Nov 30, 2014

664 യോഗവാസിഷ്ഠം നിത്യപാരായണം ദിവസം 664

അവിദ്യേയമനന്തേയമവിദ്യാത്വേന ചേതിതാ
ബ്രഹ്മത്വേന പരിജ്ഞാതാ ഭവതി ബ്രഹ്മ നിര്‍മലം (6.2/176/22)
രാമന്‍ ചോദിച്ചു: ഇങ്ങിനെ ബോധത്തില്‍ അനന്തമായ, എണ്ണമറ്റ ലോകങ്ങള്‍ ഉണ്ടായി മറയുന്നു എന്നങ്ങു പറഞ്ഞുവല്ലോ? പിന്നെയെന്തിനാണീ ലോകങ്ങളുടെ ഗുണഗണങ്ങളെപ്പറ്റി അങ്ങെന്നെ ഉദ്ബുദ്ധനാക്കിയത്?
വസിഷ്ഠന്‍ പറഞ്ഞു: അങ്ങിനെ നിന്നില്‍ ഈ ലോകമെന്നത് ഒരു നീണ്ട സ്വപ്നം മാത്രമാണെന്ന അറിവുണ്ടായല്ലോ? വാക്കും അര്‍ത്ഥവും തമ്മിലുള്ള ബന്ധം, അതുണ്ടാക്കുന്ന വിഷയസൂചന ഇവയെല്ലാം എന്തെന്നും നീ മനസ്സിലാക്കി. അങ്ങിനെ നോക്കുമ്പോള്‍ സങ്കല്‍പ്പജന്യങ്ങളായ സൃഷ്ടികളേയും ലോകമെന്ന കാഴ്ചയേയും പറ്റിയുള്ള വ്യാഖ്യാനങ്ങളൊന്നുംതന്നെ വൃഥാവിലല്ല. ഇങ്ങിനെ സ്പഷ്ടമായി വിശദീകരിക്കുമ്പോള്‍ ആത്മീയസത്തയെപ്പറ്റിയുള്ള അറിവ് നമ്മില്‍ സംജാതമാകുന്നു. വാക്കുകളും അവ നല്‍കുന്ന സന്ദേശങ്ങളും നമ്മിലുദിക്കുന്ന  അറിവിനെ സുദൃഢമാക്കുന്നു. സത്യത്തെക്കുറിച്ചുള്ള ഈ അറിവാണ് നമ്മെ ദൈനംദിന ജീവിതായോധനത്തിനു സന്നദ്ധരാക്കുന്നത്.

അറിയാനുള്ളതെല്ലാം അറിഞ്ഞു കഴിഞ്ഞാല്‍ നിന്നില്‍ ത്രികാലജ്ഞാനമുറച്ചു (ഭൂത-വര്‍ത്തമാന-ഭാവികള്‍) കഴിഞ്ഞു. അപ്പോള്‍ നിനക്ക് ഞാന്‍ പറഞ്ഞുതന്നതിന്റെ സത്യാവസ്ഥ മനസ്സിലാവും. ഓരോരോ അണുവിനുള്ളിലും അനന്തം വിശ്വങ്ങള്‍ കുടികൊണ്ടിരിക്കുന്നു. അതിനെയെല്ലാം എണ്ണി തിട്ടപ്പെടുത്താന്‍ ആര്‍ക്കാണ് കഴിയുക?

ഇത്തരുണത്തില്‍ എന്റെ അച്ഛന്‍ ബ്രഹ്മദേവന്‍ പറഞ്ഞു തന്ന ഒരു കഥ ഞാനോര്‍മ്മിക്കുന്നു. ശ്രദ്ധിച്ചു കേട്ടാലും.

ഞാന്‍ അച്ഛനോട് ചോദിച്ചു: ഈ ലോകമെന്ന കാഴ്ച എന്താണ്? എവിടെയാണത്തിന്റെ നിലനില്‍പ്പ്‌? 

ബ്രഹ്മാവ്‌ പറഞ്ഞു: മുനേ, വിശ്വമായി കാണപ്പെടുന്നതെല്ലാം അനന്തമായ ബോധമല്ലാതെ മറ്റൊന്നുമല്ല. ബ്രഹ്മം എന്നാണതറിയപ്പെടുന്നത്. ഉപാധിരഹിതമായ മേധാശക്തി, അല്ലെങ്കില്‍ ശുദ്ധസത്വമാണിതെന്ന് ജ്ഞാനിക്കറിയാം. അനന്തമാണത്. എന്നാല്‍ അജ്ഞാനി അതിനെ വസ്തു പ്രപഞ്ചമായാണ് കാണുന്നത്.

