Dec 23, 2014

690 യോഗവാസിഷ്ഠം നിത്യപാരായണം ദിവസം 690

കുത അസീദിതി മുനേ നാത്ര പ്രശ്നോ വിരാജതേ
സത ഏവ വിചാരേണ ലാഭോ ഭവതി നാസത: (6.2/192/15)
രാമന്‍ ചോദിച്ചു: കഷ്ടം! എത്രകാലം നാം ഈ അനന്തബ്രഹ്മാണ്ഡത്തില്‍ സത്യമെന്തെന്നറിയാതെ ഭ്രമക്കാഴ്ചയില്‍ അലഞ്ഞു! ഈ ലോകമെന്ന ഭ്രമക്കാഴ്ച്ച പ്രബുദ്ധതയെ സാക്ഷാത്ക്കരി ക്കുന്നതോടെ ഇല്ലാതാവുന്നു. അപ്പോള്‍ ഒരിക്കലും അതുണ്ടായിട്ടില്ലെന്നും, ഇപ്പോള്‍ ഇല്ലെന്നും ഇനിയുണ്ടാവുകയില്ലെന്നും അറിവാകുന്നു. ഇതെല്ലാം ശുദ്ധമായ അനന്തബോധമാണ്; പരമപ്രശാന്തതയാണ്. അനന്തബോധത്തിന്റെ സ്വഭാവത്തെ ശരിയ്ക്കും അറിയാത്തതിനാല്‍ നാമീ സംസാരമെന്ന ഭ്രമക്കാഴ്ചയില്‍ ആമഗ്നരായിപ്പോയതാണ്. ഇതെല്ലാം തീര്‍ച്ചയായും അനന്തബോധം മാത്രമാണ്.

‘ഇത് വ്യത്യസ്ഥമാണ്’, ‘ഇതിപ്രകാരം പ്രോജ്വലിക്കുന്നു’,’ ഇതെല്ലാം ലോകങ്ങളാകുന്നു’,’ഇവ പര്‍വ്വതങ്ങളാകുന്നു’, എന്നെല്ലാമുള്ള പ്രസ്താവനകള്‍ക്ക് നിദാനമായ വസ്തു ബോധമാണ്. സൃഷ്ടിയുടെ ആരംഭത്തില്‍, ഒരു ജീവന്റെ തുടക്കത്തില്‍, സ്വപ്നത്തിന്റെയോ വിഭ്രമത്തിന്റെയോ ആദിയില്‍, എന്നുവേണ്ട എല്ലാറ്റിലും സ്വയം വസ്തുവായി നിലകൊള്ളുന്നത് ബോധമാണ്. അപ്പോള്‍പ്പിന്നെ മറ്റൊരു വസ്തു എങ്ങിനെയുണ്ടാവാനാണ്?  

‘ഞാന്‍ സ്വര്‍ഗ്ഗത്തിലാണ്’, ‘ഞാന്‍ നരകത്തിലാണ്’, എന്നീ അനുഭവങ്ങള്‍ ഉണ്ടാകുന്നുണ്ടെന്നത് സത്യം. എന്നാല്‍ വാസ്തവത്തില്‍ കാണിയില്ല, കാഴ്ചയില്ല, കാണല്‍ എന്ന കര്‍മ്മമില്ല, ബോധം പോലുമില്ല. ജാഗ്രദ്-സ്വപ്ന-സുഷുപ്തിയവസ്ഥകളും മിഥ്യ. ഉണ്ടെന്നു തോന്നുന്നതൊന്നും ഉണ്മയല്ല.
“ഈ ഭ്രമക്കാഴ്ച്ച എങ്ങിനെ സംജാതമായി എന്ന് വിചിന്തനം ചെയ്യുന്നത് അനുചിതമെന്നേ പറയാവൂ. കാരണം ഭ്രമക്കാഴ്ച്ച യഥാര്‍ത്ഥ്യമല്ലല്ലോ! ബോധത്തില്‍ ഭ്രമം ഉണ്ടാവുക അസാദ്ധ്യം. ബോധം മലിനപ്പെടുത്താനോ വികലമാക്കാനോ ആകാത്ത ശുദ്ധ സത്തയാണ്. അതായത് ഭ്രമമായി കാണുന്നത് പോലും ബോധം തന്നെയാണ് എന്നര്‍ത്ഥം. ഭ്രമക്കാഴ്ച്ചയുണ്ടാകുന്നത് സ്വപ്നത്തില്‍ ഒരുവനുണ്ടാകുന്ന മരണം പോലെ, അറിവില്ലായ്മകൊണ്ടാണ്. എന്നാല്‍ സത്യത്തിന്റെ നിജഭാവത്തെക്കുറിച്ചുള്ള അന്വേഷണം ഒരുവനെ ഭ്രമക്കാഴ്ചയില്‍ നിന്നും മോചിപ്പിക്കുന്നു.

ഭൂതപ്രേതപിശാചുക്കളെപ്പറ്റി ചെറുബാലന്മാരുടെ മനസ്സിലുണ്ടാകുന്ന ഭയം പോലെയാണത്. അതിനെക്കുറിച്ച് അന്വേഷിക്കാതെയിരിക്കുമ്പോള്‍ ആ ഭയത്തിനു രൂഢി കൈവരുകയാണ്. എന്നാല്‍ അന്വേഷണത്തില്‍ അപ്രത്യക്ഷമാവുന്ന ഭയമാണത്. “അതിനാല്‍ എങ്ങിനെയാണീ അയഥാര്‍ത്ഥ്യം ഉണ്ടായത് എന്ന ചോദ്യം തന്നെ അപ്രസക്തമാണ്. യഥാര്‍ത്ഥത്തില്‍ ഉള്ളൊരുവസ്തുവിന്റെ നിജസ്വഭാവത്തിനെക്കുറിച്ചേ അന്വേഷണത്തിനു സാംഗത്യമുള്ളു. അസത്തിനെക്കുറിച്ച്- ഇല്ലാത്തതിനെക്കുറിച്ച് അന്വേഷിക്കുന്നതെങ്ങിനെ?”  

അന്വേഷണത്താല്‍ കണ്ടെത്താന്‍ കഴിയാത്തതാണ് അസത്ത്. എന്നാല്‍ അത് സത്യമെന്നപോലെ അനുഭവമാകുന്നുവെങ്കില്‍ അത് വെറും ഭ്രമമാണ്. വന്ധ്യയുടെ പുത്രന്‍ എന്ന് പറയുന്നതുപോലെയുള്ള അസംബന്ധമാണത്. തീവ്രസാധനയാലും അന്വേഷണത്താലും കണ്ടെത്താനരുതാത്ത ഒരു കാര്യം തീര്‍ച്ചയായും യഥാര്‍ത്ഥമായിരിക്കില്ല. അങ്ങിനെയുള്ളവ ഒരിക്കലും നിലനില്‍ക്കുന്നുമില്ല.


അതിനാല്‍ എല്ലാമെല്ലാം എല്ലായിടത്തും നിറഞ്ഞു വിളങ്ങുന്നത് ബോധഘനമൊന്നുമാത്രമാണ്. പരമപുരുഷനില്‍ നിലകൊള്ളുന്നത് പരമപുരുഷന്‍ മാത്രം. പ്രകാശമില്ല, ഇരുട്ടില്ല, ഉള്ളത് പരംപൊരുള്‍. എന്തെങ്കിലും ഉണ്ടെന്നുവരികില്‍ അതുമാത്രമേ ഉള്ളു.   

689 യോഗവാസിഷ്ഠം നിത്യപാരായണം ദിവസം 689

എകൈവ ചിത്ത്രയം ഭൂത്വാ സര്‍ഗാദൌ ഭാതി സര്‍ഗവത്
ഏഷ ഏവ സ്വഭാവോസ്യാ യദേവം ഭാതി ഭാസുരാ  (6.2/191/10)
രാമന്‍ പറഞ്ഞു: ഈ ലോകം പരംപൊരുളിനാല്‍ എല്ലായ്പ്പോഴും എല്ലാവിധത്തിലും നിറഞ്ഞു വിളങ്ങുന്നു. അത് ഒരിടത്തുനിന്നും ഉദിച്ചുയരുകയോ അസ്തമിക്കുകയോ ചെയ്യുന്നില്ല.
ലോകമെന്ന കാഴ്ച വെറും ഭ്രമമാണ്. അതിനെ സത്തയോ അസത്തായോ നാം ഗണിച്ചാലും ഇല്ലെങ്കിലും സത്യത്തില്‍ അത് ബ്രഹ്മം മാത്രമാണ്.

വസിഷ്ഠന്‍ പറഞ്ഞു: ബ്രഹ്മം സ്വയമേവ അതില്‍ത്തന്നെ പ്രഭാസിക്കുന്നു. അതില്‍ ആകസ്മികമായി, കാകതാലീയ ന്യായേന സൃഷ്ടമായെന്നു തോന്നുന്ന ലോകവും ബ്രഹ്മം തന്നെയാണ്.

രാമന്‍ പറഞ്ഞു: ഭഗവന്‍, ഇപ്പറഞ്ഞ ആകസ്മിക സൃഷ്ടിക്കു മുന്പ് എങ്ങിനെയാണ് അനന്തബോധം പ്രോജ്വലിക്കുന്നത്? മാത്രമല്ല സൃഷ്ടിയുടെ വിലയനത്തിനു ശേഷം എങ്ങിനെയാണ് ബോധം വിഭജനഭാവത്തില്‍ പ്രഭാസിക്കുന്നത്?

വസിഷ്ഠന്‍ പറഞ്ഞു: രാമാ, നിന്റെ ഉള്ളിന്റെയുള്ളില്‍ ആ ബോധപ്രകാശത്തെ ദര്‍ശിച്ചാലും. പ്രകാശം അനുഭവപെടുന്നത് മറ്റൊരനുഭാവവുമായി താരതമ്യപ്പെടുത്തിയാണ്. എന്നാല്‍ ആദ്യം ഈ ദ്വന്ദത അല്ലെങ്കില്‍ വിഭജനഭാവം ഇല്ലാതിരുന്നതിനാല്‍ ആ പ്രകാശം നിന്റെ ആത്മാവില്‍ അനുഭവിച്ചാലും. സ്വപ്നത്തിലെന്നപോലെ ആ പ്രകാശം തന്നെയാണ് ദൃക്ക്, ദൃശ്യം, ദര്‍ശനം, എല്ലാം. അതേ പ്രകാശം സര്‍ഗ്ഗാരംഭത്തില്‍ സര്‍ഗ്ഗപ്രക്രിയയായി നിന്റെയുള്ളില്‍ ഉല്‍പ്പന്നമാവുകയാണ്.

“ഒരേയൊരു ബോധം വിഷയം, വിഷയി, അനുഭവം എന്നിങ്ങിനെ മൂന്നായി പ്രകാശിക്കുന്നു. സര്‍ഗ്ഗാരംഭത്തില്‍ അത് സൃഷ്ടിയായി പ്രകടമാവുന്നു. അത് പ്രോജ്വലിക്കുമ്പോള്‍ അതിന്റെ പ്രഭാവം അങ്ങിനെയാണ് പ്രദീപ്തമാവുന്നത്.”

ഇത് തന്നെയാണ് സ്വപ്നത്തിന്റെയും ദിവാസ്വപ്നത്തിന്റെയും ഭ്രമക്കാഴ്ചകളുടെയും അവസ്ഥ. ഇവയിലും ബോധപ്രകാശം തന്നെയാണുണ്‍മ.

