡാലയും അലസമായ ഒരു നിമിഷംപോലും ഇല്ലാതെ ഉല്ലാസത്തോടെ ഏറെക്കാലം കഴിഞ്ഞു. കാലത്തിന്റെ ഗതിയെ തടുക്കാന്‍ ആര്‍ക്കും കഴിയില്ലല്ലോ. ജാലവിദ്യക്കാരന്റെ ചെപ്പടിവിദ്യയെന്നപോലെ  ജീവജാലങ്ങള്‍ ഉണ്ടായി മറയുന്നു. സുഖാസക്തി, വില്ലില്‍ നിന്നും പുറപ്പെട്ട അമ്പുപോലെ പിടിവിട്ടുപാഞ്ഞുപോവുന്നു. ദുഖങ്ങളോ, പച്ചമാംസം കടിച്ചുപറിക്കുന്നൊരു കഴുകനേപ്പോലെ മനസ്സിനെ മഥിക്കുന്നു.
‘എന്ത് നേടിയാലാണ് മനസ്സൊരിക്കലുമിനി ദുഖത്തിനടിമപ്പെടാതിരിക്കുക?’ എന്നൊരു ചിന്തയുടെ പരിണിതഫലമായി ഈ ദിവ്യദമ്പതിമാര്‍ അത്മീയതയിലേയ്ക്കും ശാസ്ത്രപഠനത്തിലേയ്ക്കും അവരുടെ ശ്രദ്ധയെ തിരിച്ചു. ആത്മജ്ഞാനം ഒന്നുകൊണ്ടു മാത്രമേ ദുഖത്തിനവസാനം ഉണ്ടാവൂ എന്നവര്‍ക്ക് ബോദ്ധ്യമായി. സര്‍വ്വാത്മനാ ആത്മജ്ഞാനലബ്ദിക്കായി അവര്‍ സ്വയം സമര്‍പ്പിച്ചു, മഹാത്മാക്കളുടെ സത്സംഗം തേടി. അവരെ സ്വീകരിച്ചു പൂജിച്ചു. പരസ്പരം ആത്മവിദ്യാപരമായ കാര്യങ്ങള്‍ ചര്‍ച്ചചെയ്തും അതിനായി പ്രോത്സാഹിപ്പിച്ചും കാലം കഴിച്ചു.

ആത്മജ്ഞാനത്തെപ്പറ്റി നിരന്തരം ചിന്തിച്ചു വരവേ രാജ്ഞി ഇങ്ങിനെ ആലോചിച്ചു. ‘എനിക്ക് എന്നെ കാണാം, എങ്കിലും ‘ഞാന്‍ ആര്’ എന്ന ചോദ്യം എന്നില്‍ അങ്കുരിക്കുന്നു. എങ്ങിനെയാണ് അവിദ്യയും ഭ്രമവും നമ്മിലുണ്ടാവുന്നത്? ഈ ദേഹം വെറും ജഡമാണ്. അത് ആത്മാവാകാന്‍ യാതൊരു സാദ്ധ്യതയുമില്ല. മനസ്സില്‍ ചിന്തകളുടെ സഞ്ചാരമുണ്ടാവുമ്പോള്‍ മാത്രമേ ദേഹത്തെപ്പറ്റി നമുക്കറിവുണ്ടാവുന്നുള്ളു. കര്‍മ്മേന്ദ്രിയങ്ങള്‍ എന്റെ തന്നെ ദേഹത്തിന്റെ ഭാഗമായതിനാല്‍ അവയും ജഡം തന്നെ. ഇന്ദ്രിയങ്ങളും സ്വയം ജഡമാകാനേ തരമുള്ളൂ. കാരണം മനസ്സിനെ ആശ്രയിച്ചാണല്ലോ അവയ്ക്ക് പ്രവര്‍ത്തനക്ഷമതയുണ്ടാവുന്നത്. ഈ മനസ്സുപോലും ജഡമാണെന്ന് ഇപ്പോള്‍ ഞാനറിയുന്നു. മനസ്സാണ് ധാരണകളും സങ്കല്‍പ്പങ്ങളും വെച്ചുപുലര്‍ത്തുന്നത്. എന്നാല്‍ അതിനെയെല്ലാം നിര്‍ണ്ണയിച്ച് നയിക്കുന്നത് ബുദ്ധിയാണ്. ഈ ബുദ്ധിയെ നയിക്കാന്‍ അഹംകാരമുള്ളതിനാല്‍ ബുദ്ധിയും ജഡമാണ് എന്ന് പറയാം. ഇല്ലാത്ത ഭൂതത്തെ സങ്കല്‍പ്പിച്ചുണ്ടാക്കുന്ന കുട്ടിയെപ്പോലെ  ഈ അഹംകാരത്തെ സങ്കല്‍പ്പിച്ചു കൊണ്ടുനടക്കുന്നത് ജീവനാണല്ലോ. അപ്പോള്‍ അഹംകാരവും ജഡം തന്നെയെന്നു വരുന്നു.

