Jun 25, 2014

570 യോഗവാസിഷ്ഠം നിത്യപാരായണം ദിവസം 570

ഗതം സ്വഭാവം ചിദ്വ്യോമ യഥാ ത്വം രാമ നിദ്രയാ
ജാഗ്രദ്വാ സ്വപ്നലോകം വാ വിശാന്‍വേത്സി സമം ഘനം (6.2/87/10)

വസിഷ്ഠന്‍ തുടര്‍ന്നു: അങ്ങിനെ അനന്തബോധത്തില്‍ ധ്യാനനിരതനായിരിക്കെ ഇപ്പറഞ്ഞ സൃഷ്ടിജാലങ്ങളെല്ലാം എന്റെയുള്ളില്‍ത്തന്നെ, ഈ ദേഹത്തില്‍ ഞാനിരിക്കെ ഉണ്ടായതാണെന്ന് എനിക്കറിയാന്‍ കഴിഞ്ഞു. വിത്തിനുള്ളില്‍ വൃക്ഷം അടങ്ങിയിരിക്കുന്നുണ്ടല്ലോ.
ഒരുവന്‍ ഉറങ്ങാനായി കണ്ണടയ്ക്കുമ്പോള്‍ അവന്‍ പ്രവേശിക്കുന്ന അന്തര്‍ലോകം അവന്റെ തന്നെ ഉള്‍ക്കാഴ്ചയാണ്. അതുപോലെ അവന്‍ ഉണരുമ്പോള്‍ ആ കാഴ്ച ജാഗ്രദ് ലോകത്തിലേയ്ക്ക് ഉന്മുഖമാവുന്നു. സൃഷ്ടിയെ ഒരുവന്‍ അനുഭവിക്കുന്നത് സ്വയം അവന്റെ ഹൃദയത്തില്‍ ആ സൃഷ്ടിയ്ക്കുള്ളില്‍ പ്രവേശിക്കുമ്പോഴാണ്.
ശുദ്ധാകാശത്തില്‍ സൃഷ്ടിയുടെയാ പ്രകടനം ദര്‍ശിച്ചശേഷം സൃഷ്ടിയുടെ വിവിധഭാവങ്ങളെ കാണാനുള്ള ആകാംക്ഷയോടെ ഞാന്‍ എന്റെയുള്ളിലെ മറ്റു ഭാഗങ്ങളിലേയ്ക്ക് നോക്കി. അങ്ങിനെ എന്നിലെ ആന്തരപ്രഭ ആ ‘നവീനമായ’ ആകാശങ്ങളെയും അനുഭവിച്ചു. 
“അല്ലയോ രാമാ നിദ്രയിലാകട്ടെ, ജാഗ്രദിലാകട്ടെ, നീ നിന്റെ ആത്മബോധത്തിലെയ്ക്ക് പ്രവേശിക്കുകയാണെങ്കില്‍ അതും ഘനസാന്ദ്രമായ ബോധം തന്നെയാണെന്ന് നിനക്കറിയാനാകും.”

ഈ നിര്‍മ്മലബോധം മാത്രമേ ഉള്ളു എന്നതാണല്ലോ പ്രഥമസത്യം. അതിലാണ് ‘ഞാന്‍’ ഉണര്‍ന്നുയര്‍ന്നു വന്നത്. അതിന്റെ സാന്ദ്രീകരണമാണ് ബുദ്ധി. ഈ ബുദ്ധിയുടെ സാന്ദ്രീകരണം മനസ്സ്. ശുദ്ധമായ ശബ്ദഭൂതത്തെയും മറ്റ് മൂലഭൂതങ്ങളെയും അറിയുന്നത് തന്മാത്രകള്‍. അവയുടെ അനുഭവങ്ങളില്‍ നിന്നും ഇന്ദ്രിയങ്ങള്‍ ഉണ്ടാവുന്നു.

