Dec 23, 2014

685 യോഗവാസിഷ്ഠം നിത്യപാരായണം ദിവസം 685

കാരണാഭാവതോ രാമ നാസ്ത്യേവ ഖലു വിഭ്രമ:
സര്‍വം ത്വമഹമിത്യാദി ശാന്തമേകമനാമയം  (6.2/190/31)
രാമന്‍ ചോദിച്ചു: വെറും ജഡം മാത്രമായ ധാരണാ വസ്തു ‘ചിന്തിക്കുന്നു’വത്രേ! എല്ലാറ്റിനെയും അറിയുന്ന ഭഗവാന്‍ (ദൃഷ്ടാവ്), സ്വയം ധാരണാവസ്തുവാവുകയാണ് (ദൃശ്യം) ! അതെങ്ങിനെ സാധിക്കും? മരക്കഷണത്തിന് അഗ്നിയെ എരിക്കാനാവുമോ?.
വസിഷ്ഠന്‍ പറഞ്ഞു: ദൃഷ്ടാവ് ദൃശ്യമായി മാറുന്നില്ല. കാരണം ദൃശ്യം മിഥ്യയാണ്. ദൃക്ക് മാത്രമേയുള്ളൂ. അതാണെല്ലാം. അതാണ് അനന്തസാന്ദ്രവും ഏകവുമായ ബോധം. 
രാമന്‍ ചോദിച്ചു: അനന്തബോധം സ്വയമൊരു ധാരണാവസ്തുവായി അവബോധിച്ചതിന്റെ ഫലമായാണ് ലോകമെന്ന ഈ കാഴ്ച ഉരുത്തിരിഞ്ഞുവന്നത്. എങ്ങിനെയാണ് വസ്തുക്കള്‍ ഉല്‍പ്പന്നമാകുന്നത്?

വസിഷ്ഠന്‍ പറഞ്ഞു: കാരണം ഇല്ലാത്തതിനാല്‍ വസ്തുക്കള്‍ ഉണ്ടാകുന്നതേയില്ല. അതിനാല്‍ ബോധം സര്‍വ്വസ്വതന്ത്രവും വിവരണാതീതവും നിർവചനങ്ങള്‍ക്ക് വഴങ്ങാത്തതുമാണ്.

രാമന്‍ ചോദിച്ചു: അങ്ങിനെയാണെങ്കില്‍ എങ്ങിനെയാണ് അഹങ്കാരാദികള്‍ ഉണ്ടായത്? എങ്ങിനെയാണ് ഒരുവന്‍ ലോകത്തെ അനുഭവിക്കുന്നത്?

വസിഷ്ഠന്‍ പറഞ്ഞു: കാരണമില്ലാത്തതിനാല്‍ ഇതൊന്നും ഒരിക്കലും ഉണ്ടാകുന്നില്ല. എവിടെയാണ് ധാരണയ്ക്ക് നിദാനമായ വസ്തു? സൃഷ്ടിക്കപ്പെട്ടു എന്ന് കരുതപ്പെടുന്ന വസ്തുക്കള്‍ എല്ലാം വെറും ഭ്രമക്കാഴ്ചകള്‍ മാത്രമാണ്. ധാരണാവിഭ്രമങ്ങളാണ്.
 
രാമന്‍ പറഞ്ഞു: ഈ ശുദ്ധബോധത്തില്‍ എങ്ങിനെയാണ് ഭ്രമക്കാഴ്ച്ചകള്‍ ഉണ്ടാവുന്നത്? ശുദ്ധമായ,  ബോധത്തില്‍ ചലനമോ അവബോധമോ ഉണ്ടാവുക വയ്യല്ലോ?

വസിഷ്ഠന്‍ പറഞ്ഞു: “കാരണമൊന്നും ഇല്ലാത്തതിനാല്‍ ഭ്രമക്കാഴ്ചകളും ഉണ്ടാവുക സാദ്ധ്യമല്ല. ഞാനും നീയും എല്ലാമെല്ലാം ഏകവും അദ്വിതീയവുമായ അനന്തപ്രശാന്തത മാത്രമാണ്.

രാമന്‍ പറഞ്ഞു: ഭഗവന്‍, ഞാനാകെ പരിഭ്രമത്തിലാണിപ്പോള്‍. എന്താണിനി ചോദിക്കേണ്ടതെന്ന് എനിക്കറിയില്ല. ഞാന്‍ പൂര്‍ണ്ണമായും പ്രബുദ്ധതയെ പുല്‍കിക്കഴിഞ്ഞുവോ? ഞാന്‍ എന്താണിനി ചോദിക്കുക?

വസിഷ്ഠന്‍ പറഞ്ഞു: ഇതിനൊന്നും കാരണങ്ങള്‍ ഇല്ല എന്നറിഞ്ഞുകൊണ്ട് കാരണങ്ങള്‍ തേടിയുള്ള അന്വേഷണങ്ങള്‍ എല്ലാം അവസാനിപ്പിച്ചാലും.  അങ്ങിനെ നിനക്ക് പ്രശാന്തതയില്‍ അഭിരമിക്കുവാനാകും. അനിര്‍വചനീയമായ സത്തയുടെ നിറവറിയാനാകും.

രാമന്‍ പറഞ്ഞു: കാരണം ഒന്നുമില്ലാത്തതിനാല്‍ സൃഷ്ടിയെന്നൊരു കാര്യം ഉണ്ടായിട്ടേയില്ല എന്നാൽ  ജ്ഞാനവസ്തുവിനെപ്പറ്റിയുമുള്ള സംശയവും ചിന്താക്കുഴപ്പവും ഉണ്ടാവുന്നത് ആര്‍ക്കാണ്.

വസിഷ്ഠന്‍ പറഞ്ഞു:കാരണമില്ലാത്തതിനാലും, അനന്തബോധം എന്നത് എകാത്മകമായതിനാലും ഭ്രമം എന്നത് മിഥ്യയാണ്. നീയാ പ്രശാന്തതയില്‍ ഇനിയും വിരാജിക്കാത്തതിനു കാരണം നീയിക്കാര്യം ധ്യാനിച്ചുറപ്പിക്കാത്തതാണ്. 

രാമന്‍ ചോദിച്ചു:എങ്ങിനെയാണ് ധ്യാനം ഉണ്ടാവുക? എന്താണ് ധ്യാനരഹിതമായ അവസ്ഥ? വീണ്ടും നാം അതേ വലയത്തില്‍ വീഴുന്നു.


വസിഷ്ഠന്‍ പറഞ്ഞു: വാസ്തവത്തില്‍ അനന്തത്തില്‍ വിഭ്രമം ഇല്ലേയില്ല. എന്നാല്‍ ബോധം അനന്തവും അവ്യയവും ആകയാല്‍ ഈ സത്യത്തിനെക്കുറിച്ചുള്ള ധ്യാനം അതില്‍ ആവര്‍ത്തിച്ചുണര്‍ന്നുവരുന്നു.  

No comments:

Post a Comment

Note: Only a member of this blog may post a comment.