ജാഗ്രദ്സ്വപ്ന: സുഷുപ്തം ച സര്‍വം തുര്യം പ്രബോധിന:
നാവിദ്യാ വിദ്യതേ തസ്യ ദ്വയസ്ഥോഽപ്യേവ സൊഽദ്വയ: (6.2/163/35)
വസിഷ്ഠന്‍ പറഞ്ഞു: ‘ഞാന്‍ കര്‍ത്താവോ, കര്‍മ്മമോ
കർമ്മത്തിനുള്ള സാമഗ്രിയോ ഒന്നുമല്ലെന്ന നേരറിവുള്ളപ്പോള്‍ ഞാന്‍ ശുദ്ധമായ ബോധം
മാത്രമാണെന്നും ലോകം നിര്‍വചനങ്ങള്‍ക്ക് വഴങ്ങാത്തതാണെന്നും ഉള്ള
തിരിച്ചറിവുണ്ടാകുന്നതിനെയാണ് ആത്മാവബോധം എന്ന് പറയുന്നത്. ലോകം എന്താണോ
അതായിട്ടല്ല കാണപ്പെടുന്നത്. ലോകത്തെ
അതിന്റെ സത്തായ രീതിയില്‍, അത് പരമസത്തതന്നെയാണെന്ന് കാട്ടിത്തരുന്നത്
ആത്മജ്ഞാനമാണ്.
ഒന്നിലേറെ അവയവങ്ങള്‍ ഉള്ള
ജീവിയ്ക്ക് എന്നപോലെ ബ്രഹ്മം എണ്ണമറ്റ ജീവനുകള്‍ ആകുന്ന അവയവങ്ങള്‍ ഉള്ള ഒരു
സമഷ്ടിസത്തയാണ്. വസ്തു-വിഷയം എന്നത് വെറുമൊരു കാഴ്ച്ചമാത്രം. ബോധം ഉപാധികളില്ലാത്ത
അനന്തമായ വിഹായസ്സാണ്. എന്നാലിവയെ വേറിട്ട കാര്യങ്ങളായി അന്വേഷിക്കുന്നത്
വൃഥാവിലാണ്.
അനന്തത്തില്‍ അനന്തമായ
ആശയങ്ങളും ധാരണകളും ഉണ്ട്. ഈ ധാരണകളാണ് അജ്ഞാനം. ഇവയല്ലാതെ മറ്റു അവിദ്യകള്‍ ഇല്ല.
ജീവന്‍ സ്വപ്നാവസ്ഥയില്‍ നിന്നും ജാഗ്രദവസ്ഥയിലേയ്ക്കും തിരിച്ചും
മാറിപ്പൊയ്ക്കൊണ്ടിരിക്കും. എന്നാല്‍ ജാഗ്രദിലും സുഷുപ്തിയിലും ബ്രഹ്മത്തിനു
മാറ്റമില്ല.
സ്വപ്നത്തിലും ജാഗ്രദിലും
പിറകിലുള്ള യാഥാര്‍ത്ഥ്യം ദീര്‍ഘസുഷുപ്തിഎന്ന അവസ്ഥയും, തുരീയമെന്ന നാലാമത്തെ
അതീതാവസ്ഥയുമാണ്. വാസ്തവത്തില്‍ സ്വപ്നവും ജാഗ്രദും ഒന്നുതന്നെയാണ്. എല്ലാ
അവസ്ഥകളെയും അറിയുന്ന അതീതതലമാണ് തുരീയം.
“പ്രബുദ്ധനെ സംബന്ധിച്ചിടത്തോളം
ജാഗ്രദ്, സ്വപ്നം, സുഷുപ്തി അവസ്ഥകളെല്ലാം തുരീയം തന്നെ. കാരണം തുരീയത്തില്‍
അവിദ്യയില്ല. അതിനാല്‍ ഈ അവസ്ഥകളില്‍ ദ്വന്ദതയുണ്ടെന്നു തോന്നുന്നുവെങ്കിലും
വാസ്തവത്തില്‍ എല്ലാം അദ്വൈതമായ എകാവസ്ഥതന്നെയാകുന്നു.”
