അബ്രാഹ്മണ്യം ക്വ ഗച്ഛാമി വിപരീതമതോ ജഗത്
അസദ്ദൃശ്യം സദിത്യുക്തം ബ്രഹ്മൈവം നാവഗമ്യതേ (6.2/171/26)
വസിഷ്ഠന്‍ തുടര്‍ന്നു:
“ബ്രഹ്മാവും അനന്തബോധവുമല്ലാത്ത വസ്തുവിനെ ഞാന്‍ എവിടെ കണ്ടെത്തും? കഷ്ടം
ലോകമെത്ര വിചിത്രം! സത്യമല്ലാത്ത പ്രതീതികളെ സത്യമെന്ന് കരുതുന്ന ലോകം! എന്നിട്ടും
അവരും അതേ ബ്രഹ്മത്തിലാണ് ചെന്ന് ചേരുന്നത്.”
രത്നക്കല്ലിന്റെ
തിളക്കം അതിന്റെ സ്വസൃഷ്ടിയല്ല; എന്നാല്‍ അത് രത്നത്തിലെ നിന്നും വിട്ടുള്ള
ഒന്നല്ലതാനും. അതുപോലെ ലോകമെന്ന വിക്ഷേപം ശുദ്ധബോധമാകുന്ന ആത്മാവില്‍ നിന്നും
വിഭിന്നമല്ല. ആ പരമാവബോധത്തില്‍ സുര്യന്‍ പ്രകാശിക്കുന്നു. സൂര്യന്‍
ആത്മവിഭിന്നമല്ല. എങ്കിലും സൂര്യചന്ദ്രാദികള്‍ക്ക് ആത്മാവിനെ പ്രകാശിപ്പിക്കാനോ
കാണിക്കാനോ ആവില്ല. ബോധത്തിലെ സഹജപ്രഭാവമാണ് അവയ്ക്ക് പ്രകാശമേറ്റി മറ്റുള്ള
വസ്തുക്കളെ ഭാസുരമാക്കി പ്രതീതിപ്പെടുത്താനുള്ള സാഹചര്യം ഉണ്ടാക്കുന്നത്.ആ ബോധം
രൂപപൂര്‍ണ്ണമോ രൂപരഹിതമോ ആകാം. ഈ വാക്കുകളെല്ലാം വെറും കസര്‍ത്താണ്! അര്‍ത്ഥരഹിതം!
സൂര്യകിരണങ്ങള്‍
സൂര്യന്റെ തന്നെ ഭാഗമാണ്, അതില്‍ നിന്നും വിഭിന്നമല്ല. അപ്പോള്‍ അവ
പ്രോജ്വലിക്കുന്നു; അവ പ്രോജ്വലിക്കുന്നില്ല എന്ന് രണ്ടു രീതിയിലും പറയാം. അതുപോലെ
സൂര്യചന്ദ്രന്മാര്‍ പ്രോജ്വലിക്കുന്നു എന്നും ഇല്ലെന്നും പറയാം.
സൂര്യചന്ദ്രന്മാരും മറ്റു ഭാസുരപ്രഭയുള്ള വസ്തുക്കളും പ്രകാശമാനമാകുന്നത്
അനന്തബോധത്തിന്റെ നിറവിലാകയാല്‍ അവ സ്വയംപ്രഭമല്ലെന്നോ ആണെന്നോ എങ്ങിനെ
പറയാനാകും?
ആ
പരമാവസ്ഥ എല്ലാറ്റിനും അതീതമാണ്. അത് ബോധഘനത്തിനും നിശൂന്യതയ്ക്കും അതീതമാണ്.
അതില്‍ ഒന്നിന്റെയും സാന്നിദ്ധ്യമില്ല. എന്നാല്‍ അതിലെല്ലാം നിറഞ്ഞു വിളങ്ങുകയും
ചെയ്യുന്നു. ഭൂമി മുതലായവയ്ക്ക് അസ്തിത്വമില്ല. വാസ്തവത്തില്‍ യാതൊന്നും അതില്‍
നിലനില്‍ക്കുന്നില്ല. അതില്‍ അനന്തകോടി ജീവാത്മാക്കള്‍ ഉണ്ടെങ്കിലും അവയ്ക്കൊന്നും
ബോധത്തില്‍ നിന്നും വേറിട്ടൊരു നിലനില്‍പ്പില്ല.
