ഉപദേശക്രമോ രാമാ വ്യവസ്ഥാമാത്രപാലനം
ജ്ഞപ്തേസ്തു കാരണം ശുദ്ധാ ശിഷ്യപ്രജ്ഞൈവ രാഘവ (6/83/13)
വസിഷ്ഠന്‍ തുടര്‍ന്നു: അങ്ങിനെ ചൂഡാല മഹാരാജ്ഞിയ്ക്ക് അണുമാത്രമാവാനും
ഭീമാകാരമാവാനും മറ്റുമുള്ള സിദ്ധികള്‍ കൈവന്നു. തന്റെ ഭര്‍ത്താവിന്റെ സാമീപ്യം
നഷ്ടപ്പെടുത്താതെതന്നെ രാജ്ഞി ആകാശത്തും സമുദ്രത്തിന്റെ ആഴങ്ങളിലും ഭൂമിയിലങ്ങോളമിങ്ങോളവും ചുറ്റിനടന്നു. അവള്‍ മരം,
കല്ല്, പുല്‍ക്കൊടി, ആകാശം, ജലം, എന്നുവേണ്ട എല്ലാ വസ്തുക്കള്‍ക്കുള്ളിലും യാതൊരു
തടസ്സങ്ങളും കൂടാതെ കടന്നുചെന്നു. ആകാശചാരികളായ യക്ഷകിന്നരന്മാരുമായും
മുക്തികൈവന്ന മഹാപുരുഷന്മാരുമായും അവള്‍ സംഭാഷണത്തില്‍ ഏര്‍പ്പെട്ടു. തന്റെ
പ്രിയതമനെ തന്നെപ്പോലെ പ്രബുദ്ധതയിലേയ്ക്ക് നയിക്കാന്‍ രാജ്ഞി
പരിശ്രമിച്ചുവെങ്കിലും അദ്ദേഹം അവളുടെ ഈ കിറുക്കിനെ പരിഹസിക്കുകയാണുണ്ടായത്. അയാള്‍
അവിദ്യയില്‍ തുടര്‍ന്നു. രാജാവിന് മുന്നില്‍ തന്റെ അപരാസിദ്ധികള്‍
പ്രകടിപ്പിക്കുന്നത് ബുദ്ധിപരമല്ല എന്നവള്‍ക്ക് മനസ്സിലായി.
രാമന്‍ ചോദിച്ചു:
സിദ്ധയോഗിനിയായ ചൂഡാലയ്ക്ക് പോലും തന്റെ പ്രിയതമനായ രാജാവില്‍ പ്രബുദ്ധതയുണര്‍ത്താന്‍
കഴിഞ്ഞില്ല. അദ്ദേഹത്തെ ആത്മവിദ്യ അഭ്യസിപ്പിക്കാന്‍ അവള്‍ക്കായില്ല. ആപ്പോള്‍പ്പിന്നെ
ഒരു സാധകന്‍ എങ്ങിനെയാണ്
ആത്മവിദ്യാനിരതരാവുക?
വസിഷ്ഠന്‍ പറഞ്ഞു: “ഗുരു
ശിഷ്യനുപദേശം നല്‍കുക എന്നത് വെറുമൊരു പഴക്കം എന്ന് മാത്രമേയുള്ളൂ. പ്രബുദ്ധതയ്ക്കുള്ള
ഒരേയൊരു കാരണം ശിഷ്യന്റെ ബോധനൈര്‍മ്മല്യം മാത്രമാണ്.” ശാസ്ത്രം ശ്രവിച്ചതുകൊണ്ടോ,
യാഗാദികര്‍മ്മങ്ങള്‍ കൊണ്ടോ ആത്മജ്ഞാനം ലഭിക്കില്ല. ആത്മാവിനേ ആത്മാവിനെ
അറിയാനാവൂ. ഒരു സര്‍പ്പത്തിനു മാത്രമേ മറ്റൊരു സര്‍പ്പത്തിന്റെ കാലടികള്‍
കണ്ടെത്തി അനുഗമിക്കാന്‍ കഴിയൂ.
