Dec 15, 2014

678 യോഗവാസിഷ്ഠം നിത്യപാരായണം ദിവസം 678

ശിലാനൃത്തം യഥാ സത്യം സങ്കല്‍പ നഗരേ തഥാ
ജഗത്സങ്കല്‍പ്പനഗരേ സത്യം ബ്രഹ്മണ ഈപ്സ്തിതം (6.2/186/72)
വസിഷ്ഠന്‍ തുടര്‍ന്നു: നിസ്തന്ദ്രമായ വിചാരവും അന്വേഷണവും കൊണ്ടോ, ജന്മനാ ഉള്ള നൈര്‍മ്മല്യം മൂലമോ സമതാഭാവം ഉള്ളതുകൊണ്ടോ മറ്റോ കാലക്രമത്തില്‍  വിവേകിയായ ഒരുവനില്‍ പൂര്‍ണ്ണജ്ഞാനം അങ്കുരിക്കുന്നു. അപ്പോള്‍ അയാള്‍ക്ക് എല്ലാം സ്പഷ്ടമായി അറിയാനാകുന്നു. അങ്ങിനെയുള്ള  ജ്ഞാനിയില്‍ ഉണര്‍വ്വിന്റെ നിറവിലിരിക്കുന്ന മേധാശക്തി അനന്തബോധമെന്ന സഹജഭാവത്തിലാവുന്നു. അവിടെ ദ്വന്ദതയില്ല.   
അനന്തബോധത്തിനു ദേഹമില്ല. അതിനെ മറയ്ക്കാന്‍ മൂടുപടങ്ങളുമില്ല. അവബോധമെന്ന പ്രഭാവം മാത്രമേ അതിനുള്ളൂ. അതാണ്‌ എല്ലാറ്റിനെയും പ്രോജ്വലത്താക്കുന്നത്. അവബോധത്തിലൂടെയാണ്, അതിലുയര്‍ന്നു വരുന്ന ധാരണാ സങ്കല്പ്പങ്ങളിലൂടെ ബോധം എല്ലാറ്റിനെയും അറിയുന്നത്.

മഹത്തായ ഈ ലോകം അനന്തബോധത്തിലെ സങ്കല്‍പനിര്‍മ്മിതിയാണ്‌. അതുപോലെ ആത്മാവിനും വൈവിദ്ധ്യമാര്‍ന്ന സങ്കല്പ്പനങ്ങളിലൂടെ കടന്നുപോകാനും ആ സങ്കല്‍പ്പങ്ങളെ മൂര്‍ത്തീകരിക്കാനും അവയെ അനുഭവിക്കാനും കഴിയുന്നു. വരങ്ങളും ശാപങ്ങളും ബോധത്തിലുയരുന്ന സങ്കല്‍പ്പധാരണകളായി വരുന്നവയാണ്. അവ ബോധവിഭിന്നമല്ല.

എന്നാല്‍ അജ്ഞാനത്തിന്റെ ആവരണം നീങ്ങിയില്ലെങ്കില്‍ ദ്വന്ദതയെന്ന ധാരണയുള്ളിടത്തോളം, നാനാത്വഭാവം നിലനില്‍ക്കുന്നിടത്തോളം കാലം  അങ്ങിനെയുള്ള ഒരാള്‍ നല്‍കുന്ന വരം ഫലവത്താവുകയില്ല.
 
രാമന്‍ ചോദിച്ചു: എങ്ങിനെയാണ് ധര്‍മ്മിഷ്ഠനെങ്കിലും പ്രബുദ്ധതയില്‍ എത്താത്ത ഒരാള്‍ മറ്റൊരാള്‍ക്ക് വരദാനം ചെയ്യുന്നത്?

