Dec 7, 2014

670 യോഗവാസിഷ്ഠം നിത്യപാരായണം ദിവസം 670

ഭ്രാതരോഷ്ടൌ വയമിമേ ജാതാനേകതയാ തയാ
എകസംവിന്മയാ ജാതാ എകസംകല്‍പ്പനിശ്ചയാ: (6.2/181/11)

കുന്ദദന്തന്‍ എന്ന ബ്രാഹ്മണന്‍ തുടര്‍ന്നു: മഥുരയിലേയ്ക്കുള്ള യാത്രാമദ്ധ്യേ ഞങ്ങള്‍ രോധം എന്നൊരു ഗ്രാമത്തിൽ  കുറച്ചു സമയവും ശാലിം എന്ന് പേരായ ഒരു പട്ടണത്തില്‍ രണ്ടു ദിവസവും ചിലവഴിച്ചു. മൂന്നാം ദിനം ഞങ്ങള്‍ ഒരു വനത്തിലെത്തിച്ചേര്‍ന്നു. അവിടെയെത്തിയപ്പോള്‍ ആ താപസന്‍ സാധാരണ ഉപയോഗിക്കുന്ന മഥുരയ്ക്കുള്ള പാത വിട്ട് മറ്റൊരിടത്തേയ്ക്ക് പോകാനൊരുങ്ങി. ‘നമുക്ക് ഇവിടെയടുത്തുള്ള ഗൌരി ആശമം വരെ പോകാം അവിടെ എന്റെ ഏഴു സഹോദരന്മാര്‍ ജീവിക്കുന്നുണ്ട്.
“ഞങ്ങള്‍ എട്ടുപേരാണു സഹോദരങ്ങൾ ഉള്ളത്. ഞങ്ങള്‍ വെവ്വേറെ വ്യക്തികളായി ജനിച്ചുവെങ്കിലും ഞങ്ങള്‍ ബോധത്തില്‍ ഒന്നായിരിക്കുന്നു. ഞങ്ങളുടെ ലക്‌ഷ്യം ഒന്നായിരുന്നു. അതിനായി പരിശ്രമിക്കാന്‍ ഞങ്ങള്‍ ഉറച്ചിരുന്നു.”
അതുകൊണ്ട് എല്ലാവരും കഠിനമായ തപസ്സനുഷ്ഠിച്ചു. അവരുമായി ഞാന്‍ ഇവിടെ പണ്ട് വന്നിട്ടുണ്ട്. ഈ കാടും അതില്‍ ഗൌരി ആശ്രമവും അന്ന് കണ്ടതാണ്. എല്ലാ പാപപങ്കിലതയെയും ഇല്ലാതാക്കാന്‍ പോന്നതാണ്‌  ആ ആശ്രമം. ജ്ഞാനികളുടെയും സത്യസാക്ഷാത്ക്കാരം നേടിയവരുടെ പോലും മനസ്സും ഹൃദയവും മഹത്പുരുഷ സത്സംഗത്തിനായി തുടിക്കുന്നു. ഈ ആശ്രമം സന്ദര്‍ശിക്കാനുള്ള അവസരം നമ്മള്‍ വലിയൊരു ഭാഗ്യമായിത്തന്നെ കണക്കാക്കണം.

ആശ്രമത്തിനടുത്ത് ഞങ്ങള്‍ എത്തുമ്പോള്‍ അവിടെ വെറും തരിശു ഭൂമി മാത്രമേ കണ്ടുള്ളൂ. പ്രളയത്തില്‍ ആശ്രമവും പരിസരവുമെല്ലാം നശിച്ചു പോയതുപോലെ കാണപ്പെട്ടു. ഋഷിമാര്‍ എന്നല്ല, അവിടെ മരങ്ങളോ ആശ്രമമോ എന്നുവേണ്ട ഒരു മനുഷ്യ ജീവിയെപ്പോലും കണ്ടില്ല. 

