ദുരവത്പ്രേക്ഷ്യതേ
മാംസദൃശാ യദ്യേവ സാ ശിലാ
ദൃശ്യതേ
തച്ഛിലൈവൈകാ ന തു സര്‍ഗാദി കിഞ്ചന (6.2/86/15)
വസിഷ്ഠന്‍ തുടര്‍ന്നു:
രാമാ, ബ്രഹ്മാകാശത്ത് മൂര്‍ത്തീകരിച്ചതുപോലെ നിന്നിരുന്ന രുദ്രഭഗവാന്‍
എങ്ങിനെയാണ് പരിപൂര്‍ണ്ണപ്രശാന്തനായത് എന്ന് ഇനി ഞാന്‍ പറഞ്ഞുതരാം.
സൃഷ്ടിയെന്ന
പേരില്‍ ബോധം ഭിന്നഭാവങ്ങള്‍ ആര്‍ജ്ജിച്ചു നില്‍ക്കുന്നത് രുദ്രന്‍ കണ്ടു.
പെട്ടെന്നാ ഭിന്നതകളെ ഭഗവാന്‍ ‘വിഴുങ്ങി’യതുപോലെ തോന്നി. രുദ്രന്‍ ആകാശമായി
ആകാശത്ത് നിലകൊണ്ടു.
ഏതാനും നിമിഷങ്ങള്‍ക്കകം അദ്ദേഹം
തന്റെ ആകൃതിയെ മേഘംപോലെ ലോലവും അണുപ്രായവുമാക്കിയതായി ഞാനെന്റെ ദിവ്യദൃഷ്ടിയില്‍ കണ്ടു.
പിന്നെ അദ്ദേഹം അപ്രത്യക്ഷനായി. പരമപ്രശാന്തിയായി; പരബ്രഹ്മവുമായി ഒന്നുചേര്‍ന്ന്
ശുദ്ധബോധമായി.
അങ്ങിനെ രാമാ, ആ
പാറക്കല്ലിനുള്ളില്‍ ഞാന്‍ വിശ്വത്തിന്റെ സൃഷ്ടി സ്ഥിതി സംഹാരങ്ങള്‍ കണ്ടു. ആ
മോഹദൃശ്യങ്ങള്‍ എന്നെ അത്ഭുതപ്പെടുത്തി. വീണ്ടും പാറക്കല്ലില്‍ നോക്കുമ്പോള്‍
അനേകം സൃഷ്ടിജാലങ്ങള്‍ കാളരാത്രിയുടെ അവയവങ്ങള്‍ എന്നപോലെ ഞാന്‍ കണ്ടു. എന്നാല്‍
ഇക്കണ്ട കാഴ്ചകള്‍ എന്നിലെ പ്രബുദ്ധനയനങ്ങളിലൂടെയാണ് ഞാന്‍ കണ്ടത്.
എല്ലായിടത്തെയും എല്ലാക്കാലത്തെയും സകലകാഴ്ചകളും ഒരേസമയം കാണാന്‍ കഴിയുന്ന ദിവ്യ
ചക്ഷുസ്സാണല്ലോ പ്രബുദ്ധത.
“ഒരു കല്ലിനെ ഒരുവന്‍ ദൂരെ
നിന്ന് വീക്ഷിക്കുമ്പോള്‍ അതൊരു കല്ലുമാത്രമായി കാണപ്പെടുന്നു. അതില്‍
സൃഷ്ടിയില്ല.”
അതുകഴിഞ്ഞ് ഞാന്‍ കല്ലിന്റെ
മറ്റൊരു ഭാഗത്തേയ്ക്ക് എന്റെ ദൃഷ്ടിയെ തിരിച്ചു. സൃഷ്ടിജാലങ്ങള്‍ ഉണ്ടായിമറയുന്ന
കാഴ്ചകള്‍ ഒരിക്കല്‍കൂടി ഞാനവിടെ കണ്ടു. ആ പാറക്കല്ലിന്റെ ഓരോ ഭാഗത്തും ബൃഹത്തായ
സൃഷ്ടിജാലത്തെയും എനിക്ക് കാണായി. ഞാന്‍ നോക്കുമ്പോള്‍ ആ മലയിലെ ഒരോരോ കല്ലുകളിലും
ഇത്തരം സൃഷ്ടിലീലകള്‍ തുടരുകയായിരുന്നു!
അവയില്‍
ചിലതില്‍ ബ്രഹ്മദേവന്‍ സൃഷ്ടിയുടെ പ്രാരംഭത്തിലാണ്. മറ്റുചിലതില്‍ ദേവന്മാര്‍
ബ്രഹ്മചിത്തത്തില്‍ നിന്നും ഉദ്ഭൂതമാവുന്നതേയുള്ളു. ചിലതില്‍ മനുഷവര്‍ഗ്ഗം
അധിവസിക്കാന്‍ തുടങ്ങിയിരിക്കുന്നു. ചിലതില്‍ അസുരന്മാര്‍ ഇല്ല. ചില ലോകങ്ങളില്‍
സത്യയുഗമാണെങ്കില്‍ മറ്റുചിലതില്‍ കലിയുഗം. ചില ലോകങ്ങളില്‍ ജരാനരകളും മരണവും
ഇല്ല. എന്നാല്‍ മറ്റുചിലതില്‍ അവിടെ ധര്‍മ്മത്തിന് ഗ്ലാനിയൊന്നും
ഉണ്ടാവാത്തതുകൊണ്ട് എല്ലാ മനുഷ്യരും പ്രബുദ്ധതയെ പ്രാപിച്ചിരിക്കുന്നു.
പിന്നെ
വിശ്വത്തിന്റെ ഭൂതവര്‍ത്തമാനഭാവി സ്ഥിതിഗതികളെ ഞാന്‍ നേരിട്ട് കണ്ടു. ചിലതില്‍
ഘനസാന്ദ്രമായ ആന്ധ്യവും അജ്ഞതയും കാണുകയുണ്ടായി. ചില ലോകങ്ങളില്‍ രാമരാവണയുദ്ധം
നടക്കുന്നു. എന്നാല്‍ മറ്റുചിലതില്‍ രാവണന്‍ സീതയെ അപഹരിക്കുന്നതേയുള്ളു. ചില
ലോകങ്ങളെ ദേവന്മാരും മറ്റുചിലതിനെ അസുരന്മാരുമാണ് ഭരിക്കുനത്.
രാമന്‍
ചോദിച്ചു: ഭഗവാനേ, പറയൂ, രാമനായി ഞാന്‍ നേരത്തേതന്നെ ഈ ജന്മത്തിനു മുന്‍പ്
ഉണ്ടായിരുന്നോ?
No comments:
Post a Comment
Note: Only a member of this blog may post a comment.