Jun 5, 2014

521 യോഗവാസിഷ്ഠം നിത്യപാരായണം ദിവസം 521

അജ്ഞാവബുദ്ധ: സംസാര: സ ഹി നാസ്തി മനാഗപി
അവശിഷ്ടം ച യത്സത്യം തസ്യ നാമ ന വിദ്യതേ (6.2/43/21)

വസിഷ്ഠന്‍ തുടര്‍ന്നു: ആത്മജ്ഞാനത്തില്‍ അടിയുറച്ചതിനാല്‍ ഹൃദയം പ്രശാന്ത ശീതളമായിരിക്കുന്ന ഒരുവനിലെ അജ്ഞാനം നീങ്ങി എന്നുള്ളതിന്റെ തെളിവാണ് അയാള്‍ക്ക് സുഖാസക്തിയോടുള്ള നിര്‍മമത. ജ്ഞാനം, വിവേകം തുടങ്ങിയ പൊള്ളയായ വാക്കുകളെക്കുറിച്ചുള്ള പ്രസംഗം നമുക്കവസാനിപ്പിക്കാം. കാരണം അവയും നമ്മില്‍ ഭാവനകള്‍ ഉണ്ടാക്കുകയാണല്ലോ ചെയ്യുന്നത്. ആ ഭാവനകള്‍ക്കനുസരിച്ചു സത്യമായ ഒന്നുമില്ല.

അഹംകാരത്തിന്റെ ‘അനനുഭവ’മാണ് നിര്‍വാണം അല്ലെങ്കില്‍ മുക്തി. ഈ സത്യം സുവിദിതമായി ഉള്ളില്‍ എപ്പോഴുമിരിക്കട്ടെ.

ഉണര്‍ന്നുകഴിഞ്ഞ ഒരുവന് താന്‍ സ്വപ്നത്തില്‍ കണ്ടതായ വസ്തുക്കളില്‍ നിന്നും സുഖമൊന്നും ലഭിക്കുകയില്ലാ എന്നതുപോലെ നമുക്ക് ഈ പ്രത്യക്ഷലോകത്തിലെ കാഴ്ചകള്‍ സുഖദായികളല്ല. ഇരുളടഞ്ഞ കാട്ടില്‍ ഭൂതപ്രേത പിശാചുക്കളെന്നപോലെ പതിന്നാലു ലോകങ്ങള്‍ അജ്ഞാനത്തിന്റെ കൂരിരുട്ടില്‍ ഭ്രമാത്മകമായി ഉദ്ഭൂതമാവുകയാണ്.

സത്യം അന്വേഷിച്ചു ചെല്ലുമ്പോള്‍ ഈ പിശാചുക്കള്‍ ഇല്ലെന്നറിയുന്നു. അതുപോലെതന്നെ ഈ പതിന്നാലു ലോകങ്ങളും അന്വേഷണത്തില്‍ ഇല്ലാതെയായി അവ ശുദ്ധബോധം തന്നെയാണെന്ന അറിവുണരുന്നു.

സ്വതന്ത്രമായി നിലനില്‍പ്പില്ലാത്തെ വസ്തുക്കള്‍ അയാഥാര്‍ത്ഥ്യമാണ്. അത് ബോധം തന്നെയാണ്. വിഷയം അപ്പോള്‍ വിഷയി തന്നെയാണ് എന്നറിയുന്നു. എന്നാല്‍ ബോധത്തോട് ബന്ധം പുലര്‍ത്താന്‍ പറ്റിയ വസ്തുക്കള്‍ ഉണ്ടാവുക വയ്യ. അതിനാല്‍ ബോധവും ഒരു വസ്തുവായി നിലകൊള്ളുന്നില്ല. ഇതൊന്നും വാക്കുകളാല്‍ വിവരിക്കുക അസാദ്ധ്യം.

ശുദ്ധമായ ബോധത്തില്‍ അമഗ്നനാവുക. ആത്മജ്ഞാനത്തിന്റെ സത്ത കോരിക്കുടിച്ച് സംപ്രീതനാവുക. സംശയങ്ങളൊഴിഞ്ഞു നിര്‍വാണപദത്തില്‍ അഭിരമിക്കുക.

