അയമാത്മാ ത്വിയം ഖ്യാതിരിത്യന്ത: കലനാഭ്രമ:
ന
സംഭവത്യതശ്ചൈനം ശബ്ദം ത്യക്ത്വാ ഭവാര്‍ത്ഥ ഭാക്
(6.2/167/4)
വസിഷ്ഠന്‍ തുടര്‍ന്നു: ആത്മജ്ഞാനം, അനാത്മജ്ഞാനം
അല്ലെങ്കില്‍ ‘അസത്തി’നെക്കുറിച്ചുള്ള ജ്ഞാനം എന്നെല്ലാം പറയുന്നത് ഓരോരോ
വീക്ഷണകോണുകളിലൂടെ പറയുന്ന വെറും വാക്കുകളാണ്.
ഇവയെല്ലാം അനന്തനിര്‍മ്മലമായ
ബോധത്തിലുദിക്കുന്നു എന്നത് എനിക്ക് വ്യക്തമായി കാണാം.
“നമ്മുടെ ഉള്ളിലുണരുന്ന, ‘ഇത്
ആത്മാവ്’, ‘ഇത് ആത്മജ്ഞാനം’, എന്നിത്യാദി ധാരണകള്‍ വെറും മിഥ്യയാണ്. ഈ വാക്കുകളെ
സംത്യജിക്കുക. എന്നിട്ട് സത്യാനുഭവത്തില്‍, അതിന്റെ നേരറിവില്‍ അഭിരമിക്കുക.”
എണ്ണമറ്റ
കര്‍മ്മങ്ങള്‍ അതിനുള്ളില്‍ നടക്കുന്നുവെങ്കിലും അത് പരമനിശ്ശബ്ദവും
പ്രശാന്തവുമത്രേ. എത്രയെത്ര അതിഭാവുകത്വം നിറഞ്ഞ സംജ്ഞകളാല്‍ വിവരിച്ചാലും അതിനു
യാതൊരിളക്കവുമില്ല. സദാ ചലിച്ചുകൊണ്ടിരിക്കുന്നതാണെങ്കിലും അത് പാറപോലെ ഉറച്ചു
സുദൃഢമായിരിക്കുന്നു. പഞ്ചഭൂതങ്ങള്‍ക്ക് അടിസ്ഥാനമായിരിക്കുന്നുവെങ്കിലും അത് അനന്തവിഹായസ്സെന്നപോലെ അവയാല്‍
ബാധിക്കപ്പെടാതെ നിലകൊള്ളുന്നു. എല്ലാ വസ്തുക്കളുടെയും ഗേഹമാണെങ്കിലും അത്
ശുദ്ധബോധമായിത്തന്നെ നിലകൊള്ളുന്നു. സ്വപ്നനഗരമെന്നതുപോലെ കാണപ്പെടുന്നുവെങ്കിലും
അത് അദൃശ്യബോധമായി നിലകൊള്ളുന്നു.
രാമന്‍
പറഞ്ഞു: ജാഗ്രദ് അവസ്ഥയിലും സ്വപ്നാവസ്ഥയിലും സ്മരണകളാണ് പ്രതീതികള്‍
ഉണ്ടാകുന്നതിന്റെ മൂലകാരണം. ബാഹ്യവസ്തുക്കള്‍ നിജമാണെന്ന് തോന്നിപ്പിക്കുന്നതും ഈ
സ്മരണകള്‍ തന്നെയാണല്ലോ.
വസിഷ്ഠന്‍
തുടര്‍ന്നു: കാക്ക തെങ്ങോലയില്‍ ചെന്നിരിക്കുന്ന നിമിഷം തേങ്ങയടര്‍ന്നു
വീഴുന്നതുപോലെ ആകസ്മികമായി അനന്തബോധം സ്വയം അവബോധിക്കുമ്പോള്‍ അതില്‍
വൈവിദ്ധ്യമാര്‍ന്ന വസ്തുക്കള്‍ പ്രകടമാവുന്നു. ഈ ബോധം എന്തെല്ലാം എവിടെയെല്ലാം
എന്തൊക്കെ രീതികളില്‍ ഇച്ഛിക്കുന്നുവോ, ധ്യാനിക്കുന്നുവോ, ചിന്തിക്കുന്നുവോ,
അവയെല്ലാം അതേപടി അപ്പോളപ്പോള്‍ കാരണമൊന്നും കൂടാതെ പ്രത്യക്ഷമാവുന്നു.