വിഹായസ്സില്‍ ലോകമായി പ്രോജ്വലിക്കുന്നത് ആദിയന്തങ്ങള്‍ ഇല്ലാത്ത ബോധപ്രകാശമാകുന്നു. ആ പ്രഭയുടെ കിരണാവലികളാണ് ലോകങ്ങളായി കാണുന്നത്. ഈ പ്രകാശം നമ്മെപ്പോലെ പ്രബുദ്ധതയാര്‍ജ്ജിച്ചവരില്‍ സ്വാഭാവികമായും ദ്വന്ദ്വാതീതമാണ്. ഇവിടെ വിഷയവും വിഷയിയും വേറെയല്ല. 

സൃഷ്ടിയുടെ ആദ്യത്തില്‍ വിഷയവും വിഷയിയും ഉണ്ടായിരുന്നില്ല. ഒരു മരക്കുറ്റിയില്‍ ആരോപിക്കപ്പെട്ട മനുഷ്യരൂപമെന്നതുപോലെ ഈ അവിദ്യ എങ്ങിനെയോ വന്നുകൂടി. ആദിയില്‍ ഈ ദര്‍ശനദ്വന്ദത എന്ന അനുഭവം ഉണ്ടായതിനാല്‍ അതിപ്പോഴും തുടരുകയും ചെയ്യുന്നു.
എന്നാല്‍ അത്തരം വിഭജനത്തിനു കാരണമൊന്നുമില്ലാത്തതിനാല്‍ എപ്പോഴും ബോധപ്രകാശം തന്നെയാണ് എല്ലാടത്തും എല്ലാമായി പ്രകാശിക്കുന്നത്.


വാസ്തവത്തില്‍ ജാഗ്രദ്, സ്വപ്നം, സുഷുപ്തി എന്നീ അവസ്ഥകള്‍ മിഥ്യയാണ്. സൃഷ്ടിയുടെ ആദിമുതല്‍ എല്ലാക്കാലത്തും അവസ്ഥയിലും ബ്രഹ്മം മാത്രമേയുള്ളൂ. വിശ്വത്തെ ബ്രഹ്മം സ്വദേഹമായി കണക്കാക്കുന്നു. അതാണ്‌ ബ്രഹ്മഭിന്നമല്ലാത്ത ലോകം. 

688 യോഗവാസിഷ്ഠം നിത്യപാരായണം ദിവസം 688

ചിത്തശ്ചേത്യോന്മുഖത്വം യത്തച്ചിത്തമിതി കഥ്യതേ
വിചാര ഏഷ ഏവാസ്യ വാസനാനേന ശാമ്യതി (6.2/190/67)
രാമന്‍ ചോദിച്ചു: എന്താണ് ചിത്തം? അതിന്റെ സ്വഭാവമറിയാന്‍  എങ്ങിനെയാണൊരുവന്‍ അന്വേഷണം നടത്തുന്നത്? അങ്ങിനെയുള്ള അന്വേഷണത്തിന്റെ ഫലപ്രാപ്തി എന്താണ്?
വസിഷ്ഠന്‍ പറഞ്ഞു:”ബോധം സ്വയം അതിനെ അറിയപ്പെടാനുള്ള ഒരു വസ്തുവായി അവബോധിക്കുമ്പോള്‍ അത് ചിത്തം (മനസ്സ്). അന്വേഷണം എന്നത്, നീയിപ്പോള്‍ച്ചെയ്യുന്നത് തന്നെയാണ്. ഇതുകൊണ്ട് മനോപാധികള്‍ക്ക് അവസാനമാകുന്നു.
രാമന്‍ ചോദിച്ചു: എങ്ങിനെയാണ് ചിത്തം അനുപാധികമായി സാധകനെ നിര്‍വ്വാണപ്രാപ്തിയ്ക്ക് പര്യാപ്തനാക്കുന്നത്?
വസിഷ്ഠന്‍ പറഞ്ഞു: മനോപാധികള്‍ അല്ലെങ്കില്‍ അറിവിന്‌ വസ്തുവായത് ഒരിക്കലും യാഥാര്‍ത്ഥ്യമല്ല. അതിനാല്‍ ചിത്തവും യാഥാര്‍ത്ഥ്യമല്ല.
രാമന്‍ പറഞ്ഞു: പക്ഷെ അതിന്റെ സാന്നിദ്ധ്യം നാം അനുഭവിക്കുന്നുണ്ടല്ലോ?

വസിഷ്ഠന്‍ പറഞ്ഞു: അജ്ഞാനിയുടെ ദൃഷ്ടിയില്‍ കാണുന്നതല്ല ലോകം. എന്നാല്‍ പ്രബുദ്ധന്റെ, അല്ലെങ്കില്‍ ജ്ഞാനിയുടെ ദൃഷ്ടിയില്‍ കാണുന്നതിനെ വിവരിക്കാനുമാവില്ല.

രാമന്‍ ചോദിച്ചു: എന്താണ് അജ്ഞാനിയുടെ ദര്‍ശനം? എന്തുകൊണ്ടാണ് പ്രബുദ്ധന്റെ ദര്‍ശനം വിവരണാതീതമായിരിക്കുന്നത്?

വസിഷ്ഠന്‍ പറഞ്ഞു: അജ്ഞാനി ലോകത്തെ കാണുന്നത് ആദിയന്തങ്ങള്‍ ഉള്ള ഒരു സത്തയായിട്ടാണ്. എന്നാല്‍ പ്രബുദ്ധന്‍ അത് കാണുന്നേയില്ല. കാരണം അതൊരിക്കലും സൃഷ്ടിക്കപ്പെട്ടിട്ടില്ല. അതിന് യാതൊരുവിധ അസ്തിത്വവും ഇല്ല.

രാമന്‍ പറഞ്ഞു: അങ്ങിനെയാണെങ്കില്‍ നാം അത് അനുഭവിക്കാന്‍ എന്താണ് കാരണം?

വസിഷ്ഠന്‍ പറഞ്ഞു: അത് സ്വപ്നത്തില്‍ ഒരു വസ്തുവിനെ അനുഭവിക്കുന്നതുപോലെയാണ്. വാസ്തവത്തില്‍ സ്വപ്നവസ്തു ഇല്ലല്ലോ!

രാമന്‍ പറഞ്ഞു: സ്വപ്നത്തിലെ അനുഭവം ജാഗ്രദിലെ പൂര്‍വ്വാനുഭവം കാരണമാണുണ്ടാവുന്നത്.

വസിഷ്ഠന്‍ ചോദിച്ചു: ഈ രണ്ട് അനുഭവവും ഒരേ വസ്തുവുമായി ബന്ധപ്പെട്ടാണോ ഇരിക്കുന്നത്?

രാമന്‍ പറഞ്ഞു: ജാഗ്രദവസ്ഥയില്‍ മനസ്സില്‍പ്പതിഞ്ഞ ചിത്രങ്ങളാണ്, അനുഭവങ്ങളാണ് സ്വപനത്തില്‍ പ്രത്യക്ഷമാവുന്നത്.

വസിഷ്ഠന്‍ പറഞ്ഞു: അങ്ങിനെയാണെങ്കില്‍ സ്വപനത്തില്‍ കത്തിയെരിഞ്ഞതായി 'ക്കണ്ടനുഭവിച്ച’ ഭവനം ഉണരുമ്പോള്‍ യാതൊരു കേടുപാടുമില്ലാതെ നില്‍ക്കുന്നതെന്തുകൊണ്ട്?

രാമന്‍ പറഞ്ഞു: തീര്‍ച്ചയായും ജാഗ്രദ് അവസ്ഥയിലെ യാഥാര്‍ത്ഥ്യം സ്വപ്നത്തില്‍ അങ്ങിനെയല്ല. അപ്പോള്‍ പ്രകടമാവുന്നത് ബോധം (ബ്രഹ്മം) ആയിരിക്കണം. എങ്കിലും നേരത്തെ ഉണ്ടായിട്ടില്ലാത്ത കാര്യം എങ്ങിനെയാണ് സ്വപ്നത്തിലാണെങ്കിലും കാണാന്‍ കഴിയുക?

വസിഷ്ഠന്‍ പറഞ്ഞു: അനുഭവങ്ങള്‍ നേരത്തെ ഉണ്ടായതാണെങ്കിലും ഇല്ലെങ്കിലും എല്ലായിടത്തും എല്ലാ തലത്തിലും എല്ലാക്കാലത്തും പ്രകാശിക്കുന്നത് ശുദ്ധബോധം മാത്രമാണ്.

രാമന്‍ ചോദിച്ചു: ഭഗവന്‍, എങ്ങിനെയാണ് ഈ ഭ്രമം അവസാനിപ്പിക്കുക?

വസിഷ്ഠന്‍ പറഞ്ഞു: ‘എങ്ങിനെയാണ് ഈ സംസാരം പ്രകടമായത്? അതിനു പ്രത്യക്ഷമാവാന്‍ യാതൊരു കാരണവും ഇല്ലല്ലോ, പിന്നെയെങ്ങിനെ അതുണ്ടായി’ എന്നിങ്ങിനെ അന്വേഷിക്കൂ, ധ്യാനിക്കൂ.

രാമന്‍ പറഞ്ഞു: സ്വപ്നവസ്തുക്കള്‍ക്ക് ഇടം നല്‍കുന്നത് മനസ്സാണ് (ചിത്തം). അതായത് അത് മനസ്സ് തന്നെയാണ്. അതുപോലെയാണ് ലോകവും.

വസിഷ്ഠന്‍ പറഞ്ഞു: മനസ്സ് ശുദ്ധബോധത്തില്‍ നിന്നും വിഭിന്നമല്ല. മനസ്സും ബോധമല്ലാതെ മറ്റൊന്നല്ല.

രാമന്‍ പറഞ്ഞു: ദേഹം അവയവങ്ങളില്‍ നിന്നും വിഭിന്നമല്ലാത്തതുപോലെ ലോകം ബ്രഹ്മത്തില്‍ നിന്നു വിഭിന്നമല്ല.


വസിഷ്ഠന്‍ പറഞ്ഞു: അതിനാല്‍ ഈ വിശ്വം ഒരിക്കലും സൃഷ്ടിക്കപ്പെട്ടിട്ടില്ല. എല്ലാമെല്ലാം ശാശ്വതബ്രഹ്മമാണ്.

687 യോഗവാസിഷ്ഠം നിത്യപാരായണം ദിവസം 687

യഥാഭൂതാര്‍ത്ഥവിജ്ഞാനാദ് ഭ്രാന്തിമാത്രാത്മനി സ്ഥിതേ
പിണ്ഡഗ്രഹവിയുക്തേസ്മിന്‍ ദൃശ്യചക്രേ ക്രമാത്ക്ഷയ: (6.2/190/61)
രാമന്‍ പറഞ്ഞു: സത്യമെന്ന് കരുതിയാലും ഇല്ലെങ്കിലും ഒരു ദുസ്വപ്നം കാണുമ്പൊള്‍ അത് ദുഖദായിയാണ്. അതുപോലെയാണ് ലോകമെന്ന ഈ കാഴ്ചയും. എങ്ങിനെയാണ് നമുക്കിതിനെ തരണം ചെയ്യാന്‍ കഴിയുക?

