സ്വഭാവസ്യ സ്വഭാവോഽസൌ കില കാരണമിത്യപി
യദുച്യതേ സ്വഭാവസ്യ സാ പര്യായോക്തികല്‍പനാ (6.2/177/29)
രാമന്‍ ചോദിച്ചു: ലോകമെന്ന കാഴ്ച അനന്തബോധത്തില്‍
ഉരുവാകുന്നതിനു കാരണങ്ങള്‍ യാതൊന്നുമില്ല. കാര്യങ്ങള്‍ അങ്ങിനെയാണെങ്കില്‍ അത്തരം
ആഹേതുകസംഭവങ്ങള്‍ തുടര്‍ന്നും ലോകത്ത് ഉണ്ടാവാത്തത് എന്തുകൊണ്ടാണ്?
വസിഷ്ഠന്‍ പറഞ്ഞു: എന്തെന്തു ധാരണകള്‍ ഒരുവന്‍ വച്ച് പുലര്‍ത്തുന്നുണ്ടോ
അതെല്ലാം സത്യമെന്ന മട്ടില്‍ അവനിൽ പ്രതീതവല്‍ക്കരിക്കുന്നു. ബ്രഹ്മത്തില്‍ ഹേതുവും ഹേതുരാഹിത്യവും ഒരുപോലെയാണ്. കാരണം അത് സര്‍വ്വപ്രാഭവങ്ങളും ഉള്‍ക്കൊള്ളുന്നതാണല്ലോ?
ജീവികളുടെ കാര്യമെടുത്താല്‍ ബുദ്ധികൂര്‍മ്മതയുള്ള ആളുടെ ദേഹത്തും ജഡവസ്തുക്കളായ
നഖവും മുടിയുമെല്ലാം ഉണ്ട് എന്നതുപോലെയാണത്. ബ്രഹ്മേതരമായി എന്തെങ്കിലും അനുഭവമായി
എന്നുവരികില്‍ അത് വികലമായ ഏതോ കാരണം കൊണ്ടാവണം. എന്നാല്‍ ഒരേയൊരനന്തബോധം എല്ലായിടത്തും
പ്രഭാസിക്കുമ്പോള്‍ അതില്‍ എന്താണ് കാരണമാകുന്നത്? എന്താണതിന്റെ ഫലപ്രാപ്തി?
രാമന്‍ ചോദിച്ചു: അജ്ഞാനിയുടെ
അനുഭവത്തില്‍ കാര്യകാരണബന്ധങ്ങള്‍ തീര്‍ച്ചയായും ഉണ്ട്. ആഹേതുകമായി അജ്ഞാനിയില്‍
എന്താണുള്ളത്? അതെങ്ങിനെയാണ് നിലകൊള്ളുന്നത്?
വസിഷ്ഠന്‍ പറഞ്ഞു: പ്രബുദ്ധനെ
സംബന്ധിച്ചിടത്തോളം ആരും അജ്ഞാനിയല്ല. അപ്പോള്‍പ്പിന്നെ ‘ഇല്ലാത്ത’
കാര്യത്തെപ്പറ്റി ചര്‍ച്ച ചെയ്ത് നാമെന്തിനു സമയം കളയണം? ചിലകാര്യങ്ങള്‍ക്ക്
കാരണമുണ്ട്. മറ്റുചില കാര്യങ്ങള്‍ അഹേതുകവുമാണ്. അതൊരുവന്റെ വീക്ഷണത്തെ
ആശ്രയിച്ചിരിക്കുന്നു. ഒരു കാര്യത്തെ സത്തെന്നു നിനച്ചാല്‍ അത് സത്ത്.
സത്യത്തില്‍ സൃഷ്ടിയ്ക്ക്
കാരണങ്ങള്‍ യാതൊന്നുമില്ല. ഈ ലോകം സൃഷ്ടിച്ചത് ദൈവമാണ് എന്നെല്ലാമുള്ള വാക്കുകള്‍
വെറും വാക്കുകള്‍ മാത്രമാണ്. സ്വപ്നത്തിലെ നമ്മുടെ അനുഭവങ്ങള്‍ പോലെ ഇക്കാര്യത്തെ
മനസ്സിലാക്കാന്‍ മറ്റുദാഹരണങ്ങള്‍ ഇല്ല.സൃഷ്ടിയെ ഒരു സ്വപ്നമെന്നതുപോലെ
അവബോധിക്കാന്‍ കഴിഞ്ഞില്ലെങ്കില്‍ ഭ്രമം. അതിനെ ശരിയായി അറിഞ്ഞാലോ, ഭ്രമം
ഇല്ലാതാവുന്നു.
സൃഷ്ടി സംബന്ധിയായി ഊഹാപോഹങ്ങള്‍
നിറഞ്ഞ ഉദീരണങ്ങള്‍ ചെയ്യുന്നത് തികഞ്ഞ വിഡ്ഢിത്തവും മൌഢ്യവുമാണ്. ചൂടിന്റെ
‘കാരണം’ അഗ്നിയാണെന്ന് പറഞ്ഞാല്‍ അഗ്നിയ്ക്ക് നൈസര്‍ഗ്ഗികമായ സ്വഭാവം
പിന്നെയെന്താണ്? ഈ ദേഹത്തിലെ മൂലഘടകങ്ങള്‍ക്ക് വാസ്തവത്തില്‍ രൂപമില്ല. അവയെല്ലാം
അമൂര്‍ത്തമാണ്. അതിലോലമായ അലൌകീകപദാര്‍ത്ഥങ്ങളാണ്. അങ്ങിനെ സംജാതമായ
ഭൌതീകദേഹത്തിന് കാരണമായി ഒന്നുമില്ല. മാത്രമല്ല, ‘ഇല്ലാത്തൊരു’ ലോകത്തെ
‘അനുഭവിക്കുന്ന’ ദേഹത്തിനു ഹേതുവായി എന്തുണ്ടാവാനാണ്?
“എന്തൊക്കെയുണ്ടോ, അതെല്ലാം, അവ
സങ്കല്‍പ്പമാണെങ്കില്‍ക്കൂടി പ്രകൃതിയില്‍ സഹജമാകുന്നു. ‘പ്രകൃതി’ എന്ന
വാക്കുപോലും വിശദീകരണാര്‍ത്ഥം ഉപയോഗിക്കുന്നു എന്നേയുള്ളു.” അതിനാല്‍ എല്ലാ
വസ്തുക്കളും അവയെപ്പറ്റി നാം സങ്കല്‍പ്പിച്ചുണ്ടാക്കുന്ന കാരണങ്ങളും മനസ്സില്‍
ഉദിച്ചു പൊങ്ങുന്ന ഭ്രമകല്‍പ്പനകള്‍ മാത്രമാണെന്ന് മനസ്സിലാക്കുക.
എല്ലാ കാര്യങ്ങളും കാരണത്തെ
പിന്തുടര്‍ന്നുവരുന്നു എന്ന് ജ്ഞാനിക്കറിയാം.!
ഒരാള്‍
താന്‍ കൊള്ളയടിക്കപ്പെട്ടതായി സ്വപ്നം കാണുന്നു. എന്നാല്‍ അത് സ്വപ്നമാണെന്ന
തിരിച്ചറിവുണ്ടായാല്‍പ്പിന്നെ അയാൾക്ക് ദുഖമില്ല. അതുപോലെ സത്യമറിയുമ്പോള്‍ ജീവിതത്തിലെ എല്ലാ ആകുലതകളും ഒഴിയുന്നു.
No comments:
Post a Comment
Note: Only a member of this blog may post a comment.