Jun 28, 2013

360 യോഗവാസിഷ്ഠം നിത്യപാരായണം ദിവസം 360

തേ ദേശാസ്തേ ജനപദാസ്താ ദിശാസ്‌തേ ച പര്‍വ്വതാ:
ത്വദനുസ്മരണൈ കാന്തധിയോ യത്ര സ്ഥിതാ ജനാ: (6/29/109)

വസിഷ്ഠന്‍ തുടര്‍ന്നു: ഭഗവാന്‍ പരമശിവന് കൈലാസം എന്നൊരു വാസസ്ഥലമുണ്ട്. ഞാന്‍ അവിടെ കുറേക്കാലം പരമശിവനെ പൂജിച്ച് തപശ്ചര്യകളുമായി കഴിഞ്ഞിട്ടുണ്ട്. അവിടെ എന്റെ സഹവാസം പരിപൂര്‍ണ്ണരായ ഋഷിവര്യന്മാരുടെ കൂടെയായിരുന്നു. അവരുമായി ശാസ്ത്രസത്യങ്ങളെപ്പറ്റി  ചര്‍ച്ചയില്‍ ഏര്‍പ്പട്ട് ഏറ്റവും ഉത്തമമായ രീതിയില്‍  ഞാന്‍ സമയം ചിലവഴിച്ചു.

ഒരു ദിവസം സായാഹ്നത്തില്‍ അന്തരീക്ഷം പ്രശാന്തവും നിശ്ശബ്ദവും ആയിരിക്കുമ്പോള്‍ ഞാന്‍ ശിവപൂജയില്‍ മുഴുകി. ആ വനത്തിലെ ഇരുട്ട് ഒരു വാള്‍ കൊണ്ട് മുറിക്കാവുന്ന തരത്തില്‍ അതിസാന്ദ്രമായിരുന്നു. അപ്പോള്‍ ഞാന്‍ അവിടെ മഹത്തായ ഒരു വെളിച്ചം കാണാനിടയായി. ബാഹ്യമായിക്കണ്ട ആ വെളിച്ചത്തില്‍ അതിമഹത്തായ ഒരു ദർശനം എനിക്കുണ്ടായി. ഭഗവാന്‍ പരമശിവന്‍ പാര്‍വ്വതീദേവിയുമൊത്ത് കൈകോര്‍ത്തുപിടിച്ചുലാത്തുന്നതിന്റെ ദിവ്യദര്‍ശനമാണ് എനിക്കുണ്ടായത്. ഭഗവാന് മുന്നിലായി നന്ദികേശന്‍ വഴി തെളിക്കുന്നു. എന്റെ ശിഷ്യന്മാരെ ഭഗവല്‍ സാന്നിദ്ധ്യത്തെക്കുറിച്ചു വിവരമറിയിച്ചശേഷം ഭഗവാന്റെയടുത്തെയ്ക്ക് ഞങ്ങള്‍ എല്ലാവരും കൂടി പുറപ്പെട്ടു.

ഭഗവാനെ ഉപചാരപൂര്‍വ്വം വന്ദിച്ച് പൂജിച്ച് ആ ദിവ്യദര്‍ശനം ഞാന്‍ കുറച്ചുനേരം കൂടി ആനന്ദിച്ചനുഭവിച്ചു.

ഭഗവാന്‍ എന്നോടു ചോദിച്ചു: അങ്ങയുടെ തപസ്സെല്ലാം ഭംഗിയായി പുരോഗമിക്കുന്നുണ്ട് എന്ന് കരുതുന്നു. എന്തെങ്കിലും തടസ്സങ്ങള്‍ അങ്ങയെ ശല്യപ്പെടുത്തുന്നുണ്ടോ? അങ്ങ് പ്രാപിക്കേണ്ടുന്ന, പ്രാപിക്കാന്‍ യോഗ്യമായ 'ആ' തലത്തില്‍ എത്തിക്കഴിഞ്ഞുവോ? ഉള്ളിലെ ഭയങ്ങള്‍ക്ക് എല്ലാം അറുതിയായോ?

ഇതിനു മറുപടിയായി ഞാന്‍ പറഞ്ഞു: പരംപൊരുളേ, അങ്ങയുടെ ഭക്തരാവാന്‍ ഭാഗ്യം ലഭിച്ചവര്‍ക്ക് യാതൊന്നു ലഭിക്കാനും പ്രയാസമില്ല. അവര്‍ക്ക് ഒരു ഭയവുമില്ല. അങ്ങയെക്കുറിച്ചുള്ള നിരന്തരധ്യാനത്തില്‍ മുഴുകിയ പരമഭക്തരെ ഈ ലോകം മുഴുവന്‍ സാഷ്ടാംഗം നമസ്കരിക്കുന്നു. ബഹുമാനിക്കുന്നു. “അങ്ങയില്‍ ഹൃദയാര്‍ദ്രമായ ഭക്തി നിറഞ്ഞവര്‍ വാഴുന്ന ഇടങ്ങള്‍ മാത്രമേ രാജ്യങ്ങളായും, നഗരങ്ങളായും, ദിക്കുകളായും പര്‍വ്വതങ്ങളായും കണക്കാക്കാന്‍ യോഗ്യമായുള്ളു. സദാ അങ്ങയെപ്പറ്റി സ്മരിക്കാന്‍ കഴിയുക എന്നത് പൂര്‍വ്വജന്മങ്ങളിലാര്‍ജ്ജിച്ച പുണ്യങ്ങളുടെ ഫലോദയമാണ്. അനുഗ്രഹപ്രദമായ ഭാവിയെ ഉറപ്പാക്കുന്നതാണീ ഭഗവല്‍ സ്മരണ." 

