Dec 13, 2014

671 യോഗവാസിഷ്ഠം നിത്യപാരായണം ദിവസം 671

തദ്ഭാര്യാഷ്ടകമേതേഷു യാതേഷു  തപസേ ചിരം
ബഭൂവ ദു:ഖിതം സ്ത്രീണാം യദ്വിയോഗോഹിദു:സ്സഹ: (6.2/182/29)
മുനി തുടര്‍ന്നു: പത്തുകൊല്ലം അവിടെ കഴിഞ്ഞതിനുശേഷം ഗൌരിദേവി ഭഗവാന്‍ പരമശിവന്റെ വാമഭാഗത്തേയ്ക്ക് മടങ്ങി. ദേവിയുടെ കരസ്പര്‍ശമേറ്റതിനാല്‍ ആ മരത്തിനു വാര്‍ദ്ധക്യമില്ല. കുറച്ചുകാലം കഴിഞ്ഞപ്പോള്‍ ആ വനം വെറുമൊരു സാധാരണ കാടായി മാറി. ചുറ്റുമുള്ളവര്‍ അതുപയോഗിക്കാനും തുടങ്ങി. ആ സമയത്ത് ഞാന്‍ മലയരാജ്യത്തിന്റെ രാജാവായിരുന്നു. ഞാന്‍ ആ രാജ്യമുപേക്ഷിച്ച് തപസ്സു ചെയ്യാന്‍ അവിടെയെത്തി.
ഞാനവിടെ ധ്യാനനിമഗ്നനായി കുറച്ചുനാൾ കഴിഞ്ഞപ്പോള്‍ നിങ്ങള്‍ എട്ടു സഹോദരന്മാരും ഇവിടെയെത്തി. കുറച്ചുകാലം ഇവിടെ കഴിഞ്ഞിട്ട് നിങ്ങള്‍ ശ്രീശൈലത്തിലേയ്ക്കും മറ്റൊരാള്‍ ക്രൌഞ്ചപര്‍വ്വതത്തിലേയ്ക്കും ഇനിയുമുള്ളവര്‍ കാശിലേയ്ക്കും ഹിമാലയത്തിലേയ്ക്കും പോയി. നിങ്ങള്‍ ഇവിടെത്തന്നെ തപസ്സു തുടര്‍ന്നു. അവര്‍ക്കെല്ലാവര്‍ക്കും ലോകചക്രവര്‍ത്തിയാകണം എന്ന ലക്ഷ്യമായിരുന്നല്ലോ? അതിനായി അവര്‍ ദേവതകളില്‍ നിന്നും ഉചിതമായ വരങ്ങള്‍ നേടിയിരുന്നു. അവരവരുടെ തപസ്സിന്റെ ഫലങ്ങള്‍ അനുഭവിച്ചശേഷം നിങ്ങള്‍ ഒഴികെ എല്ലാവരും മടങ്ങിപ്പോയി. ഞാനും ഇവിടം വിട്ടുപോവുകയുണ്ടായില്ല.

നാട്ടുകാര്‍ എന്നെയും ഈ മരത്തെയും പാവനമായിക്കരുതി ബഹുമാനിച്ചു വന്നു. ഞാനിവിടെ വന്നിട്ട് ഇപ്പോള്‍ ഏറെക്കാലമായി. ഞാനിതെല്ലാം എന്റെ ദിവ്യദൃഷ്ടിയില്‍ കാണുകയാണ്. ഇനി നിങ്ങളും അതാത് ഗൃഹങ്ങളില്‍പ്പോയി കുടുംബാംഗങ്ങളുമായി സൌഖ്യമായി വാഴുക.

ലോകം ഒന്നല്ലേ? അപ്പോള്‍ അതിന്റെ ചക്രവര്‍ത്തികളായി എട്ടുപേര്‍ എങ്ങിനെ ശരിയാവും? എന്ന് കുന്ദദന്തന്‍ ചോദിച്ചതിനുത്തരമായി മുനി പറഞ്ഞു: ഇത് മാത്രമല്ല വിസ്മയകരമായ കാര്യം. ഇനിയുമുണ്ട് പ്രഹേളികകള്‍. ഇവര്‍ എട്ടുപേരും അവരവരുടെ വീടുകളില്‍ ഇരുന്നു തന്നെയാണ് ലോകം ഭരിക്കുക. അതും അവര്‍ ദേഹമുപേക്ഷിച്ചതിനു ശേഷം.! അവരുടെ ഭാര്യമാര്‍ എട്ടുപേര്‍ നക്ഷത്രങ്ങളായി അവര്‍ക്കൊപ്പം എന്നെന്നും ഉണ്ടായിരിക്കുകയും ചെയ്യും.

