Dec 23, 2014

686 യോഗവാസിഷ്ഠം നിത്യപാരായണം ദിവസം 686

ബോധേന ബോധതാമേതി ബോധശബ്ദസ്തു  ബോധ്യതാം
ഭവദ്വിഷമേവായമുചിതോ നാസ്മദാദിഷു (6.2/190/43)
രാമന്‍ ചോദിച്ചു: ഇതെല്ലാം ഒരൊറ്റ അനന്തപ്രശാന്തയാണെങ്കില്‍പ്പിന്നെ ഗുരു, ശിഷ്യന്‍ ഇത്യാദി ദ്വന്ദങ്ങള്‍ എങ്ങിനെയാണുണ്ടായത്?
വസിഷ്ഠന്‍ പറഞ്ഞു: ഗുരുവും ശിഷ്യനും ബ്രഹ്മത്തില്‍ ബ്രഹ്മമായി നിലകൊള്ളുന്നു. പ്രബുദ്ധനെ സംബന്ധിച്ചിടത്തോളം ബന്ധനവും മുക്തിയും രണ്ടുമില്ല.
രാമന്‍ ചോദിച്ചു: സമയം, ദൂരം, വസ്തു, ഊര്‍ജ്ജം, എന്നിങ്ങിനെയുള്ള വൈവിദ്ധ്യമാര്‍ന്ന കാര്യങ്ങള്‍ ഒന്നും ഇല്ല എന്നാണെങ്കില്‍ പിന്നെയെങ്ങിനെയാണ് നാനാത്വത്തില്‍ ഏകാത്മകത എന്ന ധാരണപോലും സംജാതമായത്?

വസിഷ്ഠന്‍ പറഞ്ഞു: സമയം, ദൂരം, വസ്തു, കര്‍മ്മം, ഊര്‍ജ്ജം എന്നിത്യാദി വൈവിദ്ധ്യങ്ങള്‍ ഉള്ളത് വെറും മിഥ്യയായ അവിദ്യയില്‍ മാത്രമാണ്. അവിദ്യയ്ക്ക് നിലനില്‍പ്പില്ല എന്നറിയാമല്ലോ. ഇതില്‍നിന്നും വ്യതിരിക്തമായ യാതൊരുവിധ ആശയങ്ങളും ഇല്ല.

രാമന്‍ ചോദിച്ചു: ഗുരു, ശിഷ്യന്‍ എന്നീ ദ്വന്ദങ്ങള്‍ മിഥ്യയാണെങ്കില്‍ എന്താണീ സാക്ഷാത്കാരം അല്ലെങ്കില്‍ പ്രബുദ്ധത?

വസിഷ്ഠന്‍ പറഞ്ഞു: “പ്രബുദ്ധതയില്‍ എത്തുമ്പോള്‍ പ്രബുദ്ധതയെന്നാല്‍ എന്തെന്ന് സ്പഷ്ടമാവും. തീര്‍ച്ചയായും ഇതെല്ലാം നിന്നെപ്പോലുള്ളവര്‍ക്ക് മനസ്സിലാവാനായി പറയുന്നു എന്നേയുള്ളു. ഞങ്ങള്‍ക്ക് ഇത്തരം ഉദീരണങ്ങള്‍ ബാധകമല്ല.”

രാമന്‍ ചോദിച്ചു: പ്രബുദ്ധതഎന്ന ധാരണ തന്നെ അഹംകാരവുമായി ബന്ധപ്പെട്ടിരിക്കുന്നു. അപ്പോള്‍പ്പിന്നെ അത് പ്രബുദ്ധതയല്ലാതാകുന്നു. എങ്ങിനെയാണ് ശുദ്ധവും അദ്വിതീയവുമായ ബോധത്തില്‍ ഇങ്ങിനെയൊരു വിഭജനാത്മകതയുണ്ടായത്?

വസിഷ്ഠന്‍ പറഞ്ഞു: പ്രബുദ്ധതയുടെ പ്രകാശം തന്നെയാണ് ആത്മാവബോധം. കാറ്റും ചലനവും എപ്രകാരമാണോ അതുപോലെയാണ് നമുക്ക് തോന്നുന്ന ഈ ഈ വിഭജനാത്മകതയും.

രാമന്‍ പറഞ്ഞു: അത് ശരിയാണെങ്കില്‍ കടലും കടലലകളും വ്യത്യസ്തങ്ങളല്ല എന്ന ന്യായേന വൈവിദ്ധ്യതയുടെ അതായത് ജ്ഞാനം, ജ്ഞാനി, ജ്ഞാനവസ്തു എന്നീ ത്രിപുടിഅനുഭവത്തെ സത്യമെന്ന് അംഗീകരിക്കാന്‍ പറ്റില്ലേ?

വസിഷ്ഠന്‍ പറഞ്ഞു: അത് അംഗീകരിച്ചാല്‍പ്പിന്നെ വിഭജനാത്മകതയും അവികലമായ ധാരണയാവും. എന്നാല്‍ സത്യത്തില്‍ സത്തായി ഒന്നുമാത്രമല്ലേയുള്ളൂ? അത് അവിഭാജ്യമായ ബോധമാകുന്നു.

രാമന്‍ പറഞ്ഞു: ഭഗവാനെ, ആരിലാണ് അഹംകാരം ഉദയം ചെയ്യുന്നത്? ആരാണീ ലോകമെന്ന ഭ്രമക്കാഴ്ച്ച കാണുന്നത്?

വസിഷ്ഠന്‍ പറഞ്ഞു: അനുഭവവിഷയങ്ങളെ സത്യമെന്ന് കരുതുന്നതാണ് ബന്ധനം. എന്നാല്‍ ആ വസ്തു ഇല്ലെന്നറിയുമ്പോള്‍ മോക്ഷമായി. എന്നാല്‍ ബോധം എല്ലാമെല്ലാമാണ്. അതില്‍ ബന്ധനവും മോക്ഷവുമില്ല.

രാമന്‍ പറഞ്ഞു: കാണപ്പെടുന്ന വസ്തുക്കളെ പ്രകാശമാനമാക്കുന്നത് ദീപമാണല്ലോ അതുപോലെയാണോ ബോധം സത്യമായ ബാഹ്യവസ്തുക്കളെ പ്രകാശിപ്പിക്കുന്നത്?


വസിഷ്ഠന്‍ പറഞ്ഞു: ബാഹ്യലോകം ഉണ്ടാവാന്‍ യാതൊരുവിധ കാരണങ്ങളും ഇല്ല. ഒരു കാര്യം ഉണ്ടാവണമെങ്കില്‍ കാരണം കൂടിയേ തീരൂ. അപ്പോള്‍ അതൊരു ഭ്രമക്കാഴ്ച്ചമാത്രമാണെന്നു തീര്‍ച്ചയാണല്ലോ!

No comments:

Post a Comment

Note: Only a member of this blog may post a comment.