ശുദ്ധാവബോധം ജീവശക്തിയെന്ന വസ്ത്രം ധരിച്ചപോലുള്ള ഒരു പ്രതിഭാസമത്രേ ജീവന്‍!. അത് ഹൃദയത്തിലാണ് നിവസിക്കുന്നത്. ‘കിട്ടിപ്പോയി! ഈ ആത്മാവ് തന്നെയാണ് അനന്തമായ ശുദ്ധാവബോധം! അതാണ്‌ ജീവനായി നിലകൊള്ളുന്നത്. അതായത് അവബോധം സ്വയം സ്വരൂപത്തെപ്പറ്റി അറിയുന്നതാണ് ജീവന്‍.

‘ഈ വസ്തു വാസ്തവത്തില്‍ സ്വയം ചൈതന്യരഹിതമാണ്. അസത്താണ്. കാരണം ആത്മാവ് ഇതുമായി താതാത്മ്യം പ്രാപിച്ച് സ്വയം ബോധസ്വരൂപത്തെ മറന്നതുപോലെ അചേതനവസ്തുവാല്‍ മൂടപ്പെടുകയാണ്.

അതാണ്‌ ബോധത്തിന്റെ സ്വഭാവം. അതെന്തു സങ്കല്‍പ്പിക്കുന്നുവോ അത് യാഥാതഥമാവുന്നു. അത് സത്തോ അസത്തോ ആയിക്കൊള്ളട്ടെ, സ്വരൂപത്തെ മറന്നെന്നപോലെ അതങ്ങിനെ ആയിത്തീരുകയാണ്. ആത്മാവ് ശുദ്ധബോധമാണെങ്കിലും അതതു ധാരണാതലത്തിനനുസരിച്ച് അത് ചേതനവും അചേതനവുമായി നിലകൊള്ളുന്നു. ഇങ്ങിനെ നിരന്തരം ധ്യാനനിമഗ്നയായിരുന്ന്‍ ചൂഡാല പ്രബുദ്ധതയെ പ്രാപിച്ചു.   

Feb 12, 2014

416 യോഗവാസിഷ്ഠം നിത്യപാരായണം ദിവസം 416

യദന്യദ്ബഹുശോ ഭൂത്വാ പുനര്‍ഭവതി ഭൂരിശ:
അഭൂതൈവ ഭവത്യന്യ: പുനശ്ച ന ഭവത്യലം
അന്യത്പ്രാക് സംനിവേശാഠ്യം സാദൃശ്യേന വിവല്‍ഗതി (6/77/7)

വസിഷ്ഠന്‍ തുടര്‍ന്നു: രാമാ, അങ്ങിനെ ഭഗീരഥനെപ്പോലെ സമതാഭാവം കൈക്കൊണ്ടു ജീവിച്ചാലും. ശിഖിധ്വജനെപ്പോലെ എല്ലാം സംത്യജിച്ച് അചഞ്ചലനായി നിലകൊണ്ടാലും.  ഇപ്പറഞ്ഞ  ശിഖിധ്വജന്റെ കഥ ഇനി ഞാന്‍ വിവരിക്കാം. ശ്രദ്ധിക്കൂ.

ഒരിടത്ത് രണ്ടു മിഥുനങ്ങള്‍ ജീവിച്ചു മരിച്ച് വീണ്ടും മറ്റൊരു കാലത്ത് മറ്റൊരിടത്ത് പുനര്‍ജനിച്ചു. അവരുടെ ദിവ്യപ്രേമം അത്ര തീവ്രമായിരുന്നതാണ് അതിന്റെ കാരണം.