ചിലര്‍ പറയുന്നത് സൃഷ്ടിയ്ക്ക് ഒരു ക്രമാനുഗതസ്വഭാവമാണുള്ളതെന്നാണ്. മറ്റുള്ളവര്‍ പറയുന്നത് സൃഷ്ടിയ്ക്ക് നിയതമായ യാതൊരു ക്രമവുമില്ലെന്നാണ്. എന്തായാലും അനന്തബോധത്തിലെ അതാത് പ്രഥമധാരണകളാല്‍ ഉരുത്തിരിഞ്ഞു സൃഷ്ടമായ വസ്തുക്കളുടെയോ ജീവജാലങ്ങളുടെയോ സ്വഭാവത്തെ മാറ്റിമറിക്കുക അസാദ്ധ്യമത്രേ.

സൃഷ്ടികളെ വീക്ഷിച്ചുകൊണ്ടിരിക്കെ സ്വയം അണുമാത്രരൂപിയായിമാറി, ഞാനൊരു പ്രഭാകിരണമായതായി ഞാനറിഞ്ഞു. അതിനെപ്പറ്റി ധ്യാനിക്കെ, ഞാന്‍ വീണ്ടും സ്ഥൂലരൂപമാര്‍ജ്ജിക്കുകയും അതില്‍ ഇന്ദ്രിയാനുഭവസാദ്ധ്യതകള്‍ നാമ്പിടുകയും ചെയ്തു. എനിക്ക് ‘കാഴ്ച’യുണ്ടായി. അതിനുള്ള ഇന്ദ്രിയം കണ്ണുകളായി. ഞാന്‍ കണ്ടത് ദൃശ്യമായി. ഈ അനുഭവം ദൃശ്യാനുഭവമായി. എപ്പോഴാണ് ആ ദര്‍ശനം ഉണ്ടായത് എന്ന തോന്നല്‍ കാലമെന്ന ധാരണയെ എന്നില്‍ അങ്കുരിപ്പിച്ചു. എങ്ങിനെയാണ് ആ കാഴ്ച എനിക്കുമുന്നില്‍ വിക്ഷേപമായത് എന്ന ചിന്ത അതിനൊരു ക്രമമുണ്ടാക്കി. എവിടെയൊക്കെയാണോ ആ കാഴ്ചകളെ ഞാന്‍ കണ്ടത് ആ ഇടങ്ങള്‍ ആകാശമായി.

ഈ ധാരണകള്‍ സുദൃഢതയാര്‍ന്ന് സൃഷ്ടിക്രമമായി. ബോധം തന്റെ കണ്ണ് തുറന്ന്  സ്വയം തന്റെ പ്രാഭവങ്ങളെപ്പറ്റി അവബോധിക്കവേ ശുദ്ധതന്മാത്രകള്‍ ഉണ്ടായി. പിന്നീട് അവയ്ക്ക് ചേര്‍ന്ന ഇന്ദ്രിയങ്ങളും സംജാതമായി. എന്നാല്‍ ഇവയെല്ലാം വാസ്തവത്തില്‍ ശുദ്ധാകാശം ഭാവസാന്ദ്രമായതുമാത്രമാണ്.

അതുപോലെ ‘ഞാന്‍ എന്തെങ്കിലും കേള്‍ക്കട്ടെ’ എന്ന് ഞാന്‍ ചിന്തിക്കവേ, ശബ്ദമുണ്ടാവുകയും എന്നില്‍ ശ്രോത്രിന്ദ്രിയം സംജാതമാവുകയും ചെയ്തു. പിന്നീട്, സ്പര്‍ശനം, ഘ്രാണനം, രസം, എന്നിവയും അതാതിന് ഉചിതമായ ഇന്ദ്രിയ സംഘാതങ്ങളും ഉണ്ടാവുകയായി. വാസ്തവത്തില്‍ ഇവയെല്ലാം എന്നിലുണ്ടായി എന്ന് പറയുമ്പോഴും ഉണ്മയില്‍ ഒന്നുമൊന്നും സംഭവിച്ചിട്ടില്ല എന്നതാണ് സത്യം

No comments:

Post a Comment

Note: Only a member of this blog may post a comment.