Jun 15, 2014

540 യോഗവാസിഷ്ഠം നിത്യപാരായണം ദിവസം 540

ഏഷാ ഹി പരമാര്‍ത്ഥസംവിദച്ഛേദ്യാ
അദാഹ്യാക്ലേദ്യാശോഷ്യാ 
സാ ഹ്യാതദ്വിദാമദൃശ്യാ തസ്യാ യാദ്ധ്രൃദയം
തത്തദേവ ഭവതി യഥാസൌ ന നശ്യതി 
തദന്തര്‍വര്‍ത്തീ ജഗദാദ്യനുഭവോന ജായതേ 
ന നശ്യത്യേവേതി കേവലംസ്മരണവിസ്മരണവശേന 
സ്വഭാവരൂപേണാ-നുഭവാനനുഭവൌ കല്‍പയതീവ    (6.2/61/10)

വസിഷ്ഠന്‍ തുടര്‍ന്നു: ബ്രഹ്മം ഒന്ന്‍. ബാക്കിയുള്ളതെല്ലാം വെറും വ്യര്‍ത്ഥമായ  ദൃശ്യങ്ങള്‍ മാത്രം. ഈ ദൃശ്യങ്ങളും ബ്രഹ്മം ഇച്ഛിച്ചിട്ടല്ലായെങ്കിലും ബ്രഹ്മത്തിന്റെ വെളിച്ചത്തില്‍ത്തന്നെയാണ് പ്രകടമാവുന്നത്. അക്കാരണംകൊണ്ട് വൈവിദ്ധ്യമായ അനുഭവങ്ങള്‍ ഉണ്ടാവുന്നു. 

ഉദാഹരണത്തിന് ചില ലോകങ്ങളില്‍ ചാന്ദ്രപ്രഭയ്ക്ക് ചൂടും സൂര്യപ്രഭയ്ക്ക് തണുപ്പുമാണുള്ളത്. ഇരുട്ടില്‍ കാഴ്ചയും പകല്‍വെളിച്ചത്തില്‍ അന്ധതയും നന്മയ്ക്ക് നാശവും തിന്മയ്ക്ക് ഐശ്വര്യവും ഉണ്ടാവുമവിടെ. ബോധത്തിലെ ധാരണകള്‍ക്കും സങ്കല്‍പ്പങ്ങള്‍ക്കും അനുസരിച്ച് വിഷം അമൃതസമവും അമൃത് വിഷവുമായിരിക്കുമവിടെ.

ചില ലോകങ്ങളില്‍ സ്ത്രീകളില്ല. അതുകൊണ്ടവിടെ ലൈംഗികമായ കാര്യങ്ങളും ഇല്ല. മറ്റു ചിലയിടങ്ങളില്‍ കഠിനഹൃദയരാണെല്ലാവരും. ചില ലോകങ്ങളില്‍ ഒന്നോ അതിലധികമോ ഇന്ദ്രിയങ്ങള്‍ ഇല്ലാതെയാണ് മനുഷ്യരുണ്ടാവുക. ചില ലോകങ്ങളില്‍ പഞ്ചഭൂതങ്ങളിലെ ഒന്നോ രണ്ടോ ഘടകങ്ങള്‍ മാത്രമേയുള്ളൂ. എങ്കിലും അവിടെയും ആ പരിതസ്ഥിതിക്കനുയോജ്യമായി ജീവജാലങ്ങള്‍ കഴിയുന്നു. ഇതെല്ലാം ബോധത്തില്‍ ബോധമായി ഉയര്‍ന്നുണരുന്നവയാണ്. മനസ്സെന്നാണ് ഇതറിയപ്പെടുന്നത്.

രാമന്‍ ചോദിച്ചു: ലോകചക്രമവസാനിക്കുമ്പോള്‍ എല്ലാവരും മുക്തിപദം പൂകുമല്ലോ. അപ്പോള്‍പ്പിന്നെ അടുത്ത സൃഷ്ടിസര്‍ഗ്ഗത്തിനായുള്ള ഭാവനകള്‍  എവിടെനിന്നാണ് വരുന്നത്?

