Nov 30, 2014

662 യോഗവാസിഷ്ഠം നിത്യപാരായണം ദിവസം 662

യതോ വാചോ നിവര്‍ത്തന്തേ തൂഷ്ണീംഭാവോവശിഷ്യതേ
വ്യവഹാര്യപി ഖാത്മൈവ തദ്വത്തിഷ്ഠതി മൂകവത് (6.2/175/24)
വസിഷ്ഠന്‍ തുടര്‍ന്നു:തുടക്കത്തില്‍ ഈ ലോകമോ മറ്റു ലോകങ്ങളോ അനന്തബോധത്തില്‍ ഉണ്ടായിരുന്നില്ല. സ്വപ്നത്തില്‍ ഒരു സ്ത്രീയെ ആലിംഗനം ചെയ്ത അനുഭവത്തെപോലെ ബോധത്തില്‍ മിഥ്യയായ ഒരു സങ്കല്‍പ്പാനുഭവം സംജാതമായി. സ്വപ്നത്തില്‍ ഉള്ളത് സ്വപ്നം കണ്ടയാള്‍ മാത്രമാണ്. അതുപോലെ അനന്തബോധം മാത്രമാണ് ആ മിഥ്യാനുഭവത്തില്‍ ഉള്ളത്. ലോകമായി കാണപ്പെടുന്നത് നിത്യശുദ്ധമായ ബോധത്തിലുരുവാകുന്നതെന്തോ അത് മാത്രമാണ്.
ശുദ്ധബോധത്തില്‍ മാലിന്യലേശംപോലും എങ്ങിനെ പുരളാനാണ്? ഈ അനുഭവവും കളങ്കരഹിതമാണ്. സ്വപ്നനഗരം ഉണ്ടാക്കുന്നത് സ്വപ്നം തന്നെയാണ്.

അതാണ്‌ ലോകം. സൃഷ്ടിയാരംഭത്തില്‍ ഭൂമിയൊന്നും ഉണ്ടായിരുന്നില്ലല്ലോ. ബോധചൈതന്യത്തില്‍ ഉണ്ടായ സ്പന്ദനമാണ്‌ ഭൂമിയും മറ്റു ഘടകങ്ങളെയും ഉണ്ടാക്കിയത്. ഇവയും, മനസ്സും, മാനസീകവ്യാപാരങ്ങളുമെല്ലാം ബോധം തന്നെയാകുന്നു. ബോധത്തിലുദിച്ചതായിപ്പറയുന്ന ഈ സ്പന്ദനം വായുവിലെ ചലനം എപ്രകാരം സഹജമാണോ അപ്രകാരമാണ്. അതുളവാകാന്‍ മനസ്സിന്റെ പ്രവര്‍ത്തനങ്ങളോ ചോദനകളോ ഒന്നും ആവശ്യമില്ല.

ബോധം ബോധത്തിലെ വസ്തുവായിത്തന്നെ, അതിന്റെ ശരീരമായി പ്രഭാസിക്കുന്നു. സ്വപ്നത്തില്‍ വസ്തുക്കള്‍ എന്നതുപോലെ പ്രതീതിയുണ്ടാക്കുന്ന വസ്തുക്കളാകുന്നതും മനസ്സ് തന്നെയാണ്. ബാഹ്യമായി മറ്റൊരു ഹേതുവുണ്ടാവുക അസാദ്ധ്യം! അതിനാല്‍ ദ്വന്ദതഎന്നത് അസംഭാവ്യം! ബോധത്തില്‍ വിഭജനാത്മകത ഇല്ലേയില്ല.

