Dec 23, 2014

681 യോഗവാസിഷ്ഠം നിത്യപാരായണം ദിവസം 681

ഏവമത്യന്തവിതതേ സംപന്നേ ദൃശ്യവിഭ്രമേ
ന കിഞ്ചിദപി സമ്പന്നം സര്‍വ്വശൂന്യം തതം യത: (6.2/188/20)
വസിഷ്ഠന്‍ തുടര്‍ന്നു: ‘തുടക്കത്തില്‍’ എന്ന് നാം പറഞ്ഞു തുടങ്ങുന്നത്, അങ്ങിനെയൊരു ആരംഭം, സൃഷ്ടിയുടെ കാര്യത്തില്‍ ഉണ്ടായിരുന്നു എന്നൊരു ധാരണ നല്കാൻ ഇടയാകും. എന്നാൽ ഈ ധാരണ പോലും വെറും പറച്ചിലാണ്. പഠിപ്പിക്കാന്‍ എളുപ്പത്തിനു പറയുന്നതാണത്. സത്യത്തില്‍ യാതൊന്നും ആരംഭിച്ചിട്ടേയില്ല. ബോധത്തില്‍ ബോധവിഭിന്നമല്ലാത്ത ഒരു ധാരണ ബഹ്യവസ്തുക്കളെ അവബോധിക്കാനായി ഉരുത്തിരിയുന്നതാണ് ജീവന്‍. ഈ ആശയസങ്കല്‍പ്പനങ്ങള്‍ക്ക് അനേകം നാമരൂപാദികള്‍ ഉണ്ട്. ബോധത്താല്‍, ബോധത്തിലൂടെ ജീവനുള്ള ഒന്നായി, ജീവന്‍ സംജാതമാവുന്നു.

അത് വസ്തുവിനെപ്പറ്റി ബോധവാനായതിനാല്‍ അതിനു ചിത് എന്ന് പറയുന്നു. ഓരോരോ വസ്തുക്കളെപ്പറ്റിയും ‘ഇത് ഇതാണ്’ എന്ന വിവേചനമതിനുള്ളതിനാല്‍ അതിനെ ബുദ്ധിയെന്നു വിളിക്കുന്നു. അത് ആശയങ്ങളെയും സങ്കല്‍പ്പങ്ങളെയും ചിന്തിക്കുന്നതിനാല്‍ അതിനെ മനസ്സ് എന്ന് വിളിക്കുന്നു.

‘ഇത് ഞാനാകുന്നു’ എന്ന ധാരണയുള്ളതിനാല്‍ അത് അഹംകാരമാണ്. ബോധത്താല്‍ പൂരിതമാകയാല്‍ അത് ചിത്തമാകുന്നു. സുദൃഢമായ ധാരണകളുടെ ശൃംഘലകൾ തീര്‍ക്കുന്നതിനാല്‍ അത് പൂര്യഷ്ടകം ആകുന്നു. പ്രബുദ്ധതയില്‍ എത്തുമ്പോള്‍ എല്ലാ അറിവുകള്‍ക്കും അവസാനമാവുന്നതിനാല്‍ അതിനെ അവിദ്യ അല്ലെങ്കില്‍ അജ്ഞാനം എന്ന് വിളിക്കുന്നു.
ഇപ്പറഞ്ഞ വിവരണങ്ങള്‍ എല്ലാം ആതിവാഹികന്‍ എന്ന സൂക്ഷ്മശരീരം നിലനില്‍ക്കുന്നു എന്ന ധാരണയിലാണ്. ഒരിക്കലും നിലനില്‍ക്കാത്ത ലോകത്തെപ്പറ്റി ഞാന്‍ വിശദമായി വിവരിച്ചു. ആതിവാഹികദേഹം എന്നത് അതിസൂക്ഷ്മമായ നിശ്ശൂന്യതയാണ്. അതൊരിക്കലും ഉദിച്ചുയരുന്നില്ല. അതിനാല്‍ അതിനെ ഇല്ലാതാക്കേണ്ട കാര്യവുമില്ല. 

