Dec 7, 2014

669 യോഗവാസിഷ്ഠം നിത്യപാരായണം ദിവസം 669

അഥ തേനോക്തമാര്‍ത്ഥസ്തേ ക ഇവാനേന താപസ
അര്‍ത്ഥേ നാതിവിചിത്രാ ഹി ഭവന്തിച്ഛാ: ശരീരിണാം (6.2/180/20)

രാമന്‍ പറഞ്ഞു: ഒരിക്കല്‍ ഞാന്‍ ഗുരുവിന്റെ ഭവനത്തില്‍ ആയിരുന്നപ്പോള്‍ ഒരാള്‍ കയറിവന്നു. അതീവതേജസ്വിയായിരുന്നു അദ്ദേഹം. വിദേഹരാജാവിന്റെ സഭയില്‍ നിന്നുമാണ് അദ്ദേഹം ഗുരുകുലത്തില്‍ വന്നത്. വന്നപാടെ അദ്ദേഹം മഹര്‍ഷിമാരെ വണങ്ങി. ഞങ്ങള്‍ വിദ്യാര്‍ഥികള്‍ അദ്ദേഹത്തിനു വേണ്ട ഉപചാരങ്ങള്‍ അര്‍പ്പിക്കുകയും ചെയ്തു. അദ്ദേഹത്തിനു  അല്പം വിശ്രമിക്കാന്‍ അവസരം നല്‍കിയ ശേഷം ഞാന്‍ ചോദിച്ചു: മഹാത്മാവേ, അങ്ങ് യാത്രചെയ്ത് ക്ഷീണിച്ചുവെന്നു തോന്നുന്നു. എവിടെനിന്നാണ് അങ്ങിപ്പോള്‍ വരുന്നത്?
ആ ദിവ്യബ്രാഹ്മണന്‍ പറഞ്ഞു: ശരിയാണ് ഞാന്‍ ഒരു കാര്യം അന്വേഷിച്ചു വലയുകയാണ്. അതിന്റെ തീവ്രത എന്നെ പരിക്ഷീണനാക്കിയിരിക്കുന്നു.  എന്തിനാണിപ്പോള്‍ ഇവിടേയ്ക്ക് വന്നതെന്നു ഞാന്‍ പറയാം.

ഞാന്‍ വിദേഹരാജ്യത്തുള്ള ഒരു ബ്രാഹ്മണനാണ്. കുന്ദദന്തന്‍ എന്നാണെല്ലാവരും എന്നെ വിളിക്കുന്നത്. എനിക്ക് ലൌകീക കാര്യങ്ങളില്‍ ആസക്തി ഇല്ലാതെയായി. ഞാന്‍ മഹത്തുക്കളായ സജ്ജനങ്ങളുടെ സത്സംഗം തേടി നടന്നു. ശ്രീ പര്‍വ്വതത്തില്‍ ഞാന്‍ ഏറെക്കാലം തപസ്സു ചെയ്തു. അവിടെയൊരു ദിവസം ഞാന്‍ വിചിത്രമായൊരു കാഴ്ച കാണുകയുണ്ടായി. അവിടെയൊരു താപസന്‍ തന്റെ കാലുകള്‍ മരക്കൊമ്പില്‍ കെട്ടിയിട്ടു തലകീഴായിക്കിടക്കുന്നു. ഞാന്‍ അദ്ദേഹത്തെ വണങ്ങിയിട്ട്, അടുത്തുചെന്നു. ഞാനാലോചിച്ചു: ഈ മുനി തീര്‍ച്ചയായും ജീവനോടെയിരിക്കുന്നു എന്ന് തോന്നുന്നു. കാരണം അന്തരീക്ഷവ്യതിയാനങ്ങള്‍ ആ ദേഹത്തെ ബാധിക്കുന്നത് കണ്ടാലറിയാം. 

ഞാനവിടെ കുറച്ചു ദിവസം താമസിച്ച് അദ്ദേഹത്തെ സേവിച്ചു. അങ്ങിനെ അദ്ദേഹത്തിന്‍റെ വിശ്വാസം ആര്‍ജ്ജിക്കുകയും ചെയ്തു.