പരബ്രഹ്മം എല്ലാ രൂപധാരണകള്‍ക്കും അതീതമാണ്. എന്നാല്‍ അതിനു രൂപവല്‍ക്കരണം ഉണ്ടെന്നു തോന്നുമ്പോള്‍ അത് ലോകമായി പുറത്തു കാണപ്പെടുന്നു. സ്വപ്നത്തില്‍ വൈവിദ്ധ്യത ദര്‍ശിക്കുന്നതുപോലെ ഏകവും അനന്തവുമായ ബ്രഹ്മത്തില്‍ ലോകം കാണപ്പെടുന്നു. മനസ്സാണ് സൃഷ്ടികര്‍ത്താവായ ബ്രഹ്മാവ്‌. അത് സൃഷ്ടിയുടെ ഹൃദയമാകുന്നു. എല്ലാം ചെയ്യുന്നതും എല്ലാത്തിനെയും ഇല്ലാതാക്കുന്നതും മനസ്സ് തന്നെയാണ്. ഇതിനെയെല്ലാം സൂക്ഷ്മമായി പഠിക്കുമ്പോള്‍ ബോധമല്ലാതെ മറ്റൊന്നും നിലനില്‍ക്കുന്നില്ല എന്ന സത്യം നമ്മില്‍ സുദൃഢമാവും.

ഇത് വിവരണങ്ങള്‍ക്ക് അതീതമാണ്. അന്വേഷണങ്ങള്‍ക്കെല്ലാമൊടുവില്‍ പൂര്‍ണ്ണ നിശ്ശബ്ദത മാത്രം ബാക്കിയാവുന്നു. കര്‍മ്മങ്ങളില്‍ വ്യാപൃതനായിരിക്കുമ്പോഴും വിശാലവിഹായസ്സുപോലെ യാതൊന്നും ഏശാതെ, അത് മൂകമാകുന്നു.
 
അതുകൊണ്ട് പ്രബുദ്ധന്‍ അനന്തബോധത്തിന്റെ അറിവില്‍ നിശ്ശബ്ദനായി നിലകൊള്ളുന്നു. അയാളാണ് മനുഷ്യരില്‍ ഉത്തമന്‍. ബ്രഹ്മാവ്‌ ഈ ലോകത്തെ പ്രത്യക്ഷമാക്കുന്നത് അനിച്ഛാപൂര്‍വമായാണ്. അനന്തബോധം, കണ്ണുതുറക്കുമ്പോള്‍ അത് ലോകമായും കണ്ണടയ്ക്കുമ്പോള്‍ അത് പൂര്‍വ്വസ്ഥിതിയെയും പ്രാപിക്കുന്നു എന്നുവേണമെങ്കില്‍ പറയാം. എന്നാല്‍ രണ്ടവസ്ഥയിലും അനന്തബോധം മാറ്റമൊന്നുമില്ലാതെ നിലകൊള്ളുന്നു. അത് ഭാവാഭാവതലങ്ങളില്‍ ഒരുപോലെയാണ്. സത്തും അസത്തുമാണ്.

മാറിമാറിവരുന്ന രണ്ടു തലങ്ങളാണിവ. ഒന്നില്ലാതെ മറ്റേതില്ല. സത്യത്തെ പരമപ്രശാന്തതയായി അറിയുക. അജമാണത്. മരണമില്ലാത്ത വിഹായസ്സാണത്. ചിലപ്പോള്‍ അതുപോലെ കാണപ്പെടുന്നില്ല എങ്കിലും ലോകമെന്ന കാഴ്ചയും അതുപോലെയാണ്. ഇപ്പോള്‍ അനുഭവിക്കുന്നുവെങ്കിലും വിഷയപ്രപഞ്ചം ഒരിക്കലും ഉണ്ടായിട്ടില്ല. അതൊരിക്കലും അവസാനിക്കാനുംപോകുന്നില്ല. അത് ബോധചൈതന്യത്തിന്റെ മാസ്മരീകപ്രതിഭാസമാണ്.

എന്തൊക്കെ, എവിടെയൊക്കെ, എങ്ങിനെയൊക്കെ, എപ്പോഴൊക്കെ അനുഭവിക്കുന്നുവോ അവ, സത്താണെങ്കിലും അല്ലെങ്കിലും  അപ്പോഴപ്പോള്‍ സംജാതമാവുന്നു എന്നെ പറയാനാവൂ. മറ്റൊരു കാരണവും ഉചിതമായിരിക്കുകയില്ല.

No comments:

Post a Comment

Note: Only a member of this blog may post a comment.