Dec 13, 2014

672 യോഗവാസിഷ്ഠം നിത്യപാരായണം ദിവസം 672

വയം കിലേമേ ഭഗവാന്‍വരാ: ശാപാശ്ച സര്‍വദാ
നനു സംവിന്മയാ ഏവ ദേഹോന്യോസ്മാകമസ്തി നോ (6.2/183/29)
കുന്ദദന്തന്‍ പറഞ്ഞു:  ലോകം ഒന്നാണല്ലോ, അപ്പോള്‍ അതിന് ഏഴു ഭരണാധികാരികള്‍ എങ്ങിനെ ശരിയാവും? സ്വന്തം വീട് വിട്ടു പോവാന്‍ കഴിയാത്തവര്‍ക്ക് എങ്ങിനെയാണ്ലോ കചക്രവര്‍ത്തിയാകാന്‍ കഴിയുക? ഒരാള്‍ക്ക് വരവും അതിനെതിരായ ശാപവും ലഭിച്ചാല്‍ അയാളുടെ വിധി എ പ്രകാരമായിരിക്കും?
മഹര്‍ഷി താപസനോടു പറഞ്ഞു: ഇതെല്ലാം എങ്ങിനെ സാധിച്ചുവെന്നു നിങ്ങള്‍ക്കിപ്പോള്‍കാണാം. നിങ്ങള്‍ താമസിയാതെ കുടുംബത്തിലെത്തി അവരുമായി ഒത്തുചേരും.
കാലക്രമത്തില്‍ നിങ്ങളും മരണത്തിനിരയാവും. നിങ്ങളുടെ ബന്ധുക്കള്‍ ആ ദേഹങ്ങളെ ദഹിപ്പിച്ച് മരണാനന്തരക്രിയകളും ചെയ്യും. നിങ്ങള്‍ ഓരോരുത്തരും വെവ്വേറെ സത്വങ്ങളായി ബോധാകാശത്തില്‍ സുഷുപ്തിയിലെന്നവണ്ണം കുറച്ചുനേരം നിലകൊള്ളും. അപ്പോള്‍ നിങ്ങളുടെ കര്‍മ്മങ്ങള്‍ - വരങ്ങളും ശാപങ്ങളും - നിങ്ങള്‍ക്ക് ചുറ്റും നില്‍ക്കും. വരങ്ങള്‍ക്ക് തനതായ രൂപവും ശാപത്തിന് അതിന്റേതായ രൂപവും ഉണ്ട്. വരങ്ങള്‍ക്ക് പ്രസന്നഭാവമാണ്. താമരക്കൈകള്‍, ചതുര്‍ഭുജങ്ങള്‍, ഗദ എന്നിവയുമായാണ് വരങ്ങള്‍ കാണപ്പെടുക. ശാപങ്ങള്‍ക്ക് ഭീകരരൂപമാണ്. രണ്ടു കൈകള്‍, മൂന്നു കണ്ണുകള്‍, ത്രിശൂലം ആയുധം. ഇങ്ങിനെയാണ്‌ ശാപങ്ങള്‍ കാണപ്പെടുക.

വരങ്ങള്‍ ശാപങ്ങളോടു പറയും: ‘ദൂരെപ്പോ, ശാപങ്ങളേ, ഞങ്ങളുടെ സമയം ആഗതമായിരിക്കുന്നു. അതിനെ അതിക്രമിക്കാന്‍ ഞങ്ങള്‍ അനുവദിക്കുകയില്ല.’

അപ്പോള്‍ ശാപങ്ങള്‍ പറയും: ഇത് ഞങ്ങളുടെ സമയമാണ്. ഇതിലാരും കടന്നുകയറാന്‍ ഞങ്ങള്‍ അനുവദിക്കില്ല.

വരങ്ങള്‍ അപ്പോള്‍ പറയും: ഞങ്ങളെ സൃഷ്ടിച്ചത് സൂര്യനാണ്. നിങ്ങളുടെ സൃഷ്ടാവ് ആ മുനിയല്ലേ?

ശാപങ്ങള്‍ പറയും: ശരിയാണ്. നിങ്ങളെ സൃഷ്ടിച്ചത് സൂര്യനാണ്. എന്നാല്‍ ഞങ്ങള്‍ രുദ്രഭാഗവാന്റെ അംശമായിത്തന്നെ ഉണ്ടായതാണ്. രുദ്രന്‍ എല്ലാ ദേവന്മാരില്‍ വെച്ചും അഗ്രഗണ്യനാണ്. അവര്‍ക്കെല്ലാം ആരാദ്ധ്യനുമാണ്. അദ്ദേഹത്തിന്‍റെ അവയവങ്ങളാണ് ഞങ്ങള്‍.

ഇത്രയും പറഞ്ഞ് ശാപങ്ങള്‍ തങ്ങളുടെ ത്രിശൂലമെടുത്ത് പ്രയോഗിക്കാനൊരുങ്ങും. അപ്പോള്‍ വരങ്ങള്‍ പറയും: നമ്മള്‍ തമ്മിലിങ്ങിനെ വഴക്കടിച്ചാല്‍ ഉണ്ടാകുന്ന വിപത്തുക്കള്‍ എന്തെല്ലാമെന്ന് നോക്കൂ. ഈ അക്രമസ്വഭാവം നിയന്തിച്ചാലും. എന്താണ് ഉചിതമെന്ന് നമുക്കാലോചിച്ചു തീരുമാനിക്കാം. നമുക്ക് സൃഷ്ടാവായ ബ്രഹ്മാവിന്റെയടുക്കല്‍പ്പോയി തീരുമാനമുണ്ടാക്കാം. ഇപ്പോള്‍ത്തന്നെ അവിടേയ്ക്ക് തിരിച്ചാലോ?

ശാപങ്ങളും അതിനു സമ്മതിക്കും. സമുചിതമായ ഉപദേശങ്ങള്‍ മൂഢന്മാര്‍ക്ക് പോലും സമ്മതമാവുമല്ലോ. അവരൊന്നിച്ചു ബ്രഹ്മസവിധത്തിലെത്തി ഈ തര്‍ക്കത്തെപ്പറ്റി അറിയിക്കും.

ബ്രഹ്മാവ്‌ അവരോടു പറയും: നിങ്ങളില്‍ സത്യം ആരിലാണോ കുടികൊള്ളുന്നത് അവര്‍ ഈ വഴക്കില്‍ വിജയിക്കും. അതിനാല്‍ ഉള്ളിലേയ്ക്ക് തിരിഞ്ഞു നോക്കുക. അന്തരാ നിങ്ങള്‍ക്കെന്തു കാണാന്‍ കഴിയുന്നു എന്ന് അന്വേഷിക്കുക.

അപ്പോള്‍ ശാപങ്ങള്‍ പറയും: “പ്രഭോ, ഞങ്ങള്‍ പരാജിതരായിരിക്കുന്നു. ഞങ്ങളില്‍ മൂല്യവത്തായി, സത്തായി യാതൊന്നുമില്ല. ഞങ്ങള്‍ എല്ലാവരും- വരങ്ങളും ശാപങ്ങളും വാസ്തവത്തില്‍ ശുദ്ധമായ ബോധം തന്നെയാണ്. ഞങ്ങള്‍ക്കൊരു ദേഹംപോലുമില്ല.” 

No comments:

Post a Comment

Note: Only a member of this blog may post a comment.