‘ഈ സ്ഥലത്തിന് എന്തുപറ്റി?’. ഞങ്ങള്‍ രണ്ടാളും ഒരേസമയം ചോദിച്ചു. അവിടെ കുറച്ചു കറങ്ങി നടന്നപ്പോള്‍ ഞങ്ങള്‍ ഒറ്റപ്പെട്ട ഒരു മരം കണ്ടു. അതിനു താഴെ തീവ്രസമാധിയില്‍ മരുവുന്ന ഒരു താപസനെ ഞങ്ങള്‍ കണ്ടു. അദ്ദേഹത്തിന്‍റെ അടുക്കല്‍ ഞങ്ങള്‍ കുറെയേറെ നേരം കാത്തിരുന്നു. അദ്ദേഹം ധ്യാനം ഭഞ്ജിച്ചില്ല.

‘മഹര്‍ഷേ ധ്യാനത്തില്‍ നിന്നും ഉണര്‍ന്നാലും’ എന്ന് ഞാന്‍ അദ്ദേഹത്തിന്‍റെ അടുക്കല്‍പ്പോയി ഉറക്കെ പറഞ്ഞു നോക്കി. മഹര്‍ഷി പതിയെ കണ്ണ് തുറന്നു. എന്നിട്ട് സിംഹനാദത്തില്‍ ഇങ്ങിനെ ഉരുവിട്ടു. ‘ താപസന്മാരായ നിങ്ങള്‍ ആരാണ്? ഇവിടെയുണ്ടായിരുന്ന ഗൌരി ആശ്രമത്തിന് എന്ത് സംഭവിച്ചു? ആരാണീ സ്ഥലത്തെ ഈ നിലയിലാക്കിയത്? ഈ യുഗം ഏതാണ്?

ഞങ്ങള്‍ വിസ്മയപ്പെട്ടു. ‘മഹര്‍ഷേ, അങ്ങേയ്ക്ക് എല്ലാമറിയാം. അതിനാല്‍ അങ്ങയുടെ ചോദ്യങ്ങള്‍ക്കുള്ള ഉത്തരവും അങ്ങേയ്ക്ക് മാത്രമേ അറിയാവൂ. യോഗദൃഷ്ടികൊണ്ട് ഇവിടെ നടന്ന കാര്യങ്ങള്‍ എന്തൊക്കെയെന്ന് അങ്ങേയ്ക്ക് തന്നെ നിര്‍ണ്ണയിക്കാമല്ലോ. 

ഇത്രയും പറഞ്ഞപ്പോള്‍ അദ്ദേഹം വീണ്ടും ധ്യാനനിമഗ്നനായി അന്തര്‍നേത്രംകൊണ്ട് കാര്യങ്ങള്‍ എല്ലാം മനസ്സിലാക്കി. കുറച്ചു നേരം മൌനം ഭജിച്ചശേഷം അദ്ദേഹം ഇങ്ങിനെ പറഞ്ഞു: മഹത്തുക്കളെ, ഇതുകേട്ടാലും.: നിങ്ങള്‍ ഈ മരത്തെ കാണുന്നുണ്ടല്ലോ? എന്റെ സാമീപ്യം കാരണമാണിത് പൂത്തുലഞ്ഞു നില്‍ക്കുന്നത്. എന്തോ കാരണം കൊണ്ട് വിദ്യയുടെയും വാക്കിന്റെയും ദേവത, ഗൌരി, പത്തുകൊല്ലം ഇവിടെ കുടി പാര്‍ത്തിരുന്നു. ഋതുക്കളോരോന്നും ആ ദേവിയെ പൂജിച്ചാരാധിച്ചു. ഇവിടം ഒരു നിബിഢവനമായി – ഗൌരിവനം എന്ന് പേരും ഉണ്ടായി. സിദ്ധതരുണികളും ദേവതമാരും ഇവിടെ കേളിയാടിയിരുന്നു. ആ ദേവിയ്ക്ക് ആദരവര്‍പ്പിക്കാന്‍ ദേവന്മാരും ഇവിടെയെത്താറുണ്ട്  

No comments:

Post a Comment

Note: Only a member of this blog may post a comment.