Jun 16, 2013

358 യോഗവാസിഷ്ഠം നിത്യപാരായണം ദിവസം 358

നിരീഹോ ഹി ജഡോ ദേഹോ നാത്മനോസ്യാഭിവാഞ്ഛിതം
കര്‍ത്താ ന കശ്ചിദേവാതോ ദൃഷ്ടാ കേവലമസ്യ സ: (6/29/35)

വസിഷ്ഠന്‍ തുടര്‍ന്നു: ഉത്സവപ്പറമ്പുകളിലെ ആട്ടുതൊട്ടിലില്‍ ഇരുന്നു ചുറ്റുന്നയാളിനു തന്റെ ലോകം വിപരീതദിശയില്‍ വട്ടംകറങ്ങുന്നതായിത്തോന്നും. അതുപോലെ അജ്ഞാനചക്രത്തില്‍ ചുറ്റുന്നയാള്‍ക്ക് ദേഹവും ലോകവും തനിക്കുചുറ്റും കറങ്ങുന്നതായി തോന്നും. ആത്മീയസാധകന് ഇത് ബാധകമല്ല. ദേഹം ചിന്താധാരണകളുടെ നിര്‍മിതിയാണ്. അത് വെച്ചുപുലര്‍ത്തുന്നത് അജ്ഞാനമായ മനസ്സുമാണ്.

‘അവിദ്യയുടെ സൃഷ്ടി’യെന്ന് പറയുന്നത് തന്നെ തെറ്റാണ്. ദേഹം കര്‍മ്മനിരതമായി പലവിധത്തിലുള്ള പ്രവര്‍ത്തികളില്‍ മുഴുകിയിരിക്കുന്നതായി കാണുന്നുവെങ്കിലും അത് ഉണ്മയല്ല. കയറില്‍ ആരോപിക്കപ്പെട്ട പാമ്പ്‌ ഒരിക്കലും സത്യമാവുകയില്ലല്ലോ. 

ജഡമായൊരു വസ്തു എന്തുചെയ്തുവെന്ന് തോന്നിയാലും അത് ശരിയാവുന്നതെങ്ങിനെ? പ്രത്യക്ഷത്തില്‍ തോന്നുമെങ്കിലും ദേഹം വാസ്തവത്തില്‍ ഒന്നും ചെയ്യുന്നില്ല. അതിനു സ്വയം അതിനു കഴിവുമില്ല. “ജഡമായ ദേഹം കര്‍മ്മം ചെയ്യാനുള്ള യാതോരാഗ്രഹവും വെച്ചുപുലര്‍ത്തുന്നില്ല. അനന്താവബോധമായ ആത്മാവിനും ആഗ്രഹങ്ങളില്ല. അതിനാല്‍ വാസ്തവത്തില്‍ ‘കര്‍ത്താവായി’ ആരുമില്ല. ഉള്ളത് പ്രജ്ഞ, അല്ലെങ്കില്‍ സാക്ഷീബോധം, മാത്രം.” കാറ്റില്ലാത്തിടത്തു കത്തിനില്‍ക്കുന്ന ദീപനാളംപോലെ അയത്നലളിതമായി ആത്മാവ് പ്രശാന്തതയോടെ എല്ലാ അവസ്ഥകളിലും നിലകൊള്ളുന്നു.

