ശൈലേന്ദ്രാപേക്ഷ്യയാ സൂക്ഷ്മാ
യഥേമേ ത്രസരേണവ:
തഥാ സൂക്ഷ്മതരം സ്ഥൂലം ബ്രഹ്മാണ്ഡം
യദപേക്ഷയാ (6.2/73/9)
രാമന്‍ പറഞ്ഞു: ഭഗവന്‍, അങ്ങ്
ഇതുവരെ പറഞ്ഞ് തന്ന കാര്യങ്ങളെല്ലാം എന്നില്‍ സുവ്യക്തമായി തെളിഞ്ഞു എന്നാലും
അങ്ങയുടെ അമൃതസമാനമായ പ്രഭാഷണത്തില്‍ എനിക്ക് മതി വന്നിട്ടില്ല. അതിനാല്‍ ഇനിയും
സൃഷ്ടിയെന്ന അനുഭവത്തെപ്പറ്റി കൂടുതല്‍ പറഞ്ഞാലും.
വസിഷ്ഠന്‍ പറഞ്ഞ്:
വിശ്വപ്രളയത്തില്‍ എന്തൊക്കെ നിലകൊണ്ടിരുന്നതായി കാണപ്പെട്ടുവോ അവയെല്ലാം
ഇല്ലാതെയാവുന്നു. പിന്നെ ബാക്കിയാവുന്നത് ശാശ്വതമായ ‘അത്’ മാത്രം. ‘അത്’
വിവരണങ്ങള്‍ക്ക് അതീതമത്രേ. ഒരു കടുക് മണിയുമായി തട്ടിച്ചുനോക്കുമ്പോള്‍ മേരുപര്‍വ്വതം
വലുതാണ്. എന്നാല്‍ ബോധവുമായി തട്ടിച്ചുനോക്കുമ്പോള്‍ ആകാശം
കടുകുമണിപോലെയാണ്.
“ഏറ്റവും മഹത്തായ പര്‍വ്വതത്തെ
താരതമ്യം ചെയ്‌താല്‍ ത്രിസരേണു വലുപ്പമുള്ള അണു വളരെ ചെറുതാണ്. ശാശ്വതമായ
അനന്താവബോധവും ഈ വിശ്വവും തമ്മില്‍ താരതമ്യപ്പെടുത്തുന്നതും അതുപോലെയാണ്”.
വിശ്വപ്രളയവേളയില്‍ ലോകമെന്ന കാഴ്ചകള്‍ എല്ലാം അപ്രത്യക്ഷമായിരിക്കുംപോള്‍
അനന്തശാശ്വതമായ ബോധം വിശ്വത്തിലെ ഓരോരോ ത്രിസരേണുക്കളെക്കുറിച്ചുമുള്ള അവബോധം സൂക്ഷ്മമായി നിലനിര്‍ത്തിയിരുന്നു.
അത്
ഒരു സ്വപ്നത്തിലെന്നവണ്ണം അസത്താണെങ്കിലും അവയെ കണ്ടിരുന്നു. എന്നിട്ട് സ്വയം
ബ്രഹ്മമെന്നു സങ്കല്പിച്ചു. മാത്രമല്ല സ്വയം അനന്താവബോധമാണെന്നു ധരിക്കുകയും
ചെയ്തു. ബോധത്തിന്റെ അതിസൂക്ഷ്മാണുവായി സ്വയം ഭാവിച്ച് അത് വിഷയിയായും
ത്രിസരേണുക്കളെന്ന വിഷയമായും നിലകൊണ്ടു. ഒരു മനുഷ്യന്‍ താന്‍ മരിച്ചു
കിടക്കുന്നതായി സ്വപ്നത്തില്‍ ദര്‍ശിക്കുന്നതുപോലെയാണിത്.
ബോധം
തന്റെ സ്വരൂപത്തെ കളങ്കപ്പെടുത്തതെതന്നെ സ്വയം വിഷയവും വിഷയിയും ആകുന്നപോലെയാണിത്.
ആ നിമിഷാര്‍ത്ഥത്തില്‍ പൊടുന്നനെ കാലം, കര്‍മ്മം, വസ്തു, ദൃഷ്ടാവ്, ദൃക്ക്, ദൃഷ്ടി
എന്നിവയുണ്ടാവുന്നുവെങ്കിലും അത് അവിച്ഛിന്നമായി തുടരുന്നു. എന്നാല്‍ ഇവയെ പരിമിതപ്പെടുത്തുന്ന
ശക്തികള്‍ അപ്പോള്‍ ഉയരുന്നില്ല.
ബോധ
ധൂളികള്‍ പ്രകാശിക്കുമ്പോള്‍ ആകാശം അവിടെ കാണപ്പെടുന്നു. അപ്പോള്‍ അവിടെ
സമയമുണ്ട്. അത് സംഭവിക്കുന്ന ക്രമം കര്‍മ്മമാവുന്നു. അസ്തിത്വമുള്ളവയായി
അനുഭവിക്കുന്നവ വസ്തുവാകുന്നു. അനുഭവിക്കുന്നയാള്‍ ദൃഷ്ടാവാകുന്നു. അനുഭവം,
അല്ലെങ്കില്‍ കാഴ്ച, ദൃഷ്ടിയാവുന്നു. അനുഭവത്തിനു (കാഴ്ചയ്ക്ക്) പാത്രമാകുന്ന
വസ്തു ദൃക്കാവുന്നു. അങ്ങിനെ ഇവയെല്ലാം സ്വപ്നഭാവേന ഭവിക്കുന്നുണ്ടെങ്കിലും
അവയെല്ലാം മിഥ്യയാണ്. ആകാശത്ത് കാണപ്പെടുന്നത് ആകാശം മാത്രം. അതില്‍ നിയതമായ
ക്രമങ്ങളോ ക്രമരാഹിത്യമോ ഇല്ല.
ബോധത്തിന്
പ്രോജ്വലിക്കാനുള്ള വസ്തുവായി നില്‍ക്കുന്നത് ദേഹമാണ്. ബോധത്തെ ‘കാണാന്‍’ ഉതകുന്നത്
കണ്ണ്. അങ്ങിനെ ഓരോരോ ഇന്ദ്രിയങ്ങളും ഉണ്ടാവുന്നു.
നാമരൂപ
നിബന്ധനകള്‍ ഇല്ലാതെ ബോധത്തിന് പ്രോജ്വലിക്കാന്‍ കഴിയുന്ന അവസ്ഥയ്ക്ക് തന്മാത്ര –
ശുദ്ധഭൂതം എന്ന് പറയുന്നു. അത് ആകാശത്തിന്റെ തത്വമാണ്. ശൂന്യതമാത്രമാണത്.
ബോധത്തിന്റെ
അണുതത്വം പ്രസരിപ്പിക്കുന്ന പ്രകാശധോരണിതന്നെയാണ് സ്ഥൂലമായ വസ്തുക്കളായി മാറി
ദേഹത്തെ ഉണ്ടാക്കുന്നത്. അതില്‍ അഞ്ചിന്ദ്രിയങ്ങളും സംജാതമാവുന്നു.
ഇവയെപ്പറ്റിയെല്ലാം അവബോധിക്കുന്നത് ബുദ്ധി അല്ലെങ്കില്‍ മേധാശക്തിയാണ്.
ചിന്തകളുടെ ആവീര്‍ഭാവത്തോടെ മനസ്സും സംജാതമായിക്കഴിഞ്ഞാല്‍ അഹത്തിനു
വേരുറയ്ക്കുകയായി.
No comments:
Post a Comment
Note: Only a member of this blog may post a comment.