ചിത്തശ്ചേത്യോന്മുഖത്വം യത്തച്ചിത്തമിതി കഥ്യതേ
വിചാര ഏഷ ഏവാസ്യ വാസനാനേന ശാമ്യതി (6.2/190/67)
രാമന്‍ ചോദിച്ചു: എന്താണ് ചിത്തം? അതിന്റെ സ്വഭാവമറിയാന്‍ എങ്ങിനെയാണൊരുവന്‍ അന്വേഷണം നടത്തുന്നത്?
അങ്ങിനെയുള്ള അന്വേഷണത്തിന്റെ ഫലപ്രാപ്തി എന്താണ്?
വസിഷ്ഠന്‍ പറഞ്ഞു:”ബോധം സ്വയം അതിനെ അറിയപ്പെടാനുള്ള ഒരു
വസ്തുവായി അവബോധിക്കുമ്പോള്‍ അത് ചിത്തം (മനസ്സ്). അന്വേഷണം എന്നത്, നീയിപ്പോള്‍ച്ചെയ്യുന്നത്
തന്നെയാണ്. ഇതുകൊണ്ട് മനോപാധികള്‍ക്ക് അവസാനമാകുന്നു.
രാമന്‍ ചോദിച്ചു: എങ്ങിനെയാണ് ചിത്തം അനുപാധികമായി സാധകനെ
നിര്‍വ്വാണപ്രാപ്തിയ്ക്ക് പര്യാപ്തനാക്കുന്നത്?
വസിഷ്ഠന്‍ പറഞ്ഞു: മനോപാധികള്‍ അല്ലെങ്കില്‍ അറിവിന്
വസ്തുവായത് ഒരിക്കലും യാഥാര്‍ത്ഥ്യമല്ല. അതിനാല്‍ ചിത്തവും യാഥാര്‍ത്ഥ്യമല്ല.
രാമന്‍
പറഞ്ഞു: പക്ഷെ അതിന്റെ സാന്നിദ്ധ്യം നാം അനുഭവിക്കുന്നുണ്ടല്ലോ?
വസിഷ്ഠന്‍
പറഞ്ഞു: അജ്ഞാനിയുടെ ദൃഷ്ടിയില്‍ കാണുന്നതല്ല ലോകം. എന്നാല്‍ പ്രബുദ്ധന്റെ,
അല്ലെങ്കില്‍ ജ്ഞാനിയുടെ ദൃഷ്ടിയില്‍ കാണുന്നതിനെ വിവരിക്കാനുമാവില്ല.
രാമന്‍
ചോദിച്ചു: എന്താണ് അജ്ഞാനിയുടെ ദര്‍ശനം? എന്തുകൊണ്ടാണ് പ്രബുദ്ധന്റെ ദര്‍ശനം
വിവരണാതീതമായിരിക്കുന്നത്?
വസിഷ്ഠന്‍
പറഞ്ഞു: അജ്ഞാനി ലോകത്തെ കാണുന്നത് ആദിയന്തങ്ങള്‍ ഉള്ള ഒരു സത്തയായിട്ടാണ്.
എന്നാല്‍ പ്രബുദ്ധന്‍ അത് കാണുന്നേയില്ല. കാരണം അതൊരിക്കലും
സൃഷ്ടിക്കപ്പെട്ടിട്ടില്ല. അതിന് യാതൊരുവിധ അസ്തിത്വവും ഇല്ല.
രാമന്‍
പറഞ്ഞു: അങ്ങിനെയാണെങ്കില്‍ നാം അത് അനുഭവിക്കാന്‍ എന്താണ് കാരണം?
വസിഷ്ഠന്‍
പറഞ്ഞു: അത് സ്വപ്നത്തില്‍ ഒരു വസ്തുവിനെ അനുഭവിക്കുന്നതുപോലെയാണ്. വാസ്തവത്തില്‍
സ്വപ്നവസ്തു ഇല്ലല്ലോ!
രാമന്‍
പറഞ്ഞു: സ്വപ്നത്തിലെ അനുഭവം ജാഗ്രദിലെ പൂര്‍വ്വാനുഭവം കാരണമാണുണ്ടാവുന്നത്.
