ആത്മൈവ
ഹ്യാത്മനോ ബന്ധുരാത്മൈവ രിപുരാത്മന:
ആത്മാത്മനാ
ന ചേത്ത്രാതസ്തദുപായോഽസ്തി നേതര: (6.2/162/18)
വസിഷ്ഠന്‍ തുടര്‍ന്നു: അനന്തബോധത്തിന്റെ രൂപവല്‍ക്കരണം എന്ന
നിലയ്ക്ക് ലോകം അതിലെ എല്ലാ വസ്തുക്കളോടും വിഷയങ്ങളോടും കൂടി നിലകൊള്ളുന്നു.
അതിനാല്‍ കാഴ്ച്ചകളുടെ ആകൃതി, അതിനെക്കുറിച്ചുള്ള ചിന്തകള്‍, എല്ലാം ഈ ശുദ്ധബോധം
മാത്രമാണ്. സ്വപ്നത്തിലെ വസ്തുവൈവിദ്ധ്യവും സ്വപ്നം തന്നെയാണല്ലോ.
ജാഗ്രദ് അവസ്ഥയിലെ വസ്തു
വൈവിദ്ധ്യവും അപ്രകാരം അനന്തവിഹായസ്സില്‍ അനന്തമായി കാണപ്പെടുന്നു എന്നതാണ് സത്യം.
അതിലെ നാനാത്വം വാസ്തവത്തില്‍ ഉള്ളതല്ല.
ജ്ഞാനിയ്ക്കും അജ്ഞാനിക്കും
ബോധസംബന്ധിയായ അറിവും അനുഭവവും തുലോം വ്യത്യസ്തമായിരിക്കും. അതിനാലാണ്
സൃഷ്ടിയെന്നത് ഒരേസമയം സത്തും അസത്തുമാണെന്ന് പറയുന്നത്. രണ്ടു കൂട്ടരുടെയും
വീക്ഷണകോണുകള്‍ നേരെ വിപരീതമായതിനാല്‍ ഒരു കൂട്ടര്‍ എന്താണ് കാണുന്നതെന്ന് മറ്റേ
കൂട്ടര്‍ക്ക് അറിയാനേ കഴിയുന്നില്ല. മാത്രമല്ല പരസ്പരം തങ്ങളുടെ അറിവും അനുഭവവും മറ്റൊരാൾക്ക് പറഞ്ഞു മനസ്സിലാക്കികൊടുക്കാനും കഴിയുകയില്ല.
സൃഷ്ടിയെന്നത് ഒരാള്‍ എന്ത്
കാണുന്നുവോ, എന്ത് അവബോധിക്കുന്നുവോ അതാണ്. അതൊരുവന്‍ തന്റെയുള്ളില്‍ കാണുന്ന
അറിവാണ്. ഈ അന്തരാനുഭവം നീണ്ടുനില്‍ക്കുമ്പോള്‍ സൃഷ്ടിയുടെ ആയുസ്സ്
ഏറെയുണ്ടെന്നും, ഈയനുഭവങ്ങള്‍ മാറിമറയുമ്പോള്‍ സൃഷ്ടിയില്‍ മാറ്റങ്ങള്‍
ഉണ്ടാവുന്നു എന്ന് പറയുന്നു. സ്വപ്നത്തിലെ വസ്തുക്കള്‍ വാസ്തവത്തില്‍ സൂക്ഷ്മവും
കഴമ്പില്ലാത്തതുമാണ്, എങ്കിലും അവയ്ക്ക് ദൃഢതയുണ്ടെന്നു തോന്നുകയാണ്. അതുപോലെയാണ് ഈ
‘സൃഷ്ടി’യിലെ വസ്തുക്കളും. അവയും സൂക്ഷ്മങ്ങളും ദൃഢതയില്ലാത്തതുമത്രേ. അവയെ
ശരിയായി കാണാന്‍ കൂടി സാധിക്കില്ലയെങ്കിലും അവയെപ്രതിയുള്ള പ്രതീതികള്‍ക്ക് യാഥാര്‍ത്ഥ്യത്തിന്റെ
പ്രബലതയുണ്ട്.