രാമന്‍ ചോദിച്ചു: ഒരിടത്ത് ഒരു കാലത്ത് ജീവിച്ചിരുന്ന ദമ്പതികള്‍ എങ്ങിനെയാണ് മറ്റൊരു കാലഘട്ടത്തില്‍ ജനിച്ചുവളര്‍ന്ന് വീണ്ടും ദമ്പതികളായിത്തീരുക?

വസിഷ്ഠന്‍ പറഞ്ഞു: അതാണ്‌ രാമാ ലോകക്രമത്തിന്റെ സൂക്ഷ്മതലം. “ചിലകാര്യങ്ങള്‍ ധാരാളമായി ഉണ്ടാവും. അത് വീണ്ടും അങ്ങിനെതന്നെ പ്രകടമാവുന്നു. മറ്റുചിലത് ഒരിക്കല്‍ മാത്രമുണ്ടായി വീണ്ടുമൊരിക്കലും പുനര്‍ജനിക്കാതെ എന്നെന്നേയ്ക്കുമായി വിലയിക്കുന്നു. മറ്റുചിലത് പഴയ രൂപഭാവങ്ങളോടെ തന്നെ വീണ്ടും ജനിക്കുന്നു.” അത് സമുദ്രത്തിലെ അലകള്‍ പോലെയാണ്. സദൃശങ്ങളായവായും പരസ്പര ബന്ധമില്ലാത്തവയും അലകളായി സമുദ്രത്തില്‍ ധാരാളമുണ്ടല്ലോ.

മാല്വ രാജ്യത്ത് ശിഖിധ്വജന്‍ എന്നപേരില്‍ ഒരു രാജാവുണ്ടായിരുന്നു. രാജകീയമായ എല്ലാ ഗുണങ്ങളും അദ്ദേഹത്തില്‍ നിറഞ്ഞു വിളങ്ങി. അദ്ദേഹം ധർമ്മിഷ്ഠനും, മഹാനുഭാവനും, ധൈര്യശാലിയും വിനയാന്വിതനുമായിരുന്നു. പിതാവ് നഷ്ടപ്പെട്ടിരുന്നതിനാല്‍ ചെറുപ്പമായിരുന്നുവെങ്കിലും അദ്ദേഹം മന്ത്രിമാരുടെ സഹായത്തോടെ രാജ്യഭരണം ഭംഗിയായി നിര്‍വ്വഹിച്ചു വന്നു.

കാറ്റില്‍ വസന്തഋതുവിന്റെയും പ്രണയത്തിന്റെയും ലഹരി പടര്‍ന്നുനിന്ന ഒരു ദിവസം രാജാവ് തനിക്കുചേര്‍ന്ന ഒരിണയ്ക്കായി ആഗ്രഹിച്ചു. രാപ്പകലുകള്‍ മാരചിന്തയില്‍ അദ്ദേഹം മുഴുകിപ്പോയി. മിടുക്കന്മാരായ മന്ത്രിമാര്‍ രാജാവിന്റെ മനോഗതം മനസ്സിലാക്കി. അവര്‍ സൌരാഷ്ട്രത്തിലെ രാജാവിനെ കണ്ട് അദ്ദേഹത്തിന്‍റെ മകളെ തങ്ങളുടെ രാജാവിനായി വിവാഹമാലോചിച്ചു. താമസംവിനാ ശിഖിധ്വജന്‍ അവിടത്തെ രാജകുമാരിയായ ചൂഡാലയെ പാണിഗ്രഹണം ചെയ്തു.

