നിര്‍വാണമേവമഖിലം നഭ ഏവ ദൃശ്യംത്വം ചാഹമദ്രിനിചയാശ്ച സുരാസുരാശ്ചതാദൃഗ്ജഗത്സമവലോകയ
യാദൃഗംഗസ്വപ്നേഽഥ ജന്തുമനസി
വ്യവഹാരജാലം (6.2/58/23)
വസിഷ്ഠന്‍ തുടര്‍ന്നു: രാമാ, ഞാന്‍ പറയാന്‍ പോകുന്ന ആ
പാറക്കല്ലിന്റെ കഥ കേള്‍ക്കുമ്പോള്‍ ആ കല്ലിന്റെ കാതലിനുള്ളില്‍ അനേകായിരം
സൃഷ്ടികള്‍ ഉണ്ടെന്ന് നിനക്ക് മനസ്സിലാവും. ആകാശത്തിലും അതുപോലെ എണ്ണമറ്റ
സൃഷ്ടികള്‍ ഉണ്ട്. മാത്രമല്ല, എല്ലാ ഘടക പദാര്‍ത്ഥങ്ങളിലും വസ്തുക്കളിലും എണ്ണമറ്റ
ജീവികള്‍ കുടിപാര്‍ക്കുന്നുണ്ട്. എന്നാല്‍ ഇതെല്ലാം അവിച്ഛിന്നബോധത്തിനുള്ളിലാണ്
നിലകൊള്ളുന്നത്. അതിനു പുറത്തല്ല.
ആദികാലം മുതലേ തന്നെ യാതൊന്നും
സൃഷ്ടിക്കപ്പെട്ടിട്ടില്ല. ബ്രഹ്മം സ്വയം ബ്രഹ്മമായി നിലകൊള്ളുന്നു. അത് തന്നെയാണ്
ആകാശമായും വായുവായും അഗ്നിയായും ജലമായും ഭൂമിയായും പര്‍വ്വതങ്ങളായും ഉള്ളത്.
ബ്രഹ്മവും സൃഷ്ടികളും തമ്മില്‍ ദ്വന്ദതയോ ഭിന്നതയോ ഇല്ല. അത് കേവലം അര്‍ത്ഥരഹിതമായ
രണ്ടു പദങ്ങള്‍ മാത്രം. ഏകത, ദ്വന്ദത എന്നീ രണ്ടു വാക്കുകള്‍ പോലും അര്‍ത്ഥരഹിതങ്ങളത്രേ.
എകാത്മകത, വൈവിദ്ധ്യത എന്നീ
ധാരണകള്‍ ഉണ്ടാക്കുന്ന ഘടകം എന്താണോ അതുതന്നെയാണ് ബ്രഹ്മം, സൃഷ്ടി എന്നീ
വാക്കുകളും അവയെപ്പറ്റിയുള്ള ധാരണകളും ഉണ്ടാക്കിയത്. ഈ ധാരണകള്‍ അവസാനിപ്പിച്ചാല്‍പ്പിന്നെ
പുറമേ കര്‍മ്മനിരതനാണെങ്കില്‍പ്പോലും അകമേ പരമപ്രശാന്തിയായി.
“എല്ലാമെല്ലാം നിര്‍വാണപദമാണ്.
സൃഷ്ടിയെന്ന പ്രതീതി ആകാശമെന്ന പ്രതീതിപോലെയാണ്. ആകാശത്തിനുണ്ടെന്നു തോന്നുന്ന
ആകൃതിയും നിറവും മിഥ്യയാണല്ലോ. സ്വപ്നത്തില്‍ കാണുന്ന സംഭവങ്ങളും സൃഷ്ടിജാലങ്ങളും
എന്നപോലെ നീയുള്‍പ്പടെയുള്ള വിശ്വത്തില്‍ ഞാനും മലകളും ദേവന്മാരും അസുരന്മാരും
എല്ലാം ഉള്ള സൃഷ്ടിവൈവിദ്ധ്യത്തെ നീ കണ്ടാലും”
ഒരു
നൂറുകൊല്ലം സമാധിസ്ഥിതിയില്‍ ഇരുന്നശേഷം ഞാന്‍ ദേഹബോധത്തിലേയ്ക്ക്
തിരിച്ചുവന്നപ്പോള്‍ ഒരു ദീര്‍ഘനിശ്ശ്വാസം കേട്ടു. ഞാന്‍ അതെന്താണെന്ന്
സൂക്ഷ്മമായി ശ്രദ്ധിക്കുകയുണ്ടായി. അത് ദൂരെ ബഹിരാകാശത്തില്‍ നിന്നുമായിരുന്നു.