അങ്ങയെപ്പറ്റി നിരന്തരം ധ്യാനിക്കുവാന്‍ കഴിയുക എന്നത് അമൃതകുംഭം കയ്യിലുള്ളതുപോലെയാണ്. അത് മുക്തിയുടെ തുറന്നുവെച്ച കവാടവുമാണ്. ഭഗവല്‍സ്മരണകളാകുന്ന വിലമതിക്കാനാവാത്ത രത്നഖചിതാഭരണങ്ങള്‍ ധരിച്ചുകൊണ്ട് എന്നെ പരിക്ഷീണനാക്കാന്‍ തയാറെടുത്തു വരുന്ന എല്ലാ ദുഖങ്ങളെയും ശല്യങ്ങളെയും ഇങ്ങിനി വരാത്തവണ്ണം ഞാന്‍ ചവിട്ടിമെതിച്ചുകളഞ്ഞു. അങ്ങയുടെ അനുഗ്രഹത്താല്‍ ഞാന്‍ സത്യസാക്ഷാത്ക്കാരമാര്‍ജ്ജിച്ചിരിക്കുന്നു. എനിക്കൊരു കാര്യം കൂടി അറിയണമെന്നുണ്ട്.

സര്‍വ്വപാപനാശത്തിനായും സര്‍വ്വൈശ്വര്യമാര്‍ജ്ജിക്കുന്നതിനായും ഭഗവല്‍പൂജ ചെയ്യേണ്ടതെങ്ങിനെയാണ്? എന്നെ പ്രബുദ്ധനാക്കിയാലും.

Jun 21, 2013

359 യോഗവാസിഷ്ഠം നിത്യപാരായണം ദിവസം 359

ചിത്തയക്ഷാദൃഢാക്രാന്തം ന ശാസ്ത്രാണി ന ബാന്ധവാ:
ശക്നുവന്തി പരിത്രാതും ഗുരവോ ന ച മാനവം                        (6/29/68)

വസിഷ്ഠന്‍ തുടര്‍ന്നു: ഉണര്‍ന്നുയര്‍ന്ന മേധാശക്തിയുടെ പ്രഭാവത്താല്‍ അഹംകാരത്തിന്റെ മുഖംമൂടികള്‍ വലിച്ചെറിഞ്ഞ് ഉപേക്ഷിച്ച് കഴിഞ്ഞാല്‍പ്പിന്നെ അതിന് യാതൊന്നും ചെയ്യാന്‍ കഴിയില്ല. ആത്മാവ് അനന്താവബോധംതന്നെ. അതുകൊണ്ട് ഇപ്പറഞ്ഞ അഹംകാരം ശരീരത്തിനകത്ത് അധിവസിക്കുന്നു എന്നുവെച്ചാല്‍ത്തന്നെ ആത്മാവിനെ അതെങ്ങിനെ ബാധിക്കുവാനാണ്?

രാമാ, മനസ്സിന്റെ അധീനതയില്‍ അമര്‍ന്നു മരുവുന്ന ഒരുവനെ എത്രയെത്ര ദുരിതങ്ങളാണ് സന്ദര്‍ശിക്കുകയെന്നു പറയാന്‍ സാധിക്കയില്ല. ‘അയ്യോ ഞാന്‍ ചത്തേ, അയ്യോ എനിക്ക് എരിഞ്ഞു പൊള്ളുന്നേ’ എന്നെല്ലാം ഉള്ള നിലവിളികള്‍ വെറും അഹംകാരത്തിന്റെ ലീല മാത്രമാണ്.

എല്ലാമെല്ലാം ഉള്‍ക്കൊള്ളുന്ന ആകാശം ഒരിക്കലും മലീമസമാവുന്നില്ലാത്തതുപോലെ സര്‍വ്വവ്യാപിയായ അനന്താവബോധം അഹംകാരത്താല്‍ ബാധിക്കപ്പെടുന്നില്ല. മനുഷ്യന്റെ ദേഹം ചെയ്തുകൂട്ടുന്ന പ്രവര്‍ത്തനങ്ങള്‍ക്ക് ഉത്തരവാദിയാവുന്നത് അഹംകാരമാണ്. ശ്വാസോച്ഛ്വാസങ്ങളാകുന്ന കടിഞ്ഞാണുകള്‍കൊണ്ടാണ് ദേഹമിത് സാധിക്കുന്നത്.

ആത്മാവ് ഇതിനെല്ലാം സാന്ദര്‍ഭികമായി ഹേതുവാകുന്നു എന്ന് പറയുന്നത് ആകാശം സസ്യജാലങ്ങള്‍ക്ക് വളരാന്‍ ഇടം നല്‍കി ഹേതുവാകുന്നു എന്ന് പറയുമ്പോലെയാണ്. വാസ്തവത്തില്‍ ആകാശം സസ്യങ്ങളെ വളര്‍ച്ചയില്‍ നിന്നും തടയുന്നില്ല എന്നേയുള്ളൂ. കത്തിച്ചുവച്ച വിളക്ക് ഒരു വസ്തുവിന്റെ കാഴ്ചക്ക് ഉത്തരവാദിയാകുന്നു എന്ന് പറയുന്നതുപോലെയാണ് ശരീരമനസ്സുകളുടെ ചെയ്തികള്‍ക്ക് ആത്മാവ് കാരണമാകുന്നു എന്ന് പറയുന്നത്. അവ ആത്മാവിന്റെ പ്രകാശത്തില്‍ (പ്രഭാവത്തിൽ വര്‍ത്തിക്കുന്നു എന്നല്ലാതെ ബോധസ്വരൂപമായ ആത്മാവും വെറും ജഡമായ ദേഹവും തമ്മില്‍ യാതൊരു ബന്ധവുമില്ല.

മനസ്സില്‍ ആത്മാവിനെപ്രതി സംഭ്രമമുണ്ടാവുന്നത് ആത്മാവിന്റെ ഊര്‍ജ്ജം അതായത് പ്രാണന്‍)  അനവരതം എല്ലായിടത്തും സ്പന്ദിച്ചുകൊണ്ടിരിക്കുന്നതിനാലാണ്. രാമാ നീയാണ് ആത്മാവ്, മനമല്ല. നിനക്ക് മനസ്സുമായെന്താണ് ബന്ധം? ഈ ഭ്രമാത്മകമായ ചിന്തകള്‍ അവസാനിപ്പിക്കൂ. ദേഹത്തിൽ  വസിക്കുന്ന മനസ്സെന്ന പ്രേതത്തിന് നീയുമായി യാതൊരു ചാര്‍ച്ചയുമില്ല . എങ്കിലും അത് നിശ്ശബ്ദം പതുങ്ങിവന്നു ‘ഞാനാണ് ആത്മാവ്’ എന്നങ്ങു സ്വയം നിശ്ചയിച്ചതുപോലെ വർത്തിക്കുകയാണ്. അതാണ്‌ ജനനമരണങ്ങള്‍ക്ക് കാരണം. തെറ്റായ ഈ  അനുമാനം നിന്റെ ധൈര്യത്തെ ചോര്‍ത്തിക്കളയുന്നു. രാമാ, നീയീ പ്രേതത്തെ ഉപേക്ഷിച്ച് ഉറപ്പോടെ വര്‍ത്തിച്ചാലും.

