Nov 6, 2014

646 യോഗവാസിഷ്ഠം നിത്യപാരായണം ദിവസം 646

തന്മൈവം ക്രിയതാമേതദ്ബന്ധസ്യൈവ ബന്ധനം
കാന്യതാ അമലവ്യോമ്നശ്ചിന്മയസ്യ നിരാകൃതേ (6.2/161/35)

രാമന്‍ ചോദിച്ചു: ഇപ്പോള്‍ നാം കേട്ട കഥയില്‍ ആ മുനിയും വ്യാധനും എങ്ങിനെയാണ് അനേകം വൈവിദ്ധ്യമാര്‍ന്ന അനുഭവങ്ങളിലൂടെ കടന്നു പോയത് എന്ന് നാം കണ്ടു. ആ അനുഭവങ്ങള്‍ക്ക് നിദാനമായിരിക്കുന്നത് ആ വിഷയങ്ങളുടെ സ്വഭാവം മാത്രമാണോ അതോ അവയ്ക്ക് പിറകില്‍ മറ്റെന്തെങ്കിലും കാരണങ്ങള്‍ ഉണ്ടോ?
വസിഷ്ഠന്‍ പറഞ്ഞു: അനന്തബോധമെന്ന സമുദ്രത്തിനു മുകളിലായി എല്ലായ്പ്പോഴും അത്തരത്തിലുള്ള അലകളും ചുഴികളും ഉണ്ടായി മറഞ്ഞുകൊണ്ടേയിരിക്കും. ഒരു തരത്തിലുള്ള ചുഴി കുറച്ചു സമയത്തേയ്ക്ക് സ്ഥിരതയോടെ നിലനില്‍ക്കുന്നു. എന്നാലതിന്റെ ആയുസ്സ് മറ്റൊരു ചുഴി ഉണ്ടാകുന്നതുവരെ മാത്രമേയുള്ളൂ. എന്നാല്‍ ഈ കാഴ്ചകളില്‍ ചിലതിനു ദീര്‍ഘായുസ്സ് ഉള്ളതുപോലെ തോന്നുന്നു. മറ്റുചിലതിന്റെ ആയുസ്സ് തുലോം ചെറുതാണ്. ചിലപ്പോള്‍ ഒരു നിമിഷം മാത്രം. എന്നാല്‍ കാറ്റിന് എത്ര ചെറുതാണെങ്കിലും ചലനം ഒരനിവാര്യതയാണ് എന്നതുപോലെ കാഴ്ച്ചകളുടെഎല്ലാം നിലനില്‍പ്പ്‌ ബോധത്തിലാകുന്നു.

പ്രബുദ്ധരായവര്‍ അതിനെ ശുദ്ധബോധമെന്നു വിളിക്കുന്നു. അജ്ഞാനി അതിനെ ലോകമെന്നും സംബോധനചെയ്യുന്നു. അത് സത്യമോ അസത്യമോ അല്ല. അപ്പോള്‍പ്പിന്നെ അതിനെ എന്താണ് വിളിക്കേണ്ടത്? ഈ ലോകം അനന്തബോധത്തില്‍ അവബോധത്തിന്റെ ചലനമാണ്. അതാണ് ഭഗവാന്‍. പ്രത്യാശയോ അതിന്റെ അഭാവമോ അതിനെ ബാധിക്കുന്നില്ല. ജ്ഞാനികളും വിവേകമതികളുമായ നിങ്ങള്‍ നിങ്ങളായിത്തന്നെ നിലകൊണ്ടാലും.

അനന്തബോധം സ്വയം അതിലുണ്ടായ പ്രകമ്പനത്തെ ലോകമായി കണക്കാക്കുന്നു. അതില്‍ ഭൂമിയും മറ്റു ഭൂതങ്ങളും എവിടെയാണ്? അനന്തബോധത്തിന്റെ വെളിച്ചമാണ് എല്ലായിടത്തും പ്രോജ്വലിക്കുന്നത്. അതല്ലാതെ മറ്റൊരു വെളിച്ചവുമില്ല.

ബ്രഹ്മം മാത്രമാണ് ബ്രഹ്മത്തില്‍ നിരന്തരം ഉള്ളത്. ആത്മാവബോധം തന്നെയാണ് അവിദ്യ. വിഹായസ്സുമുഴുവന്‍ വിളങ്ങുന്നത് ബോധത്തിന്റെ നിറവാണ്. അതാണ്‌ സൃഷ്ടിയായി കാണപ്പെടുന്നത്. അങ്ങിനെ നോക്കുമ്പോള്‍ ദ്വന്ദതയെന്ന വൈരുദ്ധ്യം ഇല്ലാത്തതാണ്.
അനന്തമായ ബോധം മാത്രം നിലനില്‍ക്കുമ്പോള്‍ എന്താണ് അവസാനിക്കാനുള്ളത്? സ്വപ്നത്തില്‍ ദൃശ്യമായ ലോകത്തിന്റെ സത്യാവസ്ഥ  സ്വപ്നാവസാനത്തില്‍ അറിയുന്നതുപോലെ കാണപ്പെടുന്നുണ്ടെങ്കിലും ലോകമെന്ന വസ്തുവിന് വാസ്തവത്തില്‍ അസ്തിത്വമില്ല.