ശിഖിധ്വജനും ചൂഡാലയും ഒരു ജീവനും രണ്ടു ദേഹങ്ങളും പോലെ ആയിരുന്നു. പരസ്പരാനുരാഗത്തിന്റെ തേരില്‍ അവരങ്ങിനെ സന്തോഷത്തോടെ കേളിയാടി. നന്ദനോദ്യാനങ്ങളില്‍ കളിയാടാന്‍ അവര്‍ക്ക് താല്‍പ്പര്യമുള്ള അനേകം കാര്യങ്ങള്‍ ഉണ്ടായിരുന്നു. കൂമ്പിയ താമരയുടെ ഇതള്‍വിടര്‍ത്തുന്ന സൂര്യനെന്നപോലെ രാജാവിന്റെ സ്നേഹം ചൂഡാലയെ സന്തോഷിപ്പിച്ചു. അവര്‍ സ്നേഹം മാത്രമല്ല, തങ്ങളുടെ ജ്ഞാനവും വിവേകവും പരസ്പരം പങ്കുവച്ചു. അങ്ങിനെയവര്‍ രണ്ടാളും സകലകലകളിലും പ്രവീണ്യം നേടി. രണ്ടാളും പരസ്പരം താന്താങ്ങളുടെ ഹൃദയപ്രഭ മറ്റെയാള്‍ക്ക് സ്വാഭാവികമായി പകര്‍ന്നു നല്‍കി. അവരെക്കണ്ടാല്‍ ഭഗവാന്‍ വിഷ്ണു ലക്ഷ്മീദേവിയോടോപ്പം എന്തെങ്കിലും കാര്യസാദ്ധ്യത്തിനായി ഭൂമിയില്‍ അവതരിച്ചതാണോ എന്ന് തോന്നുമായിരുന്നു. 

Feb 10, 2014

415 യോഗവാസിഷ്ഠം നിത്യപാരായണം ദിവസം 415

സമ: ശാന്തമനാ മൌനീ വീതരാഗോ വിമത്സര:
പ്രാപ്തകാര്യൈകകരണ: സ തിരോഹിതതവിസ്മയ: (6/76/10)

വസിഷ്ഠന്‍ തുടര്‍ന്നു:  ഗുരുവിന്റെ ഉപദേശം കേട്ട് പൂര്‍ണ്ണമായും ലോകത്തെ സംന്യസിക്കുന്നതിന്റെ മുന്നോടിയായി ഒരു മഹത് യാഗം നടത്താന്‍ ഭഗീരഥന്‍ തീരുമാനിച്ചു. മൂന്നു ദിവസംകൊണ്ട് തന്റേതായിരുന്ന സ്വത്തുക്കളെല്ലാം ബന്ധുക്കള്‍ക്കും പുരോഹിതന്മാര്‍ക്കുമായി അദ്ദേഹം ദാനം നല്‍കി. അവര്‍ക്കത്‌ ലഭിക്കാനുള്ള യോഗ്യതയുണ്ടോ എന്നൊന്നും അദ്ദേഹം നോക്കിയില്ല. രാജ്യാതിര്‍ത്തിയ്ക്ക് പുറത്തുള്ള ശത്രുരാജാവിന് തന്റെ രാജ്യം കൈമാറ്റം ചെയ്തു നല്‍കുകയും ചെയ്തു. വെറുമൊരു കൌപീനം മാത്രം ധരിച്ചുകൊണ്ട് നഗരകാന്താരങ്ങളില്‍ അദ്ദേഹം അലഞ്ഞുനടന്നു. താമസംവിനാ അദ്ദേഹത്തിനു പരമശാന്തി സ്വായത്തമായി.

ആകസ്മികമായി ഭഗീരഥന്‍ തന്റെതന്നെ രാജ്യത്ത് ഭിക്ഷാംദേഹിയായി തിരിച്ചെത്തി. അവിടത്തെ ജനങ്ങള്‍ അദ്ദേഹത്തെ തിരിച്ചറിഞ്ഞു ബഹുമാനിച്ചു. വീണ്ടും രാജ്യഭരണം ഏറ്റെടുക്കാന്‍ അദ്ദേഹത്തോട് അഭ്യര്‍ത്ഥിച്ചു. എന്നാല്‍ ഭക്ഷണമല്ലാതെ മറ്റൊന്നും അദ്ദേഹം അവരില്‍ നിന്നും സ്വീകരിച്ചില്ല.

‘എത്രകഷ്ടം! ഇത് നമ്മുടെ രാജാവ് ഭഗീരഥനാണ്. അദ്ദേഹത്തിനുപോലും ഈ ദൌര്‍ഭാഗ്യം എങ്ങിനെയാണ് വന്നുചേര്‍ന്നത്! നഗരവാസികള്‍ വിലപിച്ചു. ഭഗീരഥന്‍ തന്റെ ഗുരുവിനെ ഒന്നുകൂടി പോയിക്കണ്ടു. അവര്‍ ആത്മീയമായ കാര്യങ്ങളെപ്പറ്റി ചര്‍ച്ചചെയ്തുകൊണ്ട് രാജ്യം മുഴുവന്‍ ചുറ്റിക്കറങ്ങി.