“മനസ്സെന്ന പ്രേതത്തിന്റെ പ്രബലശക്തിക്കടിപ്പെട്ടുഴറുന്നവനെ സംരക്ഷിക്കാന്‍ വേദശാസ്ത്രങ്ങള്‍ക്കോ, ബന്ധുമിത്രാദികള്‍ക്കോ ഗുരുക്കന്മാര്‍ക്കുപോലുമോ സാധിക്കുകയില്ല.” മറിച്ച് ഒരുവന്‍ സ്വമേധയാ ഈ പിശാചിനെ ഒഴിവാക്കിയാല്‍പ്പിന്നെ ഗുരുവും ശാസ്ത്രങ്ങളും ബന്ധുക്കളുമൊക്കെ സഹായകരമാണ്. ചെളിക്കുണ്ടില്‍പ്പെട്ടുപോയ മൃഗത്തെ ആളുകള്‍ കൂട്ടംകൂടി രക്ഷിക്കുന്നത് പോലെയാണിത്.  ഈ ഭൂതത്തെ വെന്ന മനുഷ്യര്‍ നന്മനിറഞ്ഞവരും ലോകോപകാരികളുമത്രേ. അതിനാല്‍ ഏതുവിധേനെയും സ്വയം അജ്ഞാനത്തില്‍ നിന്നു കരയേറാന്‍ അഹംകാരമെന്ന ഈ പിശാചിനെ കൊല്ലുകതന്നെ വേണം.

അല്ലയോ രാമാ, മനുഷ്യന്റെ വേഷംകെട്ടിയ ഒരു മൃഗത്തെപ്പോലെ ഈ ലോകമെന്ന കാറ്റില്‍ വെറുതെ അലഞ്ഞു തിരിഞ്ഞു നടക്കാതെ. കേവലം നശ്വരമായ ഈ ശരീരത്തിനായി കുടുംബബന്ധമെന്ന ചെളിക്കുണ്ടില്‍ കിടന്നു കൈകാലുകളിട്ടടിക്കാതെ. ഈ ദേഹം മറ്റാര്‍ക്കോ ഉണ്ടായതാണ്. അതിനെ സംരക്ഷിച്ചു വളര്‍ത്തിയത്‌ അഹംകാരമാണ്. അതിന്റെ സുഖദുഖങ്ങള്‍ അനുഭവിച്ചതും മറ്റാരോ ആണ്. വാസ്തവത്തില്‍ ഇതെത്ര വിസ്മയകരമാണ്!

ഒരു മണ്‍കുടത്തിന്റെയും ഒരു കഷണം തുണിയുടേയും ആത്യന്തികമായ മൂലഘടനയില്‍ വ്യത്യാസമേതുമില്ല. അതുപോലെ മനസ്സിന്റെ മൂലഘടനയും അനന്താവബോധവും തമ്മില്‍ അന്തരമില്ല.


ഈ അവസരത്തില്‍ ഭഗവാന്‍ പരമശിവന്‍ സ്വയം എനിക്കുപദേശിച്ച ഒരു പാഠം നിനക്ക് ഞാന്‍ പറഞ്ഞു തരാം. അതിന്റെ അന്ത:സത്തയായ ദര്‍ശനം ഏറ്റവും വലിയ ഭ്രമചിന്തകളെപ്പോലും അകറ്റാന്‍ പര്യാപ്തമാണ്.

Jun 16, 2013

358 യോഗവാസിഷ്ഠം നിത്യപാരായണം ദിവസം 358

നിരീഹോ ഹി ജഡോ ദേഹോ നാത്മനോസ്യാഭിവാഞ്ഛിതം
കര്‍ത്താ ന കശ്ചിദേവാതോ ദൃഷ്ടാ കേവലമസ്യ സ: (6/29/35)

വസിഷ്ഠന്‍ തുടര്‍ന്നു: ഉത്സവപ്പറമ്പുകളിലെ ആട്ടുതൊട്ടിലില്‍ ഇരുന്നു ചുറ്റുന്നയാളിനു തന്റെ ലോകം വിപരീതദിശയില്‍ വട്ടംകറങ്ങുന്നതായിത്തോന്നും. അതുപോലെ അജ്ഞാനചക്രത്തില്‍ ചുറ്റുന്നയാള്‍ക്ക് ദേഹവും ലോകവും തനിക്കുചുറ്റും കറങ്ങുന്നതായി തോന്നും. ആത്മീയസാധകന് ഇത് ബാധകമല്ല. ദേഹം ചിന്താധാരണകളുടെ നിര്‍മിതിയാണ്. അത് വെച്ചുപുലര്‍ത്തുന്നത് അജ്ഞാനമായ മനസ്സുമാണ്.

‘അവിദ്യയുടെ സൃഷ്ടി’യെന്ന് പറയുന്നത് തന്നെ തെറ്റാണ്. ദേഹം കര്‍മ്മനിരതമായി പലവിധത്തിലുള്ള പ്രവര്‍ത്തികളില്‍ മുഴുകിയിരിക്കുന്നതായി കാണുന്നുവെങ്കിലും അത് ഉണ്മയല്ല. കയറില്‍ ആരോപിക്കപ്പെട്ട പാമ്പ്‌ ഒരിക്കലും സത്യമാവുകയില്ലല്ലോ. 