“അവര്‍ എട്ടുപേരും തപസ്സുചെയ്യാന്‍ പോയതുകൊണ്ട് ആ ഭാര്യമാര്‍ അനിയന്ത്രിതമായ ദുഖത്തില്‍ ആയിരുന്നല്ലോ. ഭാര്യമാര്‍ക്ക് അവരുടെ ഭര്‍ത്താക്കന്മാരെ പിരിഞ്ഞിരിക്കുക എന്നത് ദുസ്സഹമാണ്.” ഈ സ്ത്രീകളും തീവ്രമായ തപസ്സു ചെയ്തിരുന്നു. പാര്‍വ്വതി ദേവി അവരില്‍ സംപ്രീതയായിട്ട് അഭീഷ്ടവരവും നല്‍കിയിരുന്നു.

“അവിടുന്ന് കാന്തനെ സ്നേഹിക്കുന്നതുപോലെതന്നെ ഞങ്ങളും ഞങ്ങളുടെ ഭര്‍ത്താക്കന്മാരെ സ്നേഹിക്കുന്നു. അവരെല്ലാം ചിരഞ്ജീവികളാവണം എന്നാണു ഞങ്ങള്‍ ആഗ്രഹിക്കുന്നത്.”

ചിരഞ്ജീവിയാവുക എന്നത് പ്രകൃതിനിയമത്തിനു യോജിച്ചതല്ലാ എന്നതുകൊണ്ട്‌ മറ്റൊരു വരം ചോദിക്കാന്‍ ദേവി ആവശ്യപ്പെട്ടു. ‘എന്നാല്‍, ഞങ്ങളുടെ കാന്തന്മാര്‍ മരിച്ചു കഴിഞ്ഞാലും ഒരു നിമിഷം പോലും ഞങ്ങളുടെ ഗൃഹം വിട്ടു പോകാന്‍ പാടില്ല.’

ദേവി ആ വരം നല്‍കി. മാത്രമല്ല. ഈ എട്ടുപേരും ലോകത്തിന്റെ ചക്രവര്‍ത്തിമാരാകും എന്ന വരവും അരുളിച്ചെയ്തു. താമസംവിനാ ഏഴു സഹോദരന്മാര്‍ വീട്ടില്‍ തിരിച്ചെത്തി. ഇന്ന് എട്ടാമനും തിരിച്ചെത്തുന്നു. ഇനിയും പ്രഹേളികകൾ ബാക്കിയാണ്.

എട്ടു യുവാക്കളും തപസ്സിനായി പോയപ്പോള്‍ അവരുടെ ഭാര്യമാരും മാതാപിതാക്കളും ദുഖാകുലരായി. അവര്‍ ഒരു തീര്‍ത്ഥയാത്ര പുറപ്പെട്ടു. വഴിയില്‍ വെച്ച് അവര്‍ ചുവപ്പ് വര്‍ണ്ണത്തില്‍ ചെറിയ ദേഹവുമായി, ഭസ്മവിഭൂഷിതനായ ഒരു മുനിയെ കണ്ടു. അദ്ദേഹം കാലാപഗ്രാമം എന്ന ഒരിടത്തേയ്ക്ക് പോകുന്ന വഴിയായിരുന്നു.

അവരദ്ദേഹത്തെ ബഹുമാനിക്കാതെ, സംശയദൃഷ്ടിയോടെ  അവഗണിക്കുകയാണ് ചെയ്തത്. അത് മഹര്‍ഷി ദുര്‍വാസാവ് ആയിരുന്നു. അദേഹം അവരെ ശപിച്ചു. ‘നിങ്ങളുടെ ഔദ്ധത്യത്തിനുള്ള ശിക്ഷ നിങ്ങള്‍ അനുഭവിക്കുകതന്നെ ചെയ്യും! നിങ്ങളുടെ മക്കള്‍ക്കും സ്നുഷമാര്‍ക്കും ദേവന്മാരുടെ വരങ്ങള്‍ ലഭിക്കുമെങ്കിലും അവയ്ക്കെല്ലാം വിപരീതഫലം ഉണ്ടാകട്ടെ!’


തങ്ങള്‍ക്കു പറ്റിയ തെറ്റ് മനസ്സിലായി അവര്‍ മുനിയോടു മാപ്പിരന്നു. എന്നാല്‍ അവര്‍ സമീപിച്ചപ്പോഴേയ്ക്ക് ദുര്‍വ്വാസാവ്‌ അപ്രത്യക്ഷനായി.  

No comments:

Post a Comment

Note: Only a member of this blog may post a comment.