വസിഷ്ഠന്‍ പറഞ്ഞു: ഉറക്കത്തില്‍ നിന്നും ഉണരുമ്പോള്‍ ദുസ്വപ്നവും തജ്ജന്യമായ ആകുലതകളും ഒഴിയുന്നു. ലോകമെന്ന മായക്കാഴ്ച നല്‍കിയ ആകുലതകള്‍ ഒഴിയാന്‍ ആ മായയില്‍ നിന്നും ഉണരേണ്ടതുണ്ട്. ലോകത്തിലെ വിഷയങ്ങളുമായി ഒട്ടാതിരിക്കുകയും അവയെ സമാഹരിച്ചുവെക്കാന്‍ ശ്രമിക്കാതിരിക്കുകയുമാണ് അതിനുള്ള ഏകമാര്‍ഗ്ഗം.

രാമന്‍ ചോദിച്ചു: എങ്ങിനെയാണ് ഒരുവന്‍ തന്റെ സന്തോഷം കണ്ടെത്തുന്നത്? എങ്ങിനെയാണ് ലോകമെന്ന ഈ സ്വപ്നത്തിലെ വസ്തുക്കളുടെ ഗാഢത, യഥാര്‍ത്ഥ്യ ഭാവം അവസാനിപ്പിക്കുക?

വസിഷ്ഠന്‍ പറഞ്ഞു: ഈ ഗാഢവസ്തുവിന്റെ ഭൂതവും ഭാവിയും സൂക്ഷ്മനിരീക്ഷണവിധേയമാക്കി യാല്‍ ലോകവസ്തുക്കളുടെ നിശ്ചിതാവസ്ഥ ഇല്ലാതാക്കാം. സത്യത്തെ നിരന്തരം ധ്യാനിക്കുന്നതിലൂടെ ഈ വസ്തുക്കളുടെ ഘനസാന്ദ്രസ്ഥൂലഭാവങ്ങളെ ഇല്ലാതാക്കാം.

രാമന്‍ ചോദിച്ചു: അത്തരം വിശ്വാസങ്ങളെ ക്ഷീണിതമാക്കിയാല്‍പ്പിന്നെ എന്താണ് കാണുക? സാധകനില്‍ എങ്ങിനെയാണ് ലോകമെന്ന ഭ്രമദൃശ്യത്തിന് അന്ത്യമുണ്ടാവുക?

വസിഷ്ഠന്‍ പറഞ്ഞു: സാധകന്റെ ദര്‍ശനത്തില്‍ ലോകമെന്ന കാഴ്ച ആകാശത്തിലെ കൊട്ടാരം പോലെയാണ്. അല്ലെങ്കില്‍ മഴയില്‍ ഒലിച്ചുപോയ ചിത്രപടമാണ്. അയാളുടെ മനസ്സില്‍ വാസനാമാലിന്യമില്ല, ഉപാധികളുമില്ല.

രാമന്‍ ചോദിച്ചു: പിന്നീട് അയാള്‍ക്ക് എന്താണ് സംഭവിക്കുക?

വസിഷ്ഠന്‍ പറഞ്ഞു: ലോകമെന്ന കാഴ്ച വെറുമൊരു സങ്കല്‍പ്പധാരണ മാത്രമായി മാഞ്ഞു പോകുന്നു. അചിരേണ അയാളിലെ എല്ലാ പരിമിതികളും ഇല്ലാതാവുന്നു. ഉപാധികള്‍ മാഞ്ഞുപോവുന്നു.

രാമന്‍ ചോദിച്ചു: ഇപ്പറഞ്ഞ വാസനകള്‍ അനേക ജന്മങ്ങളിലൂടെ രൂഢമൂലമായിട്ടുണ്ടാകുമല്ലോ? എങ്ങിനെയാണതിനൊരവസാനമുണ്ടാവുക?

വസിഷ്ഠന്‍ പറഞ്ഞു: “എല്ലാ വസ്തുക്കളും വിഷയങ്ങളും ആത്മാവില്‍ അല്ലെങ്കില്‍ അനന്തബോധത്തില്‍ വികലമായ ധാരണാസങ്കല്‍പ്പങ്ങളായി മാത്രമേ ഉള്ളു എന്ന സത്യം സാക്ഷാത്ക്കരിക്കുമ്പോള്‍ വസ്തുവിഷയ സംബന്ധിയായ എല്ലാ ബന്ധങ്ങളും വേരറ്റുപോവുന്നു. ആ വസ്തുക്കള്‍ക്ക് സാധകനിലുള്ള സ്വാധീനവും ഇല്ലാതാവുന്നു. സംസാരചക്രം ക്രമേണ നിശ്ചലമാവുന്നു.”   

രാമന്‍ ചോദിച്ചു: പിന്നീട് ഏന്തു സംഭവിക്കുന്നു? എങ്ങിനെയാണ് സാധകനില്‍ പ്രശാന്തതയുണ്ടാവുന്നത്?

വസിഷ്ഠന്‍ പറഞ്ഞു: അങ്ങിനെ ലോകത്തിനെക്കുറിച്ചുള്ള  സുദൃഢഭാവം അസ്തമിച്ച് ഭ്രമക്കാഴ്ച്ചയെ നിയന്ത്രിക്കാനുള്ള സാധനപോലും ആവശ്യമില്ലാത്ത അവസ്ഥയിലെത്തുമ്പോള്‍ ലോകവുമായുള്ള എല്ലാവിധ ആശ്രയഭാവവും ഇല്ലാതെയാവുന്നു.

രാമന്‍ ചോദിച്ചു: ഈ ലോകമെന്ന ധാരണ ഒരു കുട്ടിയുടെ മനസ്സില്‍ ഉദിച്ചശേഷം അതില്ലാതെയാവുമ്പോള്‍ എന്തുകൊണ്ടാണ് അവനു ദുഖമില്ലാത്തത്? കുട്ടിയ്ക്ക് കളിപ്പാട്ടം നഷ്ടപ്പെട്ടാല്‍ വിഷമം ഉണ്ടാവുമല്ലോ?


വസിഷ്ഠന്‍ പറഞ്ഞു: വെറും സങ്കല്‍പ്പത്തില്‍ മാത്രം ഉണ്ടായിരുന്ന വസ്തു നഷ്ടപ്പെട്ടാല്‍ എന്തിനാണ് ദുഖിക്കുന്നത്? അതിനാല്‍ ചിന്തകളും ആശയങ്ങളും സങ്കല്‍പ്പങ്ങളും മനസ്സില്‍ ഉള്ളിടത്തോളം കാലം അവയുടെ സ്വഭാവത്തെപ്പറ്റി നാം അന്വേഷിച്ചുകൊണ്ടേയിരിക്കണം. 

686 യോഗവാസിഷ്ഠം നിത്യപാരായണം ദിവസം 686

ബോധേന ബോധതാമേതി ബോധശബ്ദസ്തു  ബോധ്യതാം
ഭവദ്വിഷമേവായമുചിതോ നാസ്മദാദിഷു (6.2/190/43)
രാമന്‍ ചോദിച്ചു: ഇതെല്ലാം ഒരൊറ്റ അനന്തപ്രശാന്തയാണെങ്കില്‍പ്പിന്നെ ഗുരു, ശിഷ്യന്‍ ഇത്യാദി ദ്വന്ദങ്ങള്‍ എങ്ങിനെയാണുണ്ടായത്?
വസിഷ്ഠന്‍ പറഞ്ഞു: ഗുരുവും ശിഷ്യനും ബ്രഹ്മത്തില്‍ ബ്രഹ്മമായി നിലകൊള്ളുന്നു. പ്രബുദ്ധനെ സംബന്ധിച്ചിടത്തോളം ബന്ധനവും മുക്തിയും രണ്ടുമില്ല.
രാമന്‍ ചോദിച്ചു: സമയം, ദൂരം, വസ്തു, ഊര്‍ജ്ജം, എന്നിങ്ങിനെയുള്ള വൈവിദ്ധ്യമാര്‍ന്ന കാര്യങ്ങള്‍ ഒന്നും ഇല്ല എന്നാണെങ്കില്‍ പിന്നെയെങ്ങിനെയാണ് നാനാത്വത്തില്‍ ഏകാത്മകത എന്ന ധാരണപോലും സംജാതമായത്?

വസിഷ്ഠന്‍ പറഞ്ഞു: സമയം, ദൂരം, വസ്തു, കര്‍മ്മം, ഊര്‍ജ്ജം എന്നിത്യാദി വൈവിദ്ധ്യങ്ങള്‍ ഉള്ളത് വെറും മിഥ്യയായ അവിദ്യയില്‍ മാത്രമാണ്. അവിദ്യയ്ക്ക് നിലനില്‍പ്പില്ല എന്നറിയാമല്ലോ. ഇതില്‍നിന്നും വ്യതിരിക്തമായ യാതൊരുവിധ ആശയങ്ങളും ഇല്ല.

രാമന്‍ ചോദിച്ചു: ഗുരു, ശിഷ്യന്‍ എന്നീ ദ്വന്ദങ്ങള്‍ മിഥ്യയാണെങ്കില്‍ എന്താണീ സാക്ഷാത്കാരം അല്ലെങ്കില്‍ പ്രബുദ്ധത?

വസിഷ്ഠന്‍ പറഞ്ഞു: “പ്രബുദ്ധതയില്‍ എത്തുമ്പോള്‍ പ്രബുദ്ധതയെന്നാല്‍ എന്തെന്ന് സ്പഷ്ടമാവും. തീര്‍ച്ചയായും ഇതെല്ലാം നിന്നെപ്പോലുള്ളവര്‍ക്ക് മനസ്സിലാവാനായി പറയുന്നു എന്നേയുള്ളു. ഞങ്ങള്‍ക്ക് ഇത്തരം ഉദീരണങ്ങള്‍ ബാധകമല്ല.”

രാമന്‍ ചോദിച്ചു: പ്രബുദ്ധതഎന്ന ധാരണ തന്നെ അഹംകാരവുമായി ബന്ധപ്പെട്ടിരിക്കുന്നു. അപ്പോള്‍പ്പിന്നെ അത് പ്രബുദ്ധതയല്ലാതാകുന്നു. എങ്ങിനെയാണ് ശുദ്ധവും അദ്വിതീയവുമായ ബോധത്തില്‍ ഇങ്ങിനെയൊരു വിഭജനാത്മകതയുണ്ടായത്?

വസിഷ്ഠന്‍ പറഞ്ഞു: പ്രബുദ്ധതയുടെ പ്രകാശം തന്നെയാണ് ആത്മാവബോധം. കാറ്റും ചലനവും എപ്രകാരമാണോ അതുപോലെയാണ് നമുക്ക് തോന്നുന്ന ഈ ഈ വിഭജനാത്മകതയും.

രാമന്‍ പറഞ്ഞു: അത് ശരിയാണെങ്കില്‍ കടലും കടലലകളും വ്യത്യസ്തങ്ങളല്ല എന്ന ന്യായേന വൈവിദ്ധ്യതയുടെ അതായത് ജ്ഞാനം, ജ്ഞാനി, ജ്ഞാനവസ്തു എന്നീ ത്രിപുടിഅനുഭവത്തെ സത്യമെന്ന് അംഗീകരിക്കാന്‍ പറ്റില്ലേ?

വസിഷ്ഠന്‍ പറഞ്ഞു: അത് അംഗീകരിച്ചാല്‍പ്പിന്നെ വിഭജനാത്മകതയും അവികലമായ ധാരണയാവും. എന്നാല്‍ സത്യത്തില്‍ സത്തായി ഒന്നുമാത്രമല്ലേയുള്ളൂ? അത് അവിഭാജ്യമായ ബോധമാകുന്നു.