ജഡമായൊരു വസ്തു എന്തുചെയ്തുവെന്ന് തോന്നിയാലും അത് ശരിയാവുന്നതെങ്ങിനെ? പ്രത്യക്ഷത്തില്‍ തോന്നുമെങ്കിലും ദേഹം വാസ്തവത്തില്‍ ഒന്നും ചെയ്യുന്നില്ല. അതിനു സ്വയം അതിനു കഴിവുമില്ല. “ജഡമായ ദേഹം കര്‍മ്മം ചെയ്യാനുള്ള യാതോരാഗ്രഹവും വെച്ചുപുലര്‍ത്തുന്നില്ല. അനന്താവബോധമായ ആത്മാവിനും ആഗ്രഹങ്ങളില്ല. അതിനാല്‍ വാസ്തവത്തില്‍ ‘കര്‍ത്താവായി’ ആരുമില്ല. ഉള്ളത് പ്രജ്ഞ, അല്ലെങ്കില്‍ സാക്ഷീബോധം, മാത്രം.” കാറ്റില്ലാത്തിടത്തു കത്തിനില്‍ക്കുന്ന ദീപനാളംപോലെ അയത്നലളിതമായി ആത്മാവ് പ്രശാന്തതയോടെ എല്ലാ അവസ്ഥകളിലും നിലകൊള്ളുന്നു.

സൂര്യന്‍ തന്റെ നൈസര്‍ഗികമായ സ്വഭാവമെന്ന നിലയ്ക്ക് എപ്പോഴും കര്‍മ്മനിരതനാണ്. അതുപോലെ ആത്മപ്രഭാവനായി നീയും രാജ്യകാര്യങ്ങളില്‍  വ്യാപൃതനായാലും.
ഒരിക്കല്‍ ഈ ജഡം മാത്രമായ ദേഹം സത്യമാണെന്ന് ധരിച്ചുപോയാല്‍പ്പിന്നെ അതൊരു കൊച്ചുകുട്ടിയുടെ സങ്കല്‍പ്പത്തിലെ ഭൂതഭയംപോലെ നമ്മെ വിടാതെ പിടികൂടും. അവിടെ അഹംകാരം അല്ലെങ്കില്‍ മനസ്സ്‌ എന്ന പിശാചു ജനിക്കുന്നു. ഈ മനസെന്ന ഭൂതത്തിന്റെ അലര്‍ച്ചകേട്ട് ഭയന്ന് മഹാത്മാക്കള്‍പോലും സ്വയം ധ്യാനത്തിന്റെ ആഴക്കയങ്ങളില്‍ പോയി ഒളിക്കുന്നു. എന്നാല്‍ ഈ മനസ്സെന്ന പിശാചിനെ നിഷ്കരുണം ഇല്ലാതാക്കി ജീവിക്കുന്നവന്‍ ഭയലേശമന്യേ ഈ നിശ്ശൂന്യലോകത്തില്‍ വസിക്കുന്നു.

വെറും സങ്കല്‍പ്പമാത്രമായ മനസ്സാണ് ദേഹത്തെ സൃഷ്ടിച്ചതെന്നു കരുതി ജീവിക്കുന്നവര്‍ ഇപ്പോഴുമുണ്ട്. ഈ മനസ്സെന്ന ഭൂതത്തിന്റെ പിടിയില്‍നില്‍ക്കെ മരണത്തിനു വിധേയരാവുന്നവരുടെ പ്രജ്ഞ അവിദ്യമാത്രമാണ്.

ദേഹമെന്ന പ്രേതബാധയുള്ള ഈ വീട്ടില്‍ വിശ്വസിച്ചു ജീവിക്കുന്നവന്‍ മറ്റൊരു പ്രേതം തന്നെ. കാരണം ഈ ദേഹമെന്ന ഗേഹം ഉറപ്പില്ലാത്തതും അസ്ഥിരവുമാണല്ലോ. അതുകൊണ്ട് രാമാ, അഹംകാരമെന്ന ഈ ഭൂതത്തിനെ വകവെയ്ക്കാതെ, അതെക്കുറിച്ച് രണ്ടാമതൊന്നു ആലോചിക്കുകകൂടി ചെയ്യാതെ ആത്മാഭിരാമനായി വര്‍ത്തിക്കൂ. അഹംകാരം എന്ന ഭൂതം ആവേശിച്ചവര്‍ക്ക് ബന്ധുമിത്രാദികള്‍ ഇല്ല എന്നറിയുക.


ബുദ്ധിപൂര്‍വ്വം ചെയ്ത ഒരു കാര്യം അഹംകാരത്തിന്റെ മര്‍ക്കടമുഷ്ടിയാല്‍ മാറ്റിമറിക്കപ്പെട്ടാല്‍ അത് മരണത്തെ ക്ഷണിച്ചുവരുത്തുന്ന കൊടുംവിഷം തന്നെയാണ്. വിവേകവിജ്ഞാനങ്ങള്‍ ഇല്ലാതെ അഹംകാരവുമായി ഇണപിരിയാതെ കഴിയുന്നവന്‍ ചത്തതിനൊക്കുമേ ജീവിച്ചിരിക്കിലും എന്നമട്ടില്‍ കഴിയുന്നു. നരകാഗ്നിയില്‍ എരിഞ്ഞുകത്താന്‍ തയാറാക്കിവെച്ച ഉണക്ക വിറകാണവർ . ഈ അഹംകാരമെന്ന ഭൂതം നിന്നില്‍ നില്‍ക്കുകയോ നിന്നെ ഉപേക്ഷിച്ചു പോവുകയോ ചെയ്തുകൊള്ളട്ടെ. രാമാ, നീ അതിനെ തിരിഞ്ഞുനോക്കുകകൂടി വേണ്ട.  

Jun 15, 2013

357 യോഗവാസിഷ്ഠം നിത്യപാരായണം ദിവസം 357

പരം പൌരുഷമാസ്ഥായ ബലം പ്രജ്ഞാം ച യുക്തിത:
നാഭിം സംസാരചക്രസ്യ ചിത്തമേവ നിരോധ്യയേത്  (6/29/7)

രാമന്‍ ആത്മഭാവത്തിൽ പൂര്‍ണ്ണനിമഗ്നനായി ഇരിക്കുന്നതറിഞ്ഞു വസിഷ്ഠന്‍ പെട്ടെന്ന് നിശ്ശബ്ദനായി. കുറച്ചു സമയം കഴിഞ്ഞു രാമന്‍ വ്യവഹാരിക ബോധത്തിലേയ്ക്ക് തിരികെ വന്നപ്പോൾ മുനി തന്റെ പ്രഭാഷണം തുടര്‍ന്നു.

