കേവലം ദൃശ്യതേ യോഗീ ഗതോ
ധ്യാനൈകനിഷ്ടതാം
സ്ഥിതോ വജ്രസമാധേന വിപക്ഷ ഇവ
പര്‍വത: (6.2/46/9)
വസിഷ്ഠന്‍ തുടര്‍ന്നു: പരമസത്യം
സാക്ഷാത്ക്കരിച്ചുകഴിഞ്ഞാല്‍പ്പിന്നെ മുക്തിപദമായി. അതില്‍ അവബോധം പോലും ഇല്ല.
മനസ്സ് പൂര്‍ണ്ണമായി പരംപൊരുളില്‍ വിലീനമായിക്കഴിഞ്ഞുവല്ലോ. മനസ്സെന്ന മാന്‍പേടയുടെ
‘മാന്‍’ എന്ന അവസ്ഥ എണ്ണയില്ലാതെ കത്തുന്ന വിളക്കിലെ എണ്ണയെന്നപോലെ
ഇല്ലാതായിരിക്കുന്നു. പരമസത്യം മാത്രം അവശേഷിക്കുന്നു. ധ്യാനഫലം ആര്‍ജ്ജിച്ച
മനസ്സ് വജ്രംപോലെ സുദൃഢമത്രേ.
മനസ്സിന്റെ സഹജസ്വഭാവമായ
ചഞ്ചലത്വം എങ്ങുപോയി മറഞ്ഞോ എന്തോ! കാലുഷ്യമോ വിഭാജനാത്മകമായ ധാരണകളോ ഇല്ലാതെ
ശുദ്ധബോധം മാത്രം പ്രഭാസിക്കുന്ന അവസ്ഥയാണത്. അപ്പോള്‍ ആശകളും ആസക്തികളും
അനായാസമായി പൊഴിഞ്ഞു പോകുന്നു. ആയാസരഹിതമായ ധ്യാനം മാത്രമാണപ്പോള്‍ ഉള്ളത്.
ബ്രഹ്മത്തെ സാക്ഷാത്ക്കരിച്ചില്ലെങ്കില്‍ ആത്മാവില്‍ അഭിരമിക്കാന്‍ ആവില്ല. ആ
തലമെത്തുംവരെ വെറുതെ ആത്മാവിനെക്കുറിച്ച് ചിന്തിക്കുന്നതുകൊണ്ടുമാത്രം ധ്യാനതലം
അണയുകയില്ല.
പരംപൊരുള്‍
സാക്ഷാത്ക്കരിക്കപ്പെടുമ്പോള്‍ മനസ്സെവിടെപ്പോകുന്നു? വാസനകളും മനോപാധികളും
എവിടെപ്പോകുന്നു? കര്‍മ്മങ്ങളും സന്തോഷസന്താപങ്ങളും ആശകളും നിരാശകളും എല്ലാം
എവിടെപ്പോയി മറയുന്നു?
“യോഗി അപ്പോള്‍ അനുസ്യൂതമായ
ധ്യാനത്തിന്റെ നിറവില്‍ സുദൃഢമായി നിലകൊള്ളുന്നു. ‘വജ്രസമാധി’യില്‍ പര്‍വ്വതത്തെപ്പോലെ
അചഞ്ചലനായി യോഗിയിരിക്കുന്നു.” യോഗി സുഖാനുഭവങ്ങളില്‍ താല്‍പ്പര്യമില്ലാതെ
ഇന്ദ്രിയങ്ങളെ തന്റെ പരിപൂര്‍ണ്ണ വരുതിയില്‍ നിര്‍ത്തി പ്രശാന്തനായി
നിലകൊള്ളുമ്പോള്‍ അയാള്‍ ആത്മാവിലാണ് അഭിരമിക്കുന്നത്. എല്ലാ മനോവ്യാപാരങ്ങളും
അടങ്ങിയാല്‍പ്പിന്നെ മറ്റെന്താണ് ‘സമാധി’ സ്ഥിതികൊണ്ടു നേടാനുള്ളത്?
ലോകത്തെ നിരീക്ഷണവസ്തുവായി
വേറിട്ട് കാണാത്തപ്പോള്‍ മാനസീകോപാധികള്‍ ഒന്നും ഇല്ലാത്തതിനാല്‍ സഹജമായും സാധകന്‍
വജ്രസമാധിയില്‍ എത്തിച്ചേരും. അതില്‍ നിന്നും അയാളെ വ്യതിചലിപ്പിക്കനായി
മനസ്സ് ശ്രമിക്കുന്നില്ല. സത്യം അറിഞ്ഞതിന്റെ വെളിച്ചത്തില്‍ ലോകവിഷയങ്ങളില്‍
ആമാഗ്നമാവാതെ മനസ്സ് പ്രശാന്തമാകുന്ന അവസ്ഥയാണ് സമാധി.
സുഖത്തെ
സുദൃഢചിത്തനായി ത്യജിക്കുന്നത് ധ്യാനം തന്നെയാണ്. വജ്രസാരമാണത്. അത് പൂര്‍ണ്ണമായ
അറിവിന്റെ പാതയുമായതിനാല്‍ അതിനു നിര്‍വാണം അല്ലെങ്കില്‍ ആനന്ദാവസ്ഥ എന്ന് പറയും.
സുഖാസക്തിയുണ്ടെങ്കില്‍ ധ്യാനത്തിനെന്താണര്‍ത്ഥം? സുഖാസക്തിയുടെ അഭാവത്തില്‍
ധ്യാനം കൊണ്ടെന്താണ് നേട്ടം?
ശരിയായ
അറിവിന്റെ വെളിച്ചത്തില്‍ അനാസക്തി പരിശീലിക്കുമ്പോള്‍ സ്വഭാവികമായും അനായാസമായും
നിര്‍വികല്‍പ്പസമാധിയില്‍ എത്താം. സുഖാസക്തിയാല്‍ ചഞ്ചലപ്പെടാത്തവന്‍ സമബുദ്ധനാണ്.
പ്രബുദ്ധനാണ്. സുഖത്തെ പൂര്‍ണ്ണമായും നിരസിക്കുമ്പോഴേ ഈ പരമാവസ്ഥ ആഗതമാവുകയുള്ളു.
ആത്മാവില്‍ അഭിരമിക്കുന്നവന് ആസക്തിയുടെ പീഡകള്‍ അനുഭവിക്കേണ്ടിവരുന്നില്ല.
No comments:
Post a Comment
Note: Only a member of this blog may post a comment.