ചിത്തമിന്ദ്രിയസേനായാ നായകം തജ്ജയാജജയ:
ഉപാനദ്ഗുഢപാദസ്യ നനു ചര്‍മാവൃതൈവ ഭൂ: (6.2/163/6)
രാമന്‍ ചോദിച്ചു: അജ്ഞാനം
നീങ്ങണമെങ്കില്‍ ഇന്ദ്രിയങ്ങളെ പൂര്‍ണ്ണമായും നിയന്ത്രണത്തിലാക്കണമല്ലോ.
ഇന്ദ്രിയനിയന്ത്രണം എങ്ങിനെ കൈവരിക്കാമെന്ന് ദയവായി പറഞ്ഞു തന്നാലും.
വസിഷ്ഠന്‍ പറഞ്ഞു: സ്വപ്രയത്നത്താല്‍ എങ്ങിനെയാണൊരുവന്
ഇന്ദ്രിയനിയന്ത്രണം സാധിക്കുക എന്ന് ഞാനിനി പറഞ്ഞു തരാം.
വ്യക്തിയുടെ ആത്മാവ് അനന്തബോധം തന്നെയാണ്. അതിന്റെ
സ്വയാവബോധം നിമിത്തം അത് വ്യതിരിക്തമായ ജീവനായി അറിയപ്പെടുന്നു എന്ന് മാത്രം. ആ
ജീവന്‍ എന്ത് ചിന്തിക്കുന്നുവോ അത് ക്ഷണത്തില്‍ സാധിതമാവുന്നു. അതിനാല്‍
ആത്മനിയന്ത്രണം അല്ലെങ്കില്‍ ഇന്ദ്രിയനിയന്ത്രണം സ്വയാവബോധത്തെ കേന്ദ്രീകരിച്ചാണ്
നേടേണ്ടത്.
“ചിത്തമാണ് ഇന്ദ്രിയങ്ങളാകുന്ന
സായുധസേനയുടെ പടത്തലവന്‍. അതിനാല്‍ മനസ്സിനെ നിയന്ത്രിച്ചാല്‍ ഇന്ദ്രിയങ്ങളും
നിയന്ത്രണത്തിലാവും. ഒരുവന്റെ കാലുകളില്‍ തോല്‍ച്ചെരിപ്പുണ്ടെങ്കില്‍ ലോകം മുഴുവന്‍
തോലുകൊണ്ടു പൊതിഞ്ഞതിനു സമമാണല്ലോ!”
ഒരുവന്റെ
സ്വയാവബോധം ഹൃദയത്തിലേയ്ക്കുയര്‍ത്തി ശുദ്ധബോധത്തില്‍ ഉറപ്പിച്ചാല്‍ മനസ്സ്
സ്വാഭാവികമായും അയത്നലളിതമായി പ്രശാന്തിയടയും. തപശ്ചര്യകളോ തീര്‍ത്ഥാടനങ്ങളോ
യാഗകര്‍മ്മങ്ങളോ ഒന്നും ഇതിനുതകുകയില്ല. സ്വയാവബോധം അനുഭവത്തെപ്പറ്റി അറിയുമ്പോള്‍
ആ അനുഭവം ജീവനില്‍ വാസനയായി രേഖപ്പെടുകയില്ല. ഉണ്ടായ ഉടനെതന്നെ ക്ഷണത്തില്‍
മറക്കപ്പെടുന്നതുപോലെയാണത്.
ഇതിനായുള്ള
സാധനകള്‍പോലും ഒരുവനെ പരമമായ ആത്മജ്ഞാനത്തിന്റെ പാതയിലേയ്ക്ക് നയിക്കുന്നു.
ഉചിതമായ സ്വപ്രയത്നത്തിന്റെ ഫലമായുണ്ടാവുന്ന സമുചിതഫലങ്ങളില്‍ സംപ്രീതനായിരിക്കുക.
അവനവന്റെ കര്‍മ്മങ്ങള്‍ വേണ്ടതുപോലെ ചെയ്യുകയും അതിന്റെ ഫലങ്ങളില്‍
സംപ്രീതിയോടെയിരിക്കുകയും അവനവന്റേതല്ലാത്ത കര്‍മ്മങ്ങളെ ത്യജിക്കുകയും
ചെയ്യുന്നവന്‍ ആത്മനിയന്ത്രണം വന്നവനാണ്.
തന്നില്‍
നിന്നും ബാഹ്യമായ സംഭവങ്ങളിലും കാഴ്ചകളിലും താല്‍പ്പര്യമേതുംകൂടാതെ ആരുടെ മനസ്സാണോ
തന്നിലേയ്ക്ക് ഉന്മുഖമായി ആത്മനിരീക്ഷണത്തില്‍ ആമഗ്നമായിരിക്കുന്നത് അയാള്‍
പ്രശാന്തിയനുഭവിക്കുന്നു. അങ്ങിനെ സ്വയം തന്നില്‍ത്തന്നെ കേന്ദ്രീകരിക്കുമ്പോള്‍
മനസ്സിലെ അശാന്തികള്‍ എങ്ങോ പോയി മറയുന്നു. ഉള്ളില്‍ വിവേകവിജ്ഞാനങ്ങള്‍
വന്നണയുന്നു. വിവേകിയുടെ മനസ്സിന് ഇന്ദ്രിയങ്ങളെ വെല്ലുകയെന്നത് വിഷമമുള്ള
കാര്യമല്ല. വാസനകളോ മനോപാധികളോ അയാളെ
ശല്യപ്പെടുത്തുന്നില്ല. അയാള്‍ ലോകത്തെ യഥാതഥമായി കാണുന്നു.
അപ്പോള്‍
ലോകമെന്ന വിഭ്രാന്തമായ മായക്കഴ്ചയ്ക്ക് അവസാനമായി. ആകുലതകള്‍ക്ക് വിരാമമായി.
വാചാമഗോചരവും പ്രതീതികള്‍ക്ക് വശപ്പെടാനാവാത്തതുമായ ശുദ്ധമായ ബോധം തന്നെയാണ്
ലോകമായി കാണപ്പെടുന്നതെന്ന് അറിവുറച്ച ഒരുവന് എവിടെയാണ് ബന്ധനം? എവിടെയാണ് മോക്ഷം?
ഉണങ്ങിയ
ജലത്തിന് ഒഴുകാനാവില്ല. ആഹേതുകമായ അനുഭവത്തിനു മാനസീകമായ വികല്‍പ്പങ്ങൾ ഉണ്ടാക്കുക എന്നത് അസാദ്ധ്യം. അനന്ത വിഹായസ്സില്‍ ‘ഞാന്‍’, ‘നീ’, മുതലായ നാമരൂപഭാവങ്ങളെ
പ്രകടമാക്കുന്ന പ്രതിഭാസമാണ് വൈവിദ്ധ്യതകളെ വിക്ഷേപിക്കുന്ന അനുഭവങ്ങള്‍. ശരിയായ
അറിവിന്റെ നിറവില്‍ അവയ്ക്ക് വാസനകളെ ഉണ്ടാക്കാന്‍ സാധിക്കുകയില്ല. എല്ലാടവും നിറഞ്ഞുവിളങ്ങുന്നത് അനന്തബോധം
മാത്രം. ബോധമല്ലാതെ മറ്റൊന്നും ഇല്ല.
No comments:
Post a Comment
Note: Only a member of this blog may post a comment.