രാമാ, ആത്മജ്ഞാനത്തിലൂടെ നീ പൂര്‍ണ്ണാവബോധം പ്രാപിച്ചിരിക്കുന്നു. ഈ സ്ഥിതിയില്‍ത്തന്നെ തുടര്‍ന്നാലും. ലോകമെന്ന ഈ മായക്കാഴ്ചയില്‍ ഇനിയൊരിക്കലും വീഴാതിരിക്കുക. ചാക്രികമായ ഈ പ്രത്യക്ഷലോകത്തില്‍ ആശയങ്ങളും, ധാരണകളും ചിന്തകളും ഇഴചേര്‍ന്നു കിടക്കുന്നതുകൊണ്ട് ജീവജാലങ്ങളുടെ ജനനമരണങ്ങള്‍ തുടര്‍ന്നുകൊണ്ടേയിരിക്കും. അവയുടെ അവസാനമായാല്‍ ലോകമെന്ന കാഴ്ചയ്ക്കും അന്ത്യമായി. ഒരുവന്‍ തന്റെ ഇഛാശക്തികൊണ്ട് ഈ ആവര്‍ത്തനചക്രത്തെ ബലമായി പിടിച്ചുനിര്‍ത്തിയാലും ചിന്തകള്‍ അവസാനിക്കാത്തിടത്തോളം അതിന്റെ ചുറ്റല്‍ അവസാനിക്കുകയില്ല.  

അതിനാല്‍ “വിവേകവിജ്ഞാനങ്ങളുടെ സഹായത്തോടെയുള്ള കഠിനപരിശ്രമത്തിലൂടെ ആ ചക്രത്തിന്റെ മകുടം (ചിന്താധാരണകള്‍ ) ബലമായി പിടിച്ചുനിര്‍ത്തണം.” ഈ പരിശ്രമമല്ലാതെ മറ്റൊരു ശ്രമവും ഇതിനുതകുകയില്ല. ദൈവീകമായ ഇടപെടലുകളെപ്പറ്റിയുള്ള തെറ്റിദ്ധാരണകളും പ്രതീക്ഷകളും  ഉപേക്ഷിക്കുക. അവ അപക്വമനസ്സിന്റെ ബാലിശമായ ചിന്തകളാണ്. അവനവന്റെ പരിശ്രമംകൊണ്ട് മാത്രമേ മനസ്സിനെ ജയിക്കാനാവൂ.

ബ്രഹ്മാവിന്റെ ചിന്താശക്തിയാണ് ഈ ലോകത്തെ സൃഷ്ടിച്ചത്. എന്നാല്‍ അത് പരമമായ സത്യമല്ല.  

പ്രകൃത്യായുള്ള സ്വാഭാവങ്ങളോടെ എങ്ങെങ്ങും കറങ്ങി നടക്കുന്ന മൂലഘടകങ്ങളില്‍ നിന്നാണ് ഇക്കാണായ ദേഹങ്ങളെല്ലാം ഉദ്ഭൂതമായത്. അതിനാല്‍ ദേഹം സ്ഥിരമായി നിലകൊള്ളുന്ന സത്താണെന്നും, സുഖദുഖങ്ങള്‍ സത്യമായ അവസ്ഥകളാണെന്നും ആരും കരുതരുത്‌..  

താന്‍ ദുരിതമനുഭവിക്കുന്നു എന്ന് സങ്കല്‍പ്പിച്ചു കരയുന്ന അജ്ഞാനിയുടെ കാര്യം ഒരു കൽപ്രതിമയുടേതിനേക്കാള്‍ കഷ്ടമാണ്. കാരണം പ്രതിമയ്ക്ക് ആ ദുരിതങ്ങള്‍ അനുഭവിക്കേണ്ടിവരുന്നില്ലല്ലോ. പ്രതിമയെ ജരാനരകളോ മരണമോ ബാധിക്കുകയുമില്ല. ഒരു പ്രതിമ ഇല്ലാതാകണമെങ്കില്‍  ആരെങ്കിലും അതിനെ നശിപ്പിക്കണം. എന്നാല്‍ മനുഷ്യദേഹമോ, മരിക്കുമെന്നുറപ്പാണ്. പ്രതിമയെ നന്നായി കാത്തു സൂക്ഷിച്ചാല്‍ അതേറെക്കാലം നിലനില്‍ക്കും. എന്നാല്‍ ദേഹം എത്ര സൂക്ഷിച്ചാലും അനുനിമിഷം അപചയിച്ചുകൊണ്ടേയിരിക്കും. അതിനാല്‍ ചിന്താധാരണകള്‍ കൊണ്ട് നിര്‍മ്മിച്ച ദേഹത്തെക്കാള്‍ എന്തുകൊണ്ടും മേന്മയേറിയതാണ് ഒരു പ്രതിമയുടെ വാഴ്വ്.

അങ്ങിനെയുള്ള മനുഷ്യദേഹത്തെപ്രതി ആരാണ് പ്രത്യാശകള്‍ വെച്ചുപുലര്‍ത്തുക? ദേഹം ശരിക്കും പറഞ്ഞാല്‍ സ്വപ്നത്തിലുള്ള ദേഹത്തേക്കാള്‍ നികൃഷ്ടമാണ്. കാരണം സ്വപ്നദേഹം ചെറിയൊരു സമയം മാത്രമല്ലേ നിലനില്‍ക്കുന്നുള്ളൂ? അതിനു നീണ്ടദുരിതങ്ങള്‍ ഒന്നും അനുഭവിക്കേണ്ടി വരുന്നില്ല. എന്നാല്‍ ജാഗ്രദ്ശരീരം ഉണ്ടായതുതന്നെ സുദീര്‍ഘമായി വെച്ചുപുലര്‍ത്തിക്കൊണ്ടിരുന്ന ആശയധാരണകള്‍ മൂലമാണ്. നീണ്ട ദുരിതങ്ങളാല്‍ പീഢിപ്പിക്കപ്പെടാനാണ് അതിനു വിധി. ദേഹം ഉണ്മയാണോ അല്ലയോ എന്ന് ചിന്തിക്കുമ്പോഴും ഒന്നുറപ്പാണ്- ദേഹം ചിന്താധാരണകളുടെ സന്തതിയാണ്. അപ്പോള്‍പ്പിന്നെ അതിനെച്ചൊല്ലി ദുഖിക്കേണ്ടതില്ല.
 