ദ്വന്ദതയും
അദ്വൈതവും കേവലം ബാലിശമായ വാദങ്ങളാണ്. പ്രബുദ്ധനതു കേള്‍ക്കുമ്പോള്‍ ചിരിവരും.
എങ്കിലും ഇത്തരം വാദങ്ങള്‍ ഇല്ലെങ്കില്‍ അവിദ്യയുടെ കളങ്കം അജ്ഞാനിയില്‍നിന്നും
തുടച്ചു നീക്കുക അസാദ്ധ്യം! പ്രിയ സുഹൃത്തുക്കളെ, ഇത്രയും നേരം ഞാന്‍ ഈ കാര്യങ്ങള്‍
വിസ്തരിച്ചു പ്രതിപാദിച്ചത് ഇക്കാരണത്താലാണ്. ജ്ഞാനികള്‍ എപ്പോഴും
പരമസത്യത്തെക്കുറിച്ച് സംസാരിക്കുന്നത് മറ്റുള്ളവരെ പ്രബുദ്ധരാക്കാന്‍ വേണ്ടിയത്രേ.
അങ്ങിനെ
നിരന്തരം പരംപൊരുളിനെപ്പറ്റി വിചിന്തനം ചെയ്ത്
അവരും ബുദ്ധിയോഗേന പരമാവസ്ഥയെ പുല്കുമല്ലോ. സ്വപരിശ്രമം കൂടാതെ പരംപൊരുളിനെ
സാക്ഷാത്ക്കരിക്കുക അസാദ്ധ്യം. അതിനാല്‍ നിങ്ങള്‍ക്ക് ഇക്കാര്യത്തെപ്പറ്റി
സുദൃഢമായ അറിവുണ്ടാവാന്‍ ഞാന്‍ ഇക്കാര്യങ്ങള്‍ പലതവണ ആവര്‍ത്തിച്ചു പറഞ്ഞുവെന്നേയുള്ളൂ. പലതരം
ഉദാഹരണങ്ങളും ഞാൻ പറഞ്ഞു തന്നു.
സത്യത്തെ
പലതവണ കേള്‍ക്കുമ്പോള്‍ മന്ദബുദ്ധിയായ അജ്ഞാനിക്കുപോലും അറിവുറയ്ക്കും. ഈ ഗ്രന്ഥം
വായിച്ചിട്ടും ‘എനിക്കിതെല്ലാമറിയാം, ഇനിയൊന്നുമെനിക്ക് പഠിക്കാനും അറിയാനുമില്ല’
എന്ന് പറയുന്നവന്‍ വെറും മൂഢനാണ്. ഈ ഗ്രന്ഥം പഠിച്ചാല്‍ കിട്ടുന്ന അറിവിന് സമമായി
മറ്റൊരു ഗ്രന്ഥവും അറിവ് പകര്‍ന്നു തരികയില്ല. ഈ ഗ്രന്ഥത്തിന്റെ പഠനം കൊണ്ട് ജ്ഞാനപരിപൂര്‍ണ്ണതയും കര്‍മ്മകുശലതയും സാധകനു
ലഭിക്കുന്നു എന്നറിയുക.
.
നോട്ട്:
ഭഗവദ്ഗീതയിലെ ശ്ലോകങ്ങളോടു സമാനമാണ് ഈ വരികള്‍, എന്നാല്‍ രണ്ടാമത്തെ വരിയില്‍
വ്യക്തമായ വ്യത്യാസം കാണാം. സാധകന്‍ തയാറാകുമ്പോള്‍ പ്രബുദ്ധത താനേ വന്നു ചേരുന്നു
എന്നൊരു ധ്വനി ഇതിലുണ്ട്.
No comments:
Post a Comment
Note: Only a member of this blog may post a comment.