Jun 5, 2014

520 യോഗവാസിഷ്ഠം നിത്യപാരായണം ദിവസം 520

വിചാര സമ സത്സംഗ  ബലി പുഷ്പ ക പൂജിത:
സദ്യോ മോക്ഷ ഫല: സാധോ സ്വാത്മൈവ പരമേശ്വര: (6.2/42/30)
വസിഷ്ഠന്‍ തുടര്‍ന്നു: അജ്ഞതയില്‍ ലോകമെന്ന കാഴ്ച തുടരുന്നു. ജ്ഞാനം അതിനെ അവസാനിപ്പിക്കുന്നു. എന്നാല്‍ ഇതൊന്നും ഉണ്മയ്ക്ക് ബാധകമല്ല. കാരണം അതില്‍ ഒന്നും ഉദിക്കുന്നുമില്ല അസ്തമിക്കുന്നുമില്ല. അത് അവിഭാജ്യമായ അനന്താവബോധമാണ്. അത് നമ്മില്‍നിന്നു വേറിട്ടുള്ള ഒരു സത്തയല്ല. അതില്ലെങ്കില്‍ മറ്റൊന്നും ഇല്ല.

അത് സ്വയം ഉള്ളില്‍ സ്വാവബോധം ഹേതുവായി ധ്രുവീകരണം സംഭവിച്ച് വിഭജനവും പരിമിതജ്ഞാനവും ഉണ്ടാവുന്നതായി തോന്നുന്നു. അത് അവിദ്യതന്നെയാണ്. അത്തരം പരിമിതമായ ബോധം അനന്തബോധത്തില്‍ സഹജമാണ്. അത് ബോധത്തില്‍ നിന്നും വിഭിന്നമല്ല. ലോകവും ഭഗവാനും തമ്മിലുള്ള അന്തരം കേവലം വാക്കുകളില്‍ മാത്രമാണ്. അത് മിഥ്യയുമാണ്. കാരണം, അവിഭാജ്യമായ അനന്തമായ ബോധത്തില്‍ ഏതൊരു തരംതിരിവും അസംബന്ധമാണ്. അസംഭാവ്യമാണ്. 

ഭ്രമാത്മകമായ ഭാവനകളാല്‍ ഏതോ കാലത്ത്, എതോ ദേശത്ത്, സ്വര്‍ണ്ണം കൈവളയുടെ ഭാവം കൈക്കൊണ്ടു. അതുപോലെയാണ് ബോധം സൃഷ്ടി ‘ചെയ്തത്’. ദ്വന്ദത എന്നത് ഇല്ലാത്ത പ്രതിഭാസമാണ്- അപ്പോള്‍പ്പിന്നെ സൃഷ്ടാവ്-സൃഷ്ടി എന്നീ ‘രണ്ടു കാര്യങ്ങള്‍’ തമ്മില്‍ കാര്യകാരണബന്ധം കണ്ടുപിടിക്കുന്നതില്‍ എന്തര്‍ത്ഥമാണുള്ളത്? ഉള്ളത് യഥാതഥമായി സാക്ഷാത്ക്കരിച്ചു കഴിഞ്ഞാല്‍, അവിഭാജ്യബോധമായി ഉറച്ചു കഴിഞ്ഞാല്‍ ലോകമെന്ന കാഴ്ചയ്ക്ക് അവസാനമായി.  

ഈ സത്യാവസ്ഥയില്‍ പാറപോലെ ഉറച്ചിരിക്കുക, എന്നാല്‍ ബുദ്ധികൂര്‍മ്മതയോടെ ലോകത്ത് വര്‍ത്തിക്കുക. ആത്മാവിനെ പരംപൊരുളായിക്കണ്ട് സഹജമായ കര്‍മ്മങ്ങളാലും അനുഭവങ്ങളാലും പൂജിക്കുക. നിന്റെ ജ്ഞാനവും അതിനായി അര്‍ച്ചിക്കുക. ഈദൃശമായ ആത്മപൂജയില്‍ സന്തുഷ്ടനായി ആത്മവികാസമാകുന്ന അനുഗ്രഹം നിന്നില്‍ ചൊരിയുന്നതും മറ്റാരുമല്ല. ആത്മാവുതന്നെയാണ്. വിഷ്ണു-രുദ്രന്മാരെ പൂജിക്കുന്നത് ആത്മപൂജയുമായി താരതമ്യപ്പെടുത്തുമ്പോള്‍ മൂല്യമേതുമില്ലാത്തതത്രേ.