ഒരുവന്റെ ബോധം തന്നെയാണ് സ്വപ്നമായി പ്രോജ്വലിക്കുന്നത്. അതേ ബോധംതന്നെയാണ് വസ്തുപ്രപഞ്ചമായി ജാഗ്രദ് അവസ്ഥയില്‍ പ്രഭാസിക്കുന്നത്. അപ്പോള്‍ സ്വപ്നത്തിനും ജാഗ്രദിനും തമ്മില്‍ വ്യത്യാസങ്ങള്‍ ഒന്നുമില്ല എന്ന് വരുന്നു.

സ്വപ്നത്തില്‍ നിന്നുമുണര്‍ന്ന ഒരുവന്‍ ‘ഇതങ്ങിനെയാണ്, അതങ്ങിനെയല്ല, ഞാന്‍ കണ്ട സ്വപ്നം ഇങ്ങിനെയാണ്‌’ എന്നിങ്ങിനെ ചിന്തിക്കുന്നു. മരണത്തിനുശേഷവും അയാള്‍ക്കുള്ളത് സമാനചിന്തകളാണ്. ‘ഇതങ്ങിനെയാണ്, അതങ്ങിനെയല്ല, ഞാന്‍ മരണത്തിനുമുന്പ് കണ്ടിട്ടുള്ളത്’ എന്നിങ്ങിനെയാണവ. സ്വപ്നം ചെറിയൊരു സമയത്തേയ്ക്കും ജീവിതം ദീര്‍ഘവും ആയേക്കാം. എന്നാല്‍ അനുനിമിഷമുള്ള അനുഭവങ്ങള്‍ രണ്ടു തലത്തിലും ഒന്നുതന്നെയാണ്. 

ഒരു ജീവിതകാലത്ത് ആയിരക്കണക്കിന് സ്വപ്‌നങ്ങള്‍ ഒരുവനുണ്ടായേക്കാം. അതുപോലെ നിര്‍വാണം പ്രാപിക്കുന്നതുവരെ ഒരുവന് ആയിരക്കണക്കിന് ജാഗ്രദ് അനുഭവങ്ങളും ഉണ്ടായേക്കാം. സ്വപ്നാനുഭവങ്ങള്‍ ഓര്‍മ്മയിലുള്ളതുപോലെ ചിലരില്‍ പൂര്‍വ്വാസ്തിത്വങ്ങളെപ്പറ്റിയുള്ള ഓര്‍മ്മകളും ഉണ്ടായേക്കാം. ഇവ തമ്മില്‍ വാസ്തവത്തില്‍ വ്യത്യാസങ്ങള്‍ എതുമില്ലാത്തപ്പോള്‍ എന്താണ് ലോകം? എന്താണ് അവിദ്യ?

അജ്ഞാനം എന്നൊന്നില്ലാത്തപ്പോള്‍പ്പിന്നെ എവിടെയാണ് ബന്ധനം? പൂര്‍ണ്ണ സ്വതന്ത്രനായിരിക്കുന്നവനെ എന്തിനാണ് എന്താണ് ബന്ധിക്കുന്നത്?

“ശുദ്ധവും നിരാകാരവുമായ ബോധമല്ലാതെ ‘മറ്റൊരു’ വസ്തുവില്ല.” ആ ബോധത്തില്‍ ലോകമെന്ന കാഴ്ച ഉല്‍പ്പന്നമാവുമ്പോഴും അത് ബോധത്തെ ബന്ധിക്കുന്നില്ല. അതിനാല്‍ മോക്ഷമെന്ന ധാരണപോലും ഉദിക്കുന്നില്ല. ബോധത്തില്‍ അജ്ഞാനമില്ല. ശുദ്ധബോധത്തില്‍ ധാരണകളൊന്നുമില്ല.

വിഹായസ് വിഹായസ്സായി നിലകൊള്ളുന്നു. സ്വപ്നത്തിലും സുഷുപ്തിയിലും ജാഗ്രദിലും അവബോധമായി, അറിവായി നിലകൊള്ളുന്നതെന്തോ അതാണ്‌ ശുദ്ധബോധം. വൈവിദ്ധ്യതയെപ്പറ്റിയുള്ള അറിവിന്‌ പിന്നിലും ഇതേ ശുദ്ധബോധം തന്നെയാകുന്നു.


സൃഷ്ടിയെന്നത് ഒരേസമയം ഏകത്വവും അനേകത്വവുമായ പരബ്രഹ്മം തന്നെയാണ്. 

No comments:

Post a Comment

Note: Only a member of this blog may post a comment.