ഈ സത്യത്തെ സുവിദിതമാക്കാന്‍ ബ്രഹ്മാണ്ഡത്തെക്കുറിച്ച് വിശദമായി പറയേണ്ടതുണ്ട്. ഈ അപരിമിതമായ വിഹായസ്സിൽ അനന്തമായ ആത്മാവുണ്ട്. അത് ആകാശത്തില്‍ നിന്നും വിഭിന്നമല്ല. ആത്മാവ് ഉപാധിസ്ഥനും, പരിമിതപ്രഭാവനുമായ ഒരു ജീവനായി സ്വയം അവബോധിച്ചു. തന്റെ അനന്തമായ ആകാശഭാവത്തെ ത്യജിക്കാതെ തന്നെ ‘ഞാന്‍’ എന്ന അഹമായി ധരിച്ചു. അപ്പോഴും ആകാശമാണ്‌ തന്റെ ദേഹം. അങ്ങിനെ ഈ ‘ഞാന്‍’, ‘ഞാന്‍ ബുദ്ധിയാകുന്നു’ എന്നതിലേയ്ക്ക് വികസ്വരമായി.

ഈ ബുദ്ധി ‘ഇതിനെയും’, ‘അതിനെയും’, വേര്‍തിരിച്ചു കാണുവാന്‍ തുടങ്ങി. ഇതിനെത്തുടര്‍ന്ന് ഉപാധിസ്ഥമായ ധാരണകള്‍ ഉണ്ടാവുകയും അവ ഭ്രമദൃശ്യങ്ങളാവുകയും ചെയ്തു. ‘ഞാന്‍ മനസ്സാകുന്നു’ എന്നൊരു ധാരണ സംജാതമാകുന്നതോടെ വൈവിധ്യമാര്‍ന്ന ധാരണകളും ചിന്തകളും ഉണ്ടാവാന്‍ തുടങ്ങി. മനസ്സ് പിന്നീട് പഞ്ചേന്ദ്രിയങ്ങളെ സങ്കല്‍പ്പിച്ചു. ഇവയ്ക്ക് നിയതമായ രൂപങ്ങള്‍ ഇല്ലെങ്കിലും അവയ്ക്ക് സ്വപ്നത്തില്‍ കാണുന്ന പര്‍വ്വതങ്ങളെപ്പോലെ ഘനവും ദൃഢതയും ഉണ്ടായി. മനസ്സ് പിന്നീട് തനിക്കൊരു ദേഹമുണ്ടെന്നു സങ്കല്‍പ്പിച്ചു. മൂന്നു ലോകങ്ങളും അതില്‍ വൈവിദ്ധ്യമാര്‍ന്ന ജീവജാലങ്ങളും അവതമ്മില്‍ കാലനിബദ്ധമായി പലരീതികളിലുള്ള ബന്ധുതയും ഉണ്ടായിത്തീര്‍ന്നു. കണ്ണാടിയില്‍ വിവിധദൃശ്യങ്ങള്‍ കാണപ്പെടുന്നതുപോലെ ആകര്‍ഷണീയവും വര്‍ണ്ണാഭവുമായ അനേകം ദൃശ്യപ്രപഞ്ചങ്ങള്‍ കാണപ്പെട്ടു. ഓരോരോ അണുക്കളിലും അത്തരം അനന്തമായ ലോകങ്ങളുണ്ട്.  

“അവിദ്യ ഇതിനെയെല്ലാം അജ്ഞാനമായി, അപരിമിതസൃഷ്ടി വിലാസമായി ധരിക്കുന്നു. എന്നാല്‍ ‘ഇതെല്ലാം ബ്രഹ്മം’ എന്ന് തിരിച്ചറിയുമ്പോള്‍ (സാക്ഷാത്ക്കരിക്കുമ്പോള്‍) അത് സ്വയം ബ്രഹ്മമായിത്തീരുകയും ചെയ്യുന്നു.” ഇക്കാഴ്ചകളെല്ലാം നേരിട്ട് കണ്ടുവെന്നാലും യാതൊന്നും വാസ്തവത്തില്‍ കണ്ടിട്ടില്ല. കാരണം ഇതെല്ലാമെല്ലാം വെറുമൊരു സ്വപ്നമായിരുന്നല്ലോ. ആരാണിവിടെ ദൃഷ്ടാവ്? എന്താണ് ദൃശ്യം? അനന്തസത്തയില്‍ എങ്ങിനെയാണ് ദ്വന്ദതയുണ്ടാവുക? 

No comments:

Post a Comment

Note: Only a member of this blog may post a comment.