സ്തംഭേ ജഡേന സാ വ്യക്തിമനുത്കീര്‍ണേഹ ഗച്ഛതി
ചിതി
ത്വന്തര്‍ഗത ചിത്ത്വാദേവാത്മന്യേവ ഭാത്യലം (6.2/168/42)
വസിഷ്ഠന്‍ തുടര്‍ന്നു:
വിശ്വസൃഷ്ടിയും വിലയനവും ബോധത്തിലുയര്‍ന്ന വിഭ്രമാത്മകധാരണകള്‍ മാത്രമാണ്.
സൃഷ്ടിധാരണ ഏറെനേരം നിലനില്‍ക്കുമ്പോള്‍ അതിന് യാഥാര്‍ത്ഥ്യത്തിന്റെ ഭാവം
കൈവരുകയാണ്. കുറച്ചുനേരത്തെ സുഷുപ്തികഴിഞ്ഞ് പൊടുന്നനെയുണ്ടാകുന്ന സ്വപ്നം
എന്നതുപോലെ വിശ്വപുരുഷനില്‍ വസ്തുപ്രപഞ്ചത്തിന്റെ രൂപവല്‍ക്കരണവും വിക്ഷേപവും
ഉണ്ടാവുന്നതും ആകസ്മികമായാണ്. വിശ്വത്തില്‍ പ്രോജ്വലത്തായി കാണപ്പെടുന്നത് ബോധം
തന്നയാണ്. ബോധമാണ് വിശ്വത്തിന്റെ ശരീരം.
ബോധംതന്നെയാണ് സ്മരണകളായും,
മാനസീകമായി വൈവിദ്ധ്യതയുള്ള കാര്യങ്ങളായും, ഭൂമി മുതലായ ഘടകങ്ങളായും
ഉദ്ഭൂതമാവുന്നത്.
രാമന്‍ ചോദിച്ചു: ഭഗവാനേ,
ബുദ്ധിയില്‍ ശേഷിക്കുന്ന വാസനാമുദ്രകളാണ് സ്മരണകള്‍. അത്തരം സ്മരണകളുടെ അഭാവത്തില്‍
എങ്ങിനെയാണ് ധാരണകള്‍ ഉടലെടുക്കുക? എങ്ങിനെയാണ് എന്തെങ്കിലും ഭവിക്കുക?
വസിഷ്ഠന്‍ പറഞ്ഞു: അല്ലയോ രാമ:
നിന്റെ സംശയം ഞാനിപ്പോള്‍ തീര്‍ത്ത് തരാം. അങ്ങിനെ അദ്വൈതതത്വം നമുക്ക്
സുദൃഢമാക്കാം. ഒരു തടിക്കഷണത്തില്‍ ഇനിയും കൊത്തിയെടുത്തിട്ടില്ലാത്ത മൂര്‍ത്തിയാണ്
ഈ ലോകമെന്ന വിക്ഷേപം. ആ തടിയില്‍ ഒരു രൂപത്തെ കൊത്തിയെടുത്താല്‍മാത്രമേ അതിനെയൊരു
മൂര്‍ത്തിയെന്നു പറയാന്‍ കഴിയൂ. എന്നാല്‍ അനന്തബോധം ‘രണ്ടാ’വാന്‍
സാദ്ധ്യതയില്ലാത്തതായതിനാല്‍ ഇങ്ങിനെയൊരു മൂര്‍ത്തീനിര്‍മ്മിതി സാദ്ധമല്ലതന്നെ.
“ചൈതന്യരഹിതവും, ജഡവുമായ
തടിയില്‍ താനേയൊരു മൂര്‍ത്തിയുണ്ടാവുകയില്ല. അതിന് ആരെങ്കിലും ആ മൂര്‍ത്തിയെ
കൊത്തിയെടുക്കണം. എന്നാല്‍ ബോധം ബോധത്താല്‍ നിറഞ്ഞു സാന്ദ്രമായി നില്‍ക്കുന്നതിനാല്‍
ലോകമെന്ന കാഴ്ച അതില്‍ സ്വയം പ്രോജ്വലിക്കുകയാണ്” വാസ്തവത്തില്‍ ബോധം ഒരിക്കലും
ബോധഭിന്നമായിരുന്നിട്ടില്ല. ലോകത്തെ ബോധത്തില്‍ നിന്നും കൊത്തിയെടുത്തിട്ടുമില്ല.
