ചേതനത്വാത്തഥാഭൂതസ്വ ഭാവവിഭവാദൃതേ
സ്ഥാതും ന യുജ്യതേ തസ്യ യഥാ ഹേമ്നോ നിരാകൃതി (6.2/82/6)
രാമന്‍ ചോദിച്ചു: എല്ലാമെല്ലാം നശിച്ചുകഴിഞ്ഞിട്ടും അവള്‍
എങ്ങിനെ, ആരുമായാണ് നൃത്തം ചെയ്തത്? മാത്രമല്ല അവള്‍ക്ക് ഇത്രയധികം കണ്ഠാഭരണങ്ങള്‍
എവിടെനിന്ന് കിട്ടി?
വസിഷ്ഠന്‍ പറഞ്ഞു: രാമാ, അത് സ്ത്രീയോ പുരുഷനോ
ആയിരുന്നില്ല. അവര്‍ നൃത്തം ചെയ്തുമില്ല.! അവര്‍ക്ക് നിയതമായ രൂപങ്ങളോ ദേഹങ്ങളോ
ആഭരണങ്ങളോ ഒന്നുമുണ്ടായിരുന്നുമില്ല.
ആദികാരണവും എല്ലാ കാരണങ്ങള്‍ക്കും
ഹേതുവായിരിക്കുന്നതും പ്രശാന്തമായി നിലകൊള്ളുന്നതും ചലനം കൊണ്ട് എല്ലായിടത്തും
വ്യാപിച്ച് നിറഞ്ഞിരിക്കുന്നതുമായ അനാദി-ശാശ്വത-അനന്തബോധമാണത്. ഭഗവാന്‍ ശിവന്‍
തന്നെയാണത്. വിശ്വത്തിന്റെ നിലനില്‍പ്പുതന്നെ ഇല്ലാതാവുമ്പോള്‍ ഭഗവാന്‍ ഭൈരവന്റെ
രൂപമെടുക്കുന്നതുപോലെ തോന്നുന്നു. വാസ്തവത്തില്‍ അമൂര്‍ത്തമായ അനന്താകാശം
തന്നെയാണത്.
“സ്വരൂപപ്രകൃതിയായ സകലമാന
മഹിമകളോടും കൂടി മൂര്‍ത്തീകരിച്ച് വിരാജിച്ചരുളിയ അനന്തബോധം പൊടുന്നനെ അമൂര്‍ത്തമായി
എന്ന് പറയുന്നതിലും അനൌചിത്യമുണ്ട്. സ്വര്‍ണ്ണത്തിന് യാതൊരു മൂര്‍ത്തരൂപവുമില്ലാതെ
ഒരസ്തിത്വം ഉണ്ടാവുക അസാദ്ധ്യം!”
എങ്ങിനെയാണ്
ബോധത്തിന് ബോധഭാവമില്ലാതെ നിലകൊള്ളാന്‍ കഴിയുക? മൂര്‍ത്തരൂപമില്ലാത്ത സ്വര്‍ണ്ണം
എങ്ങിനെ കാണാന്‍ കഴിയും? എങ്ങിനെയാണ് എന്തിനെങ്കിലും സ്വയം പ്രകടമാവാതെ നില നില്‍ക്കാന്‍
കഴിയുക? കരിമ്പിന്‍ തണ്ടിന് അതിന്റെ മാധുര്യം ഉപേക്ഷിക്കാനാകുമോ? മാധുര്യം
പോയ്പ്പോയാല്‍പ്പിന്നെയത് കരിമ്പല്ല! അതിന്റെ നീര് മധുരിക്കുകയില്ല. ബോധത്തിന്റെ
ബോധഭാവം നഷ്ടപ്പെട്ടാല്‍ അത് ബോധമാവുന്നതെങ്ങിനെ?
എല്ലാമെല്ലാം അതാതിന്റെ
ഭാവത്തില്‍ നിലകൊള്ളുകയേ നിവൃത്തിയുള്ളൂ. അതിനാല്‍ അനന്തമായ ശുദ്ധാവബോധം ഒരിക്കലും
മാറ്റങ്ങള്‍ക്കോ ഉപാധികള്‍ക്കോ വിധേയമായിട്ടേയില്ല. അതില്‍ യാതൊരുവിധ പോരായ്മകള്‍ക്കും
സാദ്ധ്യത പോലുമില്ല.
അത്
സ്വയംപ്രഭമാണ്. അനാദിമദ്ധ്യാന്തമാണ്. സര്‍വ്വശക്തമാണ്. വിശ്വചക്രങ്ങളില്‍
ആകാശമായും ഭൂമിയായും പ്രകൃതിക്ഷോഭങ്ങളായും പ്രളയമായും കാണപ്പെടുന്ന കാഴ്ചകളില്‍
ഒന്നും യാതൊരുണ്മയുമില്ല. ജനനം, മരണം, മായ, ഭ്രമം, ആന്ധ്യം, ചപലത, ഉറപ്പ്,
ഉറപ്പില്ലായ്മ, ജ്ഞാനം, ബന്ധനം, മുക്തി, നന്മതിന്മകള്‍, അറിവ്, അജ്ഞത, മൂര്‍ത്താമൂര്‍ത്തഭാവങ്ങള്‍,
നിമിഷങ്ങള്‍ മുതല്‍ യുഗങ്ങള്‍ വരെയുള്ള കാലഗണനകള്‍, ദൃഢതയും, ചഞ്ചലതയും, നീയും
ഞാനും, മറ്റുള്ളവരും, സത്യവും അസത്യവും, മിടുക്കും മൂഢതയും, കാല-ദേശ-കര്‍മ്മ-വസ്തു
ധാരണകളും, രൂപങ്ങളും, ദൃശ്യങ്ങളും അവയുമായി ബന്ധമുള്ള ചിന്തകളും, ബുദ്ധിപരമായ
വ്യായാമങ്ങളും അവയില്‍ നിന്നുദിക്കുന്ന കര്‍മ്മങ്ങളും, ഇന്ദ്രിയങ്ങളും, സര്‍വ്വവ്യാപിയായ
എല്ലാത്തിന്റെയും സംഘാതഘടകങ്ങളായ പഞ്ചഭൂതങ്ങളും, എല്ലാം ശുദ്ധമായ ബോധമാണ്. ബോധം
തന്റെ സ്വരൂപത്തില്‍ ലോപമുണ്ടാക്കാതെതന്നെ ഇതെല്ലാമായി പ്രകടമാവുന്നു. ആകാശം എത്ര
ഭാഗങ്ങളായി മുറിച്ചാലും വിഭിന്നമാവുന്നില്ലല്ലോ.
ഈ
അനന്തബോധം തന്നെയാണ് ശിവനായും ഹരിയായും ബ്രഹ്മാവായും സൂര്യചന്ദ്രന്മാരായും,
ഇന്ദ്രനായും വരുണനായും യമനായും കുബേരനായും അഗ്നിയായും വിരാജിക്കുന്നത്. പ്രബുദ്ധതയില്‍ എത്തിയവര്‍
നാനാത്വം കാണുന്നില്ല. അവര്‍ ഏകാത്മകമായ അനന്തബോധവുമായി
താതാത്മ്യഭാവത്തിലാണെപ്പോഴും.
No comments:
Post a Comment
Note: Only a member of this blog may post a comment.