രാമന്‍ പറഞ്ഞു: ഭഗവാനെ, ആരിലാണ് അഹംകാരം ഉദയം ചെയ്യുന്നത്? ആരാണീ ലോകമെന്ന ഭ്രമക്കാഴ്ച്ച കാണുന്നത്?

വസിഷ്ഠന്‍ പറഞ്ഞു: അനുഭവവിഷയങ്ങളെ സത്യമെന്ന് കരുതുന്നതാണ് ബന്ധനം. എന്നാല്‍ ആ വസ്തു ഇല്ലെന്നറിയുമ്പോള്‍ മോക്ഷമായി. എന്നാല്‍ ബോധം എല്ലാമെല്ലാമാണ്. അതില്‍ ബന്ധനവും മോക്ഷവുമില്ല.

രാമന്‍ പറഞ്ഞു: കാണപ്പെടുന്ന വസ്തുക്കളെ പ്രകാശമാനമാക്കുന്നത് ദീപമാണല്ലോ അതുപോലെയാണോ ബോധം സത്യമായ ബാഹ്യവസ്തുക്കളെ പ്രകാശിപ്പിക്കുന്നത്?


വസിഷ്ഠന്‍ പറഞ്ഞു: ബാഹ്യലോകം ഉണ്ടാവാന്‍ യാതൊരുവിധ കാരണങ്ങളും ഇല്ല. ഒരു കാര്യം ഉണ്ടാവണമെങ്കില്‍ കാരണം കൂടിയേ തീരൂ. അപ്പോള്‍ അതൊരു ഭ്രമക്കാഴ്ച്ചമാത്രമാണെന്നു തീര്‍ച്ചയാണല്ലോ!

685 യോഗവാസിഷ്ഠം നിത്യപാരായണം ദിവസം 685

കാരണാഭാവതോ രാമ നാസ്ത്യേവ ഖലു വിഭ്രമ:
സര്‍വം ത്വമഹമിത്യാദി ശാന്തമേകമനാമയം  (6.2/190/31)
രാമന്‍ ചോദിച്ചു: വെറും ജഡം മാത്രമായ ധാരണാ വസ്തു ‘ചിന്തിക്കുന്നു’വത്രേ! എല്ലാറ്റിനെയും അറിയുന്ന ഭഗവാന്‍ (ദൃഷ്ടാവ്), സ്വയം ധാരണാവസ്തുവാവുകയാണ് (ദൃശ്യം) ! അതെങ്ങിനെ സാധിക്കും? മരക്കഷണത്തിന് അഗ്നിയെ എരിക്കാനാവുമോ?.
വസിഷ്ഠന്‍ പറഞ്ഞു: ദൃഷ്ടാവ് ദൃശ്യമായി മാറുന്നില്ല. കാരണം ദൃശ്യം മിഥ്യയാണ്. ദൃക്ക് മാത്രമേയുള്ളൂ. അതാണെല്ലാം. അതാണ് അനന്തസാന്ദ്രവും ഏകവുമായ ബോധം. 
രാമന്‍ ചോദിച്ചു: അനന്തബോധം സ്വയമൊരു ധാരണാവസ്തുവായി അവബോധിച്ചതിന്റെ ഫലമായാണ് ലോകമെന്ന ഈ കാഴ്ച ഉരുത്തിരിഞ്ഞുവന്നത്. എങ്ങിനെയാണ് വസ്തുക്കള്‍ ഉല്‍പ്പന്നമാകുന്നത്?

വസിഷ്ഠന്‍ പറഞ്ഞു: കാരണം ഇല്ലാത്തതിനാല്‍ വസ്തുക്കള്‍ ഉണ്ടാകുന്നതേയില്ല. അതിനാല്‍ ബോധം സര്‍വ്വസ്വതന്ത്രവും വിവരണാതീതവും നിർവചനങ്ങള്‍ക്ക് വഴങ്ങാത്തതുമാണ്.

രാമന്‍ ചോദിച്ചു: അങ്ങിനെയാണെങ്കില്‍ എങ്ങിനെയാണ് അഹങ്കാരാദികള്‍ ഉണ്ടായത്? എങ്ങിനെയാണ് ഒരുവന്‍ ലോകത്തെ അനുഭവിക്കുന്നത്?

വസിഷ്ഠന്‍ പറഞ്ഞു: കാരണമില്ലാത്തതിനാല്‍ ഇതൊന്നും ഒരിക്കലും ഉണ്ടാകുന്നില്ല. എവിടെയാണ് ധാരണയ്ക്ക് നിദാനമായ വസ്തു? സൃഷ്ടിക്കപ്പെട്ടു എന്ന് കരുതപ്പെടുന്ന വസ്തുക്കള്‍ എല്ലാം വെറും ഭ്രമക്കാഴ്ചകള്‍ മാത്രമാണ്. ധാരണാവിഭ്രമങ്ങളാണ്.
 
രാമന്‍ പറഞ്ഞു: ഈ ശുദ്ധബോധത്തില്‍ എങ്ങിനെയാണ് ഭ്രമക്കാഴ്ച്ചകള്‍ ഉണ്ടാവുന്നത്? ശുദ്ധമായ,  ബോധത്തില്‍ ചലനമോ അവബോധമോ ഉണ്ടാവുക വയ്യല്ലോ?

വസിഷ്ഠന്‍ പറഞ്ഞു: “കാരണമൊന്നും ഇല്ലാത്തതിനാല്‍ ഭ്രമക്കാഴ്ചകളും ഉണ്ടാവുക സാദ്ധ്യമല്ല. ഞാനും നീയും എല്ലാമെല്ലാം ഏകവും അദ്വിതീയവുമായ അനന്തപ്രശാന്തത മാത്രമാണ്.

രാമന്‍ പറഞ്ഞു: ഭഗവന്‍, ഞാനാകെ പരിഭ്രമത്തിലാണിപ്പോള്‍. എന്താണിനി ചോദിക്കേണ്ടതെന്ന് എനിക്കറിയില്ല. ഞാന്‍ പൂര്‍ണ്ണമായും പ്രബുദ്ധതയെ പുല്‍കിക്കഴിഞ്ഞുവോ? ഞാന്‍ എന്താണിനി ചോദിക്കുക?

വസിഷ്ഠന്‍ പറഞ്ഞു: ഇതിനൊന്നും കാരണങ്ങള്‍ ഇല്ല എന്നറിഞ്ഞുകൊണ്ട് കാരണങ്ങള്‍ തേടിയുള്ള അന്വേഷണങ്ങള്‍ എല്ലാം അവസാനിപ്പിച്ചാലും.  അങ്ങിനെ നിനക്ക് പ്രശാന്തതയില്‍ അഭിരമിക്കുവാനാകും. അനിര്‍വചനീയമായ സത്തയുടെ നിറവറിയാനാകും.

രാമന്‍ പറഞ്ഞു: കാരണം ഒന്നുമില്ലാത്തതിനാല്‍ സൃഷ്ടിയെന്നൊരു കാര്യം ഉണ്ടായിട്ടേയില്ല എന്നാൽ  ജ്ഞാനവസ്തുവിനെപ്പറ്റിയുമുള്ള സംശയവും ചിന്താക്കുഴപ്പവും ഉണ്ടാവുന്നത് ആര്‍ക്കാണ്.

വസിഷ്ഠന്‍ പറഞ്ഞു:കാരണമില്ലാത്തതിനാലും, അനന്തബോധം എന്നത് എകാത്മകമായതിനാലും ഭ്രമം എന്നത് മിഥ്യയാണ്. നീയാ പ്രശാന്തതയില്‍ ഇനിയും വിരാജിക്കാത്തതിനു കാരണം നീയിക്കാര്യം ധ്യാനിച്ചുറപ്പിക്കാത്തതാണ്. 

രാമന്‍ ചോദിച്ചു:എങ്ങിനെയാണ് ധ്യാനം ഉണ്ടാവുക? എന്താണ് ധ്യാനരഹിതമായ അവസ്ഥ? വീണ്ടും നാം അതേ വലയത്തില്‍ വീഴുന്നു.


വസിഷ്ഠന്‍ പറഞ്ഞു: വാസ്തവത്തില്‍ അനന്തത്തില്‍ വിഭ്രമം ഇല്ലേയില്ല. എന്നാല്‍ ബോധം അനന്തവും അവ്യയവും ആകയാല്‍ ഈ സത്യത്തിനെക്കുറിച്ചുള്ള ധ്യാനം അതില്‍ ആവര്‍ത്തിച്ചുണര്‍ന്നുവരുന്നു.  

684 യോഗവാസിഷ്ഠം നിത്യപാരായണം ദിവസം 684

ഏവം ചേത്തന്മഹാഭാഗോ ജ്ഞപ്തിരേവ ജഗത്ത്രയം
വിശുദ്ധജ്ഞാന ദേഹസ്യ കുതോ മരണജന്മനീ (6.2/190/21)

രാമന്‍ ചോദിച്ചു: ലോകത്തെ ദൈനംദിനം നാം അനുഭവിച്ചുകൊണ്ടിരിക്കുന്നു. പണ്ടും ഇപ്പോഴും ഇനിയും അത് തുടരുകയും ചെയ്യും. അപ്പോള്‍പ്പിന്നെ അതൊരിക്കലും സൃഷ്ടമായിട്ടില്ല എന്നെങ്ങിനെ പറയാന്‍ സാധിക്കും?
വസിഷ്ഠന്‍ പറഞ്ഞു: സ്വപ്നത്തിലെ വസ്തുക്കള്‍, മരീചികയില്‍ കാണപ്പെടുന്ന ജലം, കണ്ണിൽ ദീനമുള്ളവന്‍ കാണുന്ന രണ്ടാം ചന്ദ്രന്‍, ആകാശത്ത് ‘കാണുന്ന’ കോട്ടകള്‍ എന്നിവയെല്ലാം അയാഥാര്‍ത്ഥ്യമാണെങ്കിലും നമ്മുടെ തോന്നല്‍ അവയെല്ലാം സത്യമാണെന്നാണ്. അതുപോലെയാണ് ലോകമെന്ന കാഴ്ചയും. മിഥ്യയാണത്.

രാമന്‍ ചോദിച്ചു: സൃഷ്ടിയുടെ ആരംഭത്തില്‍പ്പോലും ‘ഞാന്‍’, ‘നീ’, മുതലായ ഭാവങ്ങള്‍ ഉണര്‍ന്നുവന്നിട്ടില്ല എന്നെങ്ങിനെ പറയാന്‍ കഴിയും?

വസിഷ്ഠന്‍ പറഞ്ഞു: ഒരു കാരണത്തില്‍ നിന്നുമാണ് ഒരു കാര്യം ഉണ്ടാവുന്നത്. മറിച്ചല്ല സംഭവിക്കുന്നത്. അനുമാനിക്കപ്പെട്ട സൃഷ്ടിയെന്ന പ്രതിഭാസത്തിനു തൊട്ടുമുന്‍പേയുണ്ടായിരുന്ന വിശ്വപ്രളയദശയില്‍ പരമപ്രശാന്തതയായിരുന്നു. അവിടെ സൃഷ്ടിക്കായുള്ള കാരണങ്ങള്‍ ഒന്നും ഉണ്ടായിരുന്നില്ല.