ഒരു പ്രതിമ ഉടയുമ്പോള്‍ ജീവന്‍ നഷ്ടമാവുന്നില്ല. അതുപോലെ ചിന്താധാരണകളുടെ ഫലമായുണ്ടായ ദേഹം ഇല്ലാതെയാവുമ്പോള്‍ ഒന്നും നഷ്ടമാവുന്നില്ല. രോഗം ഭേദമാവുമ്പോള്‍ കണ്ണില്‍ ദീനമുള്ളയാളുടെ കാഴ്ചയില്‍ നിന്നും ‘രണ്ടാം ചന്ദ്രന്‍’ മാഞ്ഞുപോയാലെന്നപോലെയാണിത്‌. .

ആത്മാവ് അനന്താവബോധമാണ്. അതിനു നാശമോ ഏതെങ്കിലും തരത്തിലുള്ള മാറ്റങ്ങളോ ഇല്ല.   

Jun 9, 2013

356 യോഗവാസിഷ്ഠം നിത്യപാരായണം ദിവസം 356

യത്കിഞ്ചിദുദിതം ലോകേ യന്നഭസ്യത വാ ദിവി
തത്സര്‍വം പ്രാപ്യതേ രാമ രാഗദ്വേഷപരിക്ഷയാത്  (6/28/74)

വസിഷ്ഠന്‍ തുടര്‍ന്നു: മരണം എല്ലാവര്‍ക്കും അനിവാര്യമായ കാര്യമാണെന്ന് തികഞ്ഞ അറിവുള്ള ഒരാള്‍ എന്തിനാണ് തന്റെ ബന്ധുക്കളുടെ വിയോഗത്തില്‍ ദുഖിക്കുന്നത്?  എന്തിനാണ് തനിക്ക് മരണമടുത്തു എന്നുകരുതി വിഷാദിക്കുന്നത്?. ഐശ്വര്യസമൃദ്ധികള്‍ ചിലപ്പോള്‍ കൈവരുകയും മറ്റുചിലപ്പോള്‍ ഇല്ലാതാവുകയും ചെയ്യുക എന്നതില്‍ എന്താണൊരു പുതുമ? എല്ലാവര്‍ക്കും അത് സാധാരണമാണെന്നറിയാവുന്ന ഒരുവന്‍ എന്തിനാണ് ലാഭനഷ്ടങ്ങളില്‍ വികാരവാനാവുന്നത്? ജീവജാലങ്ങള്‍ ബോധസമുദ്രത്തിനു മീതെയുള്ള അലകള്‍പോലെ ഉണ്ടായി മറയുന്നവയാണെന്നു തിരിച്ചറിയുന്ന ഒരാള്‍ക്ക് വിഷാദിക്കാന്‍ എന്തുള്ളു?

സത്തായി ഉള്ളതെന്നും സത്തായിത്തന്നെ നിലകൊള്ളും. അസത്തോ, അതപ്രകാരം തന്നെ സ്ഥിരതയില്ലാത്തതായി ഇരിക്കുകയും ചെയ്യും. അപ്പോള്‍ ദുഖത്തിനെവിടെയാണ് സ്ഥാനം? ‘ഞാന്‍’ എന്ന ഒരു സത്ത ഇല്ലാത്തതാണ്. അത് പണ്ടുണ്ടായിട്ടില്ല, ഇനി ഉണ്ടാവുകയുമില്ല. ദേഹം വിസ്മയകരമായ ഒരു ഭ്രമചിന്തയുടെ ഫലമായി സംജാതമായതാണ്. അത് ഉണ്മയാണെന്നപോലെ നിലകൊള്ളുന്നു, അത്രമാത്രം. എങ്കിലും അത് വിഷാദത്തിനു കാരണമാകുന്നതെങ്ങിനെ?

അഥവാ ഈ ദേഹം സത്താണെന്നു വരികിലും ‘ഞാന്‍’ അതില്‍നിന്നും വിഭിന്നമാണെന്നും ‘ഞാന്‍’ അനന്താവബോധത്തിന്റെ വെറും പ്രതിഫലനം മാത്രമാണെന്നും ഉള്ള സത്യമറിഞ്ഞവന് സന്താപങ്ങളില്ല. അതുകൊണ്ട് അയഥാര്‍ത്ഥ്യമായ ഒന്നിന്റെമേല്‍ തന്റെ ആശയും പ്രതീക്ഷയും ഉദ്ഗതിയുമെല്ലാം സമര്‍പ്പിച്ചു കാത്തിരിക്കുന്നത് നാം സ്വയം  തീർത്ത ബന്ധനം തന്നെയാണ്.

അല്ലയോ രാമാ, ഈ ലോകത്ത് വൃഥപ്രതീക്ഷകള്‍ വെച്ചുപുലര്‍ത്താതെ ജീവിതം നയിച്ചാലും. ചെയ്യേണ്ട കാര്യങ്ങള്‍ ചെയ്യുകയും തള്ളേണ്ടവയെ തള്ളുകയും വേണം. അഭികാമ്യം, അനഭികാമ്യം എന്നിങ്ങിനെ ഇഷ്ടാനിഷ്ടവിവേചനം ചെയ്യാതെ വെറുമൊരു ലീലയായി ഈ ലോകത്ത് ജീവിക്കൂ. എല്ലാടവും സത്തായി നിലകൊള്ളുന്നത് അനന്താവബോധം മാത്രമാണെന്ന് നിനക്കറിയാമല്ലോ. കാണപ്പെടുന്നത്, വെറും നിഴല്‍ക്കാഴ്ച് മാത്രമാണ്. ഈ സത്യം ഒരുണര്‍വ്വായി അറിവാകുമ്പോള്‍ സത്യസാക്ഷാത്കാരമായി.  

