Jun 22, 2014

552 യോഗവാസിഷ്ഠം നിത്യപാരായണം ദിവസം 552

അഥാകൃഷ്ടവതി പ്രാണാന്‍സ്വയംഭുവി നഭോഭുവ:
വിരാഡാത്മനി തത്യാജ വാതസ്കന്ധസ്ഥിതി: സ്ഥിതം  (6.2/72/1)

വസിഷ്ഠന്‍ തുടര്‍ന്നു: “സൃഷ്ടാവായ ബ്രഹ്മാവ്‌ തന്റെ പ്രാണനെ (ജീവശക്തിയെ) പിന്‍വലിച്ചപ്പോള്‍ ആകാശത്തില്‍ നിറഞ്ഞും ചലിച്ചും നിലകൊണ്ടിരുന്ന വായു അതിന്റെ സഹജഭാവമായ ചലനം നിര്‍ത്തിവയ്ച്ചു.”

മറ്റെന്തിനാണ് ജീവജാലങ്ങളെ പരിപാലിക്കാന്‍  കഴിയുക? ആകാശത്തിലെ വസ്തുക്കളെ അതാതിടങ്ങളില്‍ നിലനിര്‍ത്തിയിരുന്ന ചാലകവും അചാലകവുമായ എല്ലാ ശക്തിയും പിന്‍ലിക്കപ്പെട്ടതോടെ മരക്കൊമ്പുകളില്‍ നിന്നും പൂക്കള്‍ എന്നപോലെ നക്ഷത്രങ്ങള്‍ അവയുടെ ഭ്രമണപഥത്തില്‍ നിന്നും അടര്‍ന്നു വീഴാന്‍ തുടങ്ങി.

ജീവശക്തി പോയതോടെ കാലദേശനിബന്ധനകളുടെ കെട്ടുപാടുകള്‍ ഇല്ലാതായതിനാല്‍ ബഹിരാകാശങ്ങളില്‍ അതത് മണ്ഡലങ്ങളില്‍ വിഹരിച്ചിരുന്ന ഉപഗ്രഹങ്ങള്‍ ഛിന്നഭിന്നമായി. സിദ്ധന്മാരുടെയും പ്രബുദ്ധന്മാരുടെയും പാതകള്‍ പോലും തുടച്ചുനീക്കപ്പെട്ടു. പഞ്ഞിക്കെട്ടുപോലെ സിദ്ധന്മാര്‍ ആകാശത്തു ചിതറിവീണു. ദേവരാജാവായ ഇന്ദ്രന്‍ പോലും പരിവാരങ്ങളടക്കം ചിതറിത്തെറിച്ചു.

രാമന്‍ ചോദിച്ചു: മഹര്‍ഷേ, ബോധം നിര്‍മ്മലമാണ്. വിശ്വപുരുഷന്‍ എന്നത് കേവലം സങ്കല്‍പ്പം മാത്രവും. അപ്പോള്‍പ്പിന്നെ ഈ ഭാവനാസന്തതിയായ വിശ്വപുരുഷനില്‍ അവയവങ്ങളായി സ്വര്‍ഗ്ഗനരകാദികളും ഭൂമിയും എങ്ങിനെ സംജാതമായി?
    
വസിഷ്ഠന്‍ തുടര്‍ന്നു: ആദ്യമാദ്യം ശുദ്ധമായ ബോധം മാത്രമേ ഉണ്ടായിരുന്നുള്ളൂ. അതിന് അസ്ഥിത്വം ഉണ്ടെന്നോ ഇല്ലെന്നോ നിര്‍വചിക്കാന്‍ ആവാത്ത അവസ്ഥയായിരുന്നു. അതിനുള്ളില്‍ സ്വയം അത് അതിനെത്തന്നെ അറിയാനുള്ള ഒരു വസ്തുവായി തിരിച്ചറിഞ്ഞു. വിഷയി (ദൃഷ്ടാവ്) എന്ന സഹജമായ അവസ്ഥയില്‍ നിന്നും വിട്ടുമാറാതെതന്നെ അത് സ്വയം വിഷയമായി (ദൃക്ക്). അതാണ് മനസ്സ് മുതലായവയ്ക്ക് നിദാനമായ ജീവന്‍. എന്നാലും ഇവയൊന്നും ബോധത്തില്‍ നിന്നും ഭിന്നമല്ല എന്നറിയുക.

