സമ: ശാന്തമനാ മൌനീ വീതരാഗോ
വിമത്സര:
പ്രാപ്തകാര്യൈകകരണ: സ
തിരോഹിതതവിസ്മയ: (6/76/10)
വസിഷ്ഠന്‍ തുടര്‍ന്നു: ഗുരുവിന്റെ ഉപദേശം കേട്ട് പൂര്‍ണ്ണമായും
ലോകത്തെ സംന്യസിക്കുന്നതിന്റെ മുന്നോടിയായി ഒരു മഹത് യാഗം നടത്താന്‍ ഭഗീരഥന്‍
തീരുമാനിച്ചു. മൂന്നു ദിവസംകൊണ്ട് തന്റേതായിരുന്ന സ്വത്തുക്കളെല്ലാം ബന്ധുക്കള്‍ക്കും
പുരോഹിതന്മാര്‍ക്കുമായി അദ്ദേഹം ദാനം നല്‍കി. അവര്‍ക്കത് ലഭിക്കാനുള്ള
യോഗ്യതയുണ്ടോ എന്നൊന്നും അദ്ദേഹം നോക്കിയില്ല. രാജ്യാതിര്‍ത്തിയ്ക്ക് പുറത്തുള്ള
ശത്രുരാജാവിന് തന്റെ രാജ്യം കൈമാറ്റം ചെയ്തു നല്‍കുകയും ചെയ്തു. വെറുമൊരു കൌപീനം
മാത്രം ധരിച്ചുകൊണ്ട് നഗരകാന്താരങ്ങളില്‍ അദ്ദേഹം അലഞ്ഞുനടന്നു. താമസംവിനാ
അദ്ദേഹത്തിനു പരമശാന്തി സ്വായത്തമായി.
ആകസ്മികമായി ഭഗീരഥന്‍
തന്റെതന്നെ രാജ്യത്ത് ഭിക്ഷാംദേഹിയായി തിരിച്ചെത്തി. അവിടത്തെ ജനങ്ങള്‍ അദ്ദേഹത്തെ
തിരിച്ചറിഞ്ഞു ബഹുമാനിച്ചു. വീണ്ടും രാജ്യഭരണം ഏറ്റെടുക്കാന്‍ അദ്ദേഹത്തോട് അഭ്യര്‍ത്ഥിച്ചു.
എന്നാല്‍ ഭക്ഷണമല്ലാതെ മറ്റൊന്നും അദ്ദേഹം അവരില്‍ നിന്നും സ്വീകരിച്ചില്ല.
‘എത്രകഷ്ടം! ഇത് നമ്മുടെ രാജാവ്
ഭഗീരഥനാണ്. അദ്ദേഹത്തിനുപോലും ഈ ദൌര്‍ഭാഗ്യം എങ്ങിനെയാണ് വന്നുചേര്‍ന്നത്!
നഗരവാസികള്‍ വിലപിച്ചു. ഭഗീരഥന്‍ തന്റെ ഗുരുവിനെ ഒന്നുകൂടി പോയിക്കണ്ടു. അവര്‍
ആത്മീയമായ കാര്യങ്ങളെപ്പറ്റി ചര്‍ച്ചചെയ്തുകൊണ്ട് രാജ്യം മുഴുവന്‍ ചുറ്റിക്കറങ്ങി.
‘നാമെന്തിനാണ് ഈ ശരീരമെന്ന
ഭാരം ചുമന്നുകൊണ്ടുനടക്കുന്നത്? അല്ലെങ്കില്‍ എന്തിനാണ് അതിനെ
ഉപേക്ഷിക്കുന്നതിനെപ്പറ്റി ആലോചിക്കുന്നത്? അതങ്ങിനെ തന്നെ നിലനിന്നുകൊള്ളട്ടെ!’