ഒന്നുകില്‍ ‘ഞാന്‍ ഇല്ല, ഈ അനുഭവങ്ങള്‍ ഒന്നും എന്റേതല്ല’, എന്നോ അല്ലെങ്കില്‍ ‘ഞാനാണെല്ലാം’ എന്നോ അറിഞ്ഞുണര്‍ന്നാല്‍ പ്രത്യക്ഷലോകത്തിന്റെ ആകര്‍ഷണങ്ങളില്‍നിന്നും നിനക്ക് മുക്തിയായി. ഈ രണ്ടു ഭാവങ്ങളും ഉത്തമം തന്നെ. നിനക്കതില്‍ ഇഷ്ടമുള്ളത് സ്വീകരിക്കാം. രാഗദ്വേഷങ്ങളില്‍നിന്നും നിനക്കങ്ങിനെ മുക്തി നേടാം.

“ദ്വിവിധ ശക്തികളായ രാഗദ്വേഷങ്ങളെ ഇല്ലാതാക്കിയവന് ഈ ലോകത്തിലെയും ആകാശത്തിലെയും സ്വര്‍ഗ്ഗത്തിലെയും എല്ലാമെല്ലാം സ്വായത്തമാണ്.” അജ്ഞാനികള്‍ ഈ ദ്വന്ദശക്തികളുടെ പിടിയില്‍പ്പെട്ടു നട്ടം തിരിയുന്നു. വേദശാസ്ത്രവിശാരദനാണെങ്കില്‍പ്പോലും അവയുടെ വരുതിയിലായാല്‍ ഒരുവന്റെ സ്ഥിതി പരിതാപകരം തന്നെ. ‘എന്നെ അയാള്‍ കൊള്ളയടിച്ചു’, ‘ഞാന്‍ എന്റെ സുഖങ്ങളും സമ്പത്തുമെല്ലാം ഉപേക്ഷിച്ചു’, എന്നിത്യാദി സംഭാഷണങ്ങളാണ് 'പുസ്തകജ്ഞാനിയായ' അയാളില്‍ നിന്ന് കേള്‍ക്കുക.

സമ്പത്തും ബന്ധുമിത്രാദികളും വന്നുപോയിക്കൊണ്ടിരിക്കുന്നവയാണ്. ജ്ഞാനി അവയെത്തേടി അലയുകയോ അവയെ ഉപേക്ഷിക്കാന്‍ പണിപ്പെടുകയോ ചെയ്യുന്നില്ല. തുടക്കവും ഒടുക്കവുമുള്ള ഒന്നിനെയും ജ്ഞാനി തന്റെ ശ്രദ്ധയ്ക്ക് യോഗ്യമായി കരുതുന്നില്ല. ഈ ലോകത്ത് ഒരുവന്‍ എന്തെങ്കിലും പണിപ്പെട്ട്  തയ്യാറാക്കുന്നു, വളർത്തി വലുതാക്കുന്നു. (ഉദാഹരണത്തിനു നാം വളർത്തി വലുതാക്കുന്ന പുത്രിമാരേക്കൊണ്ടുള്ള  അനുഭവം മറ്റൊരു വീട്ടിനാണല്ലോ (ഭര്‍തൃഗൃഹം). ഇതില്‍ ആര് ആരെയാണ് കബളിപ്പിക്കുന്നത്?


രാമാ നിന്റെ ആത്മീയോന്നതിക്കായി ഞാന്‍ വീണ്ടും വീണ്ടും പ്രഖ്യാപിക്കട്ടെ – ഈ പ്രകടിതലോകം ദീര്‍ഘമായൊരു സ്വപ്നം മാത്രമാണ്. ഉണരൂ, ഉണരൂ. സൂര്യപ്രഭയോടെ ജാജ്വല്യമാനമായ ആത്മാവിനെ കാണൂ. ഈ അമൃതസമാനവാക്കുകള്‍കൊണ്ട് നിന്നില്‍ ഉണര്‍വുണ്ടായിരിക്കുന്നു. ഇനി നിനക്ക് ജനനമോ, ദുഖമോ, പാപമോ, വിഭ്രമമോ ഇല്ല. എല്ലാ ധാരണകളെയും ഉപേക്ഷിച്ച് നീ ആത്മാഭിരാമനാകൂ.  

Jun 2, 2013

355 യോഗവാസിഷ്ഠം നിത്യപാരായണം ദിവസം 355

ദീര്‍ഘസ്വപ്നമിമം വിദ്ധി ദീര്‍ഘം വാ ചിത്തവിഭ്രമം
ദീര്‍ഘം വാപി മനോരാജ്യം സംസാരം രഘുനന്ദന (6/28/28)

വസിഷ്ഠന്‍ തുടര്‍ന്നു: ‘ഇത് സമ്പത്ത്, ഇതെന്റെ ദേഹം, ഇത് രാജ്യം’, എന്നിങ്ങിനെയുള്ള ധാരണകള്‍ മനസ്സിലെ ഊര്‍ജ്ജം പ്രകടിപ്പിക്കുന്ന പ്രതീതികൾ  മാത്രമാണ്. അല്ലാതെ അവയ്ക്ക് സത്തായ ഉണ്മയൊന്നും ഇല്ല. അവ മായയാണ്. 

“ഇതൊരു ദീര്‍ഘസ്വപ്നമാണെന്നോ, സുദീര്‍ഘമായ വിഭ്രാന്തിയാണെന്നോ, ദിവാസ്വപ്നമാണെന്നോ, വൃഥാമോഹങ്ങളാണെന്നോ മനസ്സിലാക്കിയാലും.” എന്നാല്‍ ഈശ്വരകൃപയാല്‍ അല്ലെങ്കില്‍ സ്വയം ആത്മാവില്‍ ഉണര്‍വ്വുണ്ടാവുമ്പോള്‍ ഇപ്പറഞ്ഞ കാര്യം നിനക്ക് സുവിദിതമാവും. നിന്നില്‍നിന്നും വിഭിന്നമായി ഒരു ലോകം അല്ലെങ്കില്‍ മനസ്സില്‍നിന്നും സ്വതന്ത്രമായി ഒരു പ്രപഞ്ചം ഉള്ളത് മനസ്സിന്റെ മായാജാലം മാത്രമാണ്. അതായത് ഒരു വിഷയവസ്തുവിനെ വിഷയി തിരിച്ചറിയുന്നതുപോലെയുള്ള ഒരു പ്രതിഭാസമാണത്.