‘ഇത്
ജാഗ്രദ്’, ‘ഇത് സ്വപ്നം’, ‘ഇത് നിദ്ര’, ‘ഇത് തുരീയം’, തുടങ്ങിയ ധാരണകള്‍
ബോധത്തിലുയരാന്‍ കാരണം അവയെല്ലാം ബോധം തന്നെയാണ് എന്നതാണ്. വാസ്തവത്തില്‍ സ്വപ്നമോ
ജാഗ്രദോ നിദ്രയോ തുരീയമോ അവയ്ക്കെല്ലാം അതീതമായ മറ്റവസ്ഥകളോ ഒന്നും ഇല്ല. ഉള്ളത്
പരമ പ്രശാന്തിയും നിശ്ശബ്ദതയുമാണ്. അല്ലെങ്കില്‍ ഈയവസ്ഥകളെല്ലാം എപ്പോഴും
ജാഗ്രദാണെന്നും, സ്വപ്നമാണെന്നും, നിദ്രയാണെന്നും തുരീയമാണെന്നും പറയാം.
അല്ലെങ്കില്‍ നമുക്കിതൊന്നും ‘എന്താണെന്നറിയാന്‍’ ആവില്ലയെന്നും
ചിന്തകളിലുദിക്കുന്ന എല്ലാറ്റിനും അനുഭവം പ്രദാനം ചെയ്യാന്‍ കഴിയുമെന്നും മാത്രം
നമുക്കറിയാം!
പ്രകടിതവും
അപ്രകടിതവും ആണ് ജ്ഞാനവും അജ്ഞാനവും. ഇവരണ്ടും കാറ്റിന്റെ ചാലകത്വവും അചലത്വവും
എന്നപോലുള്ള സഹജമായ രണ്ടവസ്ഥകളാണ്. അതിനാല്‍ ജഗ്രദ് അവസ്ഥയും മറ്റുള്ള അവസ്ഥകളും
തമ്മില്‍ അന്തരമേതുമില്ല. സ്മരണ, ആശ എന്നിങ്ങിനെയുള്ള കാര്യങ്ങളും വെറും മിഥ്യ.
ഇവയെല്ലാം
പരിമിതങ്ങളായ ദര്‍ശനങ്ങളാണ്. ആന്തരാനുഭവങ്ങള്‍ തന്നെ ബാഹ്യവസ്തുക്കളായി പ്രോജ്വലിച്ചു
നിലകൊള്ളുമ്പോള്‍ എവിടെയാണ് വസ്തുനിഷ്ഠത? എവിടെയാണ് അതിനെക്കുറിച്ചുള്ള ഓര്‍മ്മകള്‍?
സ്മരണകള്‍
ഉണ്ടാവാന്‍ അനുഭവങ്ങള്‍ കൂടിയേ തീരൂ. അനുഭവങ്ങള്‍ ഉണ്ടാകണമെങ്കില്‍ വസ്തുക്കള്‍
യഥാര്‍ത്ഥമായിരിക്കുകയും വേണം. അനന്തബോധത്തിന്റെ പ്രത്യക്ഷധാരണകള്‍ പിന്നീട് ഭൂമി
മുതലായ കാഴ്ചകളെ പ്രദാനം ചെയ്തു. ഈ ബോധം യഥേഷ്ടം പ്രഭാസിച്ചുകൊള്ളട്ടെ. അത് സത്തോ അസത്തോ
ആകട്ടെ. അതെന്തെങ്കിലും ആകട്ടെ, ഒന്നുമല്ലാതെയിരിക്കട്ടെ. എന്നാല്‍ ബാഹ്യമായി ഒരു
വസ്തുവെന്ന തോന്നലുണ്ടായ ഹൃദയത്തിലുമുള്ളത് അത് തന്നെയാണ്. അപ്പോള്‍ എന്താണ്
ബാഹ്യം? എന്താണ് ആന്തരം? ഇവയെപ്പറ്റി ധ്യാനിക്കൂ. പ്രശാന്തതയില്‍ അഭിരമിക്കൂ. ഓം!
ഓം! ഓം!
No comments:
Post a Comment
Note: Only a member of this blog may post a comment.