രാമന്‍ ചോദിച്ചു: വിശ്വപ്രളയദശയിലും അജവും ശാശ്വതവുമായ പരമപുരുഷന്‍ ഉണ്ടായിരുന്നു. അപ്പോള്‍പ്പിന്നെ ആ പരമപുരുഷനെ സൃഷ്ടിയുടെ കാരണമായി എന്തുകൊണ്ട് കണക്കാക്കിക്കൂടാ?

വസിഷ്ഠന്‍ പറഞ്ഞു: കാരണത്തില്‍ ഉള്ളതുമാത്രമേ കാര്യത്തിലും സത്യമായുണ്ടാവാന്‍ കഴിയൂ. അസത്തിന്‌ സത്തിന്റെ കാരണമാകാന്‍ കഴിയില്ല. ഒരു തുണിക്കഷണമുണ്ടാക്കാന്‍ ഒരു കുടത്തിനു കഴിയില്ല.

രാമന്‍ പറഞ്ഞു: ഒരുപക്ഷേ, ഈ സൃഷ്ടിസഞ്ചയങ്ങള്‍ പ്രളയദശയില്‍ ബ്രഹ്മം എന്ന അനന്തബോധത്തിലെ ഒരു സൂക്ഷ്മതലത്തില്‍ നിലനില്‍ക്കുന്നുണ്ടാവണം. അടുത്ത സൃഷ്ടിചക്രത്തില്‍ അത് വീണ്ടും പ്രകടമാവുന്നതായിരിക്കും. അല്ലെ?

വസിഷ്ഠന്‍ പറഞ്ഞു: നീയിപ്പറഞ്ഞത്തിന്റെ സത്യം അറിഞ്ഞതായി ആരുണ്ട്‌? അപ്പോള്‍പ്പിന്നെ അത്തരം ഒരനുമാനം- വെറും ഊഹാപോഹം എന്തിനാണ് നാം വച്ചുപുലര്‍ത്തുന്നത്?

രാമന്‍ പറഞ്ഞു: തീര്‍ച്ചയായും സത്യജ്ഞാനികള്‍ ആ അവസ്ഥകളെ അനുഭവിച്ചിട്ടുണ്ട്. ശുദ്ധബുദ്ധമായ അനന്തബോധത്തെ അവരറിയുന്നു. തീര്‍ച്ചയായും ആകാശം അപ്പോള്‍ ഉണ്ടായിരുന്നില്ല. അപ്പോള്‍പ്പിന്നെ സ്തൂലമായ ലോകവും അതിലെ വസ്തുക്കളും നിശ്ശൂന്യതയില്‍ നിന്നും ഉല്‍പ്പന്നമാവുകയില്ല.
 
വസിഷ്ഠന്‍ പറഞ്ഞു: “അങ്ങിനെയാണെങ്കില്‍ മൂന്നു ലോകവും ശുദ്ധബോധമാകുന്നു. ശുദ്ധബോധസ്വരൂപനായി വിരാജിക്കുന്ന ഒരാള്‍ക്ക് ജനന മരണാദികള്‍ ഇല്ല.”

രാമന്‍ ചോദിച്ചു: അങ്ങിനെയാണെങ്കില്‍ പറയൂ എങ്ങിനെയാണ് ഈ ലോകമെന്ന മായക്കാഴ്ച ഉണ്ടായത്?


വസിഷ്ഠന്‍ പറഞ്ഞു: കാര്യ-കാരണങ്ങളുടെ അഭാവത്തില്‍ ഭാവാഭാവങ്ങള്‍ ഇല്ല. ജീവികളും ഇല്ല. അപ്പോള്‍പ്പിന്നെ ‘അറിയപ്പെടാനുള്ള വസ്തുക്കള്‍’ എങ്ങിനെയുണ്ടാകാനാണ്? ആത്മാവ് സ്വയം അതിനെപ്പറ്റി ചിന്തിക്കുകയാണ്, അവബോധിക്കുകയാണ്. അങ്ങിനെ ആത്മാവിന് അതൊരറിയപ്പെടുന്ന വസ്തുവായിത്തീരുന്നു. എന്നാല്‍ ഇതെല്ലാം ബോധം മാത്രമാണ്. മറ്റൊന്നും ആവാന്‍ സാദ്ധ്യമല്ലതാനും.

683 യോഗവാസിഷ്ഠം നിത്യപാരായണം ദിവസം 683

ജ്ഞാനസ്യ ജ്ഞേയതാ നാസ്തി കേവലം ജ്ഞാനമവ്യയം
അവാച്യമിതി ബോധോന്ത: സമ്യഗ്ജ്ഞാനമിതി സ്മൃതം (6.2/190/5)

വസിഷ്ഠന്‍ തുടര്‍ന്നു: ജ്ഞാനം അറിവിനുള്ള വസ്തുവായി മാറുമ്പോള്‍ അത് ബന്ധനമായി.
രാമന്‍ ചോദിച്ചു: എങ്ങിനെയാണ് ജ്ഞാനം എന്നത് അറിവിനുള്ള വസ്തുവാണെന്നുള്ള സുദൃഢമായ തോന്നല്‍ അവസാനിപ്പിക്കുക?
വസിഷ്ഠന്‍ പറഞ്ഞു: പൂര്‍ണ്ണപ്രബുദ്ധതയില്‍ ബുദ്ധിയുടെ മാന്ദ്യം അവസാനിക്കുമല്ലോ. അപ്പോള്‍ മോക്ഷമായി. അത് രൂപരഹിതമാണ്, പ്രശാന്തമാണ്, സത്യമാണ്.

രാമന്‍ പറഞ്ഞു: പൂര്‍ണ്ണപ്രബുദ്ധതയെന്നാല്‍ എന്താണ്? ജീവികളെ എല്ലാവിധ ബന്ധനങ്ങളില്‍ നിന്നും സ്വതന്ത്രമാക്കാന്‍ പര്യാപ്തമായ പരിപൂര്‍ണ്ണ ജ്ഞാനമെന്താണ്?

വസിഷ്ഠന്‍ പറഞ്ഞു: പരമമായ ജ്ഞാനത്തിന് അറിയാനായി ഒരു വസ്തുവില്ല. ജ്ഞാനം സ്വതന്ത്രവും ശാശ്വതവുമാണ്. എല്ലാവിധ നിര്‍വചനങ്ങള്‍ക്കും വിശദീകരണങ്ങള്‍ക്കും അതീതമാണത്. സത്യത്തിന്റെ നേരറിവുണരുന്നതാണ് പരമമായ ജ്ഞാനം.

രാമന്‍ പറഞ്ഞു: ജ്ഞാനത്തിനും അറിവിന്‌ നിദാനമായ വസ്തുവിനും തമ്മില്‍ എന്ത് ഭേദമാണ് ഉള്ളത്? ജ്ഞാനം എന്ന വാക്ക് നാം ഉപയോഗിക്കുമ്പോള്‍ ശരിക്കും എന്താണ് നാം അര്‍ത്ഥമാക്കേണ്ടത്?

വസിഷ്ഠന്‍ പറഞ്ഞു: ജ്ഞാനം എന്നാല്‍ പൂര്‍ണ്ണപ്രബുദ്ധതയാണ്, സാക്ഷാത്ക്കാരമാണ്. അതിനെക്കുറിച്ചുള്ള നിസ്തന്ദ്രധ്യാനമാണ് ജ്ഞാനത്തിലെത്താനുള്ള മാര്‍ഗ്ഗം. വാസ്തവത്തില്‍ ജ്ഞാനത്തിനും ജ്ഞാനവസ്തുവിനും തമ്മില്‍ ഭേദമില്ല.

രാമന്‍ പറഞ്ഞു: അങ്ങിനെയാണ് കാര്യമെങ്കില്‍ ജ്ഞാനത്തിനും ജ്ഞാനവസ്തുവിനും തമ്മില്‍ വിഭ്രമാത്മകമായ അന്തരമുണ്ടാവാനും അത് നമ്മില്‍ രൂഢമൂലമാവാനും കാരണം എന്താണ്?

വസിഷ്ഠന്‍ പറഞ്ഞു: ജ്ഞാനബാഹ്യമായി എന്തോ ഉണ്ടെന്നുള്ള ഭ്രമമാണ് ഈ ഭേദഭാവനയ്ക്ക് കാരണം. ജ്ഞാനത്തിനുമപ്പുറം എന്തോ ഉണ്ടാകുമെന്ന തോന്നല്‍. വാസ്തവത്തില്‍ ജ്ഞാനത്തിനു പുറത്തോ അകത്തോ യാതൊന്നുമില്ല.

രാമന്‍ പറഞ്ഞു: ഞാനും അങ്ങും മറ്റുള്ള ജീവജാലങ്ങളും വൈവിദ്ധ്യമാര്‍ന്ന വസ്തുക്കളുമെല്ലാം നിറഞ്ഞ ഈ ലോകം വളരെ സ്പഷ്ടമായി നാം കാണുന്നുണ്ട്. അപ്പോള്‍പ്പിന്നെ ഇതെല്ലാം മിഥ്യയാണെന്ന് പറയുന്നത് എങ്ങിനെ ന്യായീകരിക്കാനാകും?


വസിഷ്ഠന്‍ പറഞ്ഞു: വിശ്വപ്രപഞ്ചം എന്ന വിരാട്ട് പുരുഷന്‍ (ദൃഷ്ടാവ്) സൃഷ്ടിയുടെ ആരംഭത്തില്‍ ഉണ്ടായിരുന്നില്ല. അപ്പോഴും, ഇപ്പോഴും എല്ലായ്പ്പോഴും  കാണപ്പെടുവാന്‍ യാതൊരു വസ്തുവും ദൃക്കായി ഉണ്ടായിരുന്നിട്ടേയില്ല.

682 യോഗവാസിഷ്ഠം നിത്യപാരായണം ദിവസം 682

അസത്യേ സത്യബുദ്ധ്യൈവ ബദ്ധോ ഭവതി ഭാവനാത്
ബഹുശോ ഭാവയത്യന്തനാര്‍നാത്വമനുധാവതി (6.2/189/13)
വസിഷ്ഠന്‍ തുടര്‍ന്നു: കാകതാലീയ ന്യായത്തില്‍ തികച്ചും ആകസ്മികമായി സൃഷ്ടികര്‍ത്താവായ ബ്രഹ്മാവില്‍ ഉയര്‍ന്നുദിച്ച ആതിവാഹികദേഹം എന്ന സൂക്ഷ്മപ്രപഞ്ചം ബോധത്തിന്റെ സഹജസ്വഭാവംകൊണ്ട് തുടര്‍ന്നും നിലനില്‍ക്കുന്നു. അതുതന്നെയാണീ വിശ്വം.
ദൃഷ്ടാവ്, ദൃശ്യം, ദൃഷ്ടി എന്നീ ത്രിപുടികള്‍ മിഥ്യയാകുന്നു.  അവയെല്ലാം സത്യമെന്ന് കരുതിയാലും അവ ബ്രഹ്മമാകുന്നു. ബ്രഹ്മം മാത്രമാണവ. വിശ്വസൂക്ഷ്മപ്രപഞ്ചം സ്വയമേവ ഉദ്ഭൂതമായി അതുതന്നെ സ്ഥൂലവും ഘരവുമായ വസ്തുക്കളായി പരിണമിച്ചത് അവയെപ്പറ്റി അങ്ങിനെ ചിന്തിക്കാനിടയായത് കൊണ്ടാണ്. നീണ്ടുപോയാല്‍ സ്വപ്നവും സത്യമാണെന്ന തോന്നല്‍ ഉണ്ടാകുമല്ലോ. അങ്ങിനെ ആതിവാഹികദേഹത്തില്‍ വസ്തുപ്രപഞ്ചമെന്നത് യാഥാര്‍ത്ഥ്യഭാവം കൈക്കൊണ്ട്, 'ഞാനിതാണ്’, ‘ഞാനതാണ്’, തുടങ്ങിയ ധാരണകള്‍ ഉടലെടുത്ത്‌ മലകളായും ദിക്കുകളായും വികസ്വരമായി. എന്നാൽ ഇതെല്ലാം വെറും കാഴ്ച്ചയാനെന്നും ദൃശ്യവിഭ്രമമാണെന്നും മറക്കരുത്.
    