എങ്കിലും അത് ലോകമായി പ്രഭാസിക്കുന്നു!
അനാദികാലത്ത്
ബോധത്തില്‍ അനന്തമായ സാദ്ധ്യതകള്‍ ഉള്ളതിനാല്‍ എല്ലാ ധാരണകളും സാധിതമായി. ഈ
ധാരണകള്‍ക്ക് ബോധസാന്നിദ്ധ്യമുള്ളതിനാല്‍ അവയെല്ലാം സത്താണെന്ന് തോന്നാന്‍ ഇടയായി.
സ്വപ്നത്തിലെ വസ്തുക്കളെപ്പോലെയാണവ. ഹൃദയാകാശത്തില്‍ത്തന്നെ ബോധം പലവിധ ധാരണകള്‍ക്കും
ഇടനല്കുന്നു.
“ഇത്
ബ്രഹ്മബോധമാണ്’, ‘ഇത് ശുദ്ധബോധത്തെക്കുറിച്ചുള്ള ധാരണയാണ്’, ;ഇത് ജീവന്‍ എന്ന ധാരണ’, ‘ഇത് അഹങ്കാരം, ബുദ്ധി, മനസ്സ്, കാലം, ആകാശം’, ‘ഞാന്‍ ഇന്നാരാണ്’, ‘ഇത് കര്‍മ്മം’,
‘ഇവ പഞ്ചഭൂതങ്ങള്‍’, ‘ഇവ ഇന്ദ്രിയങ്ങള്‍’,’ഇത് പൂര്യഷ്ടകം എന്ന സൂക്ഷ്മശരീരം’,
‘ഞാന്‍ സൃഷ്ടാവായ ബ്രഹ്മാവ്’, ‘ഞാന്‍ ശിവന്‍, ഞാന്‍ വിഷ്ണു, ഞാന്‍ സൂര്യന്‍’,
‘ഇതകം’, ‘ഇത് പുറം’, ‘ഇത് സൃഷ്ടി, ഇത് ലോകം’, എന്നിത്യാദി ധാരണകള്‍
ബോധത്തിലാണുദിക്കുന്നത്.
ഭൌതികമായോ
വസ്തുനിഷ്ഠമായോ സ്മരണകളായോ ദ്വന്ദങ്ങളായോ യാതൊന്നുമില്ല. കാരണമൊന്നുമില്ലാതെ
ലോകമെന്ന കാഴ്ച ബോധത്തില്‍ ഉയരുന്നു. ബോധത്തില്‍ ബോധമായിത്തന്നെ അതനുഭവമാകുന്നു.
ബോധമാണ് സ്വയം ലോകമായി ഭാവിച്ചു അനുഭവങ്ങളെ ആര്‍ജ്ജിക്കുന്നത്. അതിനാല്‍ സ്മരണകളോ,
സ്വപ്നങ്ങളോ, കാലമോ, ഒന്നും ഇതിനു സംഗതമല്ല.
അകമേയുള്ള
ബോധഘനത്തില്‍ ബാഹ്യമായുള്ള ഒരുലോകം കാണപ്പെടുന്നു. വാസ്തവത്തില്‍ അകത്തും
പുറത്തുമായി മാറ്റ് യാതൊന്നുമില്ല. എല്ലാം പരംപൊരുള്‍ മാത്രം. അതിനാല്‍ അനന്തമായ
ബ്രഹ്മം ഉണ്മയായിരിക്കുന്നതുപോലെ കാണപ്പെടുന്ന വസ്തുപ്രപഞ്ചവും ഉണ്മയാകുന്നു.
No comments:
Post a Comment
Note: Only a member of this blog may post a comment.