വസിഷ്ഠന്‍
ചോദിച്ചു: ഈ രണ്ട് അനുഭവവും ഒരേ വസ്തുവുമായി ബന്ധപ്പെട്ടാണോ ഇരിക്കുന്നത്?
രാമന്‍
പറഞ്ഞു: ജാഗ്രദവസ്ഥയില്‍ മനസ്സില്‍പ്പതിഞ്ഞ ചിത്രങ്ങളാണ്, അനുഭവങ്ങളാണ്
സ്വപനത്തില്‍ പ്രത്യക്ഷമാവുന്നത്.
വസിഷ്ഠന്‍
പറഞ്ഞു: അങ്ങിനെയാണെങ്കില്‍ സ്വപനത്തില്‍ കത്തിയെരിഞ്ഞതായി 'ക്കണ്ടനുഭവിച്ച’ ഭവനം
ഉണരുമ്പോള്‍ യാതൊരു കേടുപാടുമില്ലാതെ നില്‍ക്കുന്നതെന്തുകൊണ്ട്?
രാമന്‍
പറഞ്ഞു: തീര്‍ച്ചയായും ജാഗ്രദ് അവസ്ഥയിലെ യാഥാര്‍ത്ഥ്യം സ്വപ്നത്തില്‍
അങ്ങിനെയല്ല. അപ്പോള്‍ പ്രകടമാവുന്നത് ബോധം (ബ്രഹ്മം) ആയിരിക്കണം. എങ്കിലും
നേരത്തെ ഉണ്ടായിട്ടില്ലാത്ത കാര്യം എങ്ങിനെയാണ് സ്വപ്നത്തിലാണെങ്കിലും കാണാന്‍
കഴിയുക?
വസിഷ്ഠന്‍
പറഞ്ഞു: അനുഭവങ്ങള്‍ നേരത്തെ ഉണ്ടായതാണെങ്കിലും ഇല്ലെങ്കിലും എല്ലായിടത്തും എല്ലാ
തലത്തിലും എല്ലാക്കാലത്തും പ്രകാശിക്കുന്നത് ശുദ്ധബോധം മാത്രമാണ്.
രാമന്‍
ചോദിച്ചു: ഭഗവന്‍, എങ്ങിനെയാണ് ഈ ഭ്രമം അവസാനിപ്പിക്കുക?
വസിഷ്ഠന്‍
പറഞ്ഞു: ‘എങ്ങിനെയാണ് ഈ സംസാരം പ്രകടമായത്? അതിനു പ്രത്യക്ഷമാവാന്‍ യാതൊരു കാരണവും
ഇല്ലല്ലോ, പിന്നെയെങ്ങിനെ അതുണ്ടായി’ എന്നിങ്ങിനെ അന്വേഷിക്കൂ, ധ്യാനിക്കൂ.
രാമന്‍
പറഞ്ഞു: സ്വപ്നവസ്തുക്കള്‍ക്ക് ഇടം നല്‍കുന്നത് മനസ്സാണ് (ചിത്തം). അതായത് അത് മനസ്സ്
തന്നെയാണ്. അതുപോലെയാണ് ലോകവും.
വസിഷ്ഠന്‍
പറഞ്ഞു: മനസ്സ് ശുദ്ധബോധത്തില്‍ നിന്നും വിഭിന്നമല്ല. മനസ്സും ബോധമല്ലാതെ
മറ്റൊന്നല്ല.
രാമന്‍
പറഞ്ഞു: ദേഹം അവയവങ്ങളില്‍ നിന്നും വിഭിന്നമല്ലാത്തതുപോലെ ലോകം ബ്രഹ്മത്തില്‍
നിന്നു വിഭിന്നമല്ല.
വസിഷ്ഠന്‍
പറഞ്ഞു: അതിനാല്‍ ഈ വിശ്വം ഒരിക്കലും സൃഷ്ടിക്കപ്പെട്ടിട്ടില്ല. എല്ലാമെല്ലാം
ശാശ്വതബ്രഹ്മമാണ്.
No comments:
Post a Comment
Note: Only a member of this blog may post a comment.