Dec 23, 2014

684 യോഗവാസിഷ്ഠം നിത്യപാരായണം ദിവസം 684

ഏവം ചേത്തന്മഹാഭാഗോ ജ്ഞപ്തിരേവ ജഗത്ത്രയം
വിശുദ്ധജ്ഞാന ദേഹസ്യ കുതോ മരണജന്മനീ (6.2/190/21)

രാമന്‍ ചോദിച്ചു: ലോകത്തെ ദൈനംദിനം നാം അനുഭവിച്ചുകൊണ്ടിരിക്കുന്നു. പണ്ടും ഇപ്പോഴും ഇനിയും അത് തുടരുകയും ചെയ്യും. അപ്പോള്‍പ്പിന്നെ അതൊരിക്കലും സൃഷ്ടമായിട്ടില്ല എന്നെങ്ങിനെ പറയാന്‍ സാധിക്കും?
വസിഷ്ഠന്‍ പറഞ്ഞു: സ്വപ്നത്തിലെ വസ്തുക്കള്‍, മരീചികയില്‍ കാണപ്പെടുന്ന ജലം, കണ്ണിൽ ദീനമുള്ളവന്‍ കാണുന്ന രണ്ടാം ചന്ദ്രന്‍, ആകാശത്ത് ‘കാണുന്ന’ കോട്ടകള്‍ എന്നിവയെല്ലാം അയാഥാര്‍ത്ഥ്യമാണെങ്കിലും നമ്മുടെ തോന്നല്‍ അവയെല്ലാം സത്യമാണെന്നാണ്. അതുപോലെയാണ് ലോകമെന്ന കാഴ്ചയും. മിഥ്യയാണത്.

രാമന്‍ ചോദിച്ചു: സൃഷ്ടിയുടെ ആരംഭത്തില്‍പ്പോലും ‘ഞാന്‍’, ‘നീ’, മുതലായ ഭാവങ്ങള്‍ ഉണര്‍ന്നുവന്നിട്ടില്ല എന്നെങ്ങിനെ പറയാന്‍ കഴിയും?

വസിഷ്ഠന്‍ പറഞ്ഞു: ഒരു കാരണത്തില്‍ നിന്നുമാണ് ഒരു കാര്യം ഉണ്ടാവുന്നത്. മറിച്ചല്ല സംഭവിക്കുന്നത്. അനുമാനിക്കപ്പെട്ട സൃഷ്ടിയെന്ന പ്രതിഭാസത്തിനു തൊട്ടുമുന്‍പേയുണ്ടായിരുന്ന വിശ്വപ്രളയദശയില്‍ പരമപ്രശാന്തതയായിരുന്നു. അവിടെ സൃഷ്ടിക്കായുള്ള കാരണങ്ങള്‍ ഒന്നും ഉണ്ടായിരുന്നില്ല.

രാമന്‍ ചോദിച്ചു: വിശ്വപ്രളയദശയിലും അജവും ശാശ്വതവുമായ പരമപുരുഷന്‍ ഉണ്ടായിരുന്നു. അപ്പോള്‍പ്പിന്നെ ആ പരമപുരുഷനെ സൃഷ്ടിയുടെ കാരണമായി എന്തുകൊണ്ട് കണക്കാക്കിക്കൂടാ?

വസിഷ്ഠന്‍ പറഞ്ഞു: കാരണത്തില്‍ ഉള്ളതുമാത്രമേ കാര്യത്തിലും സത്യമായുണ്ടാവാന്‍ കഴിയൂ. അസത്തിന്‌ സത്തിന്റെ കാരണമാകാന്‍ കഴിയില്ല. ഒരു തുണിക്കഷണമുണ്ടാക്കാന്‍ ഒരു കുടത്തിനു കഴിയില്ല.

രാമന്‍ പറഞ്ഞു: ഒരുപക്ഷേ, ഈ സൃഷ്ടിസഞ്ചയങ്ങള്‍ പ്രളയദശയില്‍ ബ്രഹ്മം എന്ന അനന്തബോധത്തിലെ ഒരു സൂക്ഷ്മതലത്തില്‍ നിലനില്‍ക്കുന്നുണ്ടാവണം. അടുത്ത സൃഷ്ടിചക്രത്തില്‍ അത് വീണ്ടും പ്രകടമാവുന്നതായിരിക്കും. അല്ലെ?

വസിഷ്ഠന്‍ പറഞ്ഞു: നീയിപ്പറഞ്ഞത്തിന്റെ സത്യം അറിഞ്ഞതായി ആരുണ്ട്‌? അപ്പോള്‍പ്പിന്നെ അത്തരം ഒരനുമാനം- വെറും ഊഹാപോഹം എന്തിനാണ് നാം വച്ചുപുലര്‍ത്തുന്നത്?

രാമന്‍ പറഞ്ഞു: തീര്‍ച്ചയായും സത്യജ്ഞാനികള്‍ ആ അവസ്ഥകളെ അനുഭവിച്ചിട്ടുണ്ട്. ശുദ്ധബുദ്ധമായ അനന്തബോധത്തെ അവരറിയുന്നു. തീര്‍ച്ചയായും ആകാശം അപ്പോള്‍ ഉണ്ടായിരുന്നില്ല. അപ്പോള്‍പ്പിന്നെ സ്തൂലമായ ലോകവും അതിലെ വസ്തുക്കളും നിശ്ശൂന്യതയില്‍ നിന്നും ഉല്‍പ്പന്നമാവുകയില്ല.
 
വസിഷ്ഠന്‍ പറഞ്ഞു: “അങ്ങിനെയാണെങ്കില്‍ മൂന്നു ലോകവും ശുദ്ധബോധമാകുന്നു. ശുദ്ധബോധസ്വരൂപനായി വിരാജിക്കുന്ന ഒരാള്‍ക്ക് ജനന മരണാദികള്‍ ഇല്ല.”

രാമന്‍ ചോദിച്ചു: അങ്ങിനെയാണെങ്കില്‍ പറയൂ എങ്ങിനെയാണ് ഈ ലോകമെന്ന മായക്കാഴ്ച ഉണ്ടായത്?


വസിഷ്ഠന്‍ പറഞ്ഞു: കാര്യ-കാരണങ്ങളുടെ അഭാവത്തില്‍ ഭാവാഭാവങ്ങള്‍ ഇല്ല. ജീവികളും ഇല്ല. അപ്പോള്‍പ്പിന്നെ ‘അറിയപ്പെടാനുള്ള വസ്തുക്കള്‍’ എങ്ങിനെയുണ്ടാകാനാണ്? ആത്മാവ് സ്വയം അതിനെപ്പറ്റി ചിന്തിക്കുകയാണ്, അവബോധിക്കുകയാണ്. അങ്ങിനെ ആത്മാവിന് അതൊരറിയപ്പെടുന്ന വസ്തുവായിത്തീരുന്നു. എന്നാല്‍ ഇതെല്ലാം ബോധം മാത്രമാണ്. മറ്റൊന്നും ആവാന്‍ സാദ്ധ്യമല്ലതാനും.

No comments:

Post a Comment

Note: Only a member of this blog may post a comment.