“ആത്മനിയന്ത്രണത്തോടെ, സത്സംഗത്തോടെ ആത്മാവിന്റെ സ്വഭാവത്തെക്കുറിച്ച് അന്വേഷണം നടത്തുമ്പോള്‍ ആത്മാവ്, അതായത് ഭഗവാന്‍, സാധകനെ ക്ഷിപ്രമോക്ഷം നല്‍കി അനുഗ്രഹിക്കുന്നു.” സത്തയെക്കുറിച്ചുള്ള ശരിയായ കാഴ്ചപ്പാട് തന്നെയാണ് ഏറ്റവും നല്ല പൂജാമാര്‍ഗ്ഗം. ഭഗവാന്‍ ആത്മാവായി നിലകൊള്ളുമ്പോള്‍ മറ്റു ദൈവതങ്ങളെ തേടിനടക്കുന്നവന്‍ മൂഢന്‍.

ദൈവപൂജ, തീര്‍ത്ഥാടനം, തപസ്സ്, എന്നിവ അനുഗ്രഹീതമാവുന്നത് ജ്ഞാനത്തിന്റെയും വിവേകത്തിന്റെയും വെളിച്ചത്തില്‍ അവ നിര്‍വഹിക്കുമ്പോഴാണ്. ജ്ഞാനം തന്നെയാണിതില്‍ എറ്റവും ഉത്തമം. വിവേകത്താല്‍ മാത്രം ഭാഗവല്‍പൂജ ചെയ്‌താല്‍ പോര. ജ്ഞാനത്താല്‍ ദേഹബോധത്തെ ഉപേക്ഷിക്കുക. അതോടൊപ്പം ലജ്ജ, ദേഷ്യം, ആശങ്ക, നൈരാശ്യം, ശത്രുത, സുഖം, ദുഃഖം എന്നിവയെയെല്ലാം കളയുക.

ജ്ഞാനം ബോധത്തെ ആത്മാവായിക്കാണുന്നു. എന്നാല്‍ ദേഹാദികളുടെ അഭാവത്തില്‍ ബോധം അനിര്‍വചനീയമായ പരമപ്രശാന്തിയില്‍ വിലയിക്കുന്നു. അതിനെ വിവരിക്കാന്‍ ശ്രമിക്കുക എന്നത് അതിനെ ഇല്ലാതാക്കുന്നതിന് തുല്യം. ശാസ്ത്രജ്ഞാനത്തിന്റെ പാണ്ഡിത്യത്തില്‍ പ്രീതിപൂണ്ടു സ്വയം പ്രബുദ്ധനെന്നു നിനയ്ക്കുന്നത് ജന്മനാ അന്ധനായൊരാളുടെ ഭാവനാവിലാസംപോലെ വ്യര്‍ത്ഥം.
വസ്തുവിഷയങ്ങളുടെ അയാഥാര്‍ത്ഥസ്ഥിതി അറിഞ്ഞ്, ബോധം എന്നത് അറിവിന്‌ ‘വിഷയ’മല്ല, പ്രത്യുത കേവലമായ അറിവ് മാത്രമാണെന്ന് ഉറപ്പുള്ളവനാണ് പ്രബുദ്ധന്‍. അത് വാക്കുകള്‍ക്ക് അതീതമായ ഒരു തലമത്രേ.  

No comments:

Post a Comment

Note: Only a member of this blog may post a comment.