‘ചിലതുണ്ട്’, ‘ഒന്നുമില്ലായ്മയുണ്ട്’
എന്നൊക്കെയുള്ള ധാരണകള്‍ സത്യത്തില്‍ നിന്നും, ബോധത്തില്‍ നിന്നും ഏറെ അകലെയാണ്.
അദ്വയവും ശാശ്വതവും സര്‍വ്വവും നിറഞ്ഞുവിളങ്ങുന്നതും നിലനില്‍ക്കുന്നതുമായ ‘അതാ’ണ്
ലോകം. ഇതില്‍ നിന്നും വസ്തുതാപരമായ അറിവിനെ മാറ്റി നിര്‍ത്തിയാല്‍ത്തെളിയുന്ന
വൈവിദ്ധ്യമാര്‍ന്ന ലോകത്ത് ബാക്കിയാവുന്ന ആ ഉണ്മയുണ്ടല്ലോ, അതാണ് സത്യം.
പരംപൊരുള്‍.
ബോധമാണ്
അനന്തമായ അനുഭവങ്ങളും അനുഭൂതികളും ആകുന്നത്. സുഷുപ്തിയവസ്ഥയ്ക്ക് സ്വപ്നാവസ്ഥ
എങ്ങിനെയാണോ അതുപോലെയാണ് ജാഗ്രദിനു തുരീയാവസ്ഥ. എന്നാല്‍ പ്രബുദ്ധന്
ഈയവസ്ഥകളെല്ലാം തുരീയമാകുന്നു. സൃഷ്ടിയെക്കുറിച്ചുള്ള തത്വചിന്തകളും ബോധമെങ്ങിനെ
വസ്തുവാകുന്നു എന്നുള്ളതിനെക്കുറിച്ചുള്ള വിചിന്തനങ്ങളും മറ്റും സാധകനെ
പഠിപ്പിക്കാന്‍ ഉതകുന്ന മാര്‍ഗ്ഗങ്ങളാണ്. അവയില്‍ സത്യത്തിന്റെ
കണികപോലുമില്ല.
സ്വപ്നത്തെ
സ്വപ്നമെന്ന് തിരിച്ചറിയുമ്പോള്‍ ആഹ്ലാദം. എന്നാല്‍ ഈയറിവില്ലാത്തപ്പോള്‍
ദുസ്വപ്നങ്ങള്‍ നല്‍കുന്നത് ദുഖമാണ്. വൈവിദ്ധ്യമാര്‍ന്ന കര്‍മ്മങ്ങളില്‍
വ്യാപൃതനായിരുന്നാലും പ്രബുദ്ധന്‍ സത്യസാക്ഷാത്ക്കാരത്തിന്റെ നിറവിലാണെപ്പോഴും.
നാനാത്വത്തില്‍ അയാള്‍ ഏകത്വം കാണുന്നു. അസുഖകരമായ കാര്യങ്ങളിലും അയാള്‍ ആനന്ദം
കാണുന്നു. ലോകത്ത് ജീവിക്കുന്നുവെങ്കിലും അയാള്‍ അതില്‍ ആമഗ്നനല്ല. ഇതിലധികം
പ്രബുദ്ധനു നേടാന്‍ എന്തുണ്ട്?
മഞ്ഞിനെപ്പോഴും
തണുപ്പ് സഹജം. പ്രബുദ്ധന്‍ തനിക്ക് സഹജമായ രീതിയില്‍ ജീവിക്കുന്നു. യാതൊന്നിനും
വേണ്ടി ആകുലപ്പെടാതെ യാതൊന്നിനെയും ഉപേക്ഷിക്കാതെ അയാള്‍ ജീവിക്കുന്നു. എന്നാല്‍
അജ്ഞാനിയോ, അയാള്‍ തന്‍റെ സഹജഭാവത്തിനനുകൂലമല്ലാത്ത എന്തിനൊക്കെയോ വേണ്ടി
കഷപ്പെട്ടു പരക്കം പായുന്നു.
No comments:
Post a Comment
Note: Only a member of this blog may post a comment.