Nov 15, 2014

653 യോഗവാസിഷ്ഠം നിത്യപാരായണം ദിവസം 653

അബുദ്ധിപൂര്‍വ്വമേവാഗോ യഥാ ശാഖാവിചിത്രതാം
കരോത്യേവമജശ്ചിത്രാ: സര്‍ഗാഭാസ: ഖ ഏവ ഖം (6.2/168/1)
വസിഷ്ഠന്‍ തുടര്‍ന്നു: നിയതമായ ഇഛയോ മനോവ്യാപാരമോ കൂടാതെതന്നെ ഒരു മരത്തില്‍ വൈവിദ്ധ്യമാര്‍ന്ന ശാഖകള്‍ പടര്‍ന്നു പന്തലിക്കുന്നതുപോലെ അജവും അസൃഷ്ടവുമായ അനന്തബോധം വൈവിദ്ധ്യവും നിറഭേദങ്ങള്‍ ഉള്ളതുമായ ലോകമെന്ന കാഴ്ച്ചയെ സംജാതമാക്കുന്നു. ആകാശം ആകാശത്തെ സൃഷ്ടിക്കുന്നതുപോലെയാണത്.
മാനസീകവ്യാപരമൊന്നും കൂടാതെ സമുദ്രം അലകളെ സൃഷ്ടിക്കുന്നത് എങ്ങിനെയോ അതുപോലെ അനിഛാപൂര്‍വ്വകമായി ബോധം എല്ലാ തരത്തിലുമുള്ള സംഭവങ്ങളെയും സംജാതമാക്കുന്നു. കാരണം, ബോധമാണ് എല്ലാറ്റിന്റെയും ഈശന്‍. അതേ ബോധം തന്നെയാണ് ആ അനുഭവങ്ങള്‍ക്ക് മനസ്സ്, ബുദ്ധി, അഹങ്കാരം എന്നിത്യാദി നാമങ്ങള്‍ പ്രദാനം ചെയ്യുന്നത്.
അനന്താവബോധം അനിഛാപൂര്‍വ്വം ബുദ്ധിയുള്ള വസ്തുവെന്ന ധാരണയെ ഉണ്ടാക്കുന്നതിലും മനോവ്യാപാരങ്ങള്‍ ഇല്ല. അതേപോലെ വസ്തുക്കളുടെ സ്വഭാവനിയതികളും ഉണ്ടാവുന്നത് അനന്തബോധത്തിലാണ്. എല്ലാമെല്ലാം ഒന്നാണ്. മരത്തിന്റെ തടി, ശാഖകള്‍, ഇലകള്‍, പൂക്കള്‍, എല്ലാം മരം തന്നെയാണ്. ഇവയിലെ വ്യതിരിക്തത പേരില്‍ മാത്രമാണ്. അതുപോലെ എല്ലാമെല്ലാം അനന്തബോധമാണ്. പേരില്‍ (വാക്കില്‍) മാത്രമാണ് വ്യതിരിക്തത.

അപ്പോള്‍ പിന്നെയെന്തിനാണ് വസ്തുഅനുഭവം എന്ന പാഴ് വേല? എന്നാണു നിങ്ങളുടെ ചോദ്യമെങ്കില്‍ ഇതെല്ലാം ഒരു നീണ്ട സ്വപ്നം മാത്രമാണെന്ന് ആദ്യമേ പറഞ്ഞത് ഓര്‍ക്കുക. അസത്തായതിനെ, ഒരിക്കലും തെളിയാത്തതിനെ ആരാണ് നമ്പുക? ‘ഇതൊരു മരം’ എന്ന ധാരണ നമ്മില്‍ ഉണ്ടാകുന്നതുപോലെ അനന്തബോധത്തില്‍ രൂപങ്ങളും ഭാവങ്ങളും ആകാശാദികളും ‘ഉണ്ടാകുന്നു’. 

ദൂരം, ദേശം, ആകാശം എന്നിവ  അവിഭാജ്യമാണെന്നതുപോലെ, വായുവിന്റെ ചലനമെന്നതുപോലെ, ഒക്കെയാണ് ബുദ്ധി മുതലായ നൈസര്‍ഗ്ഗികമായ കാര്യങ്ങള്‍ ബോധത്തില്‍, അല്ലെങ്കിൽ പരംപോരുളില്‍ നിലകൊള്ളുന്നത്. സൃഷ്ടി അനാദികാലം മുതല്‍ക്കേ ഒരു ദീര്‍ഘസ്വപ്നത്തിലെന്ന വണ്ണം തുടര്‍ന്നുപോരുന്നു. കാഴ്ച്ചകള്‍ക്കൊന്നും സുദൃഢമായ കാരണമില്ല. അപ്പോള്‍ അതും അനന്തബോധമല്ലാതെ മറ്റൊന്നാവുക വയ്യ.

നിത്യനിരന്തരമായ വിശ്വാനുഭവം ആയതിനാല്‍ സ്വപ്നരൂപത്തിലുള്ള ഇതിനെ അന്വേഷിക്കുകതന്നെ. അന്തര്‍ലീനമായിരിക്കുന്ന ബുദ്ധിയും ശുദ്ധബോധവുമല്ലാതെ സ്വപ്നത്തിന്റെ അന്ത:സത്തയെന്താണ്?

ബോധത്തിലെ സ്മരണയായല്ല സൃഷ്ടി ഉല്‍പ്പന്നമാകുന്നത്. യാതൊരു കാരണവും കൂടാതെ ‘കാകതാലീയ ന്യായത്തില്‍’ സ്വപ്നസങ്കല്‍പ്പമുണ്ടായി രൂപവല്‍ക്കൃതമാവുകയാണ്. ഒരിക്കല്‍ ഉണ്ടായിക്കഴിഞ്ഞാല്‍ സൃഷ്ടിയെ ‘സ്ഥിതി’ പിന്തുടരുകയായി.


പ്രസൃഷ്ടമായിഎന്ന് തോന്നിയാലും സൃഷ്ടി ഉണ്ടായിട്ടേയില്ല. ഒരിക്കലും സൃഷ്ടിക്കപ്പെട്ടിട്ടില്ലെങ്കില്‍ ‘സ്ഥിതി’ എങ്ങിനെയുണ്ടാവാനാണ്? ശുദ്ധവും അനന്തവുമായ ബോധത്തില്‍ അനേകം ലോകങ്ങള്‍ ഉണ്ടായി മറയുന്നു. അവ ഉദ്ഭൂതമാവുന്നു, വിലയിക്കുന്നു. അവയുടെ എല്ലാം ആത്യന്തികമായ ഭാവം നിശ്ശൂന്യത മാത്രമാണ്. അവയുടെ സത്ത ശൂന്യമാകുന്നു. ശൂന്യത്തില്‍ ‘അഹം’ എന്നൊരു ധാരണ പോലുമില്ല. സൃഷ്ടിയെന്നത് ശൂന്യമാണ്. ശൂന്യമാണ് വളര്‍ന്നുവികസിച്ച് അവസാനം വിലീനമാവുന്നത്. 

No comments:

Post a Comment

Note: Only a member of this blog may post a comment.