ഞാന്‍ ബ്രഹ്മാവിന്റെ മാനസപുത്രനാണെന്ന് പറഞ്ഞുവല്ലോ. അതുപോലെ ലോകമുണ്ടാവുന്നതും മനസ്സിലെ ഒരു ധാരണയായാണ്. ഈ ധാരണകള്‍ സത്യത്തെ ആവര്‍ത്തിച്ചു മറച്ചുവച്ച് പ്രബലമായിത്തീരുന്നു. അവ വീണ്ടും വീണ്ടും ഉയര്‍ന്നുപൊങ്ങുന്നു. അവയ്ക്കൊപ്പം പ്രകടിതമായ മായാലോകവും ഒരു വിക്ഷേപമെന്നപോലെ സൃഷ്ടിക്കപ്പെടുന്നു. എന്നാല്‍ ഒരു സാധകന്‍ ദൃഢനിശ്ചയത്തോടെ ഈ ധാരണകളുടെ സ്രോതസ്സ് തിരഞ്ഞു ചെന്നാല്‍ അയാള്‍ക്ക് ബോധസാക്ഷാത്കാരമുണ്ടാവുന്നു. ഈ ആത്മാന്വേഷണത്തിന്റെ അഭാവത്തില്‍ ഒരുവനിൽ ഈ  മായാലോകം ആവര്‍ത്തിച്ചു പ്രകടമായിക്കൊണ്ടേയിരിക്കും.

‘ഇത് അതാണ്‌, ഇതെന്റെതാണ്, ഇതെന്റെ ലോകമാണ്’, തുടങ്ങിയ ധാരണകള്‍ തുടര്‍ച്ചയായി വെച്ചുപുലര്‍ത്തുമ്പോള്‍ അവയില്‍ മിഥ്യയെങ്കിലും ഉണ്മയുടെ ഒരു പ്രത്യക്ഷഭാവം-തോന്നല്‍ സംജാതമാവും. ലോകത്തിന്റെ ആപേക്ഷികസ്ഥിരതയും വാസ്തവത്തില്‍ വെറും മായക്കാഴ്ചമാത്രമാണ്. ഒരുവന്‍ സ്വപ്നസമയത്ത് കേവലം കുറച്ചു നിമിഷങ്ങള്‍കൊണ്ട് ഒരു ജീവിതകാലം മുഴുവന്‍ അനുഭവിച്ചുവെന്നു വരാം.

വെറും മായയായ ‘ജലം’ മാത്രമേ മരുപ്പച്ചയില്‍ ദൃശ്യമാവുന്നുള്ളു. എന്നാല്‍ അതിന്റെ അടിസ്ഥാനവസ്തു ദൃശ്യമല്ല. അതുപോലെ അജ്ഞാനാവസ്ഥയില്‍ മായാലോകം മാത്രമേ കാണപ്പെടുന്നുള്ളു. എന്നാല്‍ ഈ അവിദ്യ ഇല്ലാതായിക്കഴിഞ്ഞാല്‍ പ്രത്യക്ഷലോകത്തിന്റെ അടിസ്ഥാനവും സാധകന് സുവ്യക്തമാവും. 

സാധാരണഗതിയില്‍ ഭീരുവായ ഒരുവന്‍പോലും സങ്കല്‍പ്പത്തിലുള്ള പുലിയെ പേടിക്കുകയില്ലല്ലോ. അതുപോലെ ജ്ഞാനി ഈ ലോകത്തെ വെറും ധാരണാവിക്ഷേപമായി അറിയുന്നതുകൊണ്ട് അയാള്‍ക്ക്‌ ഒന്നിനെയും ഭയമില്ല. ലോകം ആത്മാവിന്റെ ഒരു പ്രകടനം മാത്രമാണെന്ന് അറിഞ്ഞവന് ആരെ, എന്തിനെ ഭയപ്പെടാനുണ്ട്? ആത്മാന്വേഷണംകൊണ്ട് പവിത്രത പ്രാപിച്ച സാധകന്റെയുള്ളില്‍ ലോകത്തെക്കുറിച്ചുള്ള ഭ്രമാത്മകചിന്തകള്‍ ഉണ്ടാവുകയില്ല. ഒരിക്കല്‍ നിറവാര്‍ന്ന ജ്ഞാനത്തിന്റെ തെളിമയില്‍ നിര്‍മലമായിക്കഴിഞ്ഞാല്‍പ്പിന്നെ  ഒരുവന്റെയുള്ളിൽ വികലമായ ദര്‍ശനങ്ങള്‍ വീണ്ടും ഉദിക്കുകയില്ല.  
 
എന്താണു സത്യദര്‍ശനം? ഈ ലോകം അനന്തമായ, നിത്യശുദ്ധമായ അവബോധത്തിന്റെ പ്രതിഫലനം മാത്രമാണെനും അതിനാല്‍ത്തന്നെ അത് സത്തോ അസത്തോ അല്ലെന്നും ഉള്ള തിരിച്ചറിവാണ് ശരിയായ അറിവ്. ജനനം, മരണം, സ്വര്‍ഗ്ഗം, അറിവ്, അജ്ഞാനം, എന്നിവയെല്ലാം അനന്താവബോധത്തിലെ പ്രതിഫലനങ്ങള്‍ മാത്രമാണ്. ഞാനും നീയും പത്തു ദിക്കുകളും എല്ലാം ഈ ബോധം മാത്രമാകുന്നു എന്ന അറിവാണ് ശരിയായ അറിവ്. ശരിയായ അറിവുളളപ്പോള്‍ മനസ്സുയരുകയോ താഴുകയോ ചെയ്യുകയില്ല. അത് പരമപ്രശാന്തതയെ പ്രാപിക്കുന്നതിനാല്‍ നിന്ദാസ്തുതികളില്‍ ആമഗ്നമാവുകയില്ല. സന്തോഷസന്താപങ്ങളില്‍ ആന്ദോളനം ചെയ്യുകയുമില്ല. അത് സത്യത്തിന്റെ പ്രശാന്തശീതളിമയില്‍ സദാ അഭിരമിക്കുന്നു.