Dec 15, 2014

674 യോഗവാസിഷ്ഠം നിത്യപാരായണം ദിവസം 674

സംകല്‍പസ്യ വപുര്‍ബ്രഹ്മ സംകല്‍പകചിദാകൃതേ:
തദേവ ജഗതോ രൂപം തസ്മാദ് ബ്രഹ്മാത്മകം ജഗത് (6.2/184/19)

കുന്ദദന്തന്‍ ചോദിച്ചു: എങ്ങിനെയാണ് എട്ടു ലോകങ്ങള്‍ ഒരു ഗൃഹത്തില്‍ നിലനില്‍ക്കുക?
മുനി പറഞ്ഞു: അനന്തബോധം സര്‍വ്വവ്യാപിയായതിനാല്‍ അത് എല്ലാടവും, എല്ലാത്തരത്തിലും പ്രഭാസിക്കുന്നു. ആത്മാവ് ലോകങ്ങളെ അന്തരാ ദര്ശിക്കുകയാണ് ചെയ്യുന്നത്.
കുന്ദദന്തന്‍ വീണ്ടും ചോദിച്ചു: ഒരേയൊരു ഭഗവാനില്‍ ആരാണ്, എന്താണ് അനന്തബോധം? എന്താണ്‌ ലോകത്ത് വൈവിദ്ധ്യത (നാനാത്വം) സത്യമെന്നപോലെ നിലനില്‍ക്കാന്‍ കാരണം?
മുനി പറഞ്ഞു: ഒരേയൊരു ബോധാമേയുള്ളൂ. അത് അനന്തമാണ്‌.പരമ പ്രശാന്തതയാണ്. അതില്‍ നാനാത്വം ഇല്ലേയില്ല. എങ്കിലും വൈവിദ്ധ്യത അനുഭവപ്പെട്ടേക്കാം. ഉണ്ടെന്നു തോന്നുന്ന ഈ വൈവിദ്ധ്യത വെറും മിഥ്യയാണ്. സുഷുപ്തിയും സ്വപ്നവുംപോലെയാണത്.

ചലനം ഉണ്ടെന്നു തോന്നിയാലും ചലനം ഇല്ല. മലകള്‍ മലകളല്ല. സ്വപ്നത്തിലെന്നപോലെ ആത്മാവിന്റെ സഹജഭാവം മാത്രമേ സത്യമായുള്ളൂ. 

ആ സഹജഭാവം പോലും നിലനില്‍ക്കുന്നതല്ല. അതിനാല്‍ വൈവിദ്ധ്യമാര്‍ന്ന വസ്തുക്കള്‍ക്കും നിലനില്‍പ്പില്ല. അനന്തബോധത്തില്‍ ആദ്യം സങ്കല്‍പ്പജന്യമായതെന്തോ അത് മാത്രമാണ് നിലനില്‍ക്കുന്നതെന്ന് തോന്നുന്നു. ഈ സങ്കല്പം പോലും സത്യമല്ല. കാരണം അനന്തബോധം മാറ്റമില്ലാതെ ഇപ്പോഴും നിലകൊള്ളുന്നു. പൂക്കളില്‍, ഇലകളില്‍, പഴങ്ങളില്‍, തൂണുകളില്‍, മരങ്ങളില്‍, എന്നുവേണ്ട എല്ലാറ്റിലും പരമപുരുഷന്‍ 'തത്' ആയി നിലകൊള്ളുന്നു.

പരമപുരുഷന്‍, വിശ്വം എന്നെ പദങ്ങളെ തുല്യാര്‍ത്ഥപദങ്ങളായി അറിയുക. ആത്മജ്ഞാനസംബന്ധികളായ ശാസ്ത്രഗ്രന്ഥങ്ങളുടെ അദ്ധ്യയനം സത്യത്തെ വെളിവാക്കിത്തരുന്നു. അതാണ് മുക്തി.

“ധാരണകളുടെയും ചിന്താധാരകളുടെയും പിറകിലുള്ള സത്ത, ബ്രഹ്മം അല്ലെങ്കില്‍ അനന്തമായ ബോധമാണ്. അത് തന്നെയാണ് ലോകമെന്ന കാഴ്ചയ്ക്ക്, വിശ്വത്തിന്, പിറകിലുള്ള സത്ത. അതിനാല്‍ ലോകം ബ്രഹ്മമാകുന്നു.”

വ്യാഖ്യാനങ്ങള്‍, വ്യഖ്യാനങ്ങള്‍ക്കതീതമായവകള്‍, യമനിയമാദികള്‍, അസ്തിത്വ-അനസ്തിത്വങ്ങള്‍, നിശ്ശ്ബ്ദതയും ശബ്ദമുഖരിതാവസ്ഥയും, ജീവന്‍, ആത്മാവ്, എല്ലാമെല്ലാം ബ്രഹ്മമാകുന്നു. സത്താണ് ആപേക്ഷിക-അസത്തായി കാലനിബദ്ധമായി കാണപ്പെടുന്നത്.   

ഇതെല്ലാം ബ്രഹ്മം തന്നെയാകുമ്പോള്‍ എന്താണ് കരണീയം? എന്താണ് സംത്യജിക്കാനും മറ്റുമുള്ളത്?
ഒരുറക്കത്തില്‍ സുഷുപ്തിയും അനേകം സ്വപ്നങ്ങളും ഉണ്ടാകുന്നു. അതുപോലെ ഒരവിഭാജ്യബോധത്തില്‍ എണ്ണമറ്റ പ്രകടിതഭാവങ്ങള്‍ ഉല്‍പ്പന്നമാകുന്നു. അതീവ സൂക്ഷ്മമായ ശുദ്ധബോധം തന്നെയാണിതെല്ലാം. കാണുന്നുവെന്ന് തോന്നുന്നുവെങ്കിലും അദൃശ്യമാണത്. 

ബ്രഹ്മാ വിഷ്ണു മഹേശ്വരന്മാര്‍ അടങ്ങുന്ന വിശ്വം മുഴുവനും സ്വപ്നസദൃശമത്രേ. ആ ഏകവും അദ്വയവുമായ ബോധസമുദ്രത്തില്‍ ആനന്ദവും, ദുഖവുമെല്ലാം ഉയര്‍ന്നു പൊങ്ങുന്ന ബുദ്ബുദങ്ങളാകുന്നു. കാഴ്ച്ചയ്ക്ക് കുഴപ്പമുള്ളവന്‍ ആകാശത്ത് വിചിത്രമായ വസ്തുക്കളെ കാണുന്നതുപോലെ അജ്ഞാനിയ്ക്ക് ലോകം കാണാകുന്നു.

സൃഷ്ടാവായ ബ്രഹ്മാവിന്റെ, അതായത് ലോകക്രമമെന്ന സമഷ്ടിയുടെ സങ്കല്‍പ്പത്തിലാണ് വിശ്വം നിലനില്‍ക്കുന്നത്

No comments:

Post a Comment

Note: Only a member of this blog may post a comment.