Dec 23, 2014

683 യോഗവാസിഷ്ഠം നിത്യപാരായണം ദിവസം 683

ജ്ഞാനസ്യ ജ്ഞേയതാ നാസ്തി കേവലം ജ്ഞാനമവ്യയം
അവാച്യമിതി ബോധോന്ത: സമ്യഗ്ജ്ഞാനമിതി സ്മൃതം (6.2/190/5)

വസിഷ്ഠന്‍ തുടര്‍ന്നു: ജ്ഞാനം അറിവിനുള്ള വസ്തുവായി മാറുമ്പോള്‍ അത് ബന്ധനമായി.
രാമന്‍ ചോദിച്ചു: എങ്ങിനെയാണ് ജ്ഞാനം എന്നത് അറിവിനുള്ള വസ്തുവാണെന്നുള്ള സുദൃഢമായ തോന്നല്‍ അവസാനിപ്പിക്കുക?
വസിഷ്ഠന്‍ പറഞ്ഞു: പൂര്‍ണ്ണപ്രബുദ്ധതയില്‍ ബുദ്ധിയുടെ മാന്ദ്യം അവസാനിക്കുമല്ലോ. അപ്പോള്‍ മോക്ഷമായി. അത് രൂപരഹിതമാണ്, പ്രശാന്തമാണ്, സത്യമാണ്.

രാമന്‍ പറഞ്ഞു: പൂര്‍ണ്ണപ്രബുദ്ധതയെന്നാല്‍ എന്താണ്? ജീവികളെ എല്ലാവിധ ബന്ധനങ്ങളില്‍ നിന്നും സ്വതന്ത്രമാക്കാന്‍ പര്യാപ്തമായ പരിപൂര്‍ണ്ണ ജ്ഞാനമെന്താണ്?

വസിഷ്ഠന്‍ പറഞ്ഞു: പരമമായ ജ്ഞാനത്തിന് അറിയാനായി ഒരു വസ്തുവില്ല. ജ്ഞാനം സ്വതന്ത്രവും ശാശ്വതവുമാണ്. എല്ലാവിധ നിര്‍വചനങ്ങള്‍ക്കും വിശദീകരണങ്ങള്‍ക്കും അതീതമാണത്. സത്യത്തിന്റെ നേരറിവുണരുന്നതാണ് പരമമായ ജ്ഞാനം.

രാമന്‍ പറഞ്ഞു: ജ്ഞാനത്തിനും അറിവിന്‌ നിദാനമായ വസ്തുവിനും തമ്മില്‍ എന്ത് ഭേദമാണ് ഉള്ളത്? ജ്ഞാനം എന്ന വാക്ക് നാം ഉപയോഗിക്കുമ്പോള്‍ ശരിക്കും എന്താണ് നാം അര്‍ത്ഥമാക്കേണ്ടത്?

വസിഷ്ഠന്‍ പറഞ്ഞു: ജ്ഞാനം എന്നാല്‍ പൂര്‍ണ്ണപ്രബുദ്ധതയാണ്, സാക്ഷാത്ക്കാരമാണ്. അതിനെക്കുറിച്ചുള്ള നിസ്തന്ദ്രധ്യാനമാണ് ജ്ഞാനത്തിലെത്താനുള്ള മാര്‍ഗ്ഗം. വാസ്തവത്തില്‍ ജ്ഞാനത്തിനും ജ്ഞാനവസ്തുവിനും തമ്മില്‍ ഭേദമില്ല.

രാമന്‍ പറഞ്ഞു: അങ്ങിനെയാണ് കാര്യമെങ്കില്‍ ജ്ഞാനത്തിനും ജ്ഞാനവസ്തുവിനും തമ്മില്‍ വിഭ്രമാത്മകമായ അന്തരമുണ്ടാവാനും അത് നമ്മില്‍ രൂഢമൂലമാവാനും കാരണം എന്താണ്?

വസിഷ്ഠന്‍ പറഞ്ഞു: ജ്ഞാനബാഹ്യമായി എന്തോ ഉണ്ടെന്നുള്ള ഭ്രമമാണ് ഈ ഭേദഭാവനയ്ക്ക് കാരണം. ജ്ഞാനത്തിനുമപ്പുറം എന്തോ ഉണ്ടാകുമെന്ന തോന്നല്‍. വാസ്തവത്തില്‍ ജ്ഞാനത്തിനു പുറത്തോ അകത്തോ യാതൊന്നുമില്ല.

രാമന്‍ പറഞ്ഞു: ഞാനും അങ്ങും മറ്റുള്ള ജീവജാലങ്ങളും വൈവിദ്ധ്യമാര്‍ന്ന വസ്തുക്കളുമെല്ലാം നിറഞ്ഞ ഈ ലോകം വളരെ സ്പഷ്ടമായി നാം കാണുന്നുണ്ട്. അപ്പോള്‍പ്പിന്നെ ഇതെല്ലാം മിഥ്യയാണെന്ന് പറയുന്നത് എങ്ങിനെ ന്യായീകരിക്കാനാകും?


വസിഷ്ഠന്‍ പറഞ്ഞു: വിശ്വപ്രപഞ്ചം എന്ന വിരാട്ട് പുരുഷന്‍ (ദൃഷ്ടാവ്) സൃഷ്ടിയുടെ ആരംഭത്തില്‍ ഉണ്ടായിരുന്നില്ല. അപ്പോഴും, ഇപ്പോഴും എല്ലായ്പ്പോഴും  കാണപ്പെടുവാന്‍ യാതൊരു വസ്തുവും ദൃക്കായി ഉണ്ടായിരുന്നിട്ടേയില്ല.

No comments:

Post a Comment

Note: Only a member of this blog may post a comment.