“ഒരുദിനം ഞാന്‍ ചോദിച്ചു: അങ്ങ് എന്ത് ലക്ഷ്യത്തിലാണ് ഈ കഠിനതപം ചെയ്യുന്നത്?
താപസന്‍ പറഞ്ഞു: ദേഹമെടുത്ത ജീവികള്‍ക്ക് ജീവിതത്തില്‍ പല താല്‍പ്പര്യവിഷയങ്ങളും ലക്ഷ്യങ്ങളും ഉണ്ട്.” ഞാന്‍ വീണ്ടും എന്റെ ചോദ്യം ആവര്‍ത്തിച്ചു.

മുനി പറഞ്ഞു: ഞാന്‍ മഥുരയിലാണ് ജനിച്ചു വളര്‍ന്നത്. വേദശാസ്ത്ര സംബന്ധിയായ അറിവുകള്‍ ഞാന്‍ നേടി. ;രാജാവിന് എല്ലാ സുഖങ്ങളും സ്വായത്തമാണ്’ എന്നി ഞാന്‍ കേട്ടിരുന്നു. അപ്പോള്‍ അതായി എന്റെ ലക്‌ഷ്യം. ഞാന്‍ ലോകത്തിന്റെ ചക്രവര്‍ത്തിയാകാന്‍ തീരുമാനിച്ചു. അതിനായി ഞാനിവിടെ വന്ന് പന്ത്രണ്ടു കൊല്ലമായി തപസ്സു ചെയ്തുവരികയാണ്. ഇപ്പോള്‍ നിനക്ക് തൃപ്തിയായല്ലോ? ഞാന്‍ നിന്റെ ചോദ്യത്തിനുത്തരം തന്നു കഴിഞ്ഞു. ഇനി നീ ഇവിടെനിന്നു പോയാലും – ഞാനെന്റെ തപസ്സു തുടരട്ടെ.

ബ്രാഹ്മണന്‍ തുടര്‍ന്നു: അദ്ദേഹം തപസ്സു ചെയ്യുന്നിടത്തോളം കാലം എന്റെ സേവനം സ്വീകരിക്കണമെന്ന് ഞാന്‍ അദ്ദേഹത്തോട് അഭ്യര്‍ത്ഥിച്ചു. ഞാനിത് പറഞ്ഞയുടനെ അദ്ദേഹം കണ്ണടച്ചു നിശ്ചേഷ്ടനായി മരിചതുപോലെ കിടന്നു. ആറുമാസം ഞാനദ്ദേഹത്തെ പരിചരിച്ചു. അങ്ങിനെയിരിക്കെ അവിടെയൊരു ദിവസം സൂര്യപ്രഭയോടെയൊരു ദേവൻ അവിടെ പ്രത്യക്ഷനായി. ഞാന്‍ ഉചിതമായ അര്‍ഘ്യം നല്‍കി അദ്ദേഹത്തെ ഉപചരിച്ച് ആദരിച്ചു. മനസാ ആ ദേവനെ പൂജിക്കുകയും ചെയ്തു.

ആ ദേവൻ മുനിയോടു പറഞ്ഞു: താപസശേഷ്ഠാ ഇനിയീ തപം നിര്‍ത്താം. നിനക്ക് വേണ്ട വരം ഞാന്‍ നല്‍കാം. നീയീ ലോകത്തിന്റെ ചക്രവര്‍ത്തിയായി, ഈ ശരീരം വെച്ചുകൊണ്ട് തന്നെ ഈ ലോകം മുഴുവന്‍ ഒരായിരം കൊല്ലം ഭരിക്കും.

വരം നല്‍കി ആ ദേവന്‍ അപ്രത്യക്ഷനായി. അദ്ദേഹം പൊയ്ക്കഴിഞ്ഞപ്പോള്‍ ഞാന്‍ മുനിയോടു ചോദിച്ചു: അങ്ങ് ആഗ്രഹിച്ച വരം ലഭിച്ചുവല്ലോ? ഇനിയീ തപസ്സവസാനിപ്പിച്ച് അങ്ങയുടെ സഹജകര്‍മ്മങ്ങള്‍ അനുഷ്ടിക്കാമല്ലോ?


അദ്ദേഹം സമ്മതിച്ചു. മരക്കൊമ്പില്‍ കെട്ടിയിരുന്ന കയര്‍ അദ്ദേഹം കാലുകൊണ്ടുതന്നെ അഴിച്ചുമാറ്റി. ഞങ്ങള്‍ രണ്ടാളും മഥുരയ്ക്ക് പോയി.

No comments:

Post a Comment

Note: Only a member of this blog may post a comment.