ആതിവാഹികദേഹം, അല്ലെങ്കില്‍ സൃഷ്ടികര്‍ത്താവായ ബ്രഹ്മാവ്‌, ഒരു വസ്തുവിനെപ്പറ്റി ചിന്തിച്ചാല്‍ അത് അപ്രകാരം മൂര്‍ത്തീകരിക്കപ്പെടുന്നു. ബോധം സ്വയം ബ്രഹ്മാവായി കണക്കാക്കുന്നു. ‘ഇതെന്റെ ദേഹം’, ‘ഇതെന്റെ ദേഹത്തിനു നിദാനമായിരിക്കുന്നു’, എന്നിങ്ങിനെ ബോധത്തില്‍ സങ്കല്‍പ്പങ്ങള്‍ ഉയരുമ്പോള്‍ ദേഹവും അതിന്റെ ചുറ്റുപാടുകളുമായി ബന്ധമുണ്ടാവുന്നു. ഈ ബന്ധമാണ് നമ്മെ പരിമിതപ്പെടുത്തുന്നത്.

“അസത്തില്‍ സത്തിനെ സങ്കല്‍പ്പിക്കുമ്പോള്‍ ബന്ധനമായി. അങ്ങിനെയുള്ള എണ്ണമറ്റ സങ്കല്‍പ്പങ്ങള്‍ പലവിധത്തില്‍ ഒത്തുചേര്‍ന്നു വൈവിദ്ധ്യതയുണ്ടാക്കുന്നു.”
ആ വ്യക്തി പിന്നീട് ശബ്ദിക്കുന്നു, ഭാവഹാവാദികള്‍ കാണിക്കുന്നു. അയാള്‍ക്ക് അഭികാമ്യമായതിനെ സൂചിപ്പിക്കുന്നു. ഓം.. എന്ന മന്ത്രോച്ചാരണത്തോടെ അയാള്‍ വേദസൂക്തങ്ങള്‍ ഉരുവിടുന്നു. തുടര്‍ന്ന്‍ അയാള്‍ ഇതിന്റെയെല്ലാം  സഹായത്തോടെ നാനാവിധത്തിലുമുള്ള കര്‍മ്മങ്ങളില്‍ വ്യാപൃതനാവുന്നു. അയാള്‍ മനസ്സിന്റെ സഹജഭാവത്തിനനുസരിച്ചു സഞ്ചരിക്കുന്നു. മനസ്സില്‍ എന്തെന്തു ചിന്തിക്കുന്നുവോ അതനുഭവമാകുന്നു.

സ്വയം തന്റെ മനസ്സിന്റെ ഭാവം മനസ്സിലാക്കാന്‍ ഒരുവന് ബുദ്ധിമുട്ടില്ല. കാരണം അവനവനില്‍ നിന്നും ഉണ്ടായതാണല്ലോ അത്. ലോകത്തെ തന്റെയുള്ളില്‍ സങ്കല്‍പ്പിക്കുമ്പോള്‍ അതിനു സുദൃഢഭാവം കൈവരുന്നു. ഈ ഭൌതീകലോകം എന്ന വസ്തുപ്രപഞ്ചം നീണ്ടൊരു സ്വപ്നമാണെന്നും മായാജാലക്കാരന്റെ നിര്‍മ്മിതി മാത്രമാണെന്നും ഉള്ള സത്യത്തെ മറച്ചുകൊണ്ട്‌ ബ്രഹ്മാവെന്ന സൃഷ്ടികര്‍ത്താവിന്റെ സൂക്ഷ്മശരീരമായി ലോകം പ്രോജ്വലിച്ചു കാണപ്പെടുന്നു. ഈ സൃഷ്ടി ഒരിക്കലും ഒരിടത്തും ഉണ്ടായിട്ടേയില്ല. സൂക്ഷ്മ ദേഹം തന്നെയാണ് സ്തൂലമായി കാണപ്പെടുന്നത്. സൂക്ഷ്മഭാവത്തെ ആവര്‍ത്തിച്ചു സങ്കല്‍പ്പിക്കുന്നത് കൊണ്ടാണതിനു സുദൃഢതയുണ്ടാവുന്നത്. അതിന്റെ സ്രോതസ്സ്പോലും മിഥ്യയാണ്.


എല്ലാമെല്ലാം ബ്രഹ്മമാണ് എന്നത് മാത്രമാണുണ്‍മ. ബ്രഹ്മേതരമായി ഇവിടെ യാതൊന്നുമില്ല.  

681 യോഗവാസിഷ്ഠം നിത്യപാരായണം ദിവസം 681

ഏവമത്യന്തവിതതേ സംപന്നേ ദൃശ്യവിഭ്രമേ
ന കിഞ്ചിദപി സമ്പന്നം സര്‍വ്വശൂന്യം തതം യത: (6.2/188/20)
വസിഷ്ഠന്‍ തുടര്‍ന്നു: ‘തുടക്കത്തില്‍’ എന്ന് നാം പറഞ്ഞു തുടങ്ങുന്നത്, അങ്ങിനെയൊരു ആരംഭം, സൃഷ്ടിയുടെ കാര്യത്തില്‍ ഉണ്ടായിരുന്നു എന്നൊരു ധാരണ നല്കാൻ ഇടയാകും. എന്നാൽ ഈ ധാരണ പോലും വെറും പറച്ചിലാണ്. പഠിപ്പിക്കാന്‍ എളുപ്പത്തിനു പറയുന്നതാണത്. സത്യത്തില്‍ യാതൊന്നും ആരംഭിച്ചിട്ടേയില്ല. ബോധത്തില്‍ ബോധവിഭിന്നമല്ലാത്ത ഒരു ധാരണ ബഹ്യവസ്തുക്കളെ അവബോധിക്കാനായി ഉരുത്തിരിയുന്നതാണ് ജീവന്‍. ഈ ആശയസങ്കല്‍പ്പനങ്ങള്‍ക്ക് അനേകം നാമരൂപാദികള്‍ ഉണ്ട്. ബോധത്താല്‍, ബോധത്തിലൂടെ ജീവനുള്ള ഒന്നായി, ജീവന്‍ സംജാതമാവുന്നു.

അത് വസ്തുവിനെപ്പറ്റി ബോധവാനായതിനാല്‍ അതിനു ചിത് എന്ന് പറയുന്നു. ഓരോരോ വസ്തുക്കളെപ്പറ്റിയും ‘ഇത് ഇതാണ്’ എന്ന വിവേചനമതിനുള്ളതിനാല്‍ അതിനെ ബുദ്ധിയെന്നു വിളിക്കുന്നു. അത് ആശയങ്ങളെയും സങ്കല്‍പ്പങ്ങളെയും ചിന്തിക്കുന്നതിനാല്‍ അതിനെ മനസ്സ് എന്ന് വിളിക്കുന്നു.

‘ഇത് ഞാനാകുന്നു’ എന്ന ധാരണയുള്ളതിനാല്‍ അത് അഹംകാരമാണ്. ബോധത്താല്‍ പൂരിതമാകയാല്‍ അത് ചിത്തമാകുന്നു. സുദൃഢമായ ധാരണകളുടെ ശൃംഘലകൾ തീര്‍ക്കുന്നതിനാല്‍ അത് പൂര്യഷ്ടകം ആകുന്നു. പ്രബുദ്ധതയില്‍ എത്തുമ്പോള്‍ എല്ലാ അറിവുകള്‍ക്കും അവസാനമാവുന്നതിനാല്‍ അതിനെ അവിദ്യ അല്ലെങ്കില്‍ അജ്ഞാനം എന്ന് വിളിക്കുന്നു.
ഇപ്പറഞ്ഞ വിവരണങ്ങള്‍ എല്ലാം ആതിവാഹികന്‍ എന്ന സൂക്ഷ്മശരീരം നിലനില്‍ക്കുന്നു എന്ന ധാരണയിലാണ്. ഒരിക്കലും നിലനില്‍ക്കാത്ത ലോകത്തെപ്പറ്റി ഞാന്‍ വിശദമായി വിവരിച്ചു. ആതിവാഹികദേഹം എന്നത് അതിസൂക്ഷ്മമായ നിശ്ശൂന്യതയാണ്. അതൊരിക്കലും ഉദിച്ചുയരുന്നില്ല. അതിനാല്‍ അതിനെ ഇല്ലാതാക്കേണ്ട കാര്യവുമില്ല. 

എങ്കിലും അനന്തബോധം എന്ന ക്ഷേത്രത്തില്‍ എണ്ണമറ്റ ലോകങ്ങള്‍ തുടര്‍ച്ചയായി വിക്ഷേപിക്കപ്പെടുന്നുണ്ട്. മുന്നില്‍ വെച്ചിരിക്കുന്ന വസ്തുവിനെ പ്രതിഫലിപ്പിക്കുന്ന കണ്ണാടിയെന്നപോലെ സൂക്ഷ്മദേഹം ലോകങ്ങളെ പ്രതിഫലിപ്പിച്ചു കൊണ്ടിരിക്കുന്നു. വിശ്വപ്രളയാനന്തരം പരമപുരുഷന്‍ അനന്തബോധത്തിലുയരുന്ന ഈ ആതിവാഹികനെപ്പറ്റി ചിന്തിക്കുന്നു. സൂക്ഷ്മദേഹം സ്വയം ബ്രഹ്മാവിഷ്ണുമഹേശ്വരന്മാരെന്നു ചിന്തിക്കുന്നു. സൂക്ഷ്മദേഹം എന്തെന്തു വസ്തുക്കളുമായും ധാരണകളുമായും തതാത്മ്യഭാവത്തില്‍ വര്‍ത്തിക്കുന്നുവോ അവ പ്രത്യക്ഷമാവുന്നു. 
 
ഈ വൈവിദ്ധ്യമാര്‍ന്ന വസ്തുക്കള്‍ സൃഷ്ടിക്കപ്പെട്ടതായി തോന്നിയാലും ഇതൊരു ദൃശ്യവിഭ്രമം മാത്രമാണ്. കാരണം യാതൊന്നും ഒരിക്കലും സൃഷ്ടമായിട്ടില്ല. എല്ലാമെല്ലാം  നിശ്ശൂന്യതയാണ്. അത് സര്‍വ്വവ്യാപിയുമാണ്‌. ഈ അനാദിയായ ബ്രഹ്മം മാത്രമേ നിലനില്‍ക്കുന്നുള്ളു.

