Dec 13, 2014

673 യോഗവാസിഷ്ഠം നിത്യപാരായണം ദിവസം 673

വരപ്രദാനം വരദൈര്‍വരദാനാം വരാര്‍ത്ഥിഭി:
യദാ സുചിരമഭ്യസ്തം വരാണാം സാരതാ തദാ (6.2/183/33)

മുനി തുടര്‍ന്നു: ശാപങ്ങള്‍ വീണ്ടും ഇങ്ങിനെ പറയും:വരദാനം ചെയ്യുന്ന ബോധം വരം നല്‍കുന്നയാളിലൂടെ വരം ലഭിക്കുന്നയാളിന്റെയുള്ളില്‍ ‘എനിയ്ക്ക് വരം ലഭിച്ചു’ എന്ന ധാരണയുണ്ടാക്കുന്നു. അതേ ബോധം വരങ്ങള്‍ക്ക് ഉചിതമായ ഫലങ്ങളെയും രൂപങ്ങളെയും ഉണ്ടാക്കുന്നു.

“അതിനാല്‍ വരം നല്‍കുന്നയാളുടെ വരദാനമെന്ന പ്രവൃത്തിയും അത് ലഭിക്കാനായി പ്രയത്നിച്ചയാള്‍ വരം സ്വീകരിക്കുന്നതും ബോധത്തില്‍ സുദൃഢമായി നിലകൊള്ളുന്നതിനാല്‍ അവ അവരുടെ സഹജഭാവത്തിന്റെ ഭാഗം തന്നെയാകുന്നു.”

അതിനാല്‍ അവരെ വെല്ലുക ഞങ്ങള്‍ക്ക് അസാദ്ധ്യമാണ്. ശുദ്ധവസ്തു ആശുദ്ധവസ്തുവിനെ എക്കാലത്തും വിജയിച്ചിട്ടേയുള്ളൂ. 

വരങ്ങളും ശാപങ്ങളും തുല്യശക്തിയില്‍ ഇരുന്നാല്‍ പാലില്‍ വെള്ളം ചേര്‍ക്കുന്നതുപോലെ അവ രണ്ടും ചേര്‍ന്ന് വ്യത്യസ്തഫലങ്ങള്‍ ഉണ്ടാക്കുന്നു എന്നു മാത്രം. സ്വപ്നത്തിലെ അനുഭവത്തിനു സമാനമാണിവ. ഭഗവാനേ, ഞങ്ങളെ പോകാന്‍ അനുവദിച്ചാലും.

ശാപങ്ങള്‍ പിന്‍വാങ്ങും. എങ്കിലും മറ്റൊരു സാഹചര്യം അവിടെ സംജാതമാകും. ആ സഹോദരന്മാരുടെ ആത്മാക്കള്‍ വീട് വിട്ടു പോവുകയില്ല എന്ന വരം ഭാര്യമാര്‍ക്ക് ലഭിച്ചിരുന്നുവല്ലോ. അതിപ്പോള്‍ അവര്‍ക്ക് ശാപമാണ്. കാരണം ലോകചക്രവര്‍ത്തിപദം എന്ന വരത്തിനെതിരായി വര്‍ത്തിക്കുന്ന ഒരു ശാപമാണല്ലോ അത്? ഈ തര്‍ക്കത്തിലും ഒരു തീരുമാനം കണ്ടെത്താന്‍ ബ്രഹ്മാവിനെ അവര്‍ സമീപിക്കും.

ബ്രഹ്മാവപ്പോള്‍ പറയും: ബാഹ്യമായി ഈ രണ്ടു വരങ്ങളും പരസ്പര വിരുദ്ധമെന്ന് തോന്നിയാലും അവ രണ്ടും നേരത്തെ തന്നെ നടപ്പിലാക്കി കഴിഞ്ഞിരിക്കുന്നു.

എട്ടു സഹോദരന്മാര്‍ അവരുടെ സ്വഗേഹങ്ങളില്‍ നിവസിക്കുന്നു. അവര്‍ ലോകത്തിന്റെ ചക്രവര്‍ത്തിമാരായി വിരാജിക്കുകയും ചെയ്യുന്നു. അവരുടെ ഭൌതീക ശരീരം ഇപ്പോള്‍ ഇല്ലല്ലോ.

അപ്പോള്‍ വരങ്ങള്‍ ബ്രഹ്മാവിനോട് ചോദിക്കും: ഒരേയൊരു ഭൂമിയേയുള്ളൂ എന്ന് ഞങ്ങള്‍ കേട്ടിരിക്കുന്നു. അപ്പോള്‍പ്പിന്നെ എങ്ങിനെയാണ് എട്ടുപേര്‍ക്കും അവരവരുടെ ഗേഹങ്ങളില്‍ പാര്‍ത്തുകൊണ്ട് ചക്രവര്‍ത്തിമാരാകാന്‍ കഴിയുക?
 
ബ്രഹ്മാവ്‌ പറയും: നിങ്ങളുടെയും എന്റെയും ലോകങ്ങള്‍ ശുദ്ധശൂന്യതയാണ്. അവ ഏറ്റവും സൂക്ഷ്മമായ അണുവിനുള്ളില്‍ സ്വപ്നസമാനമായ അനുഭവമായി നമ്മില്‍ കുടികൊള്ളുകയാണ്. അതിനാല്‍ ഈ എട്ടുപേരും അവരവരുടെ ലോകങ്ങള്‍ അവരുടെ ഗൃഹങ്ങളില്‍ അനുഭവിക്കുന്നു എന്നതില്‍ അത്ഭുതപ്പെടാന്‍ എന്താണുള്ളത്?

മരണശേഷം ഈ ലോകം മനസ്സില്‍ അറിയുന്നത് ഘനസാന്ദ്രമായ നിശ്ശൂന്യതയായാണ്.
ഓരോ അണുവിലും വിശ്വം മുഴുവനും പ്രഭാസിക്കുന്നു. അപ്പോള്‍പ്പിന്നെ ഒരു ഗൃഹത്തിലെ കാര്യം പറയാനില്ല. ഉള്ളതെല്ലാം അനന്തമായ ബോധം മാത്രമാണ്. ലോകമെന്നത വെറും മിഥ്യ.
ഇത് കേള്‍ക്കുമ്പോള്‍ വരങ്ങള്‍ തെറ്റിദ്ധാരണകള്‍ അകന്നു ബ്രഹ്മാവിനെ വണങ്ങി അവരുടെ സൂക്ഷ്മലോലമായ ആസ്തിത്വങ്ങളിലേയ്ക്ക് മടങ്ങും. അപ്പോള്‍ ആ നിമിഷം പരസ്പരം അറിയാതെ എട്ടു ‘സഹോദരന്മാരും’ ലോകചക്രവര്‍ത്തിമാരാകും.


ഒരാള്‍ ഉജ്ജയിനി ഭരിക്കും. മറ്റുള്ളവര്‍ ശാകദ്വീപ്, കുശദ്വീപ്, സാല്‍മലിദ്വീപ്‌, ക്രൌഞ്ച ദ്വീപ്‌, ഗോമേദദ്വീപ്‌, പുഷ്കരദ്വീപ്‌ എന്നിവ ഭരിക്കും. അങ്ങിനെ വരങ്ങള്‍ രണ്ടും സാദ്ധ്യമാവുകായും ചെയ്യും.

No comments:

Post a Comment

Note: Only a member of this blog may post a comment.