‘നാമെന്തിനാണ്‌ ഈ ശരീരമെന്ന ഭാരം ചുമന്നുകൊണ്ടുനടക്കുന്നത്? അല്ലെങ്കില്‍ എന്തിനാണ് അതിനെ ഉപേക്ഷിക്കുന്നതിനെപ്പറ്റി ആലോചിക്കുന്നത്? അതങ്ങിനെ തന്നെ നിലനിന്നുകൊള്ളട്ടെ!’ അവര്‍ക്ക് സുഖദുഖങ്ങള്‍ ഉണ്ടായിരുന്നില്ല. എന്നാല്‍ അവര്‍ മധ്യമാര്‍ഗ്ഗികള്‍ ആയിരുന്നു എന്ന് പറയാനും വയ്യ. ദേവന്മാര്‍ അവര്‍ക്ക് സമ്പത്തും യോഗസിദ്ധികളും വെച്ച് നീട്ടിയാല്‍ അവയെ തൃണസമാനം തള്ളിക്കളയാന്‍ അവര്‍ക്ക് സാധിക്കുമായിരുന്നു.

അവിടെയൊരു രാജ്യത്ത് രാജാവ് മരിച്ചത് കാരണം നഗരവാസികള്‍ പുതിയൊരാളെ കണ്ടെത്തുന്ന ശ്രമത്തിലായിരുന്നു. കൌപീനമാത്ര ധാരിയായി ഭഗീരഥന്‍ ആ രാജ്യത്തപ്പോള്‍ ഉണ്ടായിരുന്നു. മന്ത്രിമാര്‍ അദ്ദേഹത്തെ രാജാവാകാന്‍ യോഗ്യതയുള്ള ഒരാളായി തിരഞ്ഞെടുത്തു. അദ്ദേഹത്തെ ആനപ്പുറത്തിരുത്തി കൊട്ടാരത്തിലേയ്ക്ക് കൊണ്ടുപോയി. അങ്ങിനെ അദ്ദേഹം വീണ്ടും ഒരു രാജാവായി. അവിടെ രാജ്യം ഭരിക്കുമ്പോള്‍ തന്റെ പഴയരാജ്യത്തിലെ ആളുകള്‍ വീണ്ടും അദേഹത്തെ കണ്ട് ആ രാജ്യം കൂടി ഏറ്റെടുക്കണമെന്ന് അഭ്യര്‍ത്ഥിച്ചു.

അദ്ദേഹം സമ്മതിച്ചു. അങ്ങിനെ അദ്ദേഹം ചക്രവര്‍ത്തിയായി. “സ്വയം പ്രശാന്തതകൈവന്ന്‍, മനസ്സൊതുങ്ങി നിശ്ശബ്ദമായി. ആഗ്രഹങ്ങളും അസൂയാദികളും ഒഴിഞ്ഞ് അദ്ദേഹം ഉചിതങ്ങളായ കര്‍മ്മങ്ങള്‍ സന്ദര്‍ഭാനുസരണം നിര്‍വഹിച്ചു വന്നു.”

മരിച്ചുപോയ പിതൃക്കള്‍ക്ക്‌ പ്രീതിയുണ്ടാവാന്‍ ഗംഗാജലം കൊണ്ട് തര്‍പ്പണം ചെയ്യണമെന്ന് അദ്ദേഹം മനസ്സിലാക്കി. ആകാശത്തുനിന്നും ഗംഗയെ ഭൂമിയിലേയ്ക്ക് കൊണ്ടുവരാന്‍ തപസ്സനുഷ്ഠിക്കാന്‍ അദ്ദേഹം തീരുമാനിച്ചു. മന്ത്രിമാരെ രാജ്യഭാരം എല്‍പ്പിച്ച് തപസ്സിനായി അദ്ദേഹം കാട്ടില്‍ പോയി. ഏറ്റവും ബുദ്ധിമുട്ടേറിയ ആ കാര്യം അദ്ദേഹം ദേവകളെ പ്രീതിപ്പെടുത്തിയ ‘ഭഗീരഥപ്രയത്നം’ കൊണ്ടു  സാധിച്ചു. പരമശിവന്റെ ജഡയെ അലങ്കരിച്ചിരുന്ന ആകാശഗംഗ അങ്ങിനെയാണ് ഭൂമിയിലെത്തി ഒഴുകാന്‍ തുടങ്ങിയത്. അങ്ങിനെ എല്ലാവര്‍ക്കും പിതൃപ്രീതിക്കായി ഗംഗാജലതര്‍പ്പണം ചെയ്യാന്‍ സാദ്ധ്യമായി. 

