Nov 15, 2014

655 യോഗവാസിഷ്ഠം നിത്യപാരായണം ദിവസം 655

അനിമീലിതനേത്രസ്യ യസ്യ വിശ്വം പ്രലീയതെ
സാ ക്ഷീബ: പരമാര്‍ത്ഥേന  ഹാ ശേതേ സുഖമാത്മവാന്‍ (6.2/169/29)
വസിഷ്ഠന്‍ തുടര്‍ന്നു: ആര്‍ക്കാണോ ആഹ്ലാദം ആഹ്ലാദമല്ലാതെയും ദുഃഖം ദുഖമല്ലാതെയും ഇരിക്കുന്നത്, അയാള്‍ പ്രബുദ്ധനാകുന്നു. സുഖാനുഭവങ്ങളില്‍ മുഴുകുമ്പോഴും ആരുടെ ഹൃദയമാണോ കലുഷമല്ലാത്തത് അയാള്‍ പ്രബുദ്ധന്‍. ശുദ്ധബോധത്തിലും വിഷയപ്രപഞ്ചത്തിലും ഒരുപോലെ അഭിരമിക്കുന്നവന്‍ മുക്തന്‍.
രാമന്‍ ചോദിച്ചു: അങ്ങ് പറഞ്ഞു മുക്തപുരുഷന്‍ ആഹ്ലാദത്തില്‍ ആഹ്ലാദിക്കുകയോ ദുഖത്തില്‍ ദുഖിക്കുകയോ ചെയ്യുന്നില്ല എന്ന്. അങ്ങിനെയുള്ളയാളില്‍ ചേതനയുണ്ടോ? അയാളില്‍ ആര്‍ദ്രതയുണ്ടാകുമോ ?

വസിഷ്ഠന്‍ തുടര്‍ന്നു: അയാളുടെ അവബോധം പൂര്‍ണ്ണമായും ബോധത്തില്‍ മഗ്നമായിരിക്കുന്നതിനാല്‍ അയാള്‍ സുഖാനുഭവം വ്യതിരിക്തമായി അറിയുന്നില്ല. അറിയണമെങ്കില്‍ അതിനയാള്‍ പ്രത്യേകിച്ചു പരിശ്രമിക്കണം. അയാള്‍ ബോധത്തില്‍ അഭിരമിക്കുന്നു. അയാളിലെ സംശയങ്ങള്‍ക്ക് അറുതിയായിക്കഴിഞ്ഞു. വിവേകവിജ്ഞാനങ്ങള്‍ അയാളുടെ  ലോകവ്യവഹാരങ്ങളില്‍ അനിഛാപൂര്‍വം ചാരുതയേറ്റുന്നു.

നിദ്രയിലെന്നപോലെ തോന്നിയെന്നാലും അയാള്‍ പൂര്‍ണ്ണമായും ഉണര്‍ന്നു പ്രബുദ്ധതയില്‍ എത്തിയിരിക്കുന്നു; അയാള്‍ ആനന്ദലഹരിയില്‍ ആറാടുന്നു. അയാള്‍ പരമപദം പ്രാപിച്ചിരിക്കുന്നു. 
ചടുലമായ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുമ്പോഴും ലോകത്തിന്റെ ‘സ്വാദ്’ അയാളില്‍ ഇനിയില്ല. അനുനിമിഷം ചെയ്യേണ്ടുന്ന കാര്യങ്ങള്‍ അനിഛാപൂര്‍വ്വം അയാള്‍ നിര്‍വഹിക്കുന്നു. പ്രബുദ്ധന്‍ ആത്മാവില്‍, അല്ലെങ്കില്‍ ബോധത്തില്‍ വിശ്രാന്തിയടഞ്ഞിരിക്കുന്നതിനാല്‍ അയാള്‍ കര്‍മ്മനിരതനാണെങ്കിലും ലോകരുടെ കാഴ്ച്ചയില്‍ അയാള്‍ പ്രശാന്തസുഷുപ്തിയിലാണ്. വാസ്തവത്തില്‍ അയാള്‍  ചൈതന്യവത്തോ ചൈതന്യരഹിതമോ അല്ല.