ദേഹത്തെപ്രതിയും ഇത് ശരിയാണ്.
വാസ്തവത്തില്‍ ദേഹമെന്നതൊരു വിഭ്രാന്തിമാത്രമാണ്. അത് നിലനില്‍പ്പില്ലാത്തതാണ്.
ഭൂതപ്രേതങ്ങളുടെ ‘യാഥാര്‍ത്ഥ്യം’പോലെയാണത്. കാറ്റടിക്കുമ്പോള്‍ കേള്‍ക്കുന്ന
ഹുങ്കാരംപോലെ, മാനസീകവും ശാരീരികവുമായ ഉപാധികള്‍പോലും വെറും പ്രതീതികള്‍ മാത്രമാണ്.
അവ ശരിക്കും ഉള്ളവയല്ല. എന്തെല്ലാം ഉണ്ടോ, ഉണ്ടെന്നു തോന്നുന്നുവോ അതെല്ലാം
ശുദ്ധബോധം മാത്രം.
എന്തെങ്കിലും ഉണ്ടായിത്തീരുവാന്‍
കാരണങ്ങള്‍ ഒന്നും വേണമെന്നില്ല. അതിനാല്‍ ‘ഞാന്‍ അനന്തവിഹായസ്സുപോലെയുള്ള പ്രശാന്തിയാണ്’ എന്നുറച്ച് പരിമിതപ്പെട്ട
ജീവനാണ് ഞാൻ എന്നുള്ള തോന്നല്‍ ഉപേക്ഷിക്കൂ.
“അങ്ങിനെ ഒരാക്ക് സ്വയം
രക്ഷപ്പെടാന്‍ കഴിഞ്ഞില്ലെങ്കില്‍ മറ്റൊരു മാര്‍ഗ്ഗവുമില്ല. കാരണം ഒരാളുടെ
ബന്ധുവും സുഹൃത്തും ശത്രുവും മിത്രവുമെല്ലാം അവനവന്‍ തന്നെയാണ്.”
ചെറുപ്രായത്തില്‍ത്തന്നെ
ബുദ്ധിയുപയോഗിച്ച് ശുദ്ധമായ നേരറിവിലൂടെ സ്വയം മുക്തനാവൂ. ഇപ്പോള്‍ത്തന്നെയാവട്ടെ.
ഒരുനിമിഷംപോലും കാത്തുനില്‍ക്കേണ്ടതില്ല. വയസ്സായി ജരാനരകള്‍ ബാധിച്ചിട്ട്
എന്തുചെയ്യാനാവും? വാര്‍ദ്ധക്യം അല്ലെങ്കിലും കഷ്ടതകള്‍ നിറഞ്ഞതാണ്.
മറ്റുപണികളൊന്നും അപ്പോള്‍ ചെയ്യാനാവില്ല.
വാസ്തവത്തില്‍
ബാല്യവും വാര്‍ദ്ധക്യവും വ്യര്‍ത്ഥമാണ്. യൌവ്വനം മാത്രമേ ഫലപ്രദമായുള്ളു. അതിനാല്‍
നിങ്ങള്‍ വിവേകമതികളാണെങ്കില്‍ യൌവ്വനകാലം ബുദ്ധിപൂര്‍വ്വം ചിലവഴിക്കുക.
അശാശ്വതമായ
ജീവിതമെന്ന ഈ ‘സംസാര’ത്തില്‍ വന്നു പിറന്നുകഴിഞ്ഞാല്‍പ്പിന്നെ വേദശാസ്ത്രാദി സദ്
ഗ്രന്ഥങ്ങളുടെയും സദ്‌ഗുരുക്കന്മാരുടെയും സഹായത്തോടെ സ്വയം ഉയര്‍ത്താന്‍ ശമിക്കുക.
സത്യം സാക്ഷാത്ക്കരിക്കുന്നതോടെ അശാന്തികള്‍ നിറഞ്ഞ വിഷയവിശ്വത്തില്‍ നാം
ആമഗ്നരായാലും അത് നമ്മെ ആകുലപ്പെടുത്തുകയില്ല.
No comments:
Post a Comment
Note: Only a member of this blog may post a comment.