എങ്കിലും സൂക്ഷ്മദേഹം താന്‍ അനുഭവങ്ങളെ ആര്‍ജ്ജിക്കുന്നതായി സങ്കല്‍പ്പിക്കുന്നതിനാല്‍ വൈവിദ്ധ്യതയെന്ന വൈരുദ്ധ്യം പ്രകടമാവുന്നു. ഈ സൂക്ഷ്മമായ ആതിവാഹികദേഹത്തില്‍ സ്ഥൂലദേഹാദികളെപ്പറ്റിയും അതിലെ ഘടകങ്ങളെപ്പറ്റിയുമുള്ള ധാരണകളും ജനനം, കര്‍മ്മം, കാലം, ആകാശം, ക്രമം, വാര്‍ദ്ധക്യം, മരണം, പാപപുണ്യങ്ങള്‍, ജ്ഞാനം തുടങ്ങിയ ആശയങ്ങളും ഉയര്‍ന്നു പൊങ്ങുന്നു. ഈ സങ്കല്‍പ്പനങ്ങള്‍ സമാഹരിച്ചതിനുശേഷം ഈ സൂക്ഷ്മശരീരം പഞ്ചഭൂതങ്ങളാല്‍ നിര്‍മ്മിതമായ വിശ്വത്തെ യഥാര്‍ത്ഥമെന്നോണം അനുഭവിക്കുന്നു. എന്നാല്‍ ഇതെല്ലാം വിഭ്രമാത്മകമാണ്. സ്വപ്നവസ്തുക്കളും സ്വപ്നാനുഭവങ്ങളുമാണവ. 

Dec 15, 2014

680 യോഗവാസിഷ്ഠം നിത്യപാരായണം ദിവസം 680

യഥാവയവിനോ നാന്ത: സദൈവാവയ വാണവ:
നാസ്തം യാന്തി ന ചോദ്യന്തി ജഗന്ത്യാത്മപദേ തഥാ (6.2/187/33)
വസിഷ്ഠന്‍ തുടര്‍ന്നു: അനന്തവിഹായസ്സില്‍ ശബ്ദത്തിന്റെ മൂലഘടകം വിത്തില്‍ മുളയെന്നതുപോലെ ഒളിഞ്ഞിരിക്കുന്നു. എന്നാല്‍ ഇതില്‍ നിന്നും മൂഢന്മാര്‍ സൃഷ്ടിയെക്കുറിച്ചുള്ള കഥകള്‍ മെനഞ്ഞെടുത്തു മറ്റു മൂഢന്മാരെ നേരമ്പോക്കിനായി പറ്റിക്കുകയാണ്. യാതൊന്നും ഉണ്ടാവുന്നില്ല. യാതൊന്നും ഇല്ലാതെയാവുന്നുമില്ല. എന്താണോ നിജമായുള്ളത് അത് പരമപ്രശാന്തിയോടെ പാറയുടെ മദ്ധ്യഭാഗമെന്നപോലെ സുദൃഢമായി നിലകൊള്ളുന്നു.
“അവയവങ്ങള്‍ ഉള്ള ഒരു ജീവിയുടെ കോശങ്ങളും അതിലെ അണുക്കളും അനുനിമിഷം പുനര്‍നിര്‍മ്മിക്കപ്പെട്ടുകൊണ്ടിരിക്കുന്നു. അതുപോലെ ഈ വിശ്വത്തിലെ നിലനില്‍പ്പിനും പുനര്‍നിര്‍മ്മിതിയ്ക്കും അന്തമില്ല.”

അനന്തമായ അവബോധം സ്വന്തം സത്തയുടെ ഒരു ഭാഗത്തെപ്പറ്റി  അവബോധിച്ചതിന്റെ ഫലമായി അവബോധം ഉണ്ടായി. ഇതേത്തുടര്‍ന്ന് ബന്ധം എന്ന ധാരണ, ലോകം, ഇവയ്ക്കനുസൃതമായ വിഷയങ്ങള്‍ എന്നിവയും ഉണ്ടായി. അവബോധത്തിന് നിരീക്ഷിക്കാനും നിരീക്ഷിച്ചതിനെ പരീക്ഷിക്കാനുമുള്ള കഴിവുള്ളതിനാല്‍ അത് ബോധമായി പരിഗണിക്കപ്പെട്ടു. ഈ ബോധഘനത്തില്‍ നിന്നും ജീവനും മറ്റുള്ളവകളും ഉല്‍പ്പന്നമായി. ഈ അവസരത്തിലും അതില്‍ വ്യക്തിത്വം ആവീര്‍ഭവിച്ചിരുന്നില്ല. കാരണം അപ്പോള്‍ അവിദ്യയുണ്ടായിരുന്നില്ലല്ലോ. അവിദ്യയുടെ ആവീര്‍ഭാവത്തോടെ അത് സംസാരത്തിലേയ്ക്ക് ഉന്മുഖമാവുന്നു. അതില്‍ ഇനിയും ജനിച്ചിട്ടില്ലാത്ത മൂലഘടകങ്ങള്‍ നിറഞ്ഞിരിക്കുന്നു.

ഈയവസരത്തില്‍ അഹംഭാവം അല്ലെങ്കില്‍ വ്യക്തിത്വഭാവം കാലഗണനയോടുകൂടി സംജാതമാവുന്നു. ഈ ലോകത്തിന്റെ നിലനില്പ്പിനെപ്പറ്റിപ്പറയുമ്പോള്‍ സുപ്രധാനമായ ഒരു വഴിത്തിരിവാണിത്. ബോധം തന്നെയാണ് വ്യക്തിത്വഭാവം ആര്‍ജ്ജിച്ചത്. അതില്‍ ആകാശം എന്ന മൂലഘടകത്തെപ്പറ്റിയുള്ള ഭാവന ഉയര്‍ന്നു. കൂട്ടത്തില്‍ വാക്കും (നാമം) വാക്കിലെ ആശയവും (വസ്തു) എന്ന ഭാവനയും സംജാതമായി. ഇതില്‍ നിന്നാണ് മറ്റു ഘടകങ്ങളും പതിനാലു ലോകങ്ങളും ഉദിച്ചുയര്‍ന്നത്. 

ഇതുകഴിഞ്ഞ് ബോധത്തില്‍ സ്പന്ദനം എന്ന സങ്കല്‍പ്പം ഉദിക്കുന്നു. ഈ സ്പന്ദനം വായുവും അതിന്റെ പ്രവര്‍ത്തനങ്ങളുമാണ്. സ്പര്‍ശം, ജീവജാലങ്ങളുടെ പ്രാണന്‍ എന്നിവയാണാ പ്രവര്‍ത്തനങ്ങള്‍. അതുപോലെ ബോധത്തില്‍ ജ്വലിക്കുന്ന പ്രകാശമാണ് എല്ലാ ജീവജലങ്ങള്‍ക്കും ആകൃതിയും നിയതമായ രൂപവും നല്‍കുന്നത്. കാണുക എന്ന അനുഭവം പ്രകാശമാണ്. 

സ്പര്‍ശനാനുഭവം, സ്പര്‍ശനേന്ദ്രിയവും, കേള്‍വിയനുഭവം ശ്രോത്രിന്ദ്രിയവുമാകുന്നു. അതുപോലെയാണ് സ്വാദിനും മണത്തിനുമുള്ള മൂലഘടകങ്ങള്‍ ഉണ്ടാവുന്നത്.
സ്വതന്ത്രമായ വസ്തുക്കളെന്നനിലയ്ക്ക് അയഥാര്‍ത്ഥമാണെങ്കിലും അവയെല്ലാം ചേര്‍ന്ന് ഒരു സ്വപ്നത്തിലെന്നവണ്ണം യാഥാര്‍ത്ഥ്യഭാവം കൈക്കൊള്ളുകയാണ്. ഇവയെല്ലാം പിന്നീട് പലവിധത്തിലുള്ള സംഘാതവിശേഷങ്ങളായി സ്ഥൂലഭാവങ്ങളും രൂപങ്ങളും കൈകൊള്ളുന്നു. അവയെല്ലാം അനന്തബോധത്തില്‍ ഉരുത്തിരിയുന്ന ആശയങ്ങളുടെ മൂര്‍ത്തീകരണം മാത്രമാകുന്നു. ഒന്നും സത്യമല്ല.

രൂപങ്ങളെ കാണുന്നത് കണ്ണുകള്‍, ശബ്ദങ്ങളെ കേള്‍ക്കുന്നത് ചെവി, സ്പര്‍ശനത്തെ അറിയുന്നത് ചര്‍മ്മം, സ്വാദറിയുന്നത് രസന, മണമറിയുന്നത് ഘ്രാണേന്ദ്രിയം. ഇവയെല്ലാം ബാഹ്യാവയവങ്ങള്‍ ആണെന്ന് തോന്നിയാലും അവയ്ക്ക് പിറകിലെ അന്തെരേന്ദ്രിയങ്ങളാണവയെ പ്രവര്‍ത്തനക്ഷമമാക്കുന്നത്.


ജീവൻ കാലദേശപരിമിതികളില്‍പ്പെട്ടു വലയുന്നതിനാൽ വിശ്വനിയതിയില്‍, പ്രകൃതിനിയമത്തിന്റെ പരിധിയില്‍ ഇരുന്നുകൊണ്ട് അതിന് എല്ലാമെല്ലാം അനുഭവിക്കാന്‍ കഴിയാതെ വരുന്നു. 

679 യോഗവാസിഷ്ഠം നിത്യപാരായണം ദിവസം 679

സര്‍ഗോയമിതി തദ്ബുദ്ധം ക്ഷണം യത്കചനം ചിത:
കല്പോയമിതി തദ്ബുദ്ധം ക്ഷണം തത്കചനം ചിത: (6.2/187/10)
രാമന്‍ പറഞ്ഞു: ഈ ലോകമെന്ന കാഴ്ചയില്‍ അതിന്റെ അമ്പരപ്പിക്കുന്ന വൈവിദ്ധ്യതയില്‍ എങ്ങിനെയാണ് ലോകനീതി അല്ലെങ്കില്‍ നിയതി നടപ്പിലാവുന്നത്? എങ്ങിനെയാണ് ബഹിരാകാശത്തിലെ ഗ്രഹങ്ങളുടെ സൂര്യന്മാര്‍ക്ക് ഇത്ര താപഗരിമയുണ്ടായത്? വര്‍ഷത്തിലെ ചിലദിനങ്ങള്‍ നീണ്ടും മറ്റുചില ദിനങ്ങള്‍ ചുരുങ്ങിയും ആവാന്‍ കാരണമെന്ത്?

വസിഷ്ഠന്‍ പറഞ്ഞു: അനന്തബോധത്തില്‍ അല്ലെങ്കില്‍ പരംപൊരുളില്‍ ലോകക്രമം ഉണ്ടായത് വെറുമൊരാകസ്മികതയാണെന്നേ പറയാവൂ. 'കാക്കയും പനമ്പഴവും' എന്ന ഉപമ നേരത്തേ പറഞ്ഞിട്ടുള്ളതാണല്ലോ. അതെങ്ങിനെയാണോ സംജാതമായത് അതങ്ങിനെതന്നെ വിശ്വമായി. ബോധത്തില്‍ സഹജമായ വിശ്വവ്യാപകത്വം ഹേതുവായി വിശ്വനിയതിയില്‍ ബുദ്ധിയും ഉള്ളതായി കാണുന്നു.

ബോധത്തിലെ നൈമിഷികമായ ചലനം ഉണ്ടാവുമ്പോള്‍ ‘ഇത് സൃഷ്ടിയാകുന്നു’, എന്ന തിരിച്ചറിവുണ്ടാകുന്നു. ബോധത്തിലെ ചൈതന്യത്തിന് ചലനമുണ്ടാവുമ്പോള്‍ ‘ഇതൊരു യുഗം’ എന്നറിയപ്പെടുന്നു.  