അവരെ ‘ഉറങ്ങുന്നവര്‍’ എന്ന് വിളിക്കാന്‍ കാരണം ലോകമെന്ന  കാഴ്ച അവരെ സംബന്ധിച്ച് ഒരുനീണ്ട സ്വപ്നം മാത്രമാണ്. അതവര്‍ ചേതനാരഹിതരായതുകൊണ്ടല്ല. അജ്ഞാനിക്ക് ഇരുട്ട് നിറഞ്ഞ രാത്രിഎന്നതുപോലെയുള്ള സത്യത്തിന്റെ, പരമപ്രശാന്തിയില്‍ അഭിരമിക്കുന്നതിനാല്‍ അവര്‍ നിദ്രയിലാണെന്ന് പറയുന്നു. മാത്രമല്ല അജ്ഞാനിയുടെ ‘ലോകത്തില്‍’ പ്രബുദ്ധനു താല്‍പ്പര്യമേതുമില്ല. അവര്‍ ആത്മാവില്‍ സദാ അഭിരമിക്കുന്നതിനാല്‍ അവര്‍ ചേതനാരഹിതരല്ല. അവര്‍ എല്ലാ ആകുലതകള്‍ക്കും അതീതരാണ്.     

ഈ സംസാരത്തില്‍ അലഞ്ഞു വലഞ്ഞ്, എല്ലാ വിധത്തിലുമുള്ള സുഖദുഖങ്ങളും   അനുഭവിച്ച് ജീവന്‍ അതിന്റെ സൌഭാഗ്യത്താല്‍ ഒടുവിലൊരു മഹാത്മാവിനെ കണ്ടെത്തുന്നു. ആ സത്സംഗം അതിനെ സംസാര സാഗരതരണത്തിനു സഹായിക്കുന്നു. ശയ്യയില്ലാതെയാണെങ്കില്‍പ്പോലും അയാള്‍ ശാതനായി ഉറങ്ങുന്നു. ഇവിടെ കര്‍മ്മങ്ങളില്‍ വ്യാപൃതനായി വര്‍ത്തിച്ചാലും അയാള്‍ ദീര്‍ഘനിദ്രയുടെ പ്രശാന്തി ആസ്വദിക്കുന്നു. എത്ര അത്ഭുതകരം! ഈ നിദ്രയെ കലുഷമാക്കാന്‍ യാതൊന്നിനുമാവില്ല.

“കണ്ണ് തുറന്നു പിടിച്ചിട്ടുണ്ടെങ്കിലും ഈ ലോകത്തെ ‘കാണാത്തവന്‍’ ശരിയ്ക്കും ലഹരിപിടിച്ച അവസ്ഥയിലാണ്. അയാള്‍ ദീര്‍ഘനിദ്രയുടെ ആനന്ദം ആസ്വദിക്കുന്നു.” പൂര്‍ണ്ണമായും നിറവിലെത്തിയതിനാല്‍ അയാളില്‍ ലോകമെന്ന ധാരണപോലും ഇല്ലാതായിക്കഴിഞ്ഞിരിക്കുന്നു. അയാള്‍ അമൃതപാനം ചെയ്ത് പൂര്‍ണ്ണ വിശ്രാന്തിയടഞ്ഞിരിക്കുന്നു. സുഖാനുഭവങ്ങളില്‍ നിന്നെല്ലാം അതീതമാണ്‌ അയാളിലെ ആഹ്ലാദം. യാതൊരുവിധമായ ആസക്തികളും ആഗ്രഹങ്ങളും അയാളില്‍ ഇല്ല. ഓരോ അണുവിലും വിശ്വമടങ്ങിയിരിക്കുന്നു എന്നയാള്‍ക്കറിയാം.


അയാള്‍ ഒന്നും ‘ചെയ്യുന്നില്ല’ എങ്കിലും അയാള്‍ സദാ കര്‍മ്മനിരതനായിരിക്കുന്നു. ഈ ലോകമെന്ന കാഴ്ചയ്ക്ക് സ്വപ്നസമാനമായ ഉണ്മയാണുള്ളതെന്ന് തികഞ്ഞ ബോധ്യത്തോടെയാണയാള്‍ പ്രശാന്തനായി സുഷുപ്തിയുടെ ആനന്ദത്തില്‍ നിലകൊള്ളുന്നത്. അയാളുടെ ബോധം ആകാശത്തിനേക്കാള്‍ വികസ്വരമത്രേ. പരമമായ ആത്മാന്വേഷണത്തിലൂടെ ജ്ഞാനമാര്‍ജ്ജിച്ച് നിര്‍മ്മലാകാശത്തില്‍ ഒരു നീണ്ട സ്വപ്നം കാണുന്നതുപോലെ അയാള്‍ ജീവിക്കുന്നു.

No comments:

Post a Comment

Note: Only a member of this blog may post a comment.