Nov 6, 2014

645 യോഗവാസിഷ്ഠം നിത്യപാരായണം ദിവസം 645

അവിദ്യേതി ധൃത സംവിദ്ബ്രഹ്മണാത്മനി സത്തയാ
തദ്ഭ്രമേണാസദപ്യസ്യാ: സദ്‌രൂപമിവ ലക്ഷ്യതേ (6.2/160/11)
വാല്‍മീകി പറഞ്ഞു: വിപശ്ചിതിന്റെ (ഭാസന്റെ) കാര്യങ്ങള്‍ നോക്കി നടത്താനും അദ്ദേഹത്തിനു താമസിക്കാനുമുള്ള ഒരുക്കങ്ങള്‍ ദശരഥന്‍ ചെയ്തു. അങ്ങിനെ മറ്റൊരു ദിനം കൂടി അവസാനിച്ചു.
അടുത്ത ദിവസം സഭ വീണ്ടും ഒത്തു കൂടി. മുനി തുടര്‍ന്നു: ഇവിടെ കണ്ടത്  തീര്‍ച്ചയായും അവിദ്യയല്ല. അതിനാലാണ് വിപശ്ചിത്തിനതിന്റെ അരികറ്റങ്ങള്‍ കാണാന്‍ സാധിക്കാതിരുന്നത്. അത് അവിദ്യയായി നിലകൊള്ളുന്നത് അതിനെ ശരിയായി അറിയാതിരിക്കുമ്പോഴാണ്.
എന്നാല്‍ അതിനെ ശരിയായി കാണുമ്പോള്‍ മരുപ്പച്ചയില്‍ ഒരിക്കലും ജലമുണ്ടായിരുന്നില്ല എന്ന് തിരിച്ചറിയും. ഇതെല്ലാം നിങ്ങള്‍ നേരിട്ട് കണ്ടു, മാത്രമല്ല വിപശ്ചിത്തിന്റെ മുഖദാവില്‍ നിന്നും കാര്യങ്ങൾ കേള്‍ക്കുകയും ചെയ്തു. നമ്മുടെ ഈ പ്രഭാഷണം ശ്രവിച്ച് നിങ്ങളെപ്പോലെ അദ്ദേഹവും പ്രബുദ്ധതയെ പ്രാപിക്കുന്നതാണ്.

“ബ്രഹ്മം അവിദ്യയെന്ന അവബോധത്തെ കൊണ്ട് നടക്കുമ്പോള്‍ അത് യഥാര്‍ത്ഥമാണെന്ന് തോന്നുന്നു. ഈ ഭ്രമക്കാഴ്ചയാല്‍ അസത്ത് സത്തായി പ്രകടമാവുന്നു.” എന്നാല്‍ ഈ അവിദ്യയും ബ്രഹ്മം തന്നെയാണെന്ന്, അല്ലെങ്കില്‍ അത് ബ്രഹ്മഭിന്നമല്ലെന്നു തിരിച്ചറിയുന്നതോടെ എല്ലാ വിഭജനാത്മക ഭാവങ്ങളും ഇല്ലാതാകുന്നു.

വെറും മിഥ്യയാണെങ്കിലും അവിദ്യയാണ് വിസ്മയകരങ്ങളായതും കമനീയമായതുമായ വൈവിദ്ധ്യമാര്‍ന്ന വസ്തുക്കളെ ഉല്‍പ്പന്നമാക്കുന്നത്. സ്വപ്നങ്ങളുടെ ഉറവിടവും അതിര്‍ത്തികളും  തേടിപ്പോകുന്ന ഒരാള്‍ക്ക് അവ അനന്തമായി അനുഭവപ്പെടും.  അതുപോലെ ലോകത്തിന്റെ അരികറ്റങ്ങള്‍ തേടിപ്പോകുന്നവനും അജ്ഞാനജന്യമായ ലോകത്തിന്റെ അതിരുകളും അനന്തമാണെന്ന് കാണാനാകും.

ബോധത്തിലെ സങ്കല്‍പ്പസൃഷ്ടിയായ വിഷയവസ്തുക്കള്‍ അവയെ പ്രതീതീകരിച്ചയാള്‍ ഉപേക്ഷിച്ച് മറ്റൊരു സങ്കല്‍പ്പ സൃഷ്ടിയെ തേടിപ്പോകുന്നു. ഇത്തരം ജീവന്മാര്‍ സിദ്ധന്മാരുടെ ഇടയില്‍ ഉണ്ട്. എന്നാല്‍ അങ്ങിനെയുള്ളവര്‍ക്ക് പരസ്പരം മറ്റുള്ളവരുടെ അസ്തിത്വത്തെപ്പറ്റി അറിയില്ല. ലോകം വൈവിദ്ധ്യമാര്‍ന്നതാണ്. അതിലെ ജീവികളും തഥൈവ.