ശുദ്ധബോധം തന്നെയായ മനസ്സ് ‘ഞാന്‍ ആകാശം’ എന്ന് ചിന്തിക്കുമ്പോള്‍ ആകാശം ബോധത്തില്‍ നിന്നും വിഭിന്നമല്ലായെങ്കിലും അത് ആകാശത്തെ അനുഭവിക്കുന്നു. ശുദ്ധമായ ബോധം ‘അവസ്തു’വാണ്. നിശ്ശൂന്യമാണ്. ഭൌതീകമായ ഒരു ലോകമെന്ന സങ്കല്‍പ്പം ഉള്ളപ്പോള്‍ ബോധം അതപ്രകാരം അനുഭവമാക്കുന്നു. സ്വേഛാനുസാരം സൃഷ്ടികള്‍ നിര്‍ത്തി  എല്ലാം അവസാനിപ്പിക്കുകയും ചെയ്യുന്നു. സത്യദര്‍ശനത്തോടെ സങ്കല്‍പ്പഭാവനകളെ ഉണ്ടാക്കുന്ന മാനസീകോപാധികളായ വാസനകള്‍ ഇല്ലാതാവുന്നു.

അവിടെ അഹം ഇല്ലാത്തതിനാല്‍ എകാത്മകത സാക്ഷാത്ക്കരിക്കപ്പെടുന്നു. പിന്നീട് ബാക്കിയാവുന്നത് ബ്രഹ്മഭാവമായ മോക്ഷം.

ഇങ്ങിനെയാണ്‌ ബ്രഹ്മശരീരമായി വിശ്വപുരുഷന്‍ നിലകൊള്ളുന്നത്. ആ വിശ്വപുരുഷനിലുണ്ടാവുന്ന ഭാവനയുടെ ‘ഭവിക്ക’ലാണ് വിശ്വമായി കാണപ്പെടുന്നത്. ശുദ്ധനിശ്ശൂന്യതയാണത്. വാസ്തവത്തില്‍ ലോകമില്ല. ഞാനും നീയുമില്ല. ശുദ്ധമായ, അവിച്ഛിന്നമായ ബോധത്തില്‍  ഏതുലോകം എന്തുകാരണംകൊണ്ട് ഏത് വസ്തുക്കള്‍ കൊണ്ട് ആര് എങ്ങിനെ ഉണ്ടാക്കാനാണ്? എല്ലാം കാണപ്പെടുന്നു; എങ്കിലും അവയെല്ലാം ഭ്രമക്കാഴ്ച്ചകള്‍ മാത്രമാകുന്നു. അത് അനന്താവബോധത്തില്‍ നിന്ന് വിഭിന്നമല്ലായെന്നും, അതുമായി ഒന്ന് ചേര്‍ന്നിരിക്കുന്നു എന്നും പറയുക വയ്യ. അത് എകാത്മകതയാണെന്നോ  നാനാത്വമാണെന്നോ നിര്‍വചിക്കുക വയ്യ. അനന്തമായ ബോധം മാത്രമാണ് ഉണ്മ.

അതിനാല്‍ എല്ലാ ഉപാധികള്‍ക്കും അതീതനായി ആകസ്മികമായി വന്നുചേരുന്ന അവസ്ഥകളോട് ഉചിതമായി പ്രതികരിച്ച് ജീവിച്ചാലും.

No comments:

Post a Comment

Note: Only a member of this blog may post a comment.