എന്തിനാണ് മനുഷ്യാ നിങ്ങളീ സംസാരത്തില്‍ കിടന്നുഴറുന്നത്? യാതൊരു സത്തയുമില്ലാത്ത ഒന്നല്ലേയത്?

ഭ്രമബാധിതനായ മനുഷ്യാ, സുഖാസ്വാദനത്തിലുള്ള പ്രത്യാശയും, ആസക്തിയുമാകുന്ന മരുമരീചികയ്ക്ക് പിറകെ ഓടാതിരിക്കൂ. 

സുഖം എന്നത് വേഷം മാറിനടക്കുന്ന ദുഃഖം തന്നെയാണ്. നിന്റെ ആത്മനാശത്തിന്റെ നാന്ദിയാണ് അവയെന്ന് എന്തുകൊണ്ട് നീ മനസ്സിലാക്കുന്നില്ല? ഈ ലോകമെന്ന കാഴ്ചയില്‍ ഭ്രമിക്കാതിരിക്കൂ. ഈ കാഴ്ച്ചയെ നേരാംവണ്ണം നിരീക്ഷിച്ചുകൊണ്ട് അതിന്റെ ഉറവിടത്തെപ്പറ്റി അന്വേഷിക്കൂ. അപ്പോള്‍ നീ ആദിമദ്ധ്യാന്തങ്ങളില്ലാത്ത ആത്മസത്തയില്‍ അഭിരമിക്കുകതന്നെ ചെയ്യും. 

“അജ്ഞാനിക്ക് സംസാരം (ലോകം) സത്യമാണ്. എന്നാല്‍ സത്യത്തില്‍ അത് ഇല്ലാത്തതാണ്. ഈ കാഴ്ചകളെ നിരാകരിച്ചുകഴിഞ്ഞാല്‍ എന്താണവശേഷിക്കുന്നത്? സത്യം മാത്രം. എന്നാല്‍ അതിനു നാമമില്ല.”

അജ്ഞാനം എന്ന കൂടു തകര്‍ത്ത് ഒരു സിംഹത്തെപ്പോലെ പുറത്തുകടക്കുക. എല്ലാറ്റിലും മുകളിലേയ്ക്ക് ഉയരുക. ‘ഞാന്‍’, ‘എന്റെ’ എന്നിത്യാദി ഭാവനകള്‍ ഉപേക്ഷിക്കുന്നത് മുക്തി. മറ്റൊന്നിനും മുക്തി നല്‍കാനാവില്ല.

മുക്തിയെന്നത് ശാന്തിയാണ്. എല്ലാ ഉപാധികളുടെയും അവസാനമാണത്. മുക്തിയെന്നാല്‍ ശാരീരികവും മാനസീകവും ആയ എല്ലാ ആകുലതകളില്‍ നിന്നുമുള്ള സ്വാതന്ത്ര്യമാണ്.

ഈ ലോകത്ത് അജ്ഞാനിയും ജ്ഞാനിയും കാണുന്നത് വെവ്വേറെ രീതിയിലാണ്. ആത്മജ്ഞാനിയ്ക്ക് ലോകം സംസാരമായി വേറിട്ട്‌ കാണാനാവില്ല. എല്ലാം ഒരേയൊരു ശുദ്ധബോധം മാത്രമാകുന്നു. അവിഭാജ്യവും അവ്യയവുമായ ബോധം. അജ്ഞാനിക്ക് അപ്രാപ്യമായ സത്തയിലേയ്ക്ക് ജ്ഞാനി ഉണര്‍ന്നിരിക്കുന്നു. അജ്ഞാനിക്ക് സത്യമെന്ന് തോന്നുന്നത് ജ്ഞാനിയെ സംബന്ധിച്ച് സത്യമല്ല.

No comments:

Post a Comment

Note: Only a member of this blog may post a comment.