എന്നാല്‍ എല്ലാമെല്ലാം ബ്രഹ്മം മാത്രമാവുകകൊണ്ട് ഇവയെല്ലാം ബ്രഹ്മത്താല്‍ നിറഞ്ഞിരിക്കുന്നു എന്നും പറയാം. സൃഷ്ടിയുടെ ആദ്യത്തില്‍ കാരണങ്ങള്‍ ഒന്നും ഉണ്ടായിരുന്നില്ല. അതായത് സൃഷ്ടി മിഥ്യയാണ്. സൃഷ്ടി ഉണ്ടായിട്ടേയില്ല. അനന്താവബോധം അനന്തമായ ചിന്തകളെ ഉണ്ടാക്കി അവയെ രൂപവല്‍ക്കരിക്കുന്നു. ഇതില്‍ എന്താണിത്ര അത്ഭുതപ്പെടാന്‍?

അനിതരസാധാരണമായ ഏകാഗ്രതയിൽ തീവ്രമായ ചിന്തകള്‍ ഉല്‍പ്പന്നമാവുമ്പോള്‍ ആ ചിന്തകള്‍ രൂപവല്‍ക്കരിച്ചാണ് നിങ്ങളും മറ്റെല്ലാവരും ‘സൃഷ്ട’മായത്. ലോകവും സ്വര്‍ഗ്ഗവും പോലെ ‘രണ്ടിനെ’ ചിന്തിച്ചുറച്ചവന് രണ്ടും ലഭ്യമാണ്. മറ്റുചില സിദ്ധന്മാര്‍ നരകത്തെ ചിന്തിച്ച് മൂന്നാമതൊരിടം സൃഷ്ടിക്കുന്നു. എന്തിനെയാണോ തീവ്രമായി ഇഛിക്കുന്നത് അത് ഭൌതികമായും ഉല്‍പ്പന്നമാവുന്നു. 

വാസ്തവത്തില്‍ ദേഹം എന്നുപറഞ്ഞാല്‍ അത് മനസ്സ് തന്നെയാണ്. ജീവന്‍ അതിന്റെ ഒരസ്തിത്വതലത്തിലുള്ള ദേഹമുപേക്ഷിക്കുമ്പോള്‍ മറ്റൊരു തലത്തിനെപ്പറ്റി ചിന്തിക്കുന്നു, അങ്ങിനെയങ്ങോട്ട്‌ യാത്രയാകുന്നു. ചിന്തകള്‍ നന്മനിറഞ്ഞതാവുമ്പോള്‍ ജീവന്‍ നന്മകള്‍ അനുഭവിക്കുന്നു. ചിന്തകള്‍ തിന്മകളില്‍ ആമഗ്നമാവുമ്പോള്‍ അനുഭവങ്ങളും അങ്ങിനെയുള്ളതാവും. സിദ്ധന്മാരുടെ ലോകത്തെ ചിന്തിക്കുന്നവന് അതും മലിനചിന്തകളുള്ളവന് നരകവും അപ്പപ്പോള്‍ത്തന്നെ അനുഭവപ്പെടുന്നു.


നരകങ്ങളില്‍ ജീവന്‍ വൈവിദ്ധ്യമാര്‍ന്ന ദുരിതങ്ങളും ആകുലതകളും അനുഭവിക്കുന്നു. ദേഹത്ത് അമ്പ്‌ തറയ്ക്കുന്നതായും, പാറക്കല്ലുകള്‍ നെഞ്ചു തകര്‍ക്കുന്നതായും ചുട്ടുപഴുത്തഇരുമ്പ്തൂണിനെ താൻ പുല്കുന്നതായും, ജീവനോടെ തന്നെയാരോ എരിക്കുന്നതായും, വിശപ്പ്‌ മൂത്ത് പരസ്പരം കടിച്ചുതിന്നുന്നതായും രക്തനദിയില്‍ നീന്തുന്നതായും ജീവന് തോന്നാം. 

‘ഞാന്‍ ചെയ്ത ആ ദുഷ്ക്കര്‍മ്മമാണ് എനിക്കീ കൊടിയ ദുരിതം തന്നതെന്നും’ ഒരുവന് സ്വയം തോന്നാം.

No comments:

Post a Comment

Note: Only a member of this blog may post a comment.