എങ്കിലും അനന്തബോധം എന്ന ക്ഷേത്രത്തില്‍ എണ്ണമറ്റ ലോകങ്ങള്‍ തുടര്‍ച്ചയായി വിക്ഷേപിക്കപ്പെടുന്നുണ്ട്. മുന്നില്‍ വെച്ചിരിക്കുന്ന വസ്തുവിനെ പ്രതിഫലിപ്പിക്കുന്ന കണ്ണാടിയെന്നപോലെ സൂക്ഷ്മദേഹം ലോകങ്ങളെ പ്രതിഫലിപ്പിച്ചു കൊണ്ടിരിക്കുന്നു. വിശ്വപ്രളയാനന്തരം പരമപുരുഷന്‍ അനന്തബോധത്തിലുയരുന്ന ഈ ആതിവാഹികനെപ്പറ്റി ചിന്തിക്കുന്നു. സൂക്ഷ്മദേഹം സ്വയം ബ്രഹ്മാവിഷ്ണുമഹേശ്വരന്മാരെന്നു ചിന്തിക്കുന്നു. സൂക്ഷ്മദേഹം എന്തെന്തു വസ്തുക്കളുമായും ധാരണകളുമായും തതാത്മ്യഭാവത്തില്‍ വര്‍ത്തിക്കുന്നുവോ അവ പ്രത്യക്ഷമാവുന്നു. 
 
ഈ വൈവിദ്ധ്യമാര്‍ന്ന വസ്തുക്കള്‍ സൃഷ്ടിക്കപ്പെട്ടതായി തോന്നിയാലും ഇതൊരു ദൃശ്യവിഭ്രമം മാത്രമാണ്. കാരണം യാതൊന്നും ഒരിക്കലും സൃഷ്ടമായിട്ടില്ല. എല്ലാമെല്ലാം  നിശ്ശൂന്യതയാണ്. അത് സര്‍വ്വവ്യാപിയുമാണ്‌. ഈ അനാദിയായ ബ്രഹ്മം മാത്രമേ നിലനില്‍ക്കുന്നുള്ളു.

എങ്കിലും സൂക്ഷ്മദേഹം താന്‍ അനുഭവങ്ങളെ ആര്‍ജ്ജിക്കുന്നതായി സങ്കല്‍പ്പിക്കുന്നതിനാല്‍ വൈവിദ്ധ്യതയെന്ന വൈരുദ്ധ്യം പ്രകടമാവുന്നു. ഈ സൂക്ഷ്മമായ ആതിവാഹികദേഹത്തില്‍ സ്ഥൂലദേഹാദികളെപ്പറ്റിയും അതിലെ ഘടകങ്ങളെപ്പറ്റിയുമുള്ള ധാരണകളും ജനനം, കര്‍മ്മം, കാലം, ആകാശം, ക്രമം, വാര്‍ദ്ധക്യം, മരണം, പാപപുണ്യങ്ങള്‍, ജ്ഞാനം തുടങ്ങിയ ആശയങ്ങളും ഉയര്‍ന്നു പൊങ്ങുന്നു. ഈ സങ്കല്‍പ്പനങ്ങള്‍ സമാഹരിച്ചതിനുശേഷം ഈ സൂക്ഷ്മശരീരം പഞ്ചഭൂതങ്ങളാല്‍ നിര്‍മ്മിതമായ വിശ്വത്തെ യഥാര്‍ത്ഥമെന്നോണം അനുഭവിക്കുന്നു. എന്നാല്‍ ഇതെല്ലാം വിഭ്രമാത്മകമാണ്. സ്വപ്നവസ്തുക്കളും സ്വപ്നാനുഭവങ്ങളുമാണവ. 

No comments:

Post a Comment

Note: Only a member of this blog may post a comment.