എങ്കിലും, വിന്ധ്യാപര്‍വ്വതത്തില്‍
വസിച്ചിരുന്ന ഒരു ഗ്രാമീണനെപ്പറ്റി കേട്ടാലും. അയാള്‍ ഒരിക്കല്‍ വനത്തില്‍
നടക്കുമ്പോള്‍ കയ്യിലുണ്ടായിരുന്ന ഒരു ചെമ്പുനാണയം കളഞ്ഞു പോയി. ആളൊരു
പിശുക്കനായിരുന്നതുകൊണ്ട് ആ ഓട്ടക്കാലണയ്ക്കായി അയാള്‍ ആ കുറ്റിച്ചെടികള്‍ക്കിടയില്‍
പരതിക്കൊണ്ടിരുന്നു. ‘ഈ പൈസ കിട്ടിയാല്‍ ഞാനതുകൊണ്ട് ചെറിയൊരു കച്ചവടം തുടങ്ങും
അങ്ങിനെ അത് രണ്ടായി, നാലായി, എട്ടായി അങ്ങിനെയങ്ങിനെ വര്‍ദ്ധിക്കും’ എന്നൊക്കെ
അയാള്‍ ചിന്തിച്ചുകൊണ്ടിരുന്നു. മൂന്നുദിവസം അയാള്‍ അത് തുടര്‍ന്നു. നാട്ടുകാര്‍
അയാളുടെ ഈ പ്രവൃത്തി കാണുന്നുണ്ടായിരുന്നു. എന്നാലയാള്‍ അത് വകവെച്ചില്ല. അവസാനം
അയാള്‍ നാണയത്തിന് പകരം കണ്ടെത്തിയതോ, വിലപിടിച്ച ഒരു രത്നക്കല്ല്. അതൊരു
ചിന്താമണിയായിരുന്നു. സന്തോഷത്തോടെ അതും കയ്യിലെടുത്ത് അയാള്‍ വീട്ടിലെത്തി.
ഈ ലുബ്ദനു വിലയേറിയ ചിന്താമണി
കിട്ടാന്‍ എന്താണ് കാരണം? നഷ്ടപ്പെട്ട ഓട്ടക്കാലണ തിരയാന്‍ അയാള്‍ കാണിച്ച ഉത്സാഹം
തന്നെയാണതിന് കാരണം. അതുപോലെ ഗുരുവിന്റെ നിര്‍ദ്ദേശപ്രകാരം ശിഷ്യന്‍ ഒന്ന്
തിരയുന്നു, പക്ഷേ കിട്ടുന്നത് മറ്റുവല്ലതും ആയിരിക്കും. ബ്രഹ്മം മനസ്സിനും
ഇന്ദ്രിയങ്ങള്‍ക്കും അതീതമാണ്. മറ്റാരുടെയും ഉപദേശത്തിലൂടെ കിട്ടാവുന്ന ഒന്നല്ല
അത്. എന്നാല്‍ ഗുരുവില്ലാതെ അതിനെപ്പറ്റി അറിയാനും കഴിയില്ല. ലുബ്ധനു നഷ്ടപ്പെട്ട
നാണയം അയാളെ ചിന്താമണിയിലേയ്ക്ക് നയിച്ചതുപോലെ ഗുരുവിന്റെ നിര്‍ദ്ദേശങ്ങള്‍
ശിഷ്യനെ പ്രവര്‍ത്തനനിരതനാക്കുന്നു. അതുകൊണ്ട് ആത്മവിദ്യയ്ക്കുള്ള ഹേതു ഗുരൂപദേശമാണെന്നും
അല്ലെന്നും പറയാം. മായയുടെ വികൃതി എന്തെന്ന് നോക്കൂ. നാം ഒന്ന് തേടിനടക്കുന്നു,
മറ്റൊന്ന് ലഭിക്കുന്നു!
No comments:
Post a Comment
Note: Only a member of this blog may post a comment.