Feb 9, 2014

414 യോഗവാസിഷ്ഠം നിത്യപാരായണം ദിവസം 414

യേന പ്രാപ്തേന ലോകേസ്മിന്‍ ന പ്രാപ്യമവശിഷ്യതേ
തത്കൃതം സുകൃതം മന്യേ ശേഷം കര്‍മ വിഷൂചികാ (6/74/17)

രാമന്റെ അഭ്യര്‍ത്ഥന മാനിച്ച് വസിഷ്ഠന്‍ ഭഗീരഥന്റെ ആ കഥ വിവരിച്ചു. ധര്‍മ്മിഷ്ഠനായ ഒരു രാജാവായിരുന്നു അദ്ദേഹം. മഹാത്മാക്കള്‍ക്കും സന്യാസിമാര്‍ക്കും അദ്ദേഹം എല്ലാവിധ സഹായങ്ങളും സമ്മാനങ്ങളും നല്‍കി. എന്നാല്‍ ദുഷ്ടജനങ്ങള്‍ക്ക് അദ്ദേഹം ഒരു പേടിസ്വപ്നമായിരുന്നു. ദാരിദ്ര്യത്തിന്റെ മൂലകാരണം കണ്ടെത്തി അതിനെ ഇല്ലാതാക്കാന്‍ അദ്ദേഹം നന്നായി പരിശ്രമിച്ചു. മഹാത്മാക്കളുടെ സാമീപ്യംകൊണ്ട് തന്നെ അദ്ദേഹം ഭക്തിപരവശനായിത്തീരുമായിരുന്നു. ഈ ഭഗീരഥനാണ് കഠിനപ്രയത്നം ചെയ്ത് ഗംഗയെ ഭൂമിയിലേയ്ക്ക് കൊണ്ടുവന്നത്. ഇതിനായി അദ്ദേഹത്തിന് വലിയ വൈതരണികള്‍ കടക്കേണ്ടതായും  ബ്രഹ്മാവിഷ്ണുമഹേശ്വരന്മാരുടെയും മഹര്‍ഷി ജഹ്നുവിന്റെയും പ്രീതി ആര്ജ്ജിക്കേണ്ടതായും വന്നു.

ഈ പരിശ്രമത്തില്‍ അദ്ദേഹം കൂടെക്കൂടെ നിരാശയും പരാജയവും അനുഭവിക്കുകയും ചെയ്തു. ചെറുപ്പത്തിലേ തന്നെ അദ്ദേഹം വിവേകവും വിജ്ഞാനവും സ്വായത്തമാക്കിയിരുന്നു. ഒരിക്കല്‍ ഏകനായിരുന്ന് അദ്ദേഹമിങ്ങിനെ ആലോചിച്ചു. ‘ഈ ലോകജീവിതം വാസ്തവത്തില്‍ കേവലം അര്‍ത്ഥശൂന്യമാണ്. ഇതുകൊണ്ട് യാതൊരു പ്രയോജനവുമില്ല. ദിനരാത്രങ്ങള്‍ ഓടിയോടി പരസ്പരം മത്സരിക്കുകയാണ്. ആളുകള്‍ ദിനവും പ്രയോജനമില്ലാത്ത കാര്യങ്ങള്‍ ആവര്‍ത്തിച്ചു ചെയ്തുകൊണ്ടേയിരിക്കുന്നു.

“ഏതൊരു പ്രയത്നമാണോ അതിന്റെ അവസാനത്തില്‍ നമ്മെ ഇനിയൊരു പ്രയത്നങ്ങളും ആവശ്യമില്ലാത്ത ഒരതീതതലത്തില്‍ എത്തിക്കുന്നത്, അതിനെ മാത്രമേ ഞാന്‍ ഉചിതമായ പ്രവൃത്തിയായി കണക്കാക്കുകയുള്ളൂ. ബാക്കിയെല്ലാം വെറും വയറിളക്കംപോലെയുള്ള ആവര്‍ത്തനങ്ങള്‍ മാത്രം.”