വസിഷ്ഠന്‍ തുടര്‍ന്നു: സൃഷ്ടിയുടെ ആരംഭത്തില്‍ ബ്രഹ്മാവ്‌ തുടങ്ങിവച്ച കാര്യങ്ങള്‍ ഇപ്പോഴും തുടരുന്നു. ബ്രഹ്മാവ്‌ അനന്തബോധമെന്ന പരബ്രഹ്മത്തില്‍ നിന്നും വിഭിന്നമല്ല എന്നറിയുക. ആ ബ്രഹ്മാവ്‌ തന്റെ സങ്കല്‍പ്പശക്തിയാലാണ്  ധര്‍മ്മത്തിന്റെ ക്രമം നിര്‍ണ്ണയിച്ചതും ദയ, തപസ്സ്, സദ്‌ഗുണങ്ങള്‍, വേദങ്ങള്‍, മറ്റു ശാസ്ത്രങ്ങള്‍, പഞ്ചഭൂതങ്ങള്‍, എന്നിവയെല്ലാം  ഉണ്ടാക്കിയതും. 

മാമുനിമാരും  വേദവിശാരദരായ മഹത്തുക്കളും നല്‍കുന്ന അനുഗ്രഹങ്ങളും വരങ്ങളും സത്യമാകാനുള്ള നടപടിക്രമങ്ങളും ബ്രഹ്മസങ്കല്‍പമത്രേ.

എല്ലാ വസ്തുക്കളുടെയും ക്രമാനുഗത വികാസം നിര്‍ണ്ണയിച്ചത് ബ്രഹ്മാവാണ്. നാം സ്വപ്നം കാണുമ്പോള്‍ സ്വയം സ്വപ്നവസ്തുവാകുന്നതുപോലെ അനന്തബോധം സത്യവും ചൈതന്യവത്തും ആണെങ്കിലും അസത്തായ ഒരു വിശ്വത്തെ സങ്കല്‍പ്പിച്ചു നിര്‍മ്മിക്കുന്നു. അതില്‍ സചേതനവും അചേതനവുമായ വസ്തുക്കള്‍ ഉണ്ട്. ഈ മിഥ്യാലോകം ആവര്‍ത്തിച്ചു കണ്ടുകണ്ട് അതിനൊരു സത്യഭാവം കൈവരികയാണ്‌.

“ഒരാള്‍ ദിവാസ്വപ്നത്തില്‍ മുഴുകിയിരിക്കുമ്പോള്‍ കല്‍പ്രതിമകള്‍ ജീവനുള്ള നര്‍ത്തകികളെന്ന പോലെ നൃത്തം ചെയ്യുന്നതു കണ്ടെന്നിരിക്കും. അതുപോലെ ഈ ലോകമെന്ന കാഴ്ച ബ്രഹ്മത്തില്‍ കാണപ്പെടുമ്പോള്‍ യാഥാര്‍ത്ഥ്യഭാവം കൈക്കൊള്ളുകയാണ്‌.”
 
ദൃഷ്ടാവും ദൃശ്യവും രണ്ടല്ല. ബോധം സ്വയം ബോധമാണെന്ന ബോധത്തിലാണിരിക്കുന്നത്. അതിനാല്‍ ബോധം എന്ത് കാണുന്നുവോ അത് കാണാകുന്നു.

ഞാന്‍ അനന്തബോധമായ ബ്രഹ്മമാകുന്നു, വിശ്വപുരുഷനാകുന്നു. എന്റെ  ദേഹമാണ് ലോകം. ബ്രഹ്മാവും ലോകവും വിഭിന്നമല്ല.

ചൈതന്യമുള്ള ജീവികള്‍ ചിലപ്പോള്‍ ചൈതന്യഹീനമായ അവസ്ഥയില്‍ ആവുന്നതുപോലെ പരമപുരുഷനാകുന്ന അനന്തബോധം സ്വയം ജഡസമാനമായ ലോകമായി കാണപ്പെടുന്നു.

സ്വപ്നത്തില്‍ പ്രകാശവും സുഷുപ്തിയില്‍ അന്ധകാരവും ഉള്ളതായി പറയാം. എന്നാല്‍ രണ്ടും നിദ്രയിലെ അവസ്ഥകള്‍ തന്നെയാണ്. അതുപോലെ പ്രകാശാന്ധകാരങ്ങള്‍ അനന്തബോധത്തില്‍ നിലനില്‍ക്കുന്നതായി തോന്നുന്നു.

No comments:

Post a Comment

Note: Only a member of this blog may post a comment.