Dec 23, 2014

682 യോഗവാസിഷ്ഠം നിത്യപാരായണം ദിവസം 682

അസത്യേ സത്യബുദ്ധ്യൈവ ബദ്ധോ ഭവതി ഭാവനാത്
ബഹുശോ ഭാവയത്യന്തനാര്‍നാത്വമനുധാവതി (6.2/189/13)
വസിഷ്ഠന്‍ തുടര്‍ന്നു: കാകതാലീയ ന്യായത്തില്‍ തികച്ചും ആകസ്മികമായി സൃഷ്ടികര്‍ത്താവായ ബ്രഹ്മാവില്‍ ഉയര്‍ന്നുദിച്ച ആതിവാഹികദേഹം എന്ന സൂക്ഷ്മപ്രപഞ്ചം ബോധത്തിന്റെ സഹജസ്വഭാവംകൊണ്ട് തുടര്‍ന്നും നിലനില്‍ക്കുന്നു. അതുതന്നെയാണീ വിശ്വം.
ദൃഷ്ടാവ്, ദൃശ്യം, ദൃഷ്ടി എന്നീ ത്രിപുടികള്‍ മിഥ്യയാകുന്നു.  അവയെല്ലാം സത്യമെന്ന് കരുതിയാലും അവ ബ്രഹ്മമാകുന്നു. ബ്രഹ്മം മാത്രമാണവ. വിശ്വസൂക്ഷ്മപ്രപഞ്ചം സ്വയമേവ ഉദ്ഭൂതമായി അതുതന്നെ സ്ഥൂലവും ഘരവുമായ വസ്തുക്കളായി പരിണമിച്ചത് അവയെപ്പറ്റി അങ്ങിനെ ചിന്തിക്കാനിടയായത് കൊണ്ടാണ്. നീണ്ടുപോയാല്‍ സ്വപ്നവും സത്യമാണെന്ന തോന്നല്‍ ഉണ്ടാകുമല്ലോ. അങ്ങിനെ ആതിവാഹികദേഹത്തില്‍ വസ്തുപ്രപഞ്ചമെന്നത് യാഥാര്‍ത്ഥ്യഭാവം കൈക്കൊണ്ട്, 'ഞാനിതാണ്’, ‘ഞാനതാണ്’, തുടങ്ങിയ ധാരണകള്‍ ഉടലെടുത്ത്‌ മലകളായും ദിക്കുകളായും വികസ്വരമായി. എന്നാൽ ഇതെല്ലാം വെറും കാഴ്ച്ചയാനെന്നും ദൃശ്യവിഭ്രമമാണെന്നും മറക്കരുത്.
    
ആതിവാഹികദേഹം, അല്ലെങ്കില്‍ സൃഷ്ടികര്‍ത്താവായ ബ്രഹ്മാവ്‌, ഒരു വസ്തുവിനെപ്പറ്റി ചിന്തിച്ചാല്‍ അത് അപ്രകാരം മൂര്‍ത്തീകരിക്കപ്പെടുന്നു. ബോധം സ്വയം ബ്രഹ്മാവായി കണക്കാക്കുന്നു. ‘ഇതെന്റെ ദേഹം’, ‘ഇതെന്റെ ദേഹത്തിനു നിദാനമായിരിക്കുന്നു’, എന്നിങ്ങിനെ ബോധത്തില്‍ സങ്കല്‍പ്പങ്ങള്‍ ഉയരുമ്പോള്‍ ദേഹവും അതിന്റെ ചുറ്റുപാടുകളുമായി ബന്ധമുണ്ടാവുന്നു. ഈ ബന്ധമാണ് നമ്മെ പരിമിതപ്പെടുത്തുന്നത്.

“അസത്തില്‍ സത്തിനെ സങ്കല്‍പ്പിക്കുമ്പോള്‍ ബന്ധനമായി. അങ്ങിനെയുള്ള എണ്ണമറ്റ സങ്കല്‍പ്പങ്ങള്‍ പലവിധത്തില്‍ ഒത്തുചേര്‍ന്നു വൈവിദ്ധ്യതയുണ്ടാക്കുന്നു.”
ആ വ്യക്തി പിന്നീട് ശബ്ദിക്കുന്നു, ഭാവഹാവാദികള്‍ കാണിക്കുന്നു. അയാള്‍ക്ക് അഭികാമ്യമായതിനെ സൂചിപ്പിക്കുന്നു. ഓം.. എന്ന മന്ത്രോച്ചാരണത്തോടെ അയാള്‍ വേദസൂക്തങ്ങള്‍ ഉരുവിടുന്നു. തുടര്‍ന്ന്‍ അയാള്‍ ഇതിന്റെയെല്ലാം  സഹായത്തോടെ നാനാവിധത്തിലുമുള്ള കര്‍മ്മങ്ങളില്‍ വ്യാപൃതനാവുന്നു. അയാള്‍ മനസ്സിന്റെ സഹജഭാവത്തിനനുസരിച്ചു സഞ്ചരിക്കുന്നു. മനസ്സില്‍ എന്തെന്തു ചിന്തിക്കുന്നുവോ അതനുഭവമാകുന്നു.

സ്വയം തന്റെ മനസ്സിന്റെ ഭാവം മനസ്സിലാക്കാന്‍ ഒരുവന് ബുദ്ധിമുട്ടില്ല. കാരണം അവനവനില്‍ നിന്നും ഉണ്ടായതാണല്ലോ അത്. ലോകത്തെ തന്റെയുള്ളില്‍ സങ്കല്‍പ്പിക്കുമ്പോള്‍ അതിനു സുദൃഢഭാവം കൈവരുന്നു. ഈ ഭൌതീകലോകം എന്ന വസ്തുപ്രപഞ്ചം നീണ്ടൊരു സ്വപ്നമാണെന്നും മായാജാലക്കാരന്റെ നിര്‍മ്മിതി മാത്രമാണെന്നും ഉള്ള സത്യത്തെ മറച്ചുകൊണ്ട്‌ ബ്രഹ്മാവെന്ന സൃഷ്ടികര്‍ത്താവിന്റെ സൂക്ഷ്മശരീരമായി ലോകം പ്രോജ്വലിച്ചു കാണപ്പെടുന്നു. ഈ സൃഷ്ടി ഒരിക്കലും ഒരിടത്തും ഉണ്ടായിട്ടേയില്ല. സൂക്ഷ്മ ദേഹം തന്നെയാണ് സ്തൂലമായി കാണപ്പെടുന്നത്. സൂക്ഷ്മഭാവത്തെ ആവര്‍ത്തിച്ചു സങ്കല്‍പ്പിക്കുന്നത് കൊണ്ടാണതിനു സുദൃഢതയുണ്ടാവുന്നത്. അതിന്റെ സ്രോതസ്സ്പോലും മിഥ്യയാണ്.


എല്ലാമെല്ലാം ബ്രഹ്മമാണ് എന്നത് മാത്രമാണുണ്‍മ. ബ്രഹ്മേതരമായി ഇവിടെ യാതൊന്നുമില്ല.  

No comments:

Post a Comment

Note: Only a member of this blog may post a comment.