യഥാഭൂതാര്‍ത്ഥവിജ്ഞാനാദ് ഭ്രാന്തിമാത്രാത്മനി സ്ഥിതേ
പിണ്ഡഗ്രഹവിയുക്തേഽസ്മിന് ദൃശ്യചക്രേ ക്രമാത്ക്ഷയ: (6.2/190/61)
രാമന്‍ പറഞ്ഞു: സത്യമെന്ന്
കരുതിയാലും ഇല്ലെങ്കിലും ഒരു ദുസ്വപ്നം കാണുമ്പൊള്‍ അത് ദുഖദായിയാണ്. അതുപോലെയാണ്
ലോകമെന്ന ഈ കാഴ്ചയും. എങ്ങിനെയാണ് നമുക്കിതിനെ തരണം ചെയ്യാന്‍ കഴിയുക?
വസിഷ്ഠന്‍ പറഞ്ഞു: ഉറക്കത്തില്‍
നിന്നും ഉണരുമ്പോള്‍ ദുസ്വപ്നവും തജ്ജന്യമായ ആകുലതകളും ഒഴിയുന്നു. ലോകമെന്ന
മായക്കാഴ്ച നല്‍കിയ ആകുലതകള്‍ ഒഴിയാന്‍ ആ മായയില്‍ നിന്നും ഉണരേണ്ടതുണ്ട്.
ലോകത്തിലെ വിഷയങ്ങളുമായി ഒട്ടാതിരിക്കുകയും അവയെ സമാഹരിച്ചുവെക്കാന്‍
ശ്രമിക്കാതിരിക്കുകയുമാണ് അതിനുള്ള ഏകമാര്‍ഗ്ഗം.
രാമന്‍ ചോദിച്ചു: എങ്ങിനെയാണ്
ഒരുവന്‍ തന്റെ സന്തോഷം കണ്ടെത്തുന്നത്? എങ്ങിനെയാണ് ലോകമെന്ന ഈ സ്വപ്നത്തിലെ
വസ്തുക്കളുടെ ഗാഢത, യഥാര്‍ത്ഥ്യ ഭാവം അവസാനിപ്പിക്കുക?
വസിഷ്ഠന്‍ പറഞ്ഞു: ഈ
ഗാഢവസ്തുവിന്റെ ഭൂതവും ഭാവിയും സൂക്ഷ്മനിരീക്ഷണവിധേയമാക്കി യാല്‍ ലോകവസ്തുക്കളുടെ
നിശ്ചിതാവസ്ഥ ഇല്ലാതാക്കാം. സത്യത്തെ നിരന്തരം ധ്യാനിക്കുന്നതിലൂടെ ഈ വസ്തുക്കളുടെ
ഘനസാന്ദ്രസ്ഥൂലഭാവങ്ങളെ ഇല്ലാതാക്കാം.
രാമന്‍ ചോദിച്ചു: അത്തരം
വിശ്വാസങ്ങളെ ക്ഷീണിതമാക്കിയാല്‍പ്പിന്നെ എന്താണ് കാണുക? സാധകനില്‍ എങ്ങിനെയാണ്
ലോകമെന്ന ഭ്രമദൃശ്യത്തിന് അന്ത്യമുണ്ടാവുക?
വസിഷ്ഠന്‍ പറഞ്ഞു: സാധകന്റെ ദര്‍ശനത്തില്‍
ലോകമെന്ന കാഴ്ച ആകാശത്തിലെ കൊട്ടാരം പോലെയാണ്. അല്ലെങ്കില്‍ മഴയില്‍ ഒലിച്ചുപോയ
ചിത്രപടമാണ്. അയാളുടെ മനസ്സില്‍ വാസനാമാലിന്യമില്ല, ഉപാധികളുമില്ല.
രാമന്‍ ചോദിച്ചു: പിന്നീട്
അയാള്‍ക്ക് എന്താണ് സംഭവിക്കുക?
