സര്ഗോഽയമിതി തദ്ബുദ്ധം ക്ഷണം യത്കചനം ചിത:
കല്പോഽയമിതി തദ്ബുദ്ധം ക്ഷണം തത്കചനം ചിത: (6.2/187/10)
രാമന്‍ പറഞ്ഞു: ഈ ലോകമെന്ന
കാഴ്ചയില്‍ അതിന്റെ അമ്പരപ്പിക്കുന്ന വൈവിദ്ധ്യതയില്‍ എങ്ങിനെയാണ് ലോകനീതി
അല്ലെങ്കില്‍ നിയതി നടപ്പിലാവുന്നത്? എങ്ങിനെയാണ് ബഹിരാകാശത്തിലെ ഗ്രഹങ്ങളുടെ
സൂര്യന്മാര്‍ക്ക് ഇത്ര താപഗരിമയുണ്ടായത്? വര്‍ഷത്തിലെ ചിലദിനങ്ങള്‍ നീണ്ടും
മറ്റുചില ദിനങ്ങള്‍ ചുരുങ്ങിയും ആവാന്‍ കാരണമെന്ത്?
വസിഷ്ഠന്‍ പറഞ്ഞു:
അനന്തബോധത്തില്‍ അല്ലെങ്കില്‍ പരംപൊരുളില്‍ ലോകക്രമം ഉണ്ടായത്
വെറുമൊരാകസ്മികതയാണെന്നേ പറയാവൂ. 'കാക്കയും പനമ്പഴവും' എന്ന ഉപമ നേരത്തേ പറഞ്ഞിട്ടുള്ളതാണല്ലോ.
അതെങ്ങിനെയാണോ സംജാതമായത് അതങ്ങിനെതന്നെ വിശ്വമായി. ബോധത്തില്‍ സഹജമായ
വിശ്വവ്യാപകത്വം ഹേതുവായി വിശ്വനിയതിയില്‍ ബുദ്ധിയും ഉള്ളതായി കാണുന്നു.
ബോധത്തിലെ നൈമിഷികമായ ചലനം
ഉണ്ടാവുമ്പോള്‍ ‘ഇത് സൃഷ്ടിയാകുന്നു’, എന്ന തിരിച്ചറിവുണ്ടാകുന്നു. ബോധത്തിലെ
ചൈതന്യത്തിന് ചലനമുണ്ടാവുമ്പോള്‍ ‘ഇതൊരു യുഗം’ എന്നറിയപ്പെടുന്നു.
അതുപോലെ, ബോധചൈതന്യത്തില്‍
ഉണ്ടാവുന്ന ചലനം തന്നെയാണ് കാലമായും ആകാശമായും വസ്തുക്കളായും എല്ലാം
അറിയപ്പെടുന്നത്. ഇവയുടെയെല്ലാം രൂപങ്ങള്‍, ദൃശ്യങ്ങള്‍, ചിന്തകള്‍ എന്നിവയും
നിരാകാരമായ ബോധത്തിലെ ചൈതന്യചലനങ്ങള്‍ തന്നെയാണ്.
ഇങ്ങിനെ
ഉരുത്തിരിഞ്ഞുണ്ടാവുന്ന വസ്തുവിന്റെ സ്വഭാവമാണ് ലോകത്തില്‍ പ്രകൃതി നിയമമായിത്തീരുന്നത്.
വാസ്തവത്തില്‍ ഒരു നിമിഷവും ഒരു യുഗവും അനന്തബോധത്തില്‍ സമാനമാണ്. അവ ചൈതന്യസ്പന്ദനങ്ങളാണ്.
രണ്ടും സ്വാഭാവികമായി ബോധത്തില്‍ ഉല്‍പ്പന്നമാകുന്നവയാണ്. ലോകക്രമമാണ്.
ഇങ്ങിനെ
ബോധത്തില്‍ എണ്ണമറ്റ വസ്തുക്കള്‍ അതാതിന്റെ സ്വഭാവ സവിശേഷതകളോടെ ഉല്‍പ്പന്നമായി.
അങ്ങിനെതന്നെയാണ് പഞ്ചഭൂതങ്ങളും സൂര്യനും ഉണ്ടായത്. ഭൂമിയ്ക്ക് ദൃഢതയും ഉറപ്പും
ജീവികളെ താങ്ങാനുള്ള കഴിവും ഉണ്ടായി. ഇങ്ങിനെയുണ്ടായവയുടെ സ്വഭാവങ്ങള്‍ ലോകത്തില്‍
പ്രകൃതി നിയമമായി, നിയതിയായി.
നക്ഷത്രാങ്കിതമായ
ഭൂഗോളം ചുറ്റിക്കറങ്ങുന്നത് ബോധത്തില്‍ ചൈതന്യസ്പന്ദനം സങ്കല്‍പ്പനം
ചെയ്യുമ്പോഴാണ്. ആ നക്ഷത്രങ്ങളില്‍ ചിലതിനു തിളക്കമേറും. ചിലത് മങ്ങിയും, ചിലതിനു
തിളക്കമേയില്ലാതെയുമിരിക്കുന്നു. ഈ ലോകമെന്ന കാഴ്ചയില്‍ വൈവിദ്ധ്യമാര്‍ന്ന
വസ്തുക്കള്‍ക്ക് വൈവിദ്ധ്യമാര്‍ന്ന സ്വഭാവ സവിശേഷതകള്‍ ഉണ്ട്. വാസ്തവത്തില്‍ അവയെ
സൃഷ്ടിച്ചിരിക്കുന്നത് വസ്തുക്കളായല്ല. അവയായി കാണപ്പെടുന്നത് അനന്തബോധം
തന്നെയാണ്. അവയ്ക്ക് അസ്തിത്വമുണ്ടെന്നു തോന്നുന്നിടത്തോളം അവ നിലനില്‍ക്കുന്നു. നിലനില്‍ക്കുന്നിടത്തോളം അവ നിലനില്‍ക്കുന്നരീതിയ്ക്ക് പ്രകൃതിനിയമം അല്ലെങ്കില്‍
നിയതി എന്ന് പറയുന്നു.
No comments:
Post a Comment
Note: Only a member of this blog may post a comment.