സൂര്യന്‍ തന്റെ നൈസര്‍ഗികമായ സ്വഭാവമെന്ന നിലയ്ക്ക് എപ്പോഴും കര്‍മ്മനിരതനാണ്. അതുപോലെ ആത്മപ്രഭാവനായി നീയും രാജ്യകാര്യങ്ങളില്‍  വ്യാപൃതനായാലും.
ഒരിക്കല്‍ ഈ ജഡം മാത്രമായ ദേഹം സത്യമാണെന്ന് ധരിച്ചുപോയാല്‍പ്പിന്നെ അതൊരു കൊച്ചുകുട്ടിയുടെ സങ്കല്‍പ്പത്തിലെ ഭൂതഭയംപോലെ നമ്മെ വിടാതെ പിടികൂടും. അവിടെ അഹംകാരം അല്ലെങ്കില്‍ മനസ്സ്‌ എന്ന പിശാചു ജനിക്കുന്നു. ഈ മനസെന്ന ഭൂതത്തിന്റെ അലര്‍ച്ചകേട്ട് ഭയന്ന് മഹാത്മാക്കള്‍പോലും സ്വയം ധ്യാനത്തിന്റെ ആഴക്കയങ്ങളില്‍ പോയി ഒളിക്കുന്നു. എന്നാല്‍ ഈ മനസ്സെന്ന പിശാചിനെ നിഷ്കരുണം ഇല്ലാതാക്കി ജീവിക്കുന്നവന്‍ ഭയലേശമന്യേ ഈ നിശ്ശൂന്യലോകത്തില്‍ വസിക്കുന്നു.

വെറും സങ്കല്‍പ്പമാത്രമായ മനസ്സാണ് ദേഹത്തെ സൃഷ്ടിച്ചതെന്നു കരുതി ജീവിക്കുന്നവര്‍ ഇപ്പോഴുമുണ്ട്. ഈ മനസ്സെന്ന ഭൂതത്തിന്റെ പിടിയില്‍നില്‍ക്കെ മരണത്തിനു വിധേയരാവുന്നവരുടെ പ്രജ്ഞ അവിദ്യമാത്രമാണ്.

ദേഹമെന്ന പ്രേതബാധയുള്ള ഈ വീട്ടില്‍ വിശ്വസിച്ചു ജീവിക്കുന്നവന്‍ മറ്റൊരു പ്രേതം തന്നെ. കാരണം ഈ ദേഹമെന്ന ഗേഹം ഉറപ്പില്ലാത്തതും അസ്ഥിരവുമാണല്ലോ. അതുകൊണ്ട് രാമാ, അഹംകാരമെന്ന ഈ ഭൂതത്തിനെ വകവെയ്ക്കാതെ, അതെക്കുറിച്ച് രണ്ടാമതൊന്നു ആലോചിക്കുകകൂടി ചെയ്യാതെ ആത്മാഭിരാമനായി വര്‍ത്തിക്കൂ. അഹംകാരം എന്ന ഭൂതം ആവേശിച്ചവര്‍ക്ക് ബന്ധുമിത്രാദികള്‍ ഇല്ല എന്നറിയുക.


ബുദ്ധിപൂര്‍വ്വം ചെയ്ത ഒരു കാര്യം അഹംകാരത്തിന്റെ മര്‍ക്കടമുഷ്ടിയാല്‍ മാറ്റിമറിക്കപ്പെട്ടാല്‍ അത് മരണത്തെ ക്ഷണിച്ചുവരുത്തുന്ന കൊടുംവിഷം തന്നെയാണ്. വിവേകവിജ്ഞാനങ്ങള്‍ ഇല്ലാതെ അഹംകാരവുമായി ഇണപിരിയാതെ കഴിയുന്നവന്‍ ചത്തതിനൊക്കുമേ ജീവിച്ചിരിക്കിലും എന്നമട്ടില്‍ കഴിയുന്നു. നരകാഗ്നിയില്‍ എരിഞ്ഞുകത്താന്‍ തയാറാക്കിവെച്ച ഉണക്ക വിറകാണവർ . ഈ അഹംകാരമെന്ന ഭൂതം നിന്നില്‍ നില്‍ക്കുകയോ നിന്നെ ഉപേക്ഷിച്ചു പോവുകയോ ചെയ്തുകൊള്ളട്ടെ. രാമാ, നീ അതിനെ തിരിഞ്ഞുനോക്കുകകൂടി വേണ്ട.  

No comments:

Post a Comment

Note: Only a member of this blog may post a comment.