വസിഷ്ഠന്‍ പറഞ്ഞു: രാമാ, ബ്രഹ്മം എന്നത് അവാച്യമായ വിശ്വാവബോധത്തിന്റെ ഒരു ഭണ്ഡാഗാരമാണ്. സൃഷ്ടിയെന്നത് അതിന്റെ ഹൃദയസ്വരൂപമാകയാല്‍ ബ്രഹ്മം അതില്‍ നിന്നും ഭിന്നമല്ല. സൃഷ്ടിയായി അതിനെ അറിയുന്നത് തുലോം ദുരൂഹമാണ്. യാഥാതഥമല്ല. സൃഷ്ടി തന്നെ സത്യമല്ലാ എന്നിരിക്കെ അതിന്റെ നാശം എന്നതിനെങ്ങിനെ ഉണ്മയുണ്ടാവും?

വിശ്വപ്രളയംപോലും ബ്രഹ്മത്തിന്റെ അവയവങ്ങള്‍ മാത്രം. എന്തെങ്കിലും വ്യതിരിക്തതകള്‍ തോന്നുന്നുവെങ്കില്‍ അതെല്ലാം അവിദ്യയാകുന്നു. അതിനാല്‍ യാതൊന്നും ഒരിക്കലും ഭവിക്കുന്നില്ല, നശിക്കുന്നുമില്ല.

“പരമസത്യത്തെ, അല്ലെങ്കില്‍ ബോധത്തെ നശിപ്പിക്കാന്‍ ആയുധങ്ങള്‍ക്കാകില്ല. വായുവിനോ അഗ്നിക്കോ ജലത്തിനോ ആകില്ല. അതിനെ അറിയാത്തവന് അതൊരവബോധമായി ഉണ്ടാവുകയില്ല. ഈ സത്യത്തിന്റെ ഹൃദയമായ വിശ്വവും ഇതുപോലെയാണ്. അത് ജനിച്ചിട്ടില്ല, മരിക്കുകയുമില്ല. അസ്തിത്വത്തിന്റെയും അനസ്തിത്വത്തിന്റെയും അനുഭവം ഉണ്ടാവുന്നത് അവയ്ക്ക് ചേര്‍ന്ന ധാരണകള്‍ നമ്മില്‍ ഉണരുകയും ഉടയുകയും ചെയ്യുമ്പോഴാണ്.”

അതുകൊണ്ട് ‘ലോകചക്രം’, ‘വിശ്വപ്രളയം’, എന്നീ വാക്കുകള്‍ എല്ലാം അര്‍ത്ഥരഹിതങ്ങളാകുന്നു. ഭൂതപ്രേതാദികള്‍ അവയെപ്പറ്റി ചിന്തിക്കുന്നവന്റെ ഉള്ളില്‍ മാത്രമേയുള്ളൂ. ജനനം, മരണം, ദുഃഖം, സുഖം, രൂപം, അഭാവം, എല്ലാമെല്ലാം ഒരേയൊരു സത്വത്തിന്റെ അവയവങ്ങളത്രേ. അവ തമ്മില്‍ വ്യത്യാസങ്ങളേതുമില്ല. ഒരേയൊരു മരത്തിന്റെ വിവിധഭാഗങ്ങള്‍ തമ്മില്‍ എന്താണ് വ്യത്യാസം? ഈ സത്യം തിരിച്ചറിയാത്തവരില്‍ ഈ മിഥ്യാദൃശ്യങ്ങള്‍ വികസ്വരമായിക്കൊണ്ടിരിക്കുന്നതായി തോന്നുന്നു എന്നേയുള്ളു.

ബ്രഹ്മത്തില്‍ വിദ്യയോ അവിദ്യയോ ഇല്ല. അത് മുക്തിയ്ക്കും ബന്ധനത്തിനും അതീതമാണ്. ഈ തിരിച്ചറിവാണ് മുക്തി. 

No comments:

Post a Comment

Note: Only a member of this blog may post a comment.