അവര്‍ക്ക് സുഖദുഖങ്ങള്‍ ഉണ്ടായിരുന്നില്ല. എന്നാല്‍ അവര്‍ മധ്യമാര്‍ഗ്ഗികള്‍
ആയിരുന്നു എന്ന് പറയാനും വയ്യ. ദേവന്മാര്‍ അവര്‍ക്ക് സമ്പത്തും യോഗസിദ്ധികളും
വെച്ച് നീട്ടിയാല്‍ അവയെ തൃണസമാനം തള്ളിക്കളയാന്‍ അവര്‍ക്ക് സാധിക്കുമായിരുന്നു.
അവിടെയൊരു രാജ്യത്ത് രാജാവ് മരിച്ചത് കാരണം നഗരവാസികള്‍ പുതിയൊരാളെ കണ്ടെത്തുന്ന ശ്രമത്തിലായിരുന്നു. കൌപീനമാത്ര ധാരിയായി ഭഗീരഥന്‍ ആ രാജ്യത്തപ്പോള്‍ ഉണ്ടായിരുന്നു. മന്ത്രിമാര്‍ അദ്ദേഹത്തെ രാജാവാകാന്‍ യോഗ്യതയുള്ള ഒരാളായി തിരഞ്ഞെടുത്തു. അദ്ദേഹത്തെ ആനപ്പുറത്തിരുത്തി കൊട്ടാരത്തിലേയ്ക്ക് കൊണ്ടുപോയി. അങ്ങിനെ അദ്ദേഹം വീണ്ടും ഒരു രാജാവായി. അവിടെ രാജ്യം ഭരിക്കുമ്പോള്‍ തന്റെ പഴയരാജ്യത്തിലെ ആളുകള്‍ വീണ്ടും അദേഹത്തെ കണ്ട് ആ രാജ്യം കൂടി ഏറ്റെടുക്കണമെന്ന് അഭ്യര്‍ത്ഥിച്ചു.
അദ്ദേഹം സമ്മതിച്ചു. അങ്ങിനെ
അദ്ദേഹം ചക്രവര്‍ത്തിയായി. “സ്വയം പ്രശാന്തതകൈവന്ന്‍, മനസ്സൊതുങ്ങി നിശ്ശബ്ദമായി.
ആഗ്രഹങ്ങളും അസൂയാദികളും ഒഴിഞ്ഞ് അദ്ദേഹം ഉചിതങ്ങളായ കര്‍മ്മങ്ങള്‍ സന്ദര്‍ഭാനുസരണം
നിര്‍വഹിച്ചു വന്നു.”
മരിച്ചുപോയ പിതൃക്കള്‍ക്ക്
പ്രീതിയുണ്ടാവാന്‍ ഗംഗാജലം കൊണ്ട് തര്‍പ്പണം ചെയ്യണമെന്ന് അദ്ദേഹം മനസ്സിലാക്കി.
ആകാശത്തുനിന്നും ഗംഗയെ ഭൂമിയിലേയ്ക്ക് കൊണ്ടുവരാന്‍ തപസ്സനുഷ്ഠിക്കാന്‍ അദ്ദേഹം
തീരുമാനിച്ചു. മന്ത്രിമാരെ രാജ്യഭാരം എല്‍പ്പിച്ച് തപസ്സിനായി അദ്ദേഹം കാട്ടില്‍
പോയി. ഏറ്റവും ബുദ്ധിമുട്ടേറിയ ആ കാര്യം അദ്ദേഹം ദേവകളെ പ്രീതിപ്പെടുത്തിയ
‘ഭഗീരഥപ്രയത്നം’ കൊണ്ടു സാധിച്ചു.
പരമശിവന്റെ ജഡയെ അലങ്കരിച്ചിരുന്ന ആകാശഗംഗ അങ്ങിനെയാണ് ഭൂമിയിലെത്തി ഒഴുകാന്‍
തുടങ്ങിയത്. അങ്ങിനെ എല്ലാവര്‍ക്കും പിതൃപ്രീതിക്കായി ഗംഗാജലതര്‍പ്പണം ചെയ്യാന്‍
സാദ്ധ്യമായി.
No comments:
Post a Comment
Note: Only a member of this blog may post a comment.