വസിഷ്ഠന്‍ പറഞ്ഞു: ലോകമെന്ന
കാഴ്ച വെറുമൊരു സങ്കല്‍പ്പധാരണ മാത്രമായി മാഞ്ഞു പോകുന്നു. അചിരേണ അയാളിലെ എല്ലാ
പരിമിതികളും ഇല്ലാതാവുന്നു. ഉപാധികള്‍ മാഞ്ഞുപോവുന്നു.
രാമന്‍ ചോദിച്ചു: ഇപ്പറഞ്ഞ
വാസനകള്‍ അനേക ജന്മങ്ങളിലൂടെ രൂഢമൂലമായിട്ടുണ്ടാകുമല്ലോ?
എങ്ങിനെയാണതിനൊരവസാനമുണ്ടാവുക?
വസിഷ്ഠന്‍ പറഞ്ഞു: “എല്ലാ
വസ്തുക്കളും വിഷയങ്ങളും ആത്മാവില്‍ അല്ലെങ്കില്‍ അനന്തബോധത്തില്‍ വികലമായ
ധാരണാസങ്കല്‍പ്പങ്ങളായി മാത്രമേ ഉള്ളു എന്ന സത്യം സാക്ഷാത്ക്കരിക്കുമ്പോള്‍
വസ്തുവിഷയ സംബന്ധിയായ എല്ലാ ബന്ധങ്ങളും വേരറ്റുപോവുന്നു. ആ വസ്തുക്കള്‍ക്ക്
സാധകനിലുള്ള സ്വാധീനവും ഇല്ലാതാവുന്നു. സംസാരചക്രം ക്രമേണ നിശ്ചലമാവുന്നു.”
രാമന്‍
ചോദിച്ചു: പിന്നീട് ഏന്തു സംഭവിക്കുന്നു? എങ്ങിനെയാണ് സാധകനില്‍
പ്രശാന്തതയുണ്ടാവുന്നത്?
വസിഷ്ഠന്‍
പറഞ്ഞു: അങ്ങിനെ ലോകത്തിനെക്കുറിച്ചുള്ള
സുദൃഢഭാവം അസ്തമിച്ച് ഭ്രമക്കാഴ്ച്ചയെ നിയന്ത്രിക്കാനുള്ള സാധനപോലും
ആവശ്യമില്ലാത്ത അവസ്ഥയിലെത്തുമ്പോള്‍ ലോകവുമായുള്ള എല്ലാവിധ ആശ്രയഭാവവും
ഇല്ലാതെയാവുന്നു.
രാമന്‍
ചോദിച്ചു: ഈ ലോകമെന്ന ധാരണ ഒരു കുട്ടിയുടെ മനസ്സില്‍ ഉദിച്ചശേഷം
അതില്ലാതെയാവുമ്പോള്‍ എന്തുകൊണ്ടാണ് അവനു ദുഖമില്ലാത്തത്? കുട്ടിയ്ക്ക്
കളിപ്പാട്ടം നഷ്ടപ്പെട്ടാല്‍ വിഷമം ഉണ്ടാവുമല്ലോ?
വസിഷ്ഠന്‍
പറഞ്ഞു: വെറും സങ്കല്‍പ്പത്തില്‍ മാത്രം ഉണ്ടായിരുന്ന വസ്തു നഷ്ടപ്പെട്ടാല്‍
എന്തിനാണ് ദുഖിക്കുന്നത്? അതിനാല്‍ ചിന്തകളും ആശയങ്ങളും സങ്കല്‍പ്പങ്ങളും മനസ്സില്‍
ഉള്ളിടത്തോളം കാലം അവയുടെ സ്വഭാവത്തെപ്പറ്റി നാം അന്വേഷിച്ചുകൊണ്ടേയിരിക്കണം.
No comments:
Post a Comment
Note: Only a member of this blog may post a comment.