അവിടെ ഒരാളോ ഒരീച്ചപോലുമോ ഉണ്ടാവാന്‍ സാദ്ധ്യതയുണ്ടോ? മാത്രമല്ല, എനിക്കാരെയും
കാണാനും കഴിഞ്ഞില്ല. ഇതിനെപ്പറ്റി കൂടുതല്‍ അറിയാന്‍ ഞാന്‍ നിശ്ചയിച്ചു.
വീണ്ടും
സമാധിസ്ഥനാകാന്‍ ഞാന്‍ തീരുമാനിച്ചു. മനസ്സേന്ദ്രിയങ്ങള്‍ പ്രശാന്തമാക്കി ഞാന്‍
അനന്തമായ അവബോധത്തിലേയ്ക്ക് സ്വയം വിലീനനായി. ആ ബോധസമുദ്രത്തിന്റെ വ്യാപ്തിയില്‍
അനേകം പ്രപഞ്ചങ്ങളെ ഞാന്‍ കണ്ടു. അതിലെവിടെവേണമെങ്കില്‍ പോകാനും എല്ലാറ്റിനേയും കാണാനും
എനിക്കായി.
എണ്ണമറ്റ
സൃഷ്ടിജാലങ്ങളെ ഞാന്‍ കണ്ടു. എന്നലവയ്ക്ക് പരസ്പരം മറ്റുള്ളവയുടെ
അസ്തിത്വത്തെപ്പറ്റി അറിവുണ്ടായിരുന്നില്ല. ചിലത് ഉണ്ടാവുന്നു, ചിലത് നശിക്കുന്നു.
ഓരോന്നിനും അതിന്‍റേതായ പരിസ്ഥിതിവിശേഷങ്ങള്‍
ഉണ്ടായിരുന്നു. അഞ്ചുമുതല്‍ മുപ്പത്തിയാറ് വരെ വായുമണ്ഡലങ്ങളുണ്ട്!
ഓരോന്നിലും
വ്യത്യസ്ഥതയാര്‍ന്ന ഘടകങ്ങള്‍ ഉണ്ട്. വൈവിദ്ധ്യമാര്‍ന്ന ജീവജാലങ്ങള്‍
പരിണാമത്തിന്റെ വിവിധദിശകളില്‍ നിലകൊള്ളുകയാണവിടെ. വിവിധ സ്വഭാവസവിശേഷതകള്‍,
സംസ്കാരങ്ങള്‍ എല്ലാമുണ്ട്. ചില മണ്ഡലങ്ങളില്‍ അനേകം പ്രപഞ്ചങ്ങള്‍ ഉള്‍ക്കൊണ്ടിരിക്കുന്നു.
ചിലതില്‍ നിനക്ക് സങ്കല്‍പ്പിക്കാനാവുന്നതിനുമപ്പുറമുള്ള രൂപഭാവങ്ങളുള്ള
ജീവികളുണ്ട്. ചിലതില്‍ സ്വാഭാവികമായ പ്രകൃതിനിയമങ്ങള്‍
നടപ്പിലുണ്ടെന്നുതോന്നുന്നു. മറ്റുചിലതില്‍ ആകെ ക്രമരഹിതവും കലുഷവുമാണ് കാര്യങ്ങള്‍.
ചിലതില്‍ പ്രകാശമില്ല, ചിലതില്‍ കാലമെന്ന സങ്കല്‍പ്പം പോലുമില്ല.
No comments:
Post a Comment
Note: Only a member of this blog may post a comment.