അതുപോലെ, ബോധചൈതന്യത്തില്‍ ഉണ്ടാവുന്ന ചലനം തന്നെയാണ് കാലമായും ആകാശമായും വസ്തുക്കളായും എല്ലാം അറിയപ്പെടുന്നത്. ഇവയുടെയെല്ലാം രൂപങ്ങള്‍, ദൃശ്യങ്ങള്‍, ചിന്തകള്‍ എന്നിവയും നിരാകാരമായ ബോധത്തിലെ ചൈതന്യചലനങ്ങള്‍ തന്നെയാണ്.
  
ഇങ്ങിനെ ഉരുത്തിരിഞ്ഞുണ്ടാവുന്ന വസ്തുവിന്റെ സ്വഭാവമാണ് ലോകത്തില്‍ പ്രകൃതി നിയമമായിത്തീരുന്നത്. വാസ്തവത്തില്‍ ഒരു നിമിഷവും ഒരു യുഗവും അനന്തബോധത്തില്‍ സമാനമാണ്. അവ ചൈതന്യസ്പന്ദനങ്ങളാണ്. രണ്ടും സ്വാഭാവികമായി ബോധത്തില്‍ ഉല്‍പ്പന്നമാകുന്നവയാണ്. ലോകക്രമമാണ്.

ഇങ്ങിനെ ബോധത്തില്‍ എണ്ണമറ്റ വസ്തുക്കള്‍ അതാതിന്റെ സ്വഭാവ സവിശേഷതകളോടെ ഉല്‍പ്പന്നമായി. അങ്ങിനെതന്നെയാണ് പഞ്ചഭൂതങ്ങളും സൂര്യനും ഉണ്ടായത്. ഭൂമിയ്ക്ക് ദൃഢതയും ഉറപ്പും ജീവികളെ താങ്ങാനുള്ള കഴിവും ഉണ്ടായി. ഇങ്ങിനെയുണ്ടായവയുടെ സ്വഭാവങ്ങള്‍ ലോകത്തില്‍ പ്രകൃതി നിയമമായി, നിയതിയായി.


നക്ഷത്രാങ്കിതമായ ഭൂഗോളം ചുറ്റിക്കറങ്ങുന്നത് ബോധത്തില്‍ ചൈതന്യസ്പന്ദനം സങ്കല്‍പ്പനം ചെയ്യുമ്പോഴാണ്. ആ നക്ഷത്രങ്ങളില്‍ ചിലതിനു തിളക്കമേറും. ചിലത് മങ്ങിയും, ചിലതിനു തിളക്കമേയില്ലാതെയുമിരിക്കുന്നു. ഈ ലോകമെന്ന കാഴ്ചയില്‍ വൈവിദ്ധ്യമാര്‍ന്ന വസ്തുക്കള്‍ക്ക് വൈവിദ്ധ്യമാര്‍ന്ന സ്വഭാവ സവിശേഷതകള്‍ ഉണ്ട്. വാസ്തവത്തില്‍ അവയെ സൃഷ്ടിച്ചിരിക്കുന്നത് വസ്തുക്കളായല്ല. അവയായി കാണപ്പെടുന്നത് അനന്തബോധം തന്നെയാണ്. അവയ്ക്ക് അസ്തിത്വമുണ്ടെന്നു തോന്നുന്നിടത്തോളം അവ നിലനില്‍ക്കുന്നു. നിലനില്‍ക്കുന്നിടത്തോളം അവ നിലനില്‍ക്കുന്നരീതിയ്ക്ക് പ്രകൃതിനിയമം അല്ലെങ്കില്‍ നിയതി എന്ന് പറയുന്നു. 

678 യോഗവാസിഷ്ഠം നിത്യപാരായണം ദിവസം 678

ശിലാനൃത്തം യഥാ സത്യം സങ്കല്‍പ നഗരേ തഥാ
ജഗത്സങ്കല്‍പ്പനഗരേ സത്യം ബ്രഹ്മണ ഈപ്സ്തിതം (6.2/186/72)
വസിഷ്ഠന്‍ തുടര്‍ന്നു: നിസ്തന്ദ്രമായ വിചാരവും അന്വേഷണവും കൊണ്ടോ, ജന്മനാ ഉള്ള നൈര്‍മ്മല്യം മൂലമോ സമതാഭാവം ഉള്ളതുകൊണ്ടോ മറ്റോ കാലക്രമത്തില്‍  വിവേകിയായ ഒരുവനില്‍ പൂര്‍ണ്ണജ്ഞാനം അങ്കുരിക്കുന്നു. അപ്പോള്‍ അയാള്‍ക്ക് എല്ലാം സ്പഷ്ടമായി അറിയാനാകുന്നു. അങ്ങിനെയുള്ള  ജ്ഞാനിയില്‍ ഉണര്‍വ്വിന്റെ നിറവിലിരിക്കുന്ന മേധാശക്തി അനന്തബോധമെന്ന സഹജഭാവത്തിലാവുന്നു. അവിടെ ദ്വന്ദതയില്ല.   
അനന്തബോധത്തിനു ദേഹമില്ല. അതിനെ മറയ്ക്കാന്‍ മൂടുപടങ്ങളുമില്ല. അവബോധമെന്ന പ്രഭാവം മാത്രമേ അതിനുള്ളൂ. അതാണ്‌ എല്ലാറ്റിനെയും പ്രോജ്വലത്താക്കുന്നത്. അവബോധത്തിലൂടെയാണ്, അതിലുയര്‍ന്നു വരുന്ന ധാരണാ സങ്കല്പ്പങ്ങളിലൂടെ ബോധം എല്ലാറ്റിനെയും അറിയുന്നത്.

മഹത്തായ ഈ ലോകം അനന്തബോധത്തിലെ സങ്കല്‍പനിര്‍മ്മിതിയാണ്‌. അതുപോലെ ആത്മാവിനും വൈവിദ്ധ്യമാര്‍ന്ന സങ്കല്പ്പനങ്ങളിലൂടെ കടന്നുപോകാനും ആ സങ്കല്‍പ്പങ്ങളെ മൂര്‍ത്തീകരിക്കാനും അവയെ അനുഭവിക്കാനും കഴിയുന്നു. വരങ്ങളും ശാപങ്ങളും ബോധത്തിലുയരുന്ന സങ്കല്‍പ്പധാരണകളായി വരുന്നവയാണ്. അവ ബോധവിഭിന്നമല്ല.

എന്നാല്‍ അജ്ഞാനത്തിന്റെ ആവരണം നീങ്ങിയില്ലെങ്കില്‍ ദ്വന്ദതയെന്ന ധാരണയുള്ളിടത്തോളം, നാനാത്വഭാവം നിലനില്‍ക്കുന്നിടത്തോളം കാലം  അങ്ങിനെയുള്ള ഒരാള്‍ നല്‍കുന്ന വരം ഫലവത്താവുകയില്ല.
 
രാമന്‍ ചോദിച്ചു: എങ്ങിനെയാണ് ധര്‍മ്മിഷ്ഠനെങ്കിലും പ്രബുദ്ധതയില്‍ എത്താത്ത ഒരാള്‍ മറ്റൊരാള്‍ക്ക് വരദാനം ചെയ്യുന്നത്?

വസിഷ്ഠന്‍ തുടര്‍ന്നു: സൃഷ്ടിയുടെ ആരംഭത്തില്‍ ബ്രഹ്മാവ്‌ തുടങ്ങിവച്ച കാര്യങ്ങള്‍ ഇപ്പോഴും തുടരുന്നു. ബ്രഹ്മാവ്‌ അനന്തബോധമെന്ന പരബ്രഹ്മത്തില്‍ നിന്നും വിഭിന്നമല്ല എന്നറിയുക. ആ ബ്രഹ്മാവ്‌ തന്റെ സങ്കല്‍പ്പശക്തിയാലാണ്  ധര്‍മ്മത്തിന്റെ ക്രമം നിര്‍ണ്ണയിച്ചതും ദയ, തപസ്സ്, സദ്‌ഗുണങ്ങള്‍, വേദങ്ങള്‍, മറ്റു ശാസ്ത്രങ്ങള്‍, പഞ്ചഭൂതങ്ങള്‍, എന്നിവയെല്ലാം  ഉണ്ടാക്കിയതും. 

മാമുനിമാരും  വേദവിശാരദരായ മഹത്തുക്കളും നല്‍കുന്ന അനുഗ്രഹങ്ങളും വരങ്ങളും സത്യമാകാനുള്ള നടപടിക്രമങ്ങളും ബ്രഹ്മസങ്കല്‍പമത്രേ.

എല്ലാ വസ്തുക്കളുടെയും ക്രമാനുഗത വികാസം നിര്‍ണ്ണയിച്ചത് ബ്രഹ്മാവാണ്. നാം സ്വപ്നം കാണുമ്പോള്‍ സ്വയം സ്വപ്നവസ്തുവാകുന്നതുപോലെ അനന്തബോധം സത്യവും ചൈതന്യവത്തും ആണെങ്കിലും അസത്തായ ഒരു വിശ്വത്തെ സങ്കല്‍പ്പിച്ചു നിര്‍മ്മിക്കുന്നു. അതില്‍ സചേതനവും അചേതനവുമായ വസ്തുക്കള്‍ ഉണ്ട്. ഈ മിഥ്യാലോകം ആവര്‍ത്തിച്ചു കണ്ടുകണ്ട് അതിനൊരു സത്യഭാവം കൈവരികയാണ്‌.

“ഒരാള്‍ ദിവാസ്വപ്നത്തില്‍ മുഴുകിയിരിക്കുമ്പോള്‍ കല്‍പ്രതിമകള്‍ ജീവനുള്ള നര്‍ത്തകികളെന്ന പോലെ നൃത്തം ചെയ്യുന്നതു കണ്ടെന്നിരിക്കും. അതുപോലെ ഈ ലോകമെന്ന കാഴ്ച ബ്രഹ്മത്തില്‍ കാണപ്പെടുമ്പോള്‍ യാഥാര്‍ത്ഥ്യഭാവം കൈക്കൊള്ളുകയാണ്‌.”
 
ദൃഷ്ടാവും ദൃശ്യവും രണ്ടല്ല. ബോധം സ്വയം ബോധമാണെന്ന ബോധത്തിലാണിരിക്കുന്നത്. അതിനാല്‍ ബോധം എന്ത് കാണുന്നുവോ അത് കാണാകുന്നു.

ഞാന്‍ അനന്തബോധമായ ബ്രഹ്മമാകുന്നു, വിശ്വപുരുഷനാകുന്നു. എന്റെ  ദേഹമാണ് ലോകം. ബ്രഹ്മാവും ലോകവും വിഭിന്നമല്ല.

ചൈതന്യമുള്ള ജീവികള്‍ ചിലപ്പോള്‍ ചൈതന്യഹീനമായ അവസ്ഥയില്‍ ആവുന്നതുപോലെ പരമപുരുഷനാകുന്ന അനന്തബോധം സ്വയം ജഡസമാനമായ ലോകമായി കാണപ്പെടുന്നു.

സ്വപ്നത്തില്‍ പ്രകാശവും സുഷുപ്തിയില്‍ അന്ധകാരവും ഉള്ളതായി പറയാം. എന്നാല്‍ രണ്ടും നിദ്രയിലെ അവസ്ഥകള്‍ തന്നെയാണ്. അതുപോലെ പ്രകാശാന്ധകാരങ്ങള്‍ അനന്തബോധത്തില്‍ നിലനില്‍ക്കുന്നതായി തോന്നുന്നു.