അദ്ദേഹം തന്റെ ഗുരുവായ ത്രിതലന്റെ അടുത്തുപോയി ഇങ്ങിനെ പ്രാര്‍ത്ഥിച്ചു. ‘ഗുരോ, എങ്ങിനെയാണ് ഒരുവന് ജനനമരണചക്രങ്ങള്‍ക്ക് നിദാനമായ ഈ ദുരിതങ്ങളും ജരാനരകളും മരണവും മോഹവിഭ്രാന്തിയും മറ്റും അവസാനിപ്പിക്കാന്‍ കഴിയുക?’

ത്രിതലമുനി പറഞ്ഞു: അറിയേണ്ടതറിഞ്ഞു കഴിഞ്ഞാല്‍ , ഭിന്നതയെന്ന ഭാവംതന്നെ ഇല്ലാതായാല്‍ , പൂര്‍ണ്ണത്വം  അനുഭവമായാല്‍ , സ്വയം ആത്മസമതയില്‍ ഏറെക്കാലം അഭിരമിക്കുവാന്‍ കഴിഞ്ഞാല്‍ , സംശയങ്ങള്‍ ഇല്ലാതാവും. എല്ലാ ബന്ധങ്ങളും കെട്ടഴിഞ്ഞു സ്വതന്ത്രമാവും. അതോടെ ഒരുവന്റെ ദുഖദുരിതങ്ങള്‍ ഇല്ലാതെയാവും.

എന്താണ് അറിയേണ്ടതായുള്ളത്? അത് ആത്മാവാണ്. അത് നിത്യശുദ്ധം. ശുദ്ധമായ, അനന്തമായ ആത്മബോധം. അത് സര്‍വ്വവ്യാപിയും സനാതനവുമത്രേ.

ഭഗീരഥന്‍ ചോദിച്ചു: ദേഹം സത്യമല്ലെന്നും ആത്മാവ് മാത്രമേ ഉണ്മയായുള്ളു എന്നും എനിക്കറിയാം. എന്നാല്‍ എന്തുകൊണ്ടാണെനിയ്ക്ക് ഇക്കാര്യം ഉള്ളില്‍ തെളിഞ്ഞ വിളക്കുപോലെ അനുഭവമാകാത്തത്?

ത്രിതലന്‍ പറഞ്ഞു: നിന്നിലുള്ള  ധിഷണാപരമായ അത്തരം അറിവ്, ഉണര്‍ച്ചയുള്ള അറിവല്ല. ഭാര്യാഗൃഹപുത്രാദികളോടു പോലുമുള്ള നിര്‍മമത, സുഖദുഖാദിദ്വന്ദങ്ങളോടുള്ള സമതാഭാവം, എകാന്തതയോടുള്ള ആഭിമുഖ്യം, ആത്മജ്ഞാനത്തിലുള്ള സുദൃഢമായ അറിവ്, ഇതൊക്കെയാണ് ശരിയായ ജ്ഞാനം. ബാക്കിയെല്ലാം വെറും അവിദ്യ. അഹങ്കാരം ഇല്ലാതെയാവുമ്പോഴേ ആത്മജ്ഞാനം ഉണരുകയുള്ളു. 

ഭാഗീരഥന്‍ ചോദിച്ചു: ഭഗവന്‍, ഈ അഹം എന്നത് ദേഹത്തില്‍ ഉറച്ചുപോയതിനാല്‍ അതിനെ എങ്ങിനെയാണ് വേരോടെ പിഴുതെറിയാന്‍ നമുക്കാവുക?

ത്രിതലമുനി പറഞ്ഞു: സ്വപ്രയത്നം. സുഖാസക്തികളില്‍ നിന്നും മനസ്സുറപ്പോടെയുള്ള വിരക്തി. പിന്നെ വൃഥാഭിമാനത്തിന്റെയും പൊങ്ങച്ചത്തിന്റെയും തടവറ പൊട്ടിച്ചു പുറത്തുകടക്കാനുള്ള ആര്‍ജ്ജവം. ഇതെല്ലാം നിനക്ക് അനുഷ്ഠിക്കാന്‍ കഴിയുമെങ്കില്‍ അഹംകാരം ഇല്ലാതെയാവും. അപ്പോള്‍ നിനക്ക് സ്വയം പരമാത്മാവാണെന്